പോസ്റ്റർ
ബെത്ലഹേം കുടുംബ യൂണിറ്റ് ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. എന്നാൽ നന്ദി പറയാനായി അവർ തെരഞ്ഞെടുത്ത വഴി വൈറലാകുകയാണ്. 300 കോടി കലക്ട് ചെയ്തു എന്ന പോസ്റ്ററിനൊപ്പം നിരന്നിരിക്കുന്നത് ചിത്രത്തിന്റെ നിർമാതാക്കളും എഴുത്തുകാരുമാണ്.
സാധാരണയായി ഹിറ്റുകൾ ആഘോഷിക്കുമ്പോൾ സിനിമയിലെ അഭിനേതാക്കളുടെ ചിത്രങ്ങളാണ് പോസ്റ്ററുകളിൽ നിറയാറുള്ളത്. എന്നാൽ ആ പരമ്പരാഗത രീതിയെ പൂർണമായും പൊളിച്ചെഴുതിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ അണിയറയിലെ മാന്ത്രികർക്ക് സല്യൂട്ട് അടിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
സിനിമയ്ക്ക് ജീവൻ നൽകിയ അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരെ മുൻനിരയിൽ നിർത്തിയാണ് വിജയാഘോഷത്തിന്റെ പോസ്റ്റർ എത്തിയിരിക്കുന്നത്.
സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാകൃത്ത് കിരൺ ജോസി, കാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗീസ് എന്നിവർ നിർമാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം നിൽക്കുന്ന പോസ്റ്റർ സിനിമാ പ്രേമികൾക്കിടയിലും ഇൻഡസ്ട്രിയിലും വലിയ പ്രശംസ നേടിയിരിക്കുകയാണ്.
തങ്ങളുടെ സിനിമകൾക്ക് അതർഹിക്കുന്ന രീതിയിലുള്ള പ്രമോഷൻ നൽകാറുള്ള ഭാവന സ്റ്റുഡിയോസ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ചിത്രത്തിന്റെ വിജയ പോസ്റ്ററിലും ആ പുതുമ കാണാനുണ്ട്.
നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവിനും ഭാവന സ്റ്റുഡിയോസ് - ഗിരീഷ് എ.ഡി - മമിത ബൈജു കൂട്ടുകെട്ടിന്റെ വിജയത്തുടർച്ചയ്ക്കും സാക്ഷ്യം വഹിച്ച ചിത്രം 28-ാം ദിവസവും 266 തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടരുകയാണ്.
മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
Tags : Bethlehem kudumba Unit poster nivin pauly gireesh ad mamitha baiju bhavana studios