സാക്കിര്‍ നായിക്
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ ഐആര്എഫിനെതിരേ (ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്) നടപടിയെടുക്കാന്‍ യുഎപിഎ നിയമത്തിലെ 42-ാം വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികാരം നല്കുന്ന വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മലേഷ്യയില്‍ കഴിയുന്ന മതപ്രഭാഷകന് സാക്കിര്‍ നായിക് 1991ല്‍ മുംബൈയില്‍ സ്ഥാപിച്ച സംഘടനയാണ് ഐആര്‍എഫ്.
നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമുള്ള അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചതോടെ, കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയില്ലാതെതന്നെ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധിക്കും. കൂടാതെ, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നോട്ടീസ് നല്‍കാനും പ്രവേശനം നിയന്ത്രിക്കാനും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അധികാരമുണ്ടാകും.
ഐആര്‍എഫ് കേന്ദ്രങ്ങളില്‍ സബ് ഇന്‍സ്പെക്ടര്‍ മുതലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണം നടത്താം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക രേഖകള്‍ പരിശോധിക്കാനും ഇനിമുതല്‍ സാധിക്കും.
നവംബര്‍ 13ന് സംഘനയ്ക്കെതിരായ നിരോധനം അഞ്ച് വര്‍ഷത്തേക്കുകൂടി നീട്ടി കേന്ദ്രം വിജ്ഞാപനമിറക്കിയിരുന്നു. രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തുന്നുവെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി 2016 ലാണ് ഐആര്‍എഫിനെ ആദ്യമായി നിരോധിച്ചത്.
Tags : Zakir Naik Action States Authority Organization Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash