ചിത്രത്തിന്റെ പൂജ വേളയിൽ നിന്നും
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാൽ, സുചിത്ര, ടൊവീനോ, സത്യൻ അന്തിക്കാട് തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര ചടങ്ങിൽ സന്നിഹിതരായിരുന്നു.
സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ മുതൽ ഏറ്റവും പുതിയ സിനിമയിൽ വരെ അഭിനയിച്ച വലിയ യാത്ര ഓർത്തുകൊണ്ടാണ് മോഹൻലാൽ സംസാരിച്ചത്.
അന്തിക്കാട് കുടുംബത്തിനൊപ്പമുള്ള യാത്ര തുടരുന്നതിലുള്ള സന്തോഷം മോഹൻലാൽ പങ്കുവച്ചു.
മോഹൻലാലിന്റെ വാക്കുകൾ: ‘‘സത്യേട്ടന്റെ ആദ്യത്തെ സിനിമ മുതൽ അവസാനത്തെ സിനിമ വരെ ചെയ്ത ആളാണ് ഞാൻ. അതൊരു വലിയ യാത്രയാണ്. അതിന്റെ തുടർച്ച പോലെ അദ്ദേഹത്തിന്റെ മകന്റെ കൂടെയും സിനിമ ചെയ്യാൻ സാധിക്കുന്നു. വലിയ പ്രതീക്ഷയുള്ള സിനിമയായി മാറട്ടെ.
നല്ല സിനിമയായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അങ്ങനെ സംഭവിക്കട്ടെ! സിനിമയെക്കുറിച്ച് പറയേണ്ടത് അതിന്റെ സംവിധായകനും മറ്റു അണിയറപ്രവർത്തകരുമാണ്. ഞാൻ അതുകേട്ട് അഭിനയിക്കുന്ന ഒരാൾ മാത്രമാണ്, അല്ലേ സത്യേട്ടാ?’’ മോഹൻലാൽ പറഞ്ഞു.
കുട്ടിക്കാലത്ത് മുതൽ തുടങ്ങിയ മോഹൻലാലിനോടുള്ള ആരാധന അനൂപ് സത്യനും വേദിയിൽ തുറന്നു സമ്മതിച്ചു. അനൂപ് സത്യന്റെ വാക്കുകൾ: ‘‘ഒരു പ്രാവശ്യം വഴക്കുണ്ടാക്കി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഞാൻ തീരുമാനിച്ചു. എന്നോടു അച്ഛൻ ചോദിച്ചു, ‘എവിടേക്കാ’; ഞാൻ പറഞ്ഞു, ‘മോഹൻലാലിന്റെ വീട്ടിലേക്ക്’ എന്ന്. ആറു വർഷത്തിനു ശേഷമാണ് എന്റെ സിനിമ വരുന്നത്. അതു ഞാൻ വളരെ ആഗ്രഹിച്ചു ചെയ്യുന്ന സിനിമയായി മാറി എന്നതാണ്. പിന്നെ, ലാൽ സാറിന്റെ സിനിമയാണ്. ആന്റണി ചേട്ടൻ, ബിനു... ഒരുപാടു നന്ദി. അധികം സംസാരിക്കുന്നില്ല, ഇന്ന് ഷൂട്ടിംഗ് ഉണ്ട്.’
‘അനൂപും അഖിലും ചെയ്യുന്ന സിനിമകളുടെ സെറ്റിൽ പോലും പോകാറില്ലാത്ത ആളാണ് ഞാൻ. മാറി നിൽക്കാറാണ് പതിവ്. പക്ഷേ, ആന്റണി എന്റെയടുത്തു പറഞ്ഞു, ‘ഇതു നമ്മുടെ സിനിമയാണ്.’ നിർമാതാവ് ബിനുവിനെ ഞാൻ അടുത്തകാലത്താണ് പരിചയപ്പെട്ടത്.
പക്ഷേ, അടുത്തൊരു സ്നേഹം അനുഭവപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു,‘എന്തായാലും വരാം’ എന്ന്. 368–ാമത്തെ സിനിമയാണ് മോഹൻലാലിന്റെ! അതിലൊരു 20 എണ്ണം എന്റെയാണ്. അതൊരു വലിയ സന്തോഷമാണ്. എനിക്കു മാത്രം അറിയുന്ന ഒരു തമാശ എന്താണെന്നു വച്ചാൽ, അനൂപ് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആയിരുന്നു. ഞാനും ലാലും തമ്മിൽ ഒന്നിച്ചു സിനിമ ചെയ്യാതിരുന്ന ചെറിയ കാലം... ചെറുതല്ല, 10–12 വർഷം! അങ്ങനെ ഒരു സമയത്ത് അനൂപ് സ്കൂളിൽ പോകാൻ തയാറായി നിൽക്കുമ്പോൾ എന്റെ അടുത്തു വന്നു ചോദിക്കും, ‘അടുത്ത സിനിമയിൽ മോഹൻലാൽ ആണോ’? ഞാൻ പറയും, ‘അല്ല’. പിന്നെ രണ്ടു ദിവസം അവൻ എന്നോടു മിണ്ടില്ല. അതുകഴിഞ്ഞ് അടുത്ത സിനിമ തുടങ്ങും.’
‘മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, സന്ദേശം ഇതൊക്കെ ചെയ്യുന്ന സമയത്ത് ആകെ ഒറ്റ ചോദ്യമേ ചോദിക്കൂ, ‘ഈ സിനിമയിൽ മോഹൻലാൽ ഉണ്ടോ’? എന്റെ മറുപടി, ‘ഇല്ല’! പിന്നെ മിണ്ടില്ല. അത്രയും വലിയ മോഹൻലാൽ ഫാൻ ആയിരുന്ന കുട്ടിയായിരുന്നു അനൂപ്. അങ്ങനെയൊരാൾ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നതിന്റെ വ്യക്തിപരമായ സന്തോഷം കൂടുതലുണ്ട്. എല്ലാം നന്നായി സംഭവിക്കും. ഞാനെപ്പോഴും പറയാറുണ്ട്, മോഹൻലാലിനെ കാമറയ്ക്കു മുൻപിൽ നിർത്തി അഭിനയിപ്പിച്ചു കൊതി തീരാത്ത ഒരാളാണ് ഞാൻ. അതുകൊണ്ട്, എന്റെ അടുത്ത സിനിമയും മോഹൻലാലിന് ഒപ്പമാണ്,’ സത്യൻ അന്തിക്കാട് പറഞ്ഞു.
മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘എൽ 368’ന്റെ സ്വിച്ച് ഓൺ കർമത്തിൽ മോഹൻലാൽ, സുചിത്ര മോഹൻലാൽ, അനൂപ് സത്യൻ, സത്യൻ അന്തിക്കാട്, ആന്റണി പെരുമ്പാവൂർ, മുകേഷ്, ടൊവീനോ തോമസ്, സംഗീത് പ്രതാപ്, ജേക്സ് ബിജോയ്, നിർമാതാവ് ബിനു ജോർജ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
കോമഡി ആക്ഷൻ ത്രില്ലറാകും ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ്. ബൾട്ടി സിനിമയുടെ നിർമാതാവായ ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമാണം.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ‘ഭ്രമയുഗം’, ‘ഉള്ളൊഴുക്ക്’, ‘ഡീയസ് ഈറ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹ്നാദ് ജലാൽ ആണ് ക്യാമറ.
സംവിധായകൻ അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റ് നിർവഹിക്കുന്നത്. സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കുന്നത്. ലൊക്കേഷൻ സൗണ്ടും സൗണ്ട് ഡിസൈനും നിർവഹിക്കുന്നത് അനിൽ രാധാകൃഷ്ണനാണ്.
ആടുജീവിതം സിനിമയിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മാധവ് ആണ് മോഹൻലാൽ–അനൂപ് സത്യൻ സിനിമയുടെ കലാസംവിധായകൻ. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. ‘ലൂസിഫർ’, ‘എംപുരാൻ’ തുടങ്ങിയ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്ന സുജിത് ആണ് ഈ പുതിയ ചിത്രത്തിന് കോസ്റ്റ്യൂം ഒരുക്കുക.
Tags : mohanlal Mohanlal Fans Anoop Sathyan movie malayalam cinema cinema sathyn anthikad sathyn anthika