സ്ട്രാസ്ബർഗ് (ഫ്രാൻസ്): അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കടുത്ത നികുതി ഭീഷണികൾക്കും അന്ത്യശാസനത്തിനും ഒടുവിൽ വഴങ്ങി യൂറോപ്യൻ യൂണിയൻ. അമേരിക്കയിൽ നിന്നുള്ള വ്യവസായിക ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ നികുതി (Tariffs) താൽക്കാലികമായി പൂർണമായും ഒഴിവാക്കാനുള്ള ചരിത്രപരമായ വ്യാപാര കരാറിന് ചൊവ്വാഴ്ച ഉച്ചയോടെ സ്ട്രാസ്ബർഗിൽ ചേർന്ന യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകി.
ഇതോടെ മാസങ്ങളായി ഇരുശക്തികളും തമ്മിൽ നിലനിന്നിരുന്ന കടുത്ത വ്യാപാര യുദ്ധത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തടസ്സമാണ് നീങ്ങിയിരിക്കുന്നത്. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇയു കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ഒരേസമയം പങ്കെടുക്കുന്നതിനിടയിലാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
ജൂലൈ 4 സമയപരിധി; ട്രംപിന്റെ സമ്മർദ്ദതന്ത്രം വിജയിച്ചു
കഴിഞ്ഞ ഓഗസ്റ്റിൽ ഉർസുല വോൺ ഡെർ ലെയനും ഡൊണാൾഡ് ട്രംപും തമ്മിൽ ഉണ്ടാക്കിയ പ്രാഥമിക ധാരണയുടെ തുടർച്ചയായാണ് ഈ നിയമം. ഇതനുസരിച്ച് യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി 15 ശതമാനം മാത്രം നികുതി ചുമത്താമെന്ന് ട്രംപ് സമ്മതിച്ചിരുന്നു. എന്നാൽ യൂറോപ്യൻ പാർലമെന്റിൽ മാസങ്ങളായി ഇതിന്റെ നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി നീണ്ടുപോയത് വാഷിംഗ്ടണെ ചൊടിപ്പിച്ചു.
വരുന്ന ജൂലൈ 4-നകം (അമേരിക്കൻ സ്വാതന്ത്ര്യദിനം) കരാർ പാസാക്കിയില്ലെങ്കിൽ യൂറോപ്യൻ കാറുകൾക്ക് മേൽ വൻ നികുതി ചുമത്തുമെന്ന് ട്രംപ് കടുത്ത ഭീഷണി മുഴക്കി. ജർമനിയിലെ ഫോക്സ്വാഗൺ, ബിഎംഡബ്ല്യു, പോർഷെ തുടങ്ങിയ വമ്പൻമാരെ തകർക്കാൻ പോന്നതായിരുന്നു ഈ ഭീഷണി. ഇതോടെയാണ് യൂറോപ്പ് നടപടികൾ വേഗത്തിലാക്കിയത്. ഇനി ഇയു രാജ്യങ്ങളുടെ കൗൺസിലിന്റെ ഔദ്യോഗിക അംഗീകാരം കൂടി ലഭിക്കുന്നതോടെ ജൂലൈ 4-ന് മുൻപ് തന്നെ നിയമം പ്രാബല്യത്തിൽ വരും.
യൂറോപ്യൻ നികുതി ഒഴിവാക്കൽ: അമേരിക്കയിൽ നിന്നുള്ള കാറുകൾ, മറ്റ് വൻകിട യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് യൂറോപ്പിലേക്ക് വരാൻ ഇനി നികുതി നൽകേണ്ടതില്ല.
കാലാവധി: ഈ പുതിയ ഇളവുകൾ 2029 ഡിസംബർ 31 വരെ നിലനിൽക്കും. അതായത് 2028-ൽ നടക്കാനിരിക്കുന്ന അടുത്ത അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷവും ഒരു വർഷം കൂടി ഈ കരാറിന് ആയുസുണ്ടാകും.
അടിയന്തിര സുരക്ഷാ വ്യവസ്ഥ (Emergency Clause): ഒരുപക്ഷേ ട്രംപ് ഈ കരാർ ലംഘിച്ച് യൂറോപ്യൻ ഉൽപന്നങ്ങൾക്ക് മേൽ വീണ്ടും നികുതി കൂട്ടിയാൽ, യൂറോപ്യൻ യൂണിയന് ഈ നികുതിയിളവ് ഉടനടി റദ്ദാക്കാനുള്ള പ്രത്യേക അവകാശവും പുതിയ നിയമത്തിൽ നിലനിർത്തിയിട്ടുണ്ട്.
അമേരിക്കൻ വിപണിയെ ഏറെ ആശ്രയിക്കുന്ന ജർമൻ ഓട്ടോമൊബൈൽ വ്യവസായ മേഖലയ്ക്കും പ്രവാസി ബിസിനസ് സമൂഹത്തിനും വലിയ ആശ്വാസം നൽകുന്നതാണ് യൂറോപ്യൻ പാർലമെന്റിന്റെ ഈ പുതിയ തീരുമാനം.
Tags : European Union Trump's harsh threat