ലക്നോ: ഉത്തർപ്രദേശിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ട്രക്ക് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ഹാഫിസ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിത്ര ഗ്രാമത്തിന് സമീപം ബറേലി-പിലിഭിത്ത് ഹൈവേയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ട്രക്ക് ഡ്രൈവർ സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ടു.
പിലിഭിത് ജില്ലയിലെ അജിത്ദണ്ടി ഗ്രാമത്തിലെ താമസക്കാരായ പ്രേംപാൽ (31), സുനിൽ കുമാർ (17) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഗോപാലിനെ (18) സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
ജോലി കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് ട്രക്കിൽ ഇടിച്ചത്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.