ദയ അച്ഛനും അമ്മയ്ക്കുമൊപ്പം
മാതാപിതാക്കളായ മഞ്ജു പിള്ളയോടും സുജിത്ത് വാസുദേവിനോടും വിവാഹബന്ധം വേർപെടുത്താനും സ്വതന്ത്രമായി മുന്നോട്ട് പോകാനും പറഞ്ഞത് താനാണെന്ന് തുറന്നുപറഞ്ഞ് ഇരുവരുടെയും മകൾ ദയ സുജിത്.
വിവാഹമോചിതരായ ശേഷം രണ്ടുപേരുടെയും ജീവിതം കൂടുതൽ മെച്ചപ്പെട്ടെന്നും മകളെന്ന നിലയിൽ താനും സന്തോഷവതിയാണെന്നും കാർത്തിക് സൂര്യയുടെ യൂട്യൂബ് പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയ ദയ പറയുന്നു.
‘‘മാതാപിതാക്കളുടെ വേർപിരിയൽ തനിക്ക് മാനസിക ബുദ്ധിമുട്ടോ ട്രോമയോ ഉണ്ടാക്കിയിട്ടില്ല. അവർ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഒരു റിേലഷൻഷിപ്പ് എന്നു പറഞ്ഞാൽ മറ്റെയാളെ സന്തോഷിപ്പിക്കുക, എന്നതല്ല, നമ്മളും സ്വയം സന്തോഷവാന്മാരായിരിക്കണം. അവർ അങ്ങനെ ആയിരുന്നില്ല.
രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാനായി, എനിക്ക് വേണ്ടി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് ഞാനാണ് അവരോട് പറഞ്ഞത്, കുറച്ചുകൂടി നേരത്തേ ഞാനത് പറയണമായിരുന്നു എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ശേഷം ഇരുവരും എല്ലാത്തരത്തിലും വളര്ന്നിട്ടേയുള്ളൂ. ആ സമയത്ത് എനിക്ക് 18, 19 വയസായിരുന്നു.
സമൂഹം എന്തു ചിന്തിക്കുമെന്നായിരുന്നു അവരുടെ ആശങ്ക. ഇതൊക്കെ രണ്ട് വർഷം കഴിയുമ്പോൾ സമൂഹം മറക്കും, പക്ഷേ നമുക്ക് നമ്മുടെ സന്തോഷവും മാനസികാരോഗ്യവുമല്ലേ വലുത്. പിരിയാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ പിരിയാൻ പറഞ്ഞു. അല്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞു. അങ്ങനെ പിരിഞ്ഞു, ഡിവോഴ്സ് ആയി.
അമ്മയുടെ രണ്ടാം വിവാഹം കൂടി ആയിരുന്നതുകൊണ്ട്, അങ്ങനെയൊരു തീരുമാനമെടുക്കുക ഏറെ പ്രയാസകരമായിരുന്നു. പ്രത്യേകിച്ചും ആണധികാരമുള്ള ഒരു ഫിലിം ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന ഒരാള് കൂടെ ആയതിനാൽ. വിവാഹമോചനത്തിനുശേഷം അച്ഛന് ലഭിക്കാത്തതിൽ കൂടുതൽ കുറേ ഹേറ്റ് കമന്റ്സ് അമ്മയ്ക്ക് ലഭിച്ചിരുന്നു.
മാത്രമല്ല ഇവർ വിവാഹമോചിതരായ ശേഷം രണ്ടുപേരുടെയും ജീവിതം ഭയങ്കര ഉയരങ്ങളിലേക്കാണ് പോകുന്നത്. കരിയറിന്റെ കാര്യത്തിൽ മാത്രമല്ല ആരോഗ്യകാര്യത്തിലും അമ്മ ഒരുപാട് മെച്ചപ്പെട്ടു. അച്ഛന് അദ്ദേഹത്തിന്റെ പാഷനിൽ തന്നെ മുന്നോട്ടുപോകാൻ പറ്റി.
അമ്മ മഞ്ജു പിള്ളയുടെ കുടുംബത്തിൽ സിനിമാ പശ്ചാത്തലമുണ്ടായിരുന്നെങ്കിലും അമ്മ സ്വന്തം പരിശ്രമത്തിലൂടെയാണ് കരിയർ വളർത്തിയത്. സിനിമാ പശ്ചാത്തലമില്ലാതെയാണ് അച്ഛൻ സുജിത് വാസുദേവും ഈ രംഗത്ത് മുന്നോട്ടുവന്നത്. ഇരുവരുടെയും വർഷങ്ങളായുള്ള അധ്വാനത്തെയും അവർ നേടിയെടുത്ത പേരിനെയും താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ദയ പറഞ്ഞു.
‘മഞ്ജു പിള്ളയുടെ മകൾ’ എന്നതിനപ്പുറം ‘ദയ സുജിത്’ എന്ന പേരിൽ അറിയപ്പെടണം. സ്വന്തം കഴിവുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വ്യക്തമായ ഐഡന്റിറ്റി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മുംബൈയിലെ ഫാഷൻ സ്കൂൾ ഉപേക്ഷിച്ച് ഇറ്റലിയിൽ പഠിക്കാൻ പോയപ്പോഴും കരിയറിൽ മാറ്റിയപ്പോളും അമ്മ പൂർണ പിന്തുണ നൽകിയിരുന്നുവെന്ന് ദയ പറയുന്നു.
2000 ൽ ആണ് മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹിതരായത്. 2024ൽ ഇവർ നിയമപരമായി വിവാഹമോചിതരായി.
Tags : Daya Sujith Manju Pillai daughter Sujith vasudevan cinema divorce