ചെറുതനയിലും വീയപുരത്തും തെരുവുനായ ആക്രമണം
1549526
Tuesday, May 13, 2025 5:15 PM IST
ഹരിപ്പാട്: ചെറുതന പുത്തൻതുരുത്തിൽ തെരുവുനായയുടെ ആക്രമണം. ആറു പേർക്കു കടിയേറ്റു. ആക്രമണത്തിനുശേഷം നായ ചത്തു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ചെറുതന പുന്നൂർ പറമ്പിൽ നസീമയുടെ മകൾ അൻസിറയെ(12)യാണ് നായ ആദ്യം കടിച്ചത്.
ഇവരുടെ വീട്ടിലെ വളർത്തുനായക്കുട്ടിക്ക് ഭക്ഷണം കൊടുക്കാനായി പുറത്തിറങ്ങിയപ്പോൾ തെരുവുനായ വളർത്തുനായക്കുട്ടിയെ ആക്രമിക്കുകയായിരുന്നു. പുറത്തിറങ്ങിയ അൻസിറയെ കണ്ടതോടെ കുട്ടിയുടെ നേർക്കുതിരിഞ്ഞ് ആക്രമിക്കുകയും തുടർന്ന് ഇവിടെനിന്നു ഓടിപ്പോയ നായ ചൊവ്വാഴ്ച പുലർച്ചെ ആറിന് ജോലിക്കും മറ്റു ആവശ്യങ്ങൾക്കായി ഇറങ്ങിയ അഞ്ചു പേരെ കൂടി ആക്രമിക്കുകയായിരുന്നു. കാൻസർ രോഗിയായ വീയപുരം കാർത്തിക ഭവനത്തിൽ റെജിമോന്റെ വലതുകാലിന്റെ മുട്ടിന്റെ താഴെ ഭാഗത്താണ് നായ യുടെ കടിയേറ്റത്.
ചെറുതന പാണ്ടി സ്വദേശികളായ പുതിയ വീട്ടിൽ പ്രകാശ്, ദേവസ്വം തുരുത്ത് പുതുവൽ ദിനേശൻ, ചെറുതന ഗോകുൽ ഭവനത്തിൽ ഗോകുൽ, ആനാരി വടക്ക് വടക്കോട്ടിൽ കുട്ടൻ, ചെറുതനയിലെ ഭാര്യ വീട്ടിൽ വന്ന ചെന്നിത്തല സ്വദേശി സുരേഷ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെല്ലാം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ചെറുതന പുത്തൻതുരുത്തേൽ, മോഹനന്റെ പൂർണഗർഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു.
വീയപുരം പുത്തൻ തുരുത്തേൽ ഇബ്രാഹിമിന്റെ കറവയുള്ള പശുവിന്റെ കണ്ണിന്റെ ഭാഗത്തും ഇതിന്റെ കിടാവിന്റെ കാലിലും നായയുടെ കടിയേറ്റു. ആക്രമണങ്ങൾക്കുശേഷം നായയെ തോടിനു സമീപം ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് അധികൃതർ എത്തി നായയുടെ ജഡം പരിശോധനകൾക്കായി തിരുവല്ല മഞ്ഞാടിയിലുള്ള പക്ഷി നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി പേ വിഷബാധസ്ഥിരീകരിച്ചു.
നായയുടെ കഴുത്തിൽ ബെൽറ്റ് ഉള്ളതിനാൽ വളർത്തുനായ ആണോ എന്നും സംശയമുണ്ട്. ആയാപറമ്പ്, പാണ്ടി, ചെറുതന, വീയപുരം ഭാഗങ്ങളിൽ തെരുവ് നായശല്യം അതിരൂക്ഷമാണ്. അധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർക്കു പരാതിയുണ്ട്. തെരുവുനായകളുടെ ശല്യം കാരണം ആളുകൾക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം അടുക്കുന്നതോടെ രക്ഷിതാക്കൾക്ക് ആധിയാണ്. തെരുവുനായ ശല്യം ഇല്ലാതാക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.