ഫിലിപ്പ് സാന്‍ഡ്സ്
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയുടെ സമാപനത്തോടനുബന്ധിച്ച് ജര്‍മന്‍ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്കാരം ഫ്രാന്‍കോ - ബ്രിട്ടീഷ് വക്കീലും എഴുത്തുകാരനുമായ ഫിലിപ്പ് സാന്‍ഡ്സിന് സമ്മാനിച്ചു.
ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്മെയറുടെ സാന്നിധ്യത്തിലാണ് പുരസ്കാരം നല്‍കിയത്. മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി നിരന്തരം പോരാടുന്ന മാനവികതാവാദിയാണ് ഫിലിപ്പ് സാന്‍ഡ്സ് എന്ന് ജൂറി വിലയിരുത്തി.
ഇസ്രായേല്‍ വിഷയത്തിലെ ജര്‍മനിയുടെ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനം
പുരസ്കാരം സ്വീകരിച്ചു സംസാരിച്ചുകൊണ്ട് സാന്‍ഡ്സ് ജര്‍മന്‍ സര്‍ക്കാരിന്റെ നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രായേലിന്റെ നടപടികളില്‍ ജര്‍മനി പുലര്‍ത്തുന്ന അനുചിതമായ മൗനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സഖ്യകക്ഷികള്‍ക്കിടയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് തുറന്നുപറയേണ്ടതുണ്ട്. ഇത് ജൂതവിരുദ്ധതയോ ഇസ്രായേല്‍ വിരുദ്ധതയോ അല്ല, മറിച്ച് സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ അധിനിവേശ സമയത്ത് യുക്രെയ്നിലെ ല്വീവില്‍ നിന്ന് പലായനം ചെയ്യപ്പെട്ട ജുത കുടുംബത്തില്‍ പെട്ടയാളാണ് ഫിലിപ്പ് സാന്‍ഡ്സ്. അന്താരാഷ്ട്ര ക്രിമിനല്‍ നിയമങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയ "ഈസ്റ്റ് വെസ്റ്റ് സ്ട്രീറ്റ്' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹമാസ് ആക്രമണത്തെയും അപലപിച്ചു
അതോടൊപ്പം തന്നെ, 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണങ്ങളെ ഭീകരമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും സാന്‍ഡ്സ് അപലപിച്ചു.
ഏത് രാജ്യത്തിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുമ്പോഴും ആ അവകാശം പരിധിയില്ലാത്തതല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം അതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : FrankfurtBookFair PhilippeSands HumanRights LiteraryAwards BookFair