പിറന്നാൾ ആഘോഷത്തിൽ നിന്നും
നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയും തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ഒന്നാം ജന്മദിനം ആഘോഷമാക്കി. വിനായക്, കാർത്തികേയ എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്.
‘ലെവൽ വണ്‍ കംപ്ലീറ്റഡ്’ എന്ന കൗതുകകരമായ അടിക്കുറിപ്പോടെയാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ വിഷ്ണു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
മൂത്ത മകൻ മാധവിനൊപ്പം കാർത്തികേയനും വിനായകും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. 2020 ലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്റെയും ഐശ്വര്യയുടെയും വിവാഹം.
ബാലനടനായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണൻ പിന്നീട് മികച്ചൊരു തിരക്കഥാകൃത്തും നായകനുമായി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്തു.
‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ശ്രദ്ധനേടിയ താരം ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ഒരു യമണ്ടൻ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കി. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘വികടകുമാരൻ’, ‘നിത്യഹരിതനായകൻ’, ‘മാജിക് മഷ്റൂം’ തുടങ്ങിയ ചിത്രങ്ങളിൽ നായകനായും തിളങ്ങിയിട്ടുണ്ട്. ‘ഓട്ടംതുള്ളൽ’ ആണ് വിഷ്ണുവിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.