കൂനമ്പായിക്കുളം ക്ഷേത്രത്തിൽചന്ദ്രപൊങ്കൽ 24ന്
Monday, February 20, 2017 1:10 PM IST
കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ ചന്ദ്രപൊങ്കാല 24ന് വൈകുന്നേരം ആറിന് നടക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി രാജേന്ദ്രൻ എന്നിവരുടെ കാർമികത്വത്തിലായിരിക്കും പണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകരുക.

പൊങ്കാലയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ്, കൊല്ലം കോർപ്പറേഷൻ, ആശുപത്രികൾ, കെഎസ്ആർടിസി, വൈദ്യുതിബോർഡ്, ഫയർഫോഴ്സ് പോലീസ്, ആംബുലൻസ് തുടങ്ങിയവയുടെ സേവനം ക്ഷേത്രഭരണ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ 27 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും 100 വോളണ്ടിയർമാരുടെ സേവനം ഉണ്ടാകും. പൊങ്കാലയുടെ സമാപന തീർഥം തളിക്കലിന് ഇരുനൂറിൽപ്പരം ശാന്തിമാരും ഉണ്ടായിരിക്കും. പൊങ്കാല ഇടുവാൻ എത്തുന്നവർക്ക് അന്നദാനവും ലഘുഭക്ഷണ വിതരണവും നടത്തും.

വാഹന പാർക്കിംഗിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മെഡിസിറ്റി, മേവറം ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പള്ളിമുക്ക് യൂനുസ് കോളജ് ഒഫ് എൻജിനീയറിംഗ്, ബിഎഡ് കോളജ് എന്നിവിടങ്ങളിലും കൊട്ടാരക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, എസ്എൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 22ന് ആരംഭിച്ച് മാർച്ച് മൂന്നിന് കെട്ടുകാഴ്ചകളോടെ സമാപിക്കുമെന്ന് ക്ഷേത്രഭരണ സമിതി ആക്ടിംഗ് പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ, സെക്രട്ടറി പി.ബൈജു എന്നിവർ അറിയിച്ചു.