കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തെന്നിന്ത്യൻ നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെടിഒ) ആണ് ഔദ്യോഗികമായി ഈ നിയമനം പ്രഖ്യാപിച്ചത്.
കൊറിയൻ സർക്കാരിനും കൊറിയ ടൂറിസം ഓർഗനൈസേഷനും ആത്മാർഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു.
ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം മെയ്ഡ് ഇൻ കൊറിയ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.
2019 ൽ ഗിരീഷ് ജി സംവിധാനം ചെയ്ത ഓന്ത് കഥേ ഹെല്ലാ എന്ന കന്നഡ ചിത്രത്തിലൂടെയാണ് പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. ആ വർഷം തന്നെ, വിക്രം കുമാർ സംവിധാനം ചെയ്ത നാനിയുടെ തെലുങ്ക് ചിത്രമായ ഗാംഗ് ലീഡറിൽ അവർ അഭിനയിച്ചതു കരിയറിൽ വഴിത്തിരിവായി. 2021ൽ, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ശിവകാർത്തികേയന്റെ ഡോക്ടറിലൂടെയാണ് അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിനും പ്രിയങ്കയുടെ പ്രകടനത്തിനും നല്ല പ്രതികരണം ലഭിച്ചു.
ഈ ചിത്രം ലോകമെമ്പാടും 100 കോടി കളക്ഷൻ നേടി. മികച്ച പുതുമുഖ നടിക്കുള്ള എസ്ഐഐഎംഎ അവാർഡും നേടി. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഇതിനകം 13 സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. പ്രിയങ്ക നായികയായ രണ്ടു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.
Tags : Priyanka Mohan Korean Tourism Honorary Ambassador