ചിത്രത്തിന്റെ ടീസറിൽ നിന്നും
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘യേഴു കടൽ യേഴു മലൈ’ എന്ന ചിത്രത്തിന്റെ ആദ്യ 3 മിനിറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ ടൈറ്റിൽ കാർഡാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ ഇന്ട്രോ സീനുൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.
നിവിനൊപ്പം അഞ്ജലിയും സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഒക്ടോബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 8000ൽ അധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന ചിരഞ്ജീവിയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്നത്.
നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടിയലയുന്ന അമരനായി എത്തുന്ന നിവിന്റെ കഥാപാത്രത്തിനൊപ്പം ഒരു ട്രെയിൻ യാത്രയിൽ സൂരിയും ചേരുന്നതാണ് സിനിമയുടെ കഥാതന്തു.
റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറായ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം രാമചന്ദൻ ചിത്രം ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.
തിയറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Tags : Nivin Pauly Yezhu Kadal Yezhu Malai Video Nivin Anjali Soori Yuvan