ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വന്പൻ അട്ടിമറി. ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ പത്താം സ്ഥാനക്കാരായ എഎഫ്സി ബേണ്‍മൗത്ത് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ജൂണിയർ ക്രൗപി ബേണ്‍മൗത്തിന് ലീഡ് നേടിക്കൊടുത്തു.
35-ാം മിനിറ്റിൽ വിക്ടർ ജ്യോകെറെസ് പെനാൽറ്റിയിലൂടെ ആഴ്സണലിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരത്തിന്റെ 74-ാം മിനിറ്റിൽ ആഴ്സണലിന്റെ ആധിപത്യത്തിന് ബേണ്‍മൗത്ത് രണ്ടാം ഗോളിലൂടെ മറുപടി നൽകി ഞെട്ടിച്ചു. പരാജയപ്പെട്ട ആഴ്സണൽ 32 മത്സരത്തിൽനിന്ന് 70 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്പോൾ 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. സിറ്റി 30 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
മറ്റൊരു മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ ജയം. ഫുൾഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വീഴ്ത്തിയത്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ലിവർപൂളിന്റെ റിയോ എൻഗുമോഹ സ്വന്തമാക്കി. 36-ാം മിനിറ്റിലായിരുന്നു 17കാരന്റെ നേട്ടം. 40-ാം മിനിറ്റിൽ മുഹമ്മദ് സല ലിവർപൂളിനായി രണ്ടാം ഗോൾ നേടി.
മറ്റ് മത്സരങ്ങളിൽ ബ്രൈറ്റണ് ഹോവ് ആൽവിൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബേണ്‍ലിയെ പരാജയപ്പെടുത്തി. എവെർട്ടണ്- ബ്രെന്റ്ഫോർഡ് മത്സരം 2-2 സമനിലയിൽ അവസാനിച്ചു.