മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റിൻ സംഘടിപ്പിക്കാറുള്ള മേയ് ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി വെൽഫെയറിന്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ "മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചു.
മേയ് ഒന്നിന് രാവിലെ എട്ട് മുതൽ 11 വരെ സിഞ്ചിലുള്ള പ്രവാസി സെന്ററിലാണ് മീറ്റ് യുവർ ഡോക്ടർ നടക്കുക. പ്രവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വിദഗ്ധ ഡോക്ടർമാരുടെ പരിശോധനകൾ, ആരോഗ്യ ബോധവത്കരണം, കൗൺസലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവയാണ് പ്രധാനമായി മീറ്റ് യുവർ ഹെൽത്ത് ഇനിഷ്യേറ്റീവിൽ ഒരുക്കുന്നത്.
ബഹ്റിനിലെ ആരോഗ്യ സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പ് പൂർണമായും സൗജന്യമാണ്. ജനറൽ വിഭാഗം, കാർഡിയോളജി, ഇഎൻടി, ദന്തൽ, ഫാമിലി, ഇന്റേണൽ മെഡിസിൻ, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലെ പ്രമുഖരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജോയ്സ് ജോയ്, ഡോ. ദീപക്, ഡോ.ടി.എ. നജീബ്, ഡോ. അനിന, ഡോ. നമിത, ഡോ. ഗോകുൽ, ഡോ ഇസ്മായിൽ കെ. കണ്ടിയിൽ തുടങ്ങിയ പ്രമുഖ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.
പ്രവാസത്തിനിടയിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും പ്രവാസികൾ മറന്നുപോകുന്ന ഒന്നാണ് സ്വന്തം ആരോഗ്യം. പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകി പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവിൽ തങ്ങളുടെ ആരോഗ്യ സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനും വിദഗ്ധ പരിശോധനകൾ നടത്താനും ബഹ്റിനിലെ പ്രവാസികൾക്ക് ലഭിക്കുന്ന മികച്ചൊരു അവസരമാണ് എന്ന് മെഡ്കെയർ കോഓർഡിനേറ്റർ അബ്ദുല്ല കുറ്റ്യാടി അറിയിച്ചു.
Tags : Pravasi Welfare Bahrain Meet Your Doctor May 1 Health Camp