x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ക്ക​ന​ൽ​പ്പാ​ത​യി​ൽ​നി​ന്ന് പ്ര​തീ​ക്ഷ​യു​ടെ വ​ർ​ണ​ങ്ങ​ളി​ലേ​ക്ക് 

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ
Published: May 31, 2026 02:04 AM IST | Updated: May 31, 2026 02:04 AM IST

പ​തി​നെ​ട്ടു തി​ക​ഞ്ഞ് അ​ധി​ക​കാ​ലം ക​ഴി​യു​ന്ന​തി​നു​മു​മ്പ് വി​വാ​ഹി​ത​യാ​യ, തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു പെ​ൺ​കു​ട്ടി. സ്വ​പ്ന​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്ന​തി​നു മു​മ്പേ അ​വ​ൾ​ക്ക് ജീ​വി​ത​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. ഒ​രു പെ​ൺ​കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ​പ്പോ​ഴേ​ക്കും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ഒ​രു ജോ​ലി അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ചെ​റി​യൊ​രു ജോ​ലി​യു​മാ​യി ഒ​രു വാ​ട​ക​വീ​ട്ടി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ജീ​വി​തം തു​ട​ങ്ങി. പ​ക്ഷേ സ്വ​ന്തം പ്ര​ശ്ന​ങ്ങ​ളു​ടെ തീ​വെ​യി​ലി​നു ന​ടു​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം​തേ​ടി. അ​തോ​ടെ ക​ഷ്ടി​ച്ച് മൂ​ന്നു​വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​ന്‍റെ കൈ​പി​ടി​ച്ചു​കൊ​ണ്ട് അ​വ​ൾ​ക്ക് ജീ​വി​ത​ത്തി​ന്‍റെ ക​ന​ൽ​പ്പാ​ത​ക​ളി​ലേ​ക്കി​റ​ങ്ങേ​ണ്ടി​വ​ന്നു.

വി​ശാ​ല ചി​ന്താ​ഗ​തി​ക​ളൊ​ന്നു​മി​ല്ലാ​ത്ത സ​മൂ​ഹം അ​കാ​ല​ത്തി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ച ഒ​രു പെ​ൺ​കു​ട്ടി​ക്കു മു​ന്നി​ൽ വ​യ്ക്കു​ന്ന മ​തി​ൽ​ക്കെ​ട്ടു​ക​ൾ വ​ള​രെ ഇ​ടു​ങ്ങി​യ​താ​യി​രി​ക്കും. അ​തൊ​രു ആ​ത്മ​ഹ​ത്യ​കൂ​ടി​യാ​കു​മ്പോ​ൾ അ​വ​ൾ​ക്കു ചു​റ്റി​ലും കാ​ണു​ന്ന​തി​ലേ​റെ​യും കു​റ്റ​പ്പെ​ടു​ത്ത​ലി​ന്‍റെ ഇ​രു​ണ്ട മു​ഖ​ങ്ങ​ളാ​കാം. അ​തി​നെ​യെ​ല്ലാം നേ​രി​ടാ​നു​ള്ള പ്രാ​യ​മോ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ക​ളോ പ​ണ​മോ അ​നു​ഭ​വ​സ​മ്പ​ത്തോ ഒ​ന്നും അ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മാ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ നി​വ്യ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​ക്ക് ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ പ്ര​തീ​ക്ഷ​യോ​ടെ ത​ന്നെ നോ​ക്കി​യി​രി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ മു​ഖം മാ​ത്ര​മാ​യി​രു​ന്നു അ​വ​ളു​ടെ ക​ണ്ണി​ലും മ​ന​സി​ലും.

വീ​ണ്ടും ജോ​ലി​യി​ലേ​ക്ക് 

ഉ​ള്ളു നീ​റു​മ്പോ​ഴും ചു​റ്റി​ലും വ​ന്നു​നി​റ​യു​ന്ന കു​ത്തു​വാ​ക്കു​ക​ളെ കേ​ട്ടി​ല്ലെ​ന്നു ന​ടി​ച്ചു​കൊ​ണ്ട് ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ പ​തി​മൂ​ന്നാം ദി​വ​സം മു​ത​ൽ അ​വ​ൾ വീ​ണ്ടും ജോ​ലി​ക്കു പോ​യി.
ത്രീ​ഡി സൈ​ൻ ബോ​ർ​ഡു​ക​ളും ഡി​സൈ​നു​ക​ളും ത​യാ​റാ​ക്കു​ന്ന പി​ലാ​ത്ത​റ​യി​ലെ ജി​ൻ​സ് ആ​ർ​ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി​ട്ടാ​ണ് അ​ന്ന് അ​വ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. താ​ര​ത​മ്യേ​ന ചെ​റി​യ ശ​മ്പ​ള​മാ​യി​രു​ന്നെ​ങ്കി​ലും നി​വ്യ​യ്ക്ക് അ​ത് വി​ല​പ്പെ​ട്ട​താ​യി​രു​ന്നു. മാ​ത​മം​ഗ​ല​ത്തു​നി​ന്ന് പി​ലാ​ത്ത​റ​യി​ലേ​ക്ക് സ്കൂ​ട്ട​റെ​ടു​ത്തു വ​രു​മ്പോ​ൾ മൂ​ന്നു​വ​യ​സു​കാ​രി മ​ണി​ക്കു​ട്ടി​യെ ഒ​പ്പം​കൂ​ട്ടി. അ​മ്മ​യും ചേ​ച്ചി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​ഞ്ഞി​നെ മാ​ത​മം​ഗ​ല​ത്തെ അ​ങ്ക​ണ​വാ​ടി​യി​ൽ ഒ​റ്റ​യ്ക്കു​നി​ർ​ത്താ​ൻ അ​വ​ൾ​ക്കു പേ​ടി​യാ​യി​രു​ന്നു. നാ​ട്ടി​ലെ അ​വ​സ്ഥ അ​ങ്ങ​നെ​യാ​യി​രു​ന്നു.

പ​ക​ൽ​നേ​ര​ങ്ങ​ളി​ൽ കു​ഞ്ഞി​നെ പി​ലാ​ത്ത​റ​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ലാ​ക്കി. മ​റ്റു സ​മ​യ​ങ്ങ​ളി​ൽ ഓ​ഫീ​സി​ൽ കൂ​ടെ​യി​രു​ത്തി. ജോ​ലി​ക്കി​ട​യി​ലും കു​ഞ്ഞി​ന്‍റെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ൻ സ്ഥാ​പ​ന ഉ​ട​മ ജി​ൻ​സി​ന്‍റെ സ​ന്മ​ന​സ് തു​ണ​യാ​യി. നി​വ്യ​യു​ടെ സ്ഥി​തി ജി​ൻ​സി​നും ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. ഓ​ഫീ​സി​ൽ നി​വ്യ ജോ​ലി​ത്തി​ര​ക്കി​ലാ​കു​മ്പോ​ൾ പ​ല​പ്പോ​ഴും ജി​ൻ​സ് ത​ന്നെ കു​ഞ്ഞി​നു കൂ​ട്ടാ​യി. ചേ​ച്ചി കാ​വ്യ​യും അ​മ്മ ച​ന്ദ്ര​മ​തി​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ഴി​ക​ളി​ൽ നി​വ്യ​യ്ക്കു കൂ​ട്ടാ​യി ഒ​പ്പം​നി​ന്നു.

ജി​ൻ​സ് ആ​ർ​ട്സി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടു​മാ​ത്രം ജീ​വി​ത​ച്ചെ​ല​വു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ ആ ​ജോ​ലി പാ​ർ​ട്ട് ടൈ​മാ​യി തു​ട​ർ​ന്നു​കൊ​ണ്ടു​ത​ന്നെ പ​യ്യ​ന്നൂ​രി​ലെ ഒ​രു തു​ണി​ക്ക​ട​യി​ൽ ജോ​ലി​ക്കു​ചേ​ർ​ന്നു. അ​വി​ടെ റി​സ​പ്ഷ​നി​സ്റ്റും സെ​യി​ൽ​സ് ഗേ​ളും മു​ത​ൽ അ​ക്കൗ​ണ്ട​ന്‍റ് വ​രെ​യു​ള്ള എ​ല്ലാ ജോ​ലി​ക​ളും ചെ​യ്തു. പി​ന്നീ​ട് അ​തേ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​ച്ചു​കാ​ലം ക​ണ്ണൂ​രി​ലും ജോ​ലി​ചെ​യ്തു.

അ​മ്മ​യ്ക്ക് മാ​ത​മം​ഗ​ല​ത്ത് സ്വ​ന്ത​മാ​യി ഒ​രു ക​ട​യും ലോ​ട്ട​റി ഏ​ജ​ൻ​സി​യു​മു​ണ്ടാ​യി​രു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ലെ മേ​ഖ​ലാ ലോ​ട്ട​റി ഓ​ഫീ​സി​ൽ​നി​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ഒ​രു​മി​ച്ചെ​ടു​ത്ത് മാ​ത​മം​ഗ​ലം ഭാ​ഗ​ത്തെ സ​ബ് ഏ​ജ​ന്‍റു​മാ​ർ​ക്ക് കൈ​മാ​റു​ന്ന ജോ​ലി​യും പി​ന്നീ​ട് നി​വ്യ ഏ​റ്റെ​ടു​ത്തു. തു​ണി​ക്ക​ട​യി​ലെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ദി​വ​സ​വും പ​യ്യ​ന്നൂ​രി​ൽ വ​ന്നു​പോ​കു​ന്ന​തു​കൊ​ണ്ട് അ​ധി​ക ചെ​ല​വു​ക​ളൊ​ന്നു​മി​ല്ലാ​തെ ആ ​ജോ​ലി ചെ​യ്യാ​നാ​യി. ചെ​റി​യൊ​രു ക​മ്മീ​ഷ​നും വ​രു​മാ​ന​വും ആ ​വ​ഴി​ക്കും കി​ട്ടി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ

ഇ​ങ്ങ​നെ വി​വി​ധ ജോ​ലി​ക​ൾ മാ​റി​മാ​റി ചെ​യ്തു​കൊ​ണ്ടു​ള്ള അ​ല​ച്ചി​ലു​ക​ൾ​ക്കി​ട​യി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന വി​നോ​ദം വ​ഴി​യോ​ര​ത്തെ കാ​ഴ്ച​ക​ൾ പ​ക​ർ​ത്തി​യും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഇ​ടു​ന്ന​താ​യി​രു​ന്നു. "നി​വ്യ നി​വൂ​സ്' എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​നും "മ​ണി​ക്കു​ട്ടി_174' എ​ന്ന ഇ​ൻ​സ്റ്റ പേ​ജി​നും ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ഒ​രു​പാ​ട് കൂ​ട്ടു​കാ​രും കാ​ഴ്ച​ക്കാ​രു​മാ​യി.

ചേ​ച്ചി കാ​വ്യ​യ്ക്കും സ്വ​ന്ത​മാ​യി ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ പേ​ജു​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നി​ട്ടു​പോ​യ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും പു​തി​യ കാ​ല​ത്തെ വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം ആ​ത്മ​വി​ശ്വാ​സ​വും പോ​സി​റ്റീ​വ് മൂ​ഡും നി​റ​ഞ്ഞ വാ​ക്കു​ക​ളി​ൽ നി​വ്യ എ​ഴു​തി​യ​പ്പോ​ൾ സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ടെ​യും ഫോ​ളോ​വ​ർ​മാ​രു​ടെ​യും എ​ണ്ണം കൂ​ടി. അ​തോ​ടെ ആ ​വ​ഴി​ക്കും ചെ​റു​ത​ല്ലാ​ത്ത വ​രു​മാ​നം കി​ട്ടി​ത്തു​ട​ങ്ങി. പി​ന്നീ​ട് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലും തു​ട​ങ്ങി.

ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​യി​ലും താ​ര​മാ​യ​തി​നൊ​പ്പം ഏ​താ​നും വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ​ര​സ്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും നി​വ്യ​യെ തേ​ടി​യെ​ത്തി. അ​ങ്ങ​നെ ഒ​രു​കാ​ല​ത്ത് ത​ന്നെ ജീ​വി​ത​ത്തി​ലെ എ​ല്ലാ സ​ന്തോ​ഷ​ങ്ങ​ളി​ൽ നി​ന്നും വി​ല​ക്കി​നി​ർ​ത്തി​യ ആ​ളു​ക​ൾ​ക്കു മു​ന്നി​ൽ നി​വ്യ പ​ര​സ്യ​മോ​ഡ​ലാ​യി വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി​നി​ന്നു. വ​ർ​ണ​ഭം​ഗി​യാ​ർ​ന്ന ചി​ത്ര​ങ്ങ​ളും പാ​ട്ടു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു. കാ​വ്യ​യും ആ​റു​വ​യ​സു​കാ​രി മ​ണി​ക്കു​ട്ടി​യും നി​വ്യ​യ്ക്കൊ​പ്പം റീ​ലു​ക​ളി​ൽ താ​ര​ങ്ങ​ളാ​യി.

സ്വ​പ്ന​ത്തി​നു പി​ന്നാ​ലെ

ഒ​ന്നി​ലും അ​മി​ത​മാ​യി സ​ന്തോ​ഷി​ക്ക​രു​തെ​ന്നും ആ​ത്യ​ന്തി​ക​മാ​യി ന​മു​ക്കു നാം ​ത​ന്നെ​യേ ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ നി​വ്യ​യെ പ​ഠി​പ്പി​ച്ച​താ​ണ്. അ​തു​കൊ​ണ്ടാ​ണ് പ​ല​ത​രം ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ന്‍റെ തി​ര​ക്കി​നി​ട​യി​ൽ കാ​ല​ങ്ങ​ളാ​യി മ​ന​സി​ൽ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു സ​ർ​ക്കാ​ർ ജോ​ലി​യെ​ന്ന സ്വ​പ്ന​ത്തി​നു​വേ​ണ്ടി തു​ണി​ക്ക​ട​യി​ലെ ജോ​ലി​വി​ട്ട് പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്കു പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​യി​ലും പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റു പാ​ർ​ട്ട് ടൈം ​ജോ​ലി​ക​ളി​ലും നി​ന്ന് അ​ത്യാ​വ​ശ്യം വ​രു​മാ​നം കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും പി​എ​സ്‌​സി പ​ഠ​ന​വു​മാ​യി വീ​ട്ടി​ൽ വെ​റു​തേ​യി​രി​ക്കാ​ൻ നി​വ്യ​യ്ക്കു മ​ന​സു​വ​ന്നി​ല്ല.

അ​തു​വ​രെ ചെ​യ്ത ജോ​ലി​ക​ളി​ൽ നി​ന്നു​ള്ള അ​നു​ഭ​വ​സ​മ്പ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യൊ​രു ബ്രാ​ൻ​ഡും ഓ​ൺ​ലൈ​ൻ വി​പ​ണ​ന​വും തു​ട​ങ്ങി​യാ​ലോ​യെ​ന്ന ആ​ശ​യ​മാ​ണ് മ​ന​സി​ൽ വ​ന്ന​ത്. "അ​ൽ​സ്വ' എ​ന്ന ബ്രാ​ൻ​ഡ് പി​റ​വി​യെ​ടു​ത്ത​ത് അ​ങ്ങ​നെ​യാ​ണ്. നി​വ്യ​യു​ടെ മ​ക​ൾ മ​ണി​ക്കു​ട്ടി എ​ന്ന അ​ൽ​ന​യു​ടെ​യും കാ​വ്യ​യു​ടെ മ​ക​ൻ ആ​ലാ​പി​ന്‍റെ​യും പേ​രി​ൽ​നി​ന്നാ​ണ് ആ​ദ്യ​ത്തെ "അ​ൽ' വ​ന്ന​ത്. കാ​വ്യ​യു​ടെ ഇ​ള​യ കു​ട്ടി സ്വ​ര​യു​ടെ പേ​രി​ൽ​നി​ന്ന് "സ്വ' ​യും വ​ന്നു. സ്വ​യം എ​ന്ന​തി​ന്‍റെ​യും സ്വാ​ശ്ര​യ​ത്വ​ത്തി​ന്‍റെ​യു​മൊ​ക്കെ ചു​രു​ക്ക​മാ​യി ആ "​സ്വ' യെ ​ക​രു​താ​മെ​ന്ന് നി​വ്യ​യും കാ​വ്യ​യും പ​റ​യു​ന്നു.

കോ​ഴി​ക്കോ​ട് മു​ത​ൽ ബം​ഗ​ളൂ​രു വ​രെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് ഏ​റ്റ​വും പു​തി​യ ഫാ​ഷ​നു​ക​ളി​ലു​ള്ള റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ ഹോ​ൾ​സെ​യി​ൽ നി​ര​ക്കി​ൽ വാ​ങ്ങി​യാ​ണ് ഇ​പ്പോ​ൾ അ​ൽ​സ്വ​യി​ലൂ​ടെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​വ്യ​യു​ടെ മാ​ത​മം​ഗ​ല​ത്തെ വീ​ടു​ത​ന്നെ​യാ​ണ് ഓ​ഫീ​സ്. "അ​ൽ​സ്വ26' എ​ന്ന ഇ​ൻ​സ്റ്റ പേ​ജി​ലൂ​ടെ​യും 7012129193 എ​ന്ന ന​മ്പ​റി​ലും ഓ​ൺ​ലൈ​നാ​യാ​ണ് പ്ര​ധാ​ന​മാ​യും ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. വ​രും​കാ​ല​ങ്ങ​ളി​ൽ സ്വ​ന്തം നി​ല​യ്ക്കു​ത​ന്നെ സ്റ്റി​ച്ചിം​ഗും ഫാ​ഷ​ൻ ഡി​സൈ​നിം​ഗു​മ​ട​ക്കം തു​ട​ങ്ങു​ക​യാ​ണ് ഇ​പ്പോ​ൾ നി​വ്യ​യു​ടെ​യും കാ​വ്യ​യു​ടെ​യും മ​റ്റൊ​രു സ്വ​പ്നം.

"നി​ന​ച്ച​തു നേ​ടാം നേ​രാ​യ പാ​ത​യി​ൽ' എ​ന്നാ​ണ് നി​വ്യ​യു​ടെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ പേ​ജു​ക​ളു​ടെ മു​ഖ​ക്കു​റി​പ്പ്. ഒ​രേ ഒ​രു ലൈ​ഫ്, അ​തു വെ​റു​തേ ക​ര​ഞ്ഞും ഡി​പ്ര​ഷ​ൻ അ​ടി​ച്ചും ക​ള​യേ​ണ്ട​ത​ല്ലെ​ന്നും പൊ​രു​തി ജ​യി​ക്കാ​നു​ള്ള​താ​ണെ​ന്നും നി​വ്യ പ​റ​യു​ന്നു.

Tags : Sunday Deepika

Recent News

Corehub Up