സ്റ്റാർക്ക് (ഫ്ലോറിഡ): 2008ൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6.13ന് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷാവിധി ടപ്പാക്കിയത്.
ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഏഴാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ വർഷം മാത്രം ഫ്ലോറിഡയിൽ 19 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
2008 ജനുവരി 17ന് നോർത്ത് പോർട്ടിലെ വീട്ടുമുറ്റത്ത് രണ്ട് കുഞ്ഞുങ്ങളോടൊപ്പം നിൽക്കുകയായിരുന്ന 21 വയസുകാരിയായ യുവതിയെ മൈക്കൽ കിംഗ് തട്ടിക്കൊണ്ടുപോയി.
യുവതിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി അവരെ കാറിൽ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവച്ചു കൊലപെടുത്തുകയായിരുന്നു.
കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതിയുടെ ഫോൺ കൈക്കലാക്കിയ യുവതി 911ൽ വിളിച്ച് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞുപറഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. സ്വന്തം ജീവനുവേണ്ടിയും കുഞ്ഞുങ്ങളെ കാണുന്നതിനുവേണ്ടിയും അവർ അപേക്ഷിക്കുന്ന ശബ്ദം റെക്കോർഡിംഗിലുണ്ടായിരുന്നു.
കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും മകനും ഉൾപ്പെടെയുള്ളവർ ശിക്ഷാവിധിക്ക് സാക്ഷികളായി. യുവതിക്ക് പ്രിയപ്പെട്ട പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അവർ എത്തിയത്.
Tags : Woman kidnapped man executed