ദാക്ഷായണി വേലായുധൻ
പെരിങ്ങോട്ടുകര ഗവ. സ്കൂളിൽ ഒരു അധ്യാപിക ജോലിക്ക് കയറി. പേര് ദാക്ഷായണി. പുലയ ജാതിയിൽ പെട്ടതിന്റെ പേരിൽ പ്രധാന അധ്യാപകൻ അവരെ ആ സ്കൂളിൽ നിന്ന് ആട്ടിയിറക്കി വിട്ടു.ക്ലാസിലെത്തിയപ്പോൾ പുലയ ടീച്ചർ എന്ന് വിളിച്ച് കുട്ടികൾ പോലും അവഹേളിച്ചു.ആ അപമാനത്തിന്റെ ചരിത്രത്തിന് 91 വർഷങ്ങൾക്ക് ശേഷം ഒരു തിരുത്ത് വരികയാണ്.
അതേ സ്കൂൾ ഇനി അറിയപ്പെടാൻ പോകുന്നത് രാജ്യത്തെ ആദ്യ ദളിത് വനിതാ ബിരുദധാരിയായ, ഭരണഘടനാ നിർമ്മാണ സഭയിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ അംഗമായിരുന്ന അതേ അധ്യാപികയുടെ പേരിലാണ്.
ദാക്ഷായണി വേലായുധൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ.സ്കൂളിന്റെ പേരുമാറ്റ നടപടികൾ പൂർത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഡിസംബറിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലുണ്ടാകും.
ഒരിക്കൽ ജാതിയുടെ പേരിൽ പടിയിറക്കി വിട്ട അതേ മുറ്റത്ത്, ഇനി അവരുടെ പേര് തല ഉയർത്തി നിൽക്കും. ഇതിലും വലിയ ചരിത്രത്തിന്റെ നീതി വേറെയില്ല.