ധരംശാല: ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമങ്കം ഇന്ന്. രാത്രി ഏഴിന് ധരംശാലയില്‍ ഇറങ്ങുന്ന സൂര്യകുമാര്‍ യാദവിനും സംഘത്തിനുമാണ് സമ്മര്‍ദം. കാരണം, ന്യൂ ചണ്ഡിഗഡിലെ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പ്രോട്ടീസ് കീഴടക്കിയിരുന്നു. 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ ഇതുവരെ കളിച്ച 17 ട്വന്റി-20യിലെ മൂന്നാം തോല്‍വി മാത്രമാണിത്. എന്നാല്‍, ടോസ് നേടിയശേഷം ഈ വര്‍ഷം ഇന്ത്യ തോല്‍ക്കുന്നത് ജനുവരിക്കുശേഷം ആദ്യം.
ഫെരേര x ബുംറ
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റില്‍ നേട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് രണ്ടാം ട്വന്റി-20യില്‍ കനത്ത പ്രഹരമേല്‍പ്പിച്ചത് ഡോണോവന്‍ ഫെരേരയായിരുന്നു. ബുംറയുടെ ഒരു ഓവറില്‍ 17 റണ്‍സാണ് ഫെരേര അടിച്ചെടുത്തത്. ബുംറയെ രണ്ട് തവണ ഫെരേര നിലം തൊടാതെ ഗാലറിയിലേക്കു പറത്തി. ഒരു ട്വന്റി-20യില്‍ ബുംറ ആദ്യമായി നാല് സിക്സ് വഴങ്ങുന്നതിനും ന്യൂ ചണ്ഡിഗഡ് സാക്ഷ്യംവഹിച്ചു. ധരംശാലയില്‍ ഇരുവരും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലാണ് നടക്കുക.
ഗില്‍, സൂര്യ
ഐസിസി 2026 ട്വന്റി-20 ലോകകപ്പിനായി ഒരുങ്ങുന്ന ടീം ഇന്ത്യയെ ഏറ്റവും വിഷമിപ്പിക്കുന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മോശം ഫോമാണ്.
സഞ്ജു സാംസനെ പുറത്തിരുത്തിയാണ് ഗില്‍ ഓപ്പണിംഗ് സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തില്‍ 14 ട്വന്റി-20 കളിച്ച ഗില്‍ രണ്ട് തവണ മാത്രമേ 40നു മുകളില്‍ സ്കോര്‍ ചെയ്തുള്ളൂ.
2025 കലണ്ടര്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് സൂര്യകുമാര്‍ യാദവ് 40നു മുകളില്‍ സ്കോര്‍ ചെയ്തത്. ഈ വര്‍ഷം മൂന്നു തവണ സൂര്യകുമാര്‍ പൂജ്യത്തിനു പുറത്തായി.
Tags : India x South Africa 3rd Twenty20 cricket Dharamshala