ഹൈബി ഈഡൻ, ദിയ
സോഷ്യൽ മീഡിയാ ഇൻഫ്ലുൻസറും ബിജെപി നേതാവ് കെ. കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കെതിരെ ഹൈബി ഈഡൻ എം.പി. ഫോർട്ടു കൊച്ചിയെക്കുറിച്ച് വർഗീയ പരാമർശം നടത്തിയ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെ പിന്തുണച്ചതിന് പിന്നാലെയാണ് ദിയയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈബി എത്തിയത്.
ദിയ കൃഷ്ണ അമൃത് സിംഗിനെ പിന്തുണച്ചത് വീട്ടിൽ നിന്ന് പഠിച്ച സംസ്കാരമാണെന്നും അമൃത് സിംഗ് ഡാരന്റെ പരാമർശം കേരളത്തിന് എതിരായ വടക്കേന്ത്യൻ ലോബിയുടെ പ്രചാരണത്തിന്റെ ഭാഗമാണെന്നും ഫോർട്ടുകൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.
‘‘എല്ലാം വീട്ടില്‍ നിന്നും ആരംഭിക്കുന്നു എന്നാണല്ലോ. വീട്ടിൽ നിന്ന് പഠിക്കുന്ന സംസ്കാരവും വീട്ടിൽ കേട്ട് വളരുന്ന ചിന്തകളും ചിന്താധാരകളും ആയിരിക്കും അവരെ സ്വാധീനിച്ചിട്ടുള്ളത്.
അത് അവരുടെ ആശയം പ്രചരിപ്പിക്കാൻ വേണ്ടി, സ്വാഭാവികമായും അവരൊരു ബിജെപി കുടുംബത്തില്‍ നിന്ന് വരുകയാണ്. അവരുടെ ആശയം അവര്‍ സംരക്ഷിച്ചോട്ടെ, അത് പ്രചരിപ്പിച്ചോട്ടെ. പക്ഷേ ഇത് കേരളത്തിനെതിരെയുള്ള വടക്കേ ഇന്ത്യന്‍ ലോബിയുടെ വലിയ ആക്രമണമാണ്. അത് നമ്മൾ മലയാളികൾ എതിർക്കണം. അതിനെതിരെ ശക്തമായി പ്രതിരോധം സൃഷ്ടിക്കണം
ഞാൻ ഏതോ അഭിമുഖത്തില്‍ കണ്ടിരുന്നു, ശരിയാണോ എന്നറിയില്ല. അവരുടെ അനിയത്തിക്ക് ബീഫ് ഭയങ്കര ഇഷ്ടമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പല ആളുകളും ബിജെപിയുടെ സമുന്നതരായ നേതാക്കന്മാര് പോലും ബീഫിന് വേണ്ടി മരിക്കുന്ന ആളുകളാണ്. കേരളത്തിന്റെ പ്രത്യേകതരം സ്റ്റൈലില്‍ പാചകം ചെയ്ത് ബീഫ് വിളമ്പിയാൽ അത് രുചിച്ചാൽ ഒരുപക്ഷേ ഈ പറയുന്ന ആശങ്കകളും ആശയങ്ങളും എല്ലാം മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
അവർ പറയുന്ന ജിന്നയുടെ രൂപം വച്ച സ്ഥാപനം ഒരു ആർട് കഫേയാണ്. 2015ൽ നരേന്ദ്ര മോദി ബോംബെ ഹൈക്കോടതിയുടെ മ്യൂസിയം ഉദ്ഘാടനം ചെയ്തിരുന്നു. ആ മ്യൂസിയത്തിലുള്ള ഏറ്റവും വലിയ ചിത്രം ജിന്നയുടേതാണ്.
അദ്ദേഹത്തിന് അത് ഒഴിവാക്കാമായിരുന്നല്ലോ. ഒരു ആർട്ടിസ്റ്റിന്റെ ആർട്ടിസ്റ്റിക് വാല്യു, അല്ലെങ്കിൽ ചരിത്രത്തിന്റെ ഭാഗമായ രേഖകൾ അടങ്ങിയ ചിത്രങ്ങൾ ഒരു എക്സിബിഷനിൽ പ്രദർശിപ്പിക്കുക എന്നതിനെയൊക്കെ വിമർശിക്കുന്നത് ബാലിഷമായ കാര്യങ്ങളാണ്.’’–ഹൈബി ഈഡന്റെ വാക്കുകൾ.
Tags : diya krishna statement diya krishna Hibi Eden hibi eden mp Fort Kochi controversy controversy