കണ്ടാൽ അയല, പക്ഷേ അയലയല്ല
Wednesday, October 5, 2016 1:22 PM IST
കൊച്ചി: കേരളത്തിന്റെ മത്സ്യസമ്പത്തിലേക്ക് അയല വർഗത്തിൽപെട്ട പുതിയൊരു മത്സ്യം കൂടി. കറുത്ത പുള്ളികളുള്ള ഇവയ്ക്ക് ഉരുണ്ട ആകൃതിയാണ്. മൃദുലമായ മാംസം. ഏറെക്കുറെ അയലയുടേതിനു സമാനമായ സ്വാദ്. അയലപ്പാരയുമായാണു (കൊഴിചാള) കൂടുതൽ സാമ്യം. മത്സ്യത്തൊഴിലാളികൾക്കിടയിൽ പുള്ളി അയല, പുള്ളിത്തിരിയാൻ എന്നിങ്ങനെ ഈ മത്സ്യം അറിയപ്പെടുന്നു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ജനിതക, വർഗീകരണ പഠനങ്ങളിൽ നിന്നാണു പുതിയ ഇനത്തെ കണ്ടെത്തിയത്. ഉപരിതലമത്സ്യ വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആർഐ ശാസ്ത്രസംഘം ഈ മത്സ്യത്തിനു സ്കോമ്പർ ഇൻഡിക്കസ് എന്നു ശാസ്ത്രനാമവും ഇന്ത്യൻ ചബ് മാക്കറൽ എന്ന് ഇംഗ്ലീഷ് പൊതുനാമവും നൽകി.

അയലവർഗത്തിലുള്ള മറ്റു മീനുകളിൽനിന്നു ജനിതകമായും രൂപഘടനയിലും വ്യത്യാസമുള്ള ഈ മത്സ്യം വരും വർഷങ്ങളിൽ കേരളത്തിന്റെ മത്സ്യസമ്പത്തിനു മുതൽക്കൂട്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞവർഷം ഗുജറാത്ത് തീരത്താണ് ഇവയെ ആദ്യമായി കാണുന്നത്. തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുവരെ ഇവയെ കണ്ടെത്തുകയുണ്ടായി. കേരളത്തിന്റെ തീരങ്ങളിൽ ഈ പുത്തൻ ഇനം വ്യാപകമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.2015ൽ കേരളതീരത്ത് ഈ മത്സ്യം 10 ടൺ ലഭിച്ചപ്പോൾ ഈവർഷം ഇതുവരെയുള്ള ഏകദേശം 25 ടൺ വരെ ലഭിച്ചിട്ടുണ്ട്. ഒമ്പതു മുതൽ 21 സെന്റി മീറ്റർ വരെ വലിപ്പത്തിലുള്ള പ്രായപൂർത്തിയാകാത്ത മത്സ്യങ്ങളെയാണ് ഈ വർഷം കേരളത്തിന്റെ വിവിധ തീരങ്ങളിൽനിന്നു പിടിച്ചിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, കോഴിക്കോട് എന്നീ തീരങ്ങളിലാണ് ഈ മത്സ്യം കൂടുതലും ലഭിച്ചുവരുന്നത്.

ഗുജറാത്ത്, കർണാടക, തമിഴ്നാട് തീരങ്ങളിൽ കഴിഞ്ഞ വർഷം ഈ മത്സ്യം ലഭിച്ചിരുന്നെങ്കിലും ഈ വർഷം കേരള തീരത്തുനിന്നു മാത്രമാണ് ഇവയെ ലഭിക്കുന്നത്. റിംഗ് സീൻ, ട്രോളർ മത്സ്യബന്ധനരീതികളിൽ അയലപ്പാരകൾക്കൊപ്പം ഇടകലർന്ന് ഇവയെ ലഭിച്ചുവരുന്നു. കടലിനടിയിൽ കാണപ്പെടുന്ന കടൽകുന്നുകൾക്കു സമീപത്തുനിന്ന് ഇവയുടെ പ്രായപൂർത്തിയായ വലിയ മത്സ്യങ്ങളെ ചൂണ്ടയിലൂടെയും ലഭിക്കുന്നുണ്ട്.