ബർലിൻ : കോവിഡ് പ്രതിസന്ധിക്കുശേഷം ജർമനിയുടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ ആകെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതായി ജർമ്ൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (Destatis) ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2025-ലെ കണക്കുകൾ പൂർണ്ണമായി പുറത്തുവന്നപ്പോൾ രാജ്യത്തെ ജനസംഖ്യയിൽ 1,10,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. (ഏകദേശം 0.13 ശതമാനത്തിന്റെ ഇടിവ്). ഇതോടെ കഴിഞ്ഞ വർഷാവസാനത്തെ കണക്ക് പ്രകാരം ജർമ്മനിയിലെ ആകെ ജനസംഖ്യ 8.35 കോടിയായി (83.5 Million) ചുരുങ്ങി.
മരണനിരക്കിനേക്കാൾ കുറവാണ് ജനനനിരക്ക് എന്നതും, വിദേശത്തുനിന്നും ജർമനിയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ (Net Migration) ഉണ്ടായ വൻ ഇടിവുമാണ് ഈ ജനസംഖ്യാ തകർച്ചയ്ക്ക് പ്രധാന കാരണം.
കണക്കുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ:
ജനന-മരണ നിരക്കിലെ വൻ വ്യത്യാസം: 2025-ൽ ജർമ്മനിയിൽ ജനിച്ചവരേക്കാൾ 3,52,000 പേർ കൂടുതൽ മരണപ്പെട്ടു. ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജനനനിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
കുടിയേറ്റം തുണച്ചില്ല: സാധാരണയായി ജർമനിയിലെ കുറഞ്ഞ ജനനനിരക്കിനെ വിദേശ കുടിയേറ്റക്കാരുടെ വരവാണ് പരിഹരിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം 2,35,000 പേർ മാത്രമാണ് പുതുതായി ജർമനിയിലേക്ക് കുടിയേറിയത്. ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഭരണകൂടം സ്വീകരിച്ച കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ വിദേശ തൊഴിലാളികളുടെ വരവ് ഗണ്യമായി കുറയാൻ കാരണമായി.
നഗരങ്ങളിൽ മാത്രം നേരിയ വളർച്ച: ജർമ്മനിയിലെ മൂന്ന് പ്രമുഖ സിറ്റി സ്റ്റേറ്റുകളായ ബർലിൻ, ബ്രെമെൻ, ഹാംബുർഗ് എന്നീ നഗരങ്ങളിൽ മാത്രമാണ് ജനസംഖ്യയിൽ നേരിയ വർദ്ധനവ് ഉണ്ടായത്.
കിഴക്കൻ ജർമ്മനിയിൽ കടുത്ത പ്രതിസന്ധി; രാജ്യം അതിവേഗം വാർദ്ധക്യത്തിലേക്ക്
പഴയ പശ്ചിമ ജർമൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻ കമ്മ്യൂണിസ്റ്റ് മേഖലയായിരുന്ന കിഴക്കൻ ജർമ്മൻ സംസ്ഥാനങ്ങളിലാണ് ജനസംഖ്യാ ഇടിവ് ഏറ്റവും രൂക്ഷം. കിഴക്കൻ സംസ്ഥാനങ്ങളിൽ 0.5 ശതമാനം (57,000 പേർ) ഇടിവുണ്ടായപ്പോൾ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇത് വെറും 0.1 ശതമാനം മാത്രമാണ്. പ്രവാസി പശ്ചാത്തലമുള്ള ആളുകൾ കിഴക്കൻ മേഖലകളിൽ കുറവായതും അവിടുത്തെ കുറഞ്ഞ ജനനനിരക്കുമാണ് ഇതിന് കാരണം.
നികുതി വരുമാനത്തെ ബാധിക്കും:
ഈ പുതിയ കണക്കുകൾ പ്രകാരം ജർമ്മനി അതിവേഗം ഒരു വയോജന രാജ്യമായി മാറുകയാണ്. 60 നും 79 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ 3,58,000 പേരുടെ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ രാജ്യത്തിന് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന 20 നും 59 നും ഇടയിൽ പ്രായമുള്ള ജോലി ചെയ്യുന്നവരുടെ എണ്ണം 4,09,000 ആയി (1.0%) കുത്തനെ കുറഞ്ഞു.
വരും വർഷങ്ങളിൽ ജർമനിയിലെ പെൻഷൻ ഫണ്ടുകളെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഡെസ്റ്റാറ്റിസ് പുറത്തുവിട്ട ഈ പുതിയ ജനസംഖ്യാ റിപ്പോർട്ട്.
Tags : Germany's population declines;