കോട്ടയം: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2026 എഡിഷനില്‍ പത്ത് ഇന്ത്യന്‍ തല. അതായത്, 19-ാം എഡിഷനിലെ 10 ടീമുകള്‍ക്കും ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍. 2019നു ശേഷം ആദ്യമായാണ് ഒരു എഡിഷന്‍റെ തുടക്കത്തില്‍ എല്ലാ ടീമുകള്‍ക്കും ഇന്ത്യക്കാരായ ക്യാപ്റ്റന്മാര്‍ ഉണ്ടാകുന്നത്.
2019ല്‍ പരിക്കേറ്റ ന്യൂസിലന്‍ഡുകാരന്‍ കെയ്ന്‍ വില്യസണിനു പകരമായി ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെയും ആദ്യ എട്ട് മത്സരങ്ങളില്‍ അജിങ്ക്യ രഹാനെ രാജസ്ഥാന്‍ റോയല്‍സിന്‍റെയും നായകന്മാരായിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ സ്ഥിരം ക്യാപ്റ്റനായ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് പരിക്കിനെത്തുടര്‍ന്ന് വൈകുന്നതിനാലാണ് 10 ഇന്ത്യന്‍ ക്യാപ്റ്റന്മാരുമായി 2026 സീസണ്‍ ഐപിഎല്‍ തുടങ്ങുക. പാറ്റ് കമ്മിന്‍സിനു പകരമായി ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താത്കാലിക ക്യാപ്റ്റനായി നിയോഗിച്ചു.
മാര്‍ച്ച് 28ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് 19-ാം എഡിഷന്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. 2026 എഡിഷന്‍ ഐപിഎല്ലിന്‍റെ ക്യാപ്റ്റന്മാര്‍ ഇവരാണ്:
1. ഋതുരാജ് ഗെയ്ക് വാദ് (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്)
എം.എസ്. ധോണിയുടെ പിന്മുറക്കാരനായാണ് ഋതുരാജ് ഗെയ്ക് വാദ് അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗിസിന്‍റെ ക്യാപ്റ്റനായത്. ധോണിക്കുശേഷം രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും ആ നീക്കം പരാജയപ്പെട്ടു.
തുടര്‍ന്ന് 2024 എഡിഷനിലാണ് ഋതുരാജിനെ സിഎസ്‌കെ ക്യാപ്റ്റനാക്കിയത്. 2020 എഡിഷനിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ടോപ് ഓര്‍ഡര്‍ ബാറ്ററായ ഋതുരാജ്, 71 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2502 റണ്‍സ് നേടിയിട്ടുണ്ട്.
2. അക്‌സര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
2025 എഡിഷന്‍ മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേലാണ്. ഐപിഎല്ലിന്‍റെ പ്രാരംഭകാലം മുതലുണ്ടെങ്കിലും കിരീടം നേടാത്ത ടീമുകളില്‍ ഒന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഋഷഭ് പന്ത് ക്ലബ് വിട്ടതോടെയാണ് അക്‌സര്‍ പട്ടേല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത്.
2013ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്‍ വേദിയില്‍ എത്തിയത്. എന്നാല്‍, 2014ല്‍ പഞ്ചാബ് കിംഗ്‌സിനായി 17 വിക്കറ്റ് വീഴ്ത്തിയതോടെ വെള്ളിവെളിച്ചത്തിലെത്തി. ഐപിഎല്‍ കരിയറില്‍ 162 മത്സരങ്ങളില്‍നി്ന് 1916 റണ്‍സും 128 വിക്കറ്റും നേടിയിട്ടുണ്ട്.
3. ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്)
ഐസിസി 2026 ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകന്‍. അതിന്‍റെ കേട് ഗില്ലിനു തീര്‍ക്കാനുണ്ട്. 2018ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ ഐപിഎല്‍ അരങ്ങേറ്റം.
2022ല്‍ ഗുജറാത്ത് ഐപിഎല്‍ ചാമ്പ്യന്മാരായപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചു. ഐപിഎല്‍ കരിയറില്‍ 118 മത്സരങ്ങളില്‍നിന്ന് നാല് സെഞ്ചുറിയും 26 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3866 റണ്‍സ് ഈ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സ്വന്തമാക്കി.
4. അജിങ്ക്യ രഹാനെ (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
മൂന്നു തവണ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അജിങ്ക്യ രഹാനെ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് രഹാനെ തുടരുമോ എന്നതില്‍ ആദ്യം ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറി. ഐപിഎല്‍ കരിയറില്‍ 198 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും അടക്കം 5032 റണ്‍സ് രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.
5. ഋഷഭ് പന്ത് (ലക്‌നോ സൂപ്പര്‍ ജയന്‍റ്സ്)
2022 എഡിഷനില്‍ അരങ്ങേറിയ ലക്‌നോ സപ്പര്‍ ജയന്റ്‌സിനെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത്. ഡല്‍ഹി ക്യാപ്പിറ്റല്സിന്റെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയ്ക്ക് (27 കോടി രൂപ) 2025ല്‍ ലക്‌നോ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ 125 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 19 അര്‍ധസെഞ്ചുറിയും അടക്കം 3553 റണ്‍സ് പന്ത് സ്വന്തമാക്കി. 80 ക്യാച്ചും 24 സ്റ്റംപിംഗും ഉണ്ട്.
6. ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി 2024 എഡിഷനില്‍ ഹാര്‍ദിക് പാണ്ഡ്യ എത്തിയത് ആരാധകര്‍ക്ക് അത്ര സുഖിച്ചില്ലെന്നത് വാസ്തവം. കാരണം, രോഹിത് ശര്‍മയെ ഒഴിവാക്കിയായിരുന്നു ആ നീക്കം.
എന്നാല്‍, 2024, 2026 ട്വന്‍റി-20 ലോകകപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഹാര്‍ദിക് നിലവില്‍ അഭിമതനാണ്. മുംബൈ ഇന്ത്യന്‍സിലൂടെ 2015ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ, 152 മത്സരങ്ങളില്‍നിന്ന് 2749 റണ്‍സും 78 വിക്കറ്റും സ്വന്തമാക്കി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
7. ശ്രേയസ് അയ്യര്‍ (പഞ്ചാബ് കിംഗ്‌സ്)
ഐപിഎല്ലിന്‍റെ തുടക്കം മുതലുള്ളതില്‍ കിരീടമില്ലാത്ത മറ്റൊരു ടീമാണ് പഞ്ചാബ് കിംഗ്‌സ്. 2025 എഡിഷന്‍ മുതല്‍ ശ്രേയ്‌സ അയ്യറിന്‍റെ ക്യാപ്റ്റന്‍സിലിയാണ് ടീം. അയ്യര്‍ എത്തിയ ആദ്യ സീസണില്‍ ഫൈനലില്‍ കളിച്ചു.
ഡല്‍ഹി ക്യാപ്പിറ്റല്സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യറിന്‍റെ നേതൃത്വത്തിലാണ് 2024ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായത്. 2015ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യര്‍ 133 മത്സരങ്ങളില്‍നിന്ന് 27 അര്‍ധസെഞ്ചുറിയുടെ അകമ്പടിയോടെ 3731 റണ്‍സ് നേടി.
8. റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്)
സഞ്ജു സാംസണിന്‍റെ പിന്‍ഗാമിയായി രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരിക്കുകയാണ് റിയാന്‍ പരാഗ്. 2025 സീസണില്‍ സഞ്ജു പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്നപ്പോള്‍ ടീമിനെ നയിച്ചു. 2026 സീസണിനു മുന്നോടിയായി സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കു ചേക്കേറിയതോടെ രാജസ്ഥാന്‍റെ ക്യാപ്റ്റന്‍സി സ്ഥിരമായി റിയാന്‍ പരാഗില്‍ വന്നുചേര്‍ന്നു. 2019ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ആക്രമണശൈലി ബാറ്ററായ റിയാന്‍ പരാഗ്, 84 മത്സരങ്ങളില്‍നിന്ന് 1566 റണ്‍സ് നേടിയിട്ടുണ്ട്.
9. രജത് പാട്ടിദാര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)
18 വര്‍ഷം നീണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ കിരീട കാത്തിരിപ്പിനു 2025ല്‍ വിരാമമിട്ട ക്യാപ്റ്റനായ രജത് പാട്ടിദാര്‍. വിരാട് കോഹ്‌ലിയുടെ സാന്നിധ്യത്താല്‍ ധന്യമായ ആര്‍സിബി കിരീടം നിലനിര്‍ത്താനായാണ് 2026 എഡിഷനില്‍ ഇറങ്ങുന്നത്.
2024 സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് പാട്ടിദാര്‍. അതാണ് ആര്‍സിബിയുടെ നായക സ്ഥാനം ലഭിക്കാനുണ്ടായ കാരണം. 2021ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തി ബാറ്ററായ പാട്ടിദാര്‍, 42 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറിയും അടക്കം 1111 റണ്‍സ് നേടി.
10. ഇഷാന്‍ കിഷന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
2025 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് ഇഷാന്‍ കിഷന്‍. പിന്നീട് ന്യൂസിലന്‍ഡിന് എതിരായ ട്വന്റി-20 പരമ്പരയിലും ഐസിസി 2026 ലോകകപ്പിലും മിന്നും ബാറ്റിംഗ് കാഴ്ചവച്ചു.
അതുകൊണ്ടുതന്നെ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സണ്‍റൈസേഴ്‌സിനെ നയിക്കാനുള്ള അവസരം വന്നുചേര്‍ന്നു. 2016ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്ററയ ഇഷാന്‍ കിഷന്‍, 119 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും 17 അര്‍ധസെഞ്ചുറിയും അടക്കം 2998 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.