കോഴിക്കോട്: വിംസി സെന്റിനറി അവാർഡ് ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീം അംഗം പി. മാളവികയ്ക്ക് 15നു വൈകുന്നേരം നാലിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ എം.വി. ശ്രേയാംസ്കുമാർ സമ്മാനിക്കും.
50,000 രൂപയും ഫലകവും അടങ്ങിയ അവാർഡ് വിഖ്യാത സ്പോർട്സ് ജേർണലിസ്റ്റ് വിംസിയുടെ (വി.എം. ബാലചന്ദ്രൻ) ജന്മശതാബ്ദി പ്രമാണിച്ചു സീനിയർ ജേർണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിംസിയുടെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയതാണ്.
മുൻ ഇന്ത്യൻ താരങ്ങളും പരിശീലകരുമായ വിക്ടർ മഞ്ഞില, ജോപോൾ അഞ്ചേരി, സ്പോർട്സ് ജേർണലിസ്റ്റുകളായ ആർ. രഞ്ജിത്ത്, അനീഷ് പി. നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകനും ചെന്നൈയിലെ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ പ്രഭാഷണം നടത്തും.
കാസർഗോഡ് ജില്ലക്കാരിയായ പി. മാളവിക ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കായി ഗോൾ നേടിയ താരമാണ്. 26 വർഷത്തിനു ശേഷമാണ് ഒരു മലയാളി താരത്തിന് ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള കേരള ഫുട്ബാൾ അസോസിയേഷൻ പുരസ്കാരം ഈ ഇരുപത്തിയൊന്നുകാരിക്കാണ് ലഭിച്ചത്.
മിസാക യുണൈറ്റഡ്, ട്രാവൻകൂർ റോയൽസ്, കെംപ്, കേരള ബ്ലാസ്റ്റേഴ്സ്, സേതു എഫ്സി എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ താരങ്ങളുടെ കളിമികവിനോട് പൊരുതിയാണ് മാളവിക ഇന്ത്യൻ ടീമിൽ എത്തിയത്. ഇന്ത്യയുടെ സീനിയർ ടീമും അണ്ടർ 20 ടീമും അണ്ടർ 17 ടീമും ഏഷ്യാ കപ്പ് യോഗ്യത നേടിയിട്ടുണ്ട്.
Tags : Whimsy Centenary Awards Malavika Indian women foodballer