ചിത്രത്തിന്റെ പോസ്റ്റർ
മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്. സണ്ണി ഡിയോളിനെ നായകനാക്കി ഒരുക്കുന്ന 'സൂര്യ: അന്ത സെ ആരംഭ് തക്' എന്ന ചിത്രത്തിലൂടെയാണ് പത്മകുമാർ ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നവംബർ 20-ന് ചിത്രം തിയേറ്ററുകളിലെത്തും.
മലയാളികളുടെ പ്രിയപ്പെട്ട ഹിറ്റുകളായ 'ജോസഫ്', 'നായാട്ട്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എന്നത് മലയാളികൾക്കും ഏറെ അഭിമാനകരമായ വാർത്തയാണ്. എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രം സീ സിനിമാസ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്.
സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും ബല്ലു സലൂജ എഡിറ്റിംഗും നിർവഹിക്കുന്നു. കരൺ റസ്ദാൻ, നീരജ് പഥക്, മായങ്ക് ശർമ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉത്തം സിംഗും രഞ്ജിൻ രാജും ചേർന്നാണ് സംഗീതം.
ജോജു ജോർജിന്റെ കരിയർ ബെസ്റ്റ് ചിത്രം 'ജോസഫ്', പൃഥ്വിരാജിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'വാസ്തവം', മോഹൻലാലിന്റെ 'ശിക്കാർ' തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ മലയാളത്തിന് നൽകിയ എം. പത്മകുമാർ ഇനി ബോളിവുഡിൽ തന്റെ സംവിധാനമികവ് തെളിയിക്കാനൊരുങ്ങുകയാണ്.
Tags : M. Padmakumar Bollywood FirstLookPoster SunnyDeol Suryaa