ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) അമേരിക്കൻ ജനതയ്ക്ക് ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും ഫൊക്കാനയുടെ പേരിലുമാണ് ആശംസകൾ അറിയിച്ചത്.
1776-ൽ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച അമേരിക്ക ഇന്ന് ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, വൈവിധ്യത്തെ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ എന്നിവയുടെ ആഗോള പ്രതീകമായി മാറിയതായി ഫൊക്കാന പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ 250 വർഷത്തിനിടെ മനുഷ്യാവകാശങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗം, സാമ്പത്തിക വളർച്ച, സാംസ്കാരിക വൈവിധ്യം എന്നിവയിൽ അമേരിക്ക നൽകിയ സംഭാവനകൾ ലോകചരിത്രത്തിൽ ശ്രദ്ധേയമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളീയരടക്കമുള്ള ഇന്ത്യൻ വംശജർക്ക് വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കാൻ അമേരിക്ക നൽകിയ അവസരങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അമേരിക്കയുടെ വളർച്ചയിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ഫൊക്കാനയ്ക്ക് അഭിമാനമുണ്ടെന്നും സംഘടന വ്യക്തമാക്കി.
40 വർഷത്തിലേറെയായി വടക്കേ അമേരിക്കയിലെ മലയാളികളെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുമിപ്പിച്ചു കൊണ്ടിരിക്കുന്ന ഫൊക്കാന, ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള സഹകരണവും പരസ്പര ബഹുമാനവും വളർത്തുന്നതിനും പ്രതിബദ്ധമാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
അമേരിക്കയ്ക്ക് സമാധാനവും ഐക്യവും സമൃദ്ധിയും തുടർന്നും കൈവരട്ടെയെന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവിക മൂല്യങ്ങളുടെയും വെളിച്ചം ലോകമെമ്പാടും കൂടുതൽ പ്രകാശിക്കട്ടെയെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും ആശംസിച്ചു.
Tags : FOKANA US Independence Day Greetings