പ്രതീകാത്മക ചിത്രം
ട്രെയിൻ ഓടിക്കുക എന്നത് പണ്ടൊക്കെ ആണുങ്ങളുടെ മാത്രം ജോലിയായിരുന്നു. എഞ്ചിൻ മുരളുമ്പോൾ, ആ കരുത്തിന് പിന്നിൽ ഒരു പുരുഷന്റെ മസിൽ പവർ ആണെന്ന് നമ്മൾ കരുതി. ആ ധാരണയെ അട്ടിമറിച്ച് പൂനയുടെ മാനത്ത് ഒരു പിങ്ക് വിപ്ലവം പായുകയാണ്.
പൂന നഗരത്തിന്റെ തിരക്കിൽ നിന്ന്, ഹിഞ്ചേവാഡിയിലെ ഐടി കമ്പനികളിലേക്കും ശിവാജിനഗറിലേക്കും നീളുന്ന 23 കിലോമീറ്റർ. നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ട്. ഈ 23 കിലോമീറ്ററിന്റെ പൂർണ നിയന്ത്രണവും ഇനി വനിതകൾക്കാണ്. വനിതകൾ മാത്രം ട്രെയിൻ നിയന്ത്രിക്കുന്നതുകൊണ്ട് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എന്തുകൊണ്ട് പിങ്ക്?
പിങ്ക് എന്നത് വെറുമൊരു നിറമല്ല. അത് ഒരു പ്രഖ്യാപനമാണ്. ആകാശത്തൂടെ ഉയർന്നുപോകുന്ന ഈ പാത പൂർണമായും സൗരോർജ്ജ സൗഹൃദം കൂടിയാണ്. വേണ്ട വൈദ്യുതിയുടെ 30% സൂര്യനിൽ നിന്ന്. അതായത്, പ്രകൃതിയെ സ്നേഹിച്ചും, പെണ്ണിനെ വിശ്വസിച്ചും ഉള്ള ഒരു യാത്ര.ഒരു ട്രെയിൻ ഓടുന്നത് കണ്ട് കൈയടിക്കുന്ന കുഞ്ഞുപെൺകുട്ടികൾ ഇനി പറയും ,എനിക്കും ആ ട്രെയിൻ ഓടിക്കണം. ആ സ്വപ്നത്തിന് ആദ്യത്തെ പിങ്ക് സിഗ്നൽ നൽകുകയാണ് പൂന.
ഇത് വെറും മെട്രോ അല്ല, മാറുന്ന ഇന്ത്യയുടെ മുഖമാണ്. കോക്പിറ്റിൽ ഇരിക്കുന്ന ആ പെൺകുട്ടി ഓടിക്കുന്നത് ട്രെയിൻ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ സ്വപ്നങ്ങൾ കൂടിയാണ്.