ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകി. ബജറ്റ് സമ്മേളനം ജനുവരി 28ന് ആരംഭിക്കും.
അന്നേദിവസം രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. തൊട്ടടുത്ത ദിവസം 29ന് സാന്പത്തിക സർവേ പാർലമെന്റില്‍ വയ്ക്കും. തുടർന്ന് ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് അവതരണത്തോടെ തുടർച്ചയായി ഒൻപത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന അപൂർവ്വ നേട്ടം നിർമല സീതാരാമൻ സ്വന്തമാക്കും.
സ്വതന്ത്ര ഇന്ത്യയിലെ 88-ാമത് ബജറ്റാണിത്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റിക്കാർഡിന് (10 ബജറ്റുകള്‍) തൊട്ടരികിലെത്താനും ഇതോടെ നിർമലയ്ക്ക് സാധിക്കും. പി. ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.
Tags : Union Budget financial year 2026-27 presented in Parliament