കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ടീം ഇന്ത്യ ഇന്നലെ പരിശീലനം ആരംഭിച്ചു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടു മത്സര ഹോം ടെസ്റ്റ് പരമ്പര നേട്ടത്തിനുശേഷം, ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായ രണ്ടാം പരമ്പരയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
ഓസ്ട്രേലിയയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുശേഷം ടീം ഇന്ത്യ റെഡ് ബോള്‍ കൈയിലെടുക്കുകയാണ്. 14ന് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്.
ഗില്ലിന്റെ പരിശീലനം
ഇന്നലെ ഈഡന് ഗാര്‍ഡന്‍സില്‍ ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ഒരു മണിക്കൂറോളം പരിശീലനം നടത്തി. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറിയും പുറത്താകാതെ ഒരു സെഞ്ചുറിയും ഗില്‍ നേടിയിരുന്നു. എന്നാല്‍, ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഗില്ലിനു ശോഭിക്കാന്‍ സാധിച്ചിരുന്നില്ല.
യശസ്വി ജയ്സ്വാളിനൊപ്പമായിരുന്നു ഗില്ലിന്റെ നെറ്റ്സ് സെഷന്. തുടര്‍ന്ന് സ്ലിപ്പ് ഫീല്‍ഡിംഗ് പരിശീലനവും ഗില്‍ നടത്തി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ നെറ്റ്സില്‍ നേരിട്ട ഗില്‍, ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ പേസ് ബൗളിംഗിലും ബാറ്റ് ചെയ്തു.
ജയ്സ്വാള്‍, സായ്
രഞ്ജി ട്രോഫിയില്‍ മുംബൈക്കായി രാജസ്ഥാനെതിരേ 67, 156 എന്നിങ്ങനെ മികച്ച ഇന്നിംഗ്സുകള്‍ കാഴ്ചവച്ചാണ് ഇടംകൈ ഓപ്പണറായ യശസ്വി ജയ്സ്വാള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇറങ്ങാനൊരുങ്ങുന്നത്. ബൗളിംഗ് കോച്ച് മോണ്‍ മോര്‍ക്കലിന്റെ ത്രോഡൗണ്‍ നെറ്റ്സില്‍ ജയ്സ്വാള്‍ കൂടുതലായി നേരിട്ടു.
ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്ററായ സായ് സുദര്‍ശനായിരുന്നു നെറ്റ്സില്‍ ഇന്നലെ കൂടുതല്‍ സമയം പരിശീലിച്ച മറ്റൊരു താരം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരു ഇന്നിംഗ്സില്‍ (87) മാത്രമാണ് സായ് സുദര്‍ശനു തിളങ്ങാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ഇന്ത്യ എയുടെ മത്സരത്തിലും സായ് തിളങ്ങിയില്ല.
കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്നലെ പരിശീലനത്തിന് എത്തിയില്ല. ഇന്ത്യ എ x ദക്ഷിണാഫ്രിക്ക എ മത്സരത്തിനുശേഷം തിങ്കളാഴ്ചയാണ് ഇവര്‍ ടീം ക്യാമ്പില്‍ ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ഇന്ത്യ എ ടീമിലുണ്ടായിരുന്ന സായ് സുദര്ശന് ഇന്നലെ ബ്രേക്ക് എടുത്തില്ല.
പിച്ചില്‍ അതൃപ്തി
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ പിച്ച് പരിശോധനയും ഇന്നലെ നടന്നു. ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയുമായി 15 മിനിറ്റിലധികം നീണ്ട ചര്‍ച്ചയും നടത്തി. ഒന്നാം ടെസ്റ്റിനായുള്ള പിച്ചില്‍ ടീം മാനേജ്മെന്റ് പൂര്‍ണ തൃപ്തമല്ലെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
പ്രോട്ടീസ് ടെസ്റ്റ്
2019നുശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്ക് എത്തുന്നത് ഇതാദ്യമാണ്. 2019ല്‍ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. 2000നുശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചിട്ടില്ല.
പാക്കിസ്ഥാനില്‍ രണ്ടു ടെസ്റ്റ് പരമ്പര 1-1 സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്കന്‍ യുവസംഘം എത്തുന്നത്. പ്രോട്ടീസ് ടീമിലെ എട്ടു താരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇതുവരെ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചു പരിചയമില്ലെന്നതും ശ്രദ്ധേയം.
Tags : Team India Cricket Eden Gardens