ചൂടിനു ശമനമേകി നീലഗിരിയിൽ കനത്ത മഴ
Sunday, April 14, 2024 6:14 AM IST
കോയന്പത്തൂർ: തണു​ത്ത മ​ല​യോ​ര മേ​ഖ​ല​യാ​യ നീ​ല​ഗി​രി​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ചൂ​ട് വ​ർ​ധി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ല​ഭ്യ​ത കു​റ​ഞ്ഞു തു​ട​ങ്ങി.
വൈ​ദ്യു​തി ഉത്പാ​ദ​ന സ്രോ​ത​സായ ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു. ന​ദി​ക​ൾ, തോ​ടു​ക​ൾ, അ​രു​വി​ക​ൾ എ​ന്നി​വ​യും വ​റ്റി​വ​ര​ണ്ടു.

മൂന്ന് മാ​സ​ത്തി​ന് ശേ​ഷം കഴിഞ്ഞ ദിവസം രാ​ത്രി മു​ത​ൽ നീ​ല​ഗി​രി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​ പെയ്തു. കൂ​നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വീടുക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. പ​ല​യി​ട​ത്തും ഗതാഗതം നി​ശ്ച​ല​മാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. വൈ​ദ്യു​തി മു​ട​ക്കവുമുണ്ടായി. കോ​ത്ത​ഗി​രി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ പെ​യ്യു​ന്നു​ണ്ട്.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സാണ് പി​ല്ലൂ​ർ അ​ണ​ക്കെ​ട്ട്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്നു. ഇ​തു​മൂ​ലം ഭ​വാ​നി ന​ദി​യി​ലെ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തും കു​റ​ഞ്ഞു.​ എ​ന്നാ​ൽ, നീ​ല​ഗി​രി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ പി​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​ത്തു​ട​ങ്ങി. നി​ല​വി​ൽ സെ​ക്ക​ൻ​ഡി​ൽ 84 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
100 അ​ടി ശേ​ഷി​യു​ള്ള പി​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ല​നി​ര​പ്പ് 63.50 അ​ടി​യാ​ണ്. നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ഭ​വാ​നി പു​ഴ​യി​ലേ​ക്കും വെ​ള്ളം തു​റ​ന്നു​വി​ട്ടു. ഇ​തു​മൂ​ലം 2 മാ​സ​ത്തി​നു ശേ​ഷം ഭ​വാ​നി പു​ഴ​യി​ൽ വെ​ള്ളം നി​റ​ഞ്ഞു.