പീ​രു​മേ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ കൃ​ഷി ന​ശിപ്പിച്ചു
Wednesday, April 17, 2024 2:56 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പീ​രു​മേ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. പീ​രു​മേ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സ് ഭാ​ഗ​ത്ത് ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ങ്ങ്, പ്ലാ​വ്, ഏ​ലം, ക​വു​ങ്ങ് തു​ട​ങ്ങി​യ കൃഷികൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ഒ​രു കൊ​മ്പ​നും ര​ണ്ട് പി​ടി​യാ​ന​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കാ​ട്ടാ​നക്കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് കൃ​ഷി നാ​ശം വ​രു​ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത ന​ടു​വ​ത്തേ​ഴ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍റെ പു​ര​യി​ട​ത്തി​ലെ വാ​ഴ​യും ഏ​ല​വും അ​സീ​സി​​ന്‍റെ പു​ര​യി​ട​ത്തി​ലെ വാ​ഴ​യും ഏ​ല​വും കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം പീ​രു​മേ​ട് എ​ക്സൈ​സ് ഓ​ഫീ​സി​ന് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​രു പ​ന ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

കാ​ട്ടാ​ന​ക്കൂ​ട്ടം മ​രി​യ​ഗി​രി സ്കൂ​ളി​​ന്‍റെ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പും ഇവിടെ കൃ​ഷി നാ​ശം വ​രു​ത്തിയിരുന്നു.