തീരസംരക്ഷണം, ഹാർബർ സമഗ്ര റിപ്പോർട്ട് ആറു മാസത്തിനകം: ഫിഷറീസ് മന്ത്രി
Thursday, July 7, 2016 1:03 PM IST
കൊച്ചി: തീരസംരക്ഷണം, ഹാർബർ, ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവ സംബന്ധിച്ച സമഗ്ര പദ്ധതി ആറു മാസത്തിനകം രൂപപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് മേഖലയിലെ കേന്ദ്രസർക്കാർ സ്‌ഥാപന അധികൃതരുമായി കൊച്ചി സിഎംഎഫ്ആർഐയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രസംഗിക്കുകയായിരുന്നു അവർ.

കേരളത്തിന് 596 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശമാണുള്ളത്. 1957ലെ ഇഎംഎസ് സർക്കാർ ഈ മേഖലയിലെ വികസനം സംബന്ധിച്ചുണ്ടാക്കിയ കാഴ്ചപ്പാടിന് അനുസൃതമായി പിന്നീട് പോകാനായില്ല. എവിടെയൊക്കെ ഹാർബർ വേണമെന്നും ഫിഷ് ലാൻഡിംഗ് സെന്റർ എവിടെയാകാമെന്നും ഒരുധാരണയും പിന്നീടുണ്ടായില്ല, മന്ത്രി വ്യക്‌തമാക്കി.

ഫിഷറീസുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ എട്ടോളം ഇൻസ്റ്റിറ്റ്യൂട്ടുകൾ കേരളത്തിലുണ്ട്. അവരുടെ സാങ്കേതിക ജ്‌ഞാനം തൊഴിലാളികൾക്ക് വേണ്ടത്ര പകർന്നു നൽകാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ഒരു ഇടപെടലും ഉണ്ടായില്ല. അതിനു ബന്ധപ്പെട്ടവരെയെല്ലാം ഉൾക്കൊള്ളുന്ന സ്‌ഥിരം ഉപദേശ സമിതി രൂപീകരിക്കണമെന്നാണ് സർക്കാർ ഉദ്ദേശ്യം. മൂന്നു മാസത്തിലൊരിക്കൽ യോഗം ചേരുംവിധം നിയമപരമായ സംവിധാനമായി ഉപദേശക സമിതിയെ മാറ്റണം. ഇതിലെ അംഗങ്ങൾ ആരൊക്കെയാകണമെന്നതു സംബന്ധിച്ച് ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ജനതയുടെ മൂന്നു ശതമാനം മത്സ്യമേഖലയിലാണ് അധിവസിക്കുന്നത്. 1988ൽ ട്രോളിംഗ് നിരോധനം കൊണ്ടുവന്നത് കുറച്ചു ഗുണകരമായി. എന്നാൽ പിന്നീടതിന് അനുബന്ധമായി ചില സംരക്ഷണ നടപടികൾ കൂടി എടുക്കേണ്ടതായിരുന്നു. ഈ രംഗത്തുണ്ടാകേണ്ട നിയന്ത്രണ മാനദണ്ഡങ്ങൾ, മത്സ്യബന്ധന പ്രദേശം, വലക്കണ്ണിയുടെ വലുപ്പം, സാങ്കേതിക സഹായം എന്നിവയെക്കുറിച്ചെല്ലാം വ്യക്‌തമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്– മന്ത്രി ചൂണ്ടിക്കാട്ടി.

കേരള സമുദ്രതീരത്ത് 58 ഇനം മത്സ്യങ്ങൾ ലഭിക്കുന്നുണ്ട്. ഇതിൽ 14 ഇനം മാത്രം പിടിക്കരുതെന്നാണ് വ്യവസ്‌ഥ. ബാക്കിയുള്ളവയുടെ കുഞ്ഞുങ്ങളെ വരെ പിടിക്കുന്ന രീതിയാണിന്ന്. 58 ഇനങ്ങളേയും സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയാണ് വേണ്ടതെന്നാണ് സർക്കാരിന്റെ അഭിപ്രായം. ട്രോളിംഗ് നിരോധനം സംബന്ധിച്ച 2013ലെ പഠന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പരിഹാര നടപടികളിലേക്കു കടക്കാൻ സർക്കാർ സന്നദ്ധമാണ്. ഇതിനായി ചില നിയമഭേദഗതികൾ വേണ്ടിവരും.

മത്സ്യക്കുഞ്ഞുങ്ങൾക്കു ഹാനികരമല്ലാത്ത മത്സ്യബന്ധന രീതികൾ തൊഴിലാളികളും സ്വീകരിക്കണം. ഇതിനായി ബോധവത്ക്കരണവും നിയമ പരിരക്ഷയും നൽകുന്നതിന് നടപടി സ്വീകരിക്കും.

മത്സ്യോത്പാദനത്തിന് പറ്റിയ സ്രോതസുള്ള കേരളത്തിന് ഫലപ്രദമായി ഇക്കാര്യത്തിൽ ഇടപെടാനായാട്ടില്ല. ഉൾനാടൻ മത്സ്യസമ്പത്തിന്റെ കാര്യത്തിൽ മറ്റു സംസ്‌ഥാനങ്ങൾ കേരളത്തെ പിന്നിലാക്കി. 12 ലക്ഷം കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് നമുക്കാവശ്യമെങ്കിലും ഉത്പാദനം രണ്ടു ലക്ഷം കോടി മാത്രമാണ്. ഈ രംഗത്തിന് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്‌തമാക്കി.

മന്ത്രിയായതിനുശേഷം സിഎംഎഫ്ആർഐയിൽ ആദ്യമായെത്തിയ മേഴ്സിക്കുട്ടിയമ്മയെ ഡയറക്ടർ ഡോ. ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സിഎംഎഫ്ആർ ഐ, സിഐഎഫ്ടി, എൻബിഎഫ്ജിആർ, കെവികെ, സിഫ്റി, കുഫോസ്, എൻഐഒ, സിഫ്നെറ്റ്, എംപിഇഡിഎ, സിഎംഎൽആർഇ, എഫ്എസ്ഐ, നിഫാറ്റ്, ആർജിസിഎ, കെ വി ക, സിഫ്റി, എന്നീ സ്‌ഥാപനങ്ങളിലെ മേധാവികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

എട്ടു കേന്ദ്രസ്‌ഥാപനങ്ങളുമായുള്ള ചർച്ചയിൽ നാലു സ്‌ഥാപനങ്ങളുടേതുമാത്രമാണ് പൂർത്തിയായത്. തുടർ ചർച്ച 26നു നടത്തും. ഫിഷറീസ് സെക്രട്ടറി ജെയിംസ് വർഗീസ് സ്വാഗതവും സാഫ് എക്സിക്ക്യുട്ടീവ് ഡയറക്ടർ സി.ആർ. സത്യവതി നന്ദിയും പറഞ്ഞു.