കലിയബോർ (ആസാം): കോൺഗ്രസിനെതിരേ രൂക്ഷ വിമർശനമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 6,957 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാസിരംഗ എലിവേറ്റഡ് കോറിഡോറിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ ഇന്നലെ ആസാമിലെത്തിയതായിരുന്നു മോദി. രണ്ട് അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
ഭരണത്തിലിരുന്നപ്പോൾ സംസ്ഥാനത്തിന്റെ ഭൂമി നുഴഞ്ഞുകയറ്റക്കാർക്ക് നൽകിയവരാണ് കോൺഗ്രസ്. വോട്ടിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും പതിറ്റാണ്ടുകളോളം ഇതുമൂലം നുഴഞ്ഞുകയറ്റം വർധിച്ചുകൊണ്ടേയിരുന്നുവെന്നും മോദി പറഞ്ഞു.
“ആസാമിന്റെ സ്വത്വവും സംസ്കാരവും സംരക്ഷിക്കുകയാണു ബിജെപി സർക്കാർ ചെയ്യുന്നത്. നുഴഞ്ഞുകയറ്റക്കാർ സംസ്ഥാനത്തിന്റെ ജനസംഖ്യ സന്തുലനം താളംതെറ്റിക്കുകയും സംസ്കാരത്തെ ആക്രമിക്കുകയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും തൊഴിൽ തട്ടിയെടുക്കുകയും അനധികൃതമായി ആദിവാസി ഭൂമി കൈയേറുകയും ചെയ്യുന്നു. ഇവരെ സംരക്ഷിക്കാൻ ബിഹാറിൽ റാലികൾ നടത്തിയവരാണ് കോൺഗ്രസുകാർ. പക്ഷേ, അവിടെയുള്ള ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തള്ളിക്കളഞ്ഞു. ആസാമിൽനിന്നു ശക്തമായ മറുപടി അവർക്ക് ലഭിക്കും’’- അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വൻ വിജയത്തോടൊപ്പം കേരളത്തിൽ പോലും ബിജെപിക്ക് മേയറെ ലഭിച്ചിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
Tags : Modi Congress Assam's land infiltrators