ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും സിറ്റിംഗ് ജഡ്ജിമാർക്കെതിരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ 8,630 പരാതികൾ ലഭിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ലോക്സഭയിൽ ഡിഎംകെ എംപി വി.എസ്. മതേശ്വരന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തത് 2024-ലാണ്. മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവരുടെ കാലയളവിലായിരുന്നു ഇത്. ജഡ്ജിമാർക്കെതിരെയുള്ള അഴിമതി, ലൈംഗിക അതിക്രമം അല്ലെങ്കിൽ മറ്റ് ഗുരുതരമായ സ്വഭാവദൂഷ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീംകോടതിയുടെ 'ഇൻ-ഹൗസ് നടപടിക്രമം' വഴിയാണ് പരിശോധിക്കുന്നത്.
നീതിന്യായ വ്യവസ്ഥയിലെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനായി 1997 മേയ് ഏഴിന് സുപ്രീംകോടതി അംഗീകരിച്ച രണ്ട് പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതികളിൽ നടപടിയെടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര പോർട്ടൽ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ലഭിക്കുന്ന പരാതികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കോ തുടർനടപടികൾക്കായി കൈമാറുകയാണ് ചെയ്യുന്നത്.
ജുഡീഷ്യറിയുടെ സുതാര്യത ഉറപ്പാക്കാൻ മുൻപ് 'ജുഡീഷ്യൽ സ്റ്റാൻഡേർഡ്സ് ആൻഡ് അക്കൗണ്ടബിലിറ്റി ബിൽ' സർക്കാർ കൊണ്ടുവന്നിരുന്നെങ്കിലും പതിനഞ്ചാം ലോകസഭ പിരിച്ചുവിട്ടതോടെ അത് പാസാക്കാൻ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ജുഡീഷ്യറിയിലെ ഉത്തരവാദിത്തം നിലനിർത്തുന്നതിനായി നിലവിൽ ആഭ്യന്തര സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
Tags : Union Law Ministry complaints judges