തൊടുപുഴ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി വൈദ്യുതി ബോർഡിന്റെ ചാർജ് വർധന.
കെട്ടിടനികുതി, ഇന്ധനവില, പാചകവാതകം, ബസ് ചാർജ്, നിത്യോപയോഗ സാധനങ്ങൾ, ഒൗഷധങ്ങൾ എന്നിവയുടെ വിലവർധനയ്ക്കു പിന്നാലെ വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിക്കാനുള്ള ബോർഡിന്റെ തീരുമാനം സാധാരണക്കാരെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുകയാണ്.
നിലവിലുള്ളതിനെക്കാൾ 6.6 ശതമാനത്തിന്റെ വർധനവാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. 51 യൂണിറ്റ് മുതലുള്ളവർക്ക് വർധനയുടെ ഭാരം അനുഭവിക്കേണ്ട സ്ഥിതിയാണുള്ളത്. ചാർജ് വർധനയ്ക്കൊപ്പം ഗാർഹിക ഫിക്സഡ് ചാർജും വർധിപ്പിച്ചത് കൂനിൻമേൽ കുരുവായി.
ഇന്ധന വിലവർധനയെ തുടർന്നു വൈദ്യുതി വാഹനങ്ങളിലേക്ക് തിരിഞ്ഞവരുടെ കൈയും ഇനി പൊള്ളും. ചാർജിംഗ് സ്റ്റേഷനുകളിലെ നിരക്ക് വർധിപ്പിച്ചതാണ് ഇവർക്ക് തിരിച്ചടിയായി മാറുന്നത്. വീടുകളിൽ എസി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, ഗ്രൈൻഡർ, ഓവൻ, മോട്ടോർ എന്നിവ കൂടുതലായി ഉപയോഗിക്കുന്നവർക്ക് നിരക്കുവർധന താങ്ങാവുന്നതിലപ്പുറമാകും.
ഡൽഹി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുന്പോഴാണ് ഇവിടെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളെ തീരാദുരിതത്തിലാക്കുന്നത്.
കാർഷികമേഖലയായ ജില്ലയിൽ കാർഷികോത്പന്നങ്ങളുടെ വിലയിടിവ് പലരുടെയും ജീവിതം ദുരിതപൂർണമാക്കുന്നതിനിടെയാണ് ജനങ്ങളെ കൊള്ളയടിക്കുന്ന നിരക്ക് വർധനയുമായി സർക്കാർ രംഗത്തെത്തുന്നത്.
ഇതു കൊള്ളയടി
തോമസ് പുതുപ്പറന്പിൽ, മൂലമറ്റം
വൈദ്യുതി ബോർഡ് ജീവനക്കാരുടെ ഭീമമായ ശന്പളവും ജലവൈദ്യുതി പദ്ധതികളുടെ നിർമാണകാലാവധി വർഷങ്ങളോളം നീണ്ടുപോകുന്നതു മൂലമുണ്ടാകുന്ന വൻസാന്പത്തിക നഷ്ടവുമെല്ലാം സാധാരണക്കാരുടെ ചുമലിലാണ് വന്നു ഭവിക്കുന്നത്. അനാവശ്യ ചെലവുകൾ ഒഴിവാക്കി ബോർഡിനെ ലാഭത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നതിനു പകരം ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ വൻ പ്രതിഷേധം ഉയർന്നുവരും.
ഞെക്കിപ്പിഴിയുന്നു
ജോയി ഇളന്പാശേരിൽ, കരിമണ്ണൂർ
വൈദ്യുതി ചാർജ് വർധനയിലൂടെ സർക്കാർ ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ്. സമീപനാളുകളിൽ വൈദ്യുതി വിറ്റഴിച്ച് കോടികൾ സന്പാദിച്ച വൈദ്യുതി ബോർഡ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചത് അന്യായമാണ്. സംസ്ഥാനത്തുടനീളം വൈദ്യുതി ബോർഡിന്റെ നൂറുകണക്കിനു ക്വാർട്ടേഴ്സുകൾ കാടും പടലും കയറി നശിക്കുന്പോൾ അതു വൃത്തിയാക്കി വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ പ്രതിവർഷം കോടികളുടെ വരുമാനം ലഭിക്കുമായിരുന്നു. ഇതിനൊന്നും മെനക്കെടാതെ ജനങ്ങളെ ദ്രോഹിക്കാനാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
ജനദ്രോഹ സമീപനം
അഡ്വ. ടോം തോമസ് പൂച്ചാലിൽ, തൊടുപുഴ
സോഷ്യലിസം ആശയങ്ങളിൽ മാത്രമല്ല പ്രവൃത്തിയിലും പ്രതിഫലിക്കണം. നിത്യവൃത്തിക്ക് വകയില്ലാത്തവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന നിലപാടാണ് വൈദ്യുതി ചാർജ് വർധന. രൂക്ഷമായ വിലക്കയറ്റം മൂലം ദുരിതത്തിലായ സാധാരണക്കാരന് താങ്ങും തണലുമാകേണ്ട സർക്കാരിന്റെ ഇത്തരം ജനദ്രോഹ സമീപനം ജനാധിപത്യത്തിനു ഭൂഷണമല്ല. നിരക്ക് വർധന പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണം.
കർഷകരെ പീഡിപ്പിക്കുന്നു
ജോസ്കുഞ്ഞ് വെട്ടുകല്ലേൽ, ഭൂമിയാംകുളം
സാധാരണക്കാരോടുള്ള വെല്ലുവിളിയാണ് നിരക്ക് വർധന. പ്രളയത്തിനു പിന്നാലെയുണ്ടായ കോവിഡ് ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. ഇതിനുപിന്നാലെ വൈദ്യുതി നിരക്കുകൂടി വർധിപ്പിച്ച് ജനങ്ങളെ സർക്കാർ കൊള്ളയടിക്കുകയാണ്. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമായി നൽകാൻ തയാറാകുന്നതിനു പകരം കർഷകരെ പീഡിപ്പിക്കുന്ന നയമാണ് പലപ്പോഴും ഉണ്ടാകുന്നത്.