അനിമൽ സിനിമയിൽ നിന്നും, സന്ദീപ് റെഡ്ഢി വാങ്ക
ആന്ധ്രപ്രദേശിലെ സ്കൂളിൽ പത്താംക്ലാസുകാരിയെ 21കാരൻ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ ‘അനിമൽ’ സിനിമയോട് താരതമ്യം ചെയ്യുന്നതിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക.
സമൂഹത്തിൽ ക്രൂരമായ ഒരു കുറ്റകൃത്യം നടന്നാൽ ഒരു സിനിമയെ ബലിയാടാക്കുകയല്ല, മറിച്ച് ആ വിപത്തിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമമാണ് ആദ്യം ഉണ്ടാകേണ്ടതെന്ന് സന്ദീപ് റെഡ്ഡി പറയുന്നു.
‘‘ഒരാൾ പൈശാചികമായ കുറ്റകൃത്യം ചെയ്യുമ്പോൾ, അവിടെ ആദ്യം ഉണ്ടാകേണ്ടത് ഇരകളോടുള്ള സഹാനുഭൂതിയും ആ വലിയ വിപത്തിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്. അല്ലാതെ, ഒരു സിനിമയെ വളരെ സൗകര്യപൂർവം ഒരു ബലിയാടാക്കി മാറ്റുകയല്ല വേണ്ടത്.
ഇരകളോടോ അവരുടെ കുടുംബത്തോടോ ഉള്ള യാതൊരുവിധ ആത്മാർഥതയുമല്ല ഇതിന് പിന്നിലെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്; മറിച്ച്, നിങ്ങളുടെ വ്യക്തിവൈരാഗ്യങ്ങൾ തീർക്കാനുള്ള ഒരു വൃത്തികെട്ട മറയായി ഈ ദാരുണ സംഭവത്തെ നിങ്ങൾ ഉപയോഗിക്കുകയാണ്.
മറ്റൊരാളുടെ സൃഷ്ടിയെയും അധ്വാനത്തെയും താറടിച്ചു കാണിക്കാൻ ഒരവസരം കിട്ടുമ്പോഴേക്കും, പെട്ടെന്ന് സ്വയം 'സമൂഹപരിഷ്കർത്താക്കൾ' ചമയുന്ന ചിലരുണ്ട്. പരാജയപ്പെട്ടവരും നിരാശരും പണിയില്ലാത്തവരുമായ കുറച്ചു നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, പിന്നെ സിനിമയെ തിന്നു ജീവിക്കുന്ന കുറേ പരാന്നഭോജികളും. അവർക്ക് നേരെയാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഒരു ദുരന്തം ആവശ്യപ്പെടുന്നത് സഹാനുഭൂതിയാണ്–, അല്ലാതെ അവസരവാദമല്ല. ആ വ്യത്യാസമെങ്കിലും ആദ്യം തിരിച്ചറിയൂ.’’–സന്ദീപ് റെഡ്ഡിയുടെ വാക്കുകൾ.
അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിൽ ജില്ലാ പരിഷദ് ഹൈസ്കൂളിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പത്താംക്ലാസുകാരിയെ ബന്ധുവായ യുവാവാണ് യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പെൺകുട്ടിയെ ആക്രമണത്തിൽനിന്നും രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ പെൺകുട്ടിക്കും പരുക്കേറ്റു. രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ഉപേക്ഷിച്ച് ഹേമന്ത് പുറത്തുകടന്നതിനു ശേഷമാണ് അധ്യാപകർ സ്ഥലത്ത് എത്തിയത്.
Tags : Animal Sandeep Reddy Vanga criticism cinema influencing