സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇഷാന് കിഷനും സൂര്യകുമാര്‍ യാദവുമെല്ലാം വാഴുന്ന ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ബാറ്റിംഗിലെ ബേബി ബോസാണ് ബിഹാറുകാരനായ വൈഭവ് സൂര്യവംശി. 13-ാം വയസില്‍ രാജസ്ഥാന് റോയല്‍സിന്റെ കരാര്‍ സ്വന്തമാക്കിയതു മുതല്‍ റിക്കാര്‍ഡുകളില്‍നിന്നു റിക്കാര്ഡുകളിലേക്കുള്ള യാത്രയാണ് വൈഭവ് ഇതുവരെ കാഴ്ചവച്ചത്.
2026 ഐപിഎല്‍ വെടിക്കെട്ടിനു തിരികൊളുത്താന്‍ വെറും 11 ദിനങ്ങള്‍ മാത്രമുള്ളപ്പോള്‍, ഈ സീസണില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ബേബി ബോസ്. സച്ചിന് തെണ്ടുല്‍ക്കറിനുശേഷം (ലിറ്റില്‍ മാസ്റ്റര്‍) പ്രായക്കുറവിനാല്‍ വിളിപ്പേരു ലഭിച്ച ഇന്ത്യന്‍ ക്രിക്കറ്ററാണ് സൂര്യവംശി എന്നതും ശ്രദ്ധേയം.
ഗെയ്ലിന്റെ 175
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തം പേരില്‍ കുറിക്കുക എന്നതാണ് 2026 സീസണില്‍ വൈഭവ് സൂര്യവംശിയുടെ ഒരു ആഗ്രഹം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുന്‍താരമായ വെസ്റ്റ് ഇന്‍ഡീസുകാരന്‍ ക്രിസ് ഗെയ്ലിന്റെ 175 നോട്ടൗട്ടാണ് ഐപിഎല്‍ ചരിത്രത്തിലെ റിക്കാര്‍ഡ്. 2013 ഐപിഎല്ലില്‍ പൂന വാരിയേഴ്സിന് എതിരേയായിരുന്നു ആര്‍സിബിയുടെ ക്രിസ് ഗെയ്ല് 175 അടിച്ചുകൂട്ടിയത്. ബോസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന, ബോസ് എന്നു ലേഖനെ ചെയ്ത ബാറ്റ് ഉപയോഗിക്കുന്ന ഗെയ്ലിന്റെ റിക്കാർഡിലാണ് ബേബി ബോസിന്റെ കണ്ണ്.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടോസ് നേടി ആദ്യം ക്രീസില്‍ എത്തി. ഓപ്പണിംഗിനിറങ്ങിയ ഗെയ്ല് 66 പന്തില്‍ 175 റണ്‍സുമായി പുറത്താകാതൈ നിന്നു. 17 സിക്സും 13 ഫോറും ഗെയ്ലിന്റെ ബാറ്റില്‍നിന്ന് അന്നു പിറന്നു.
ബിസിസിഐയുടെ വാര്‍ഷിക പുരസ്കാര ചടങ്ങിലാണ് ഗെയ്ലിന്റെ 175 റണ്‍സ് മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വൈഭവ് സൂര്യവംശി വെളിപ്പെടുത്തിയത്. പുരുഷ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഗെയ്ലിന്റെ 175 ആണ്. 2018ല്‍ സിംബാബ്വെയ്ക്ക് എതിരേ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് നേടിയ 172 ആണ് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍.
2008ല്‍ റോയല്‍ ചലഞ്ചേഴ്സിന് എതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രണ്ടന്‍ മക്കല്ലം നേടിയ 158 നോട്ടൗട്ടാണ് ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. 2024 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്ക്ക് എതിരേ ഹൈദരാബാദിനായി 67 പന്തില്‍ 151 റണ്‍സ് നേടിയ തിലക് വര്‍മയാണ്, ട്വന്റി-20യില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍. 2025 നവംബറില്‍ ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി യുഎഇക്ക് എതിരേ 42 പന്തില്‍ 144 റണ്‍സ് നേടിയതാണ് ട്വന്റി-20യില്‍ സൂര്യവംശിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
സഞ്ജുവിന്റെ ശിഷ്യന്
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലാണ് വൈഭവ് സൂര്യവംശി ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. ആദ്യം മുതല്‍ ധൈര്യസമേതം അടിക്കുക എന്നതാണ് വൈഭവിന്റെ രീതിയെന്ന് സഞ്ജു വെളിപ്പെടുത്തുന്നു. ഇന്ത്യയെ 2026 ട്വന്റി-20 ലോകകപ്പില്‍ എത്തിച്ച സഞ്ജു, ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനായാണ് ഇറങ്ങുന്നത്. 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേയാണ് രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം (മാര്‍ച്ച് 30ന്).
2026 ഐപിഎല്‍ കിരീടം രാജസ്ഥാനു നേടിക്കൊടുക്കാന്‍ സാധിച്ചാല്‍ അതില്‍ക്കൂടുതല്‍ ഒന്നുമില്ലെന്നും സൂര്യവംശി വെളിപ്പെടുത്തി. ടീമിന്റെ ജയത്തിനായി സംഭാവന ചെയ്യുക, ടീമിനു ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുക- സൂര്യവംശി പറഞ്ഞു. 2026 ഐപിഎല്‍ സീസണില്‍ യശസ്വി ജയ്സ്വാള്‍ - വൈഭവ് സൂര്യവംശി കൂട്ടുകെട്ടാണ് രാജസ്ഥാന് റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത്. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും സ്ഫോടനാത്മക ഓപ്പണിംഗ് സഖ്യമായിക്കും ഇവരുടേത്.
2026 ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ 80 പന്തില്‍ 175 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചതിന്റെ ആവേശത്തിലാണ് വൈഭവ് ഐപിഎല്ലിലേക്ക് എത്തുന്നത്. അണ്ടർ 19 ലോകകപ്പിലെ താരവും 14കാരനായ സൂര്യവംശിയായിരുന്നു. ഈ മാസം 27ന് 15-ാം ജന്മദിനമാഘോഷിക്കാന് ഒരുങ്ങുകയാണ് ബേബി ബോസ്...
Tags : Suryavanshi target IPL 2026 T20 Cricket rajasthan royals vibhav suryavanshi