ചിത്രത്തിൽ നിന്നും
സൂരി നായകനായി എത്തിയ മാസ് ആക്ഷൻ ചിത്രം മണ്ടാടി ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം, ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ നിന്ന് 150 കോടി രൂപയിലധികം കളക്ഷൻ വാരിക്കൂട്ടിയാണ് ഒടിടിയിലേക്ക് എത്തുന്നത്.
മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം മഹിമ നമ്പ്യാരാണ് നായികയായി എത്തിയത്. സെൽഫിക്ക് ശേഷം മതിമാരൻ ഒരുക്കിയ ഈ ചിത്രം ഐമാക്സ് റിലീസായും തിയേറ്ററുകളിൽ എത്തിയിരുന്നു. കടലോര പശ്ചാത്തലത്തിൽ ഒരുക്കിയ ആക്ഷൻ ഡ്രാമയായ മണ്ടാടി, തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന സെയിലിംഗ് ബോട്ട് മത്സരത്തെയും അതിനു പിന്നിലെ മനുഷ്യരുടെയും കഥയാണ് പറയുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കുന്ന മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ കിടിലൻ മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
സൂരിക്കും മഹിമ നമ്പ്യാർക്കുമൊപ്പം പ്രശസ്ത നടൻ സത്യരാജ്, തെലുങ്ക് താരം സുഹാസ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമിച്ച ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം റെഡ് ജയന്റ് മൂവീസാണ് സ്വന്തമാക്കിയത്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ദേശീയ പുരസ്കാര ജേതാവ് ജി.വി. പ്രകാശ് കുമാർ സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രം, ഇപ്പോൾ ഒടിടിയിലൂടെയും പ്രേക്ഷകരുടെ സ്വീകരണമുറികളിലേക്ക് എത്തിക്കഴിഞ്ഞു.