ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഒക്ലഹോമ: 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ ഒക്ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പിസിഎൻഎകെ) മഹാസമ്മേളനത്തിന്റെ വാർത്താ-മാധ്യമ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമായി നടത്തുന്നതിനായി ദേശീയ മീഡിയ ടീമിന് രൂപം നൽകിയതായി സംഘാടകർ അറിയിച്ചു.
കോൺഫറൻസ് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ തേജസ് തോമസ്, സെക്രട്ടറി ബിനോയ് ഫിലിപ്പ് കരുമാങ്കൽ, ട്രഷറർ നിബു വെള്ളവന്താനം, ഇംഗ്ലീഷ് കോഓർഡിനേറ്റർ പാസ്റ്റർ ഡെവിൻ ഡാനിയേൽ, ലേഡീസ് കോഓർഡിനേറ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, ജനറൽ കോഓർഡിനേറ്റർ സാം തോമസ്, പ്രയർ കോഓർഡിനേറ്റർ പാസ്റ്റർ മാത്യു സാമുവൽ, പബ്ലിക് റിലേഷൻസ് കോഓർഡിനേറ്റർ ഷെറി കെ. ജോർജ്, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും മീഡിയ ടീം പ്രവർത്തിക്കും.
ഫിന്നി രാജു, ഹൂസ്റ്റൺ നാഷണൽ മീഡിയ കോഓർഡിനേറ്ററായി പ്രവർത്തിക്കും. ഡോ. ജോജി ഗീവർഗീസ്, ഫ്ലോറിഡ വിഷ്വൽ മീഡിയ കോഓർഡിനേറ്ററായും സാം വറുഗീസ്, ജോർജിയ സോഷ്യൽ മീഡിയ കോഓർഡിനേറ്ററായും, ഷിബു വറുഗീസ്, വെർജീനിയ ഗ്രാഫിക്സ് കോഓർഡിനേറ്ററായും മീഡിയ ടീമിൽ സേവനമനുഷ്ഠിക്കും.
ദേശീയ മഹാസമ്മേളനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്തകൾ, പ്രസ് റിലീസുകൾ, ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ, ഡിജിറ്റൽ പ്രചാരണം, സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ എന്നിവയുടെ ആസൂത്രണവും ഏകോപനവും ദേശീയ മീഡിയ ടീമിന്റെ നേതൃത്വത്തിൽ നിർവഹിക്കും.
സമ്മേളനത്തിന്റെ എല്ലാ ഔദ്യോഗിക വിവരങ്ങളും ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് സമൂഹത്തിലേക്ക് സമയബന്ധിതമായും വിശ്വസനീയമായും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മീഡിയ ടീം നേതൃത്വം നൽകും.
2028-ലെ പിസിഎൻഎകെ മഹാസമ്മേളനത്തിന്റെ വിജയത്തിനായി ദേശീയ സംഘാടക സമിതിയുമായി ചേർന്ന് ആധുനിക മാധ്യമ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മീഡിയ ടീം അറിയിച്ചു.
Tags : PCNAK Oklahoma NRI News