സാവോപോളോ: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഒൗദ്യോഗിക പ്രഖ്യാപനമെത്തി. ജൂണിൽ ആരംഭിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ കോച്ച് കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചപ്പോൾ 34കാരനായ സൂപ്പർ താരം നെയ്മർക്കും ഇടം. ഇതോടെ നെയ്മറുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ചും മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. നെയ്മറിന്റെ ഫിറ്റ്നസിനെച്ചൊല്ലി നിരീക്ഷകർക്കിടയിൽ സംശയങ്ങൾ നിലനിന്നിരുന്നെങ്കിലും താരത്തിന്റെ അനുഭവസന്പത്തിലും മികവിലും കാർലോ ആഞ്ചലോട്ടി വിശ്വാസമർപ്പിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയർ, റഫിന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീൽ ജഴ്സിയിൽ കളിച്ചത്. പരിക്ക് വില്ലനായതോടെ ഒട്ടേറെ മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്. 2025 മേയിൽ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റാലിയൻ കോച്ച് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഈ ലോകകപ്പിൽ നെയ്മർ ടീമിന്റെ ഏറ്റവും നിർണായക താരമായിരിക്കും. ടീമിൽ മികച്ചൊരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നെയ്മറുടെ സാന്നിധ്യത്തിന് സാധിക്കുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.
നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. 2014, 2018, 2022 ലോകകപ്പുകളിൽ കളിച്ച നെയ്മർ ആദ്യ ലോകകപ്പിൽ നാല് ഗോളടിച്ചിരുന്നു. റഷ്യൻ ലോകകപ്പിലും ഖത്തർ ലോകകപ്പിലും രണ്ടുവീതം ഗോളടിച്ചു. 2026ലും വലിയ പ്രതീക്ഷയോടെയാണ് ബ്രസീൽ എത്തുന്നത്. നിലവിൽ 79 ഗോളുകളോടെ പെലെയെയും മറികടന്ന് ബ്രസീലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് നെയ്മർ.
നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, വണ്ടർ കിഡ് എൻഡ്രിക്, റഫീഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ചേരുന്നതാണ് ബ്രസീലിന്റെ ആക്രമണനിര. മധ്യനിരയിൽ പരിചയസന്പന്നനായ കാസിമിറോയ്ക്കൊപ്പം ബ്രൂണോ ഗിമാരസ്, ഫാബിഞ്ഞോ, പാക്വേറ്റ എന്നിവരും പ്രതിരോധത്തിൽ മാർക്വിഞ്ഞോസും ഗബ്രിയേൽ മഗൽഹേസും. യുവതാരങ്ങളായ എൻഡ്രിക്, റയാൻ എന്നിവർ തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പിനുള്ള തയാറെടുപ്പിലാണ്.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്കോട്ലന്ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂണ്‍ 14ന് മൊറോക്കോയ്ക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ പോരാട്ടം. കോച്ച് കാർലോ ആഞ്ചലോട്ടിയുമായുള്ള കരാർ 2030 വരെ നീട്ടിയതായും ബ്രസീലിയൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ വ്യക്തമാക്കി.
ബ്രസീൽ ടീം:
ഗോൾകീപ്പർമാർ: അലിസണ്, എഡേഴ്സണ്, വെവർട്ടണ്‍.
പ്രതിരോധനിര: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ്, ഡഗ്ലസ് സാന്‍േറാസ്.
മധ്യനിര: ബ്രൂണോ ഗിമാരസ്, കാസിമിറോ, ഡാനിലോ സാന്‍േറാസ്, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ.
ആക്രമണനിര: നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുൻഹ, റഫീഞ്ഞ, ലൂയിസ് ഹെൻറിക്.

പോർച്ചുഗൽ: ഫിഫ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗീസ് പടയിൽ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിറ്റിൻഹ തുടങ്ങി താരനിരയുണ്ട്.
41കാരനായ അൽ നസർ ഫോർവേഡ് റൊണാൾഡോ ആറാമത് ലോകകപ്പിൽ പന്ത്തട്ടാനാണ് ഒരുങ്ങുന്നത്. മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയും അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിയും പട്ടികയിൽ ചേരും.
2016 യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗൽ ഡിആർ കോംഗോ, കൊളംബിയ, ഉസ്ബക്കിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് കെയിലാണ്.
ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി സിൽവ, റിക്കാർഡോ വെൽഹോ
ഡിഫൻഡർമാർ: ഡിയോഗോ ദലോട്ട്, മാത്യൂസ് നൂണ്‍സ്, നെൽസണ്‍ സെമെഡോ, ജോവോ കാൻസെലോ, ന്യൂനോ മെൻഡസ്, ഗോങ്കലോ ഇനാസിയോ, റെനാറ്റോ വീഗ, റൂബൻ ഡയസ്, തോമസ് അരാജുവോ
മിഡ്ഫീൽഡർമാർ: റൂബൻ നെവ്സ്, ജോവോ നെവ്സ്, വിറ്റിൻഹ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ജോവോ ഫെലിക്സ്, ഫ്രാൻസിസ്കോ ട്രിൻകാവോ, ഫ്രാൻസിസ്കോ കോണ്‍സെക്കാവോ, സാമു കോസ്റ്റ
ഫോർവേഡ്സ്: പെഡ്രോ നെറ്റോ, റാഫേൽ ലിയോ, ഗോണ്‍സലോ ഗുഡെസ്, ഗോണ്‍സലോ റാമോസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ.
Tags : FIFA World Cup Football Neymar