റിക്കാർഡുകളുടെ ആശാട്ടി
ടൂ​വീ​ല​റും കാ​റും ബ​സും ലോ​റി​യും ഓ​ടി​ക്കു​ന്ന വ​നി​ത​കൾ ഏ​റെ​യാ​ണ്. എ​ന്നാ​ൽ ട്രെ​യി​ല​റും ക്രെ​യി​നും റോ​ഡ് റോ​ള​റും എ​ക്സ്ക​ലേ​റ്റ​റും​പോ​ലെ ആണു​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ മാ​ത്ര​മ​ല്ല പ​രി​ശീ​ലി​പ്പി​ക്കാ​നും ലൈ​സ​ൻ​സും ബാ​ഡ്ജു​മു​ള്ള വ​നി​ത​യാ​ണ് എ​ഴു​പ​ത്തി​ ര​ണ്ടു​കാ​രി​യാ​യ മ​ണി​യ​മ്മ. പ​തി​നൊ​ന്ന് ഇ​നം വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി ഈ ​വ​നി​ത ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി. പ​തി​നൊ​ന്നു ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ ചു​മ​ത​ല​ക്കാ​രി​യു​മാ​ണ് മ​ണി​യ​മ്മ.

പ​തി​നൊ​ന്ന് ഇനങ്ങളിലുള്ള വ്യത്യസ്ത വാ​ഹ​ന​ങ്ങ​ൾ പ്രവർത്തിപ്പിക്കാനും പ​രി​ശീ​ലി​പ്പി​ക്കാ​നും ലൈ​സ​ൻ​സു​ക​ൾ സ്വ​ന്ത​മാ​ക്കി​യ മ​ണി​യ​മ്മ​യു​ടെ മ​ന​സ് എ​ഴു​പ​ത്തി​ര​ണ്ടാം വ​യ​സി​ലെത്തുന്പോഴും സ്വ​പ്ന​ങ്ങ​ളു​ടെ ടോ​പ്പ് ഗി​യ​റി​ലാ​ണ്. നി​ര​ത്തി​ൽ ഓ​ടു​ന്ന ഒട്ടുമുക്കാലും വാ​ഹ​ന​ങ്ങ​ളും ഓ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ മ​ണി​യ​മ്മ​യ്ക്ക് ഏ​താ​നും ആ​ഗ്ര​ഹ​ങ്ങ​ൾ കൂ​ടി ബാ​ക്കി​യു​ണ്ട്; ട​വ​ർ ക്രെ​യി​ൻ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം. ആ​വു​മെ​ങ്കി​ൽ വി​മാ​നം പ​റ​ത്ത​ണം, ട്രെ​യി​ൻ ഓ​ടി​ക്ക​ണം.

ടൂ​വീ​ല​ർ, ത്രീ​വീ​ല​ർ, ഫോ​ർ​വീ​ല​ർ, ട്രാ​ക്ട​ർ, ട്രെ​യി​ല​ർ, ക്രെ​യി​ൻ, റോ​ഡ് റോ​ള​ർ, നാ​ലു ത​രം എ​ക്സ്ക​ലേ​റ്റ​റു​ക​ൾ, ഫോ​ർ​ക് ലി​ഫ്റ്റ് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ലൈ​സ​ൻ​സു​ക​ളു​ടെ നി​ര. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളും വാ​ത​ക​ങ്ങ​ളും ആ​സി​ഡും ഉ​ൾ​പ്പെ​ടെ ജാ​ഗ്ര​തയോടെ കൊ​ണ്ടു​പോ​കേ​ണ്ട ഹ​സാ​ഡ​സ് ട്ര​ക്ക് ലൈ​സ​ൻ​സും ബാ​ഡ്ജും നേ​ടി​യ ആ​ദ്യ വ​നി​ത​യും മ​ണി​യ​മ്മ​യാ​ണ്.

സാ​ഹ​സി​കം, അ​സാ​മാ​ന്യം എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​രു​ത്തും ക​രു​ത​ലും പ​ക​ർ​ന്ന ആ​ശാ​ൻ മ​റ്റാ​രു​മ​ല്ല, ഭ​ർ​ത്താ​വ് ടി.​വി. ലാ​ല​ൻ​ത​ന്നെ. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും വാ​ഹ​ന വ്യാ​പാ​ര​വു​മു​ണ്ടാ​യി​രു​ന്ന ലാ​ല​ൻ, ടി.​കെ. രാ​ധാ​മ​ണി​യെ​ന്ന മ​ണി​യ​മ്മ​യെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം കാ​ത്തി​രു​ന്ന കാ​ല​ത്ത് വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടു​വ​ന്ന​താ​ണ.

ഡ്രൈ​വിം​ഗി​ന്‍റെ ആ​ദ്യ​പാ​ഠം

അ​ക്കാ​ല​ത്ത് സൈ​ക്കി​ളോടിക്കാൻപോലും അറി​യി​ല്ലാ​തി​രു​ന്ന ഇ​വ​ർ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തു​ന്പോ​ൾ ലാ​ല​ന് അം​ബാ​സി​ഡ​ർ കാ​റു​ണ്ട്. മു​റ്റ​ത്ത് വേ​റെ​യും വാ​ഹ​ന​ങ്ങ​ൾ. കാ​റി​ൽ യാ​ത്ര ചെ​യ്തു​മാ​ത്രം പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന മ​ണി​യ​മ്മ​യെ മു​പ്പ​താം​വ​യ​സി​ൽ, മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യാ​യ​ശേ​ഷം ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ലാ​ല​ൻ പി​ടി​ച്ചി​രു​ത്തി. 1980 കാലം. പാ​ട​ങ്ങ​ൾ അ​തി​രി​ടു​ന്ന ചെ​മ്മ​ണ്ണ് പാ​ത​ക​ളി​ലൂ​ടെ വ​ള​യം പി​ടി​പ്പി​ച്ച് ഹോ​ണ്‍ മു​ഴ​ക്കി കാ​ർ നീ​ങ്ങു​ന്പോ​ൾ ക​ണ്ടു​നി​ന്ന സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും അ​പൂ​ർ​വ കാ​ഴ്ച​യാ​യി​രു​ന്നു.

ആ​ദ്യ​മൊ​ന്നും വ​ള​യം കൈ​ക​ളി​ൽ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ക്ലെച്ചി​നു പ​ക​രം ബ്രേ​ക്കും ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ലേ​റ്റ​റു​മൊ​ക്കെ കൊ​ടു​ത്ത് പ​ല​പ്പോ​ഴും കു​രു​ത്ത​ക്കേ​ട് കാ​ണി​ച്ചി​ട്ടു​ണ്ട്. ശാ​സ​ന​യും കേ​ട്ടി​ട്ടു​ണ്ട്. ചെ​റി​യ മു​ട്ടും ത​ട്ടു​മൊ​ക്കെ കാ​റി​നു കി​ട്ടി​യപ്പോഴും ലാ​ല​ൻ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു​ന​ൽ​കി. മാ​സ​ങ്ങ​ളു​ടെ ശ്ര​മ​ത്തി​ൽ അം​ബാ​സി​ഡ​ർ കാ​ർ കൈ​കാ​ലു​ക​ളി​ൽ മെ​രു​ങ്ങി. വൈ​കാ​തെ ലൈ​സ​ൻ​സും നേ​ടി. കാ​റി​ൽ​ വ​ച്ച കാ​ൽ പി​ൽ​ക്കാ​ല​ത്ത് ലോ​റി​യി​ലും ബ​സി​ലും ട്ര​ക്കി​ലും ക്രെ​യി​നി​ലും എ​സ്ക​ലേ​റ്റ​റി​ലു​മൊ​ക്കെ​യാ​യി പു​തി​യ വേഗവും നീ​ള​വും ഉ​യ​ര​വും താ​ണ്ടി. വിശ്രമിക്കേണ്ട ഈ ​പ്രാ​യ​ത്തി​ലും ക​ള​മ​ശേ​രി പോ​ളി ടെ​ക്നി​ക്കി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്ലോ​മ കോ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​ണി​യ​മ്മ.

നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ ര​ണ്ടു മൂ​ന്നു ത​ല​മു​റ​ക​ളു​ടെ ഡ്രൈ​വിം​ഗ് ആ​ശാ​ട്ടി​യെ​ന്ന ഖ്യാ​തി​ എ ടു ഇസഡ് ഡ്രൈവിംഗ് സ്കൂളുകളുടെ മാനേജർകൂടിയായ ഇവർക്കു സ്വ​ന്തം. ലോ​ക​ത്തൊ​രി​ട​ത്തും​ ഒ​രു വ​നി​ത​യ്ക്ക് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്തവിധം വൈവിധ്യമുള്ള ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സുകളും ബാ​ഡ്ജു​ക​ളും സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലാ​ണ് ഇ​രി​പ്പ്. 1988ൽ ​ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് നേ​ടി കൊ​ച്ചി ന​ഗ​ര​ത്തി​ൽ ലോറിയും കാറും ഓ​ടി​ക്കു​ക​യും ചെ​യ്തു. 1993ൽ ​ടൂ​വീ​ല​റി​ലും പിന്നീട് ത്രീ​വീ​ല​റി​ലും ലൈ​സ​ൻ​സ്. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ​യെ​ല്ലാം മിനിമം മെ​ക്കാ​നി​ക്ക​ൽ പ​ണി​യും വ​ശ​മു​ണ്ട്. ഇ​ത്ര​യേ​റെ യന്ത്ര വൈ​ദ​ഗ്ധ്യ​മുണ്ടെ​ങ്കി​ലും സൈ​ക്കി​ൾ മാ​ത്രം വ​ശ​മി​ല്ല.

ഐ​ടി​ഐ പ​ഠി​ച്ച ലാ​ല​ന് ബു​ള്ള​റ്റും കാ​റും ബ​സും എ​ന്ന​ല്ല എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഹ​ര​മാ​യി​രു​ന്നു. ആ ആ​വേ​ശ​ത്തി​ന്‍റെ പി​ൻ​ബ​ല​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ജീ​വ​നോ​പാ​ധി. മ​ണി​യ​മ്മ​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പു തു​ട​ങ്ങി​യ​താ​ണ് ലാ​ല​ന് വാ​ഹ​ന​വ്യാ​പാ​രം. കൊ​ച്ചി​യി​ൽ ടൂ ​വീ​ല​റു​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്ക് ചെ​യ്ത് വി​ൽ​പ്പ​ന​യ്ക്കു കൊ​ടു​ത്താ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് കാ​റും ബ​സും ലോ​റി​യു​മൊ​ക്കെ വി​ൽ​പ​ന ന​ട​ത്തി.



ഡ്രൈ​വിം​ഗ് സ്കൂ​ൾ

കൊ​ച്ചി ഐ​ല​ന്‍റി​ലും തു​റ​മു​ഖ​ത്തും മ​ട്ടാ​ഞ്ചേ​രി മ​ല​ഞ്ച​ര​ക്ക് മാ​ർ​ക്ക​റ്റി​ലു​മൊ​ക്കെ ച​ര​ക്ക് ലോ​റി​ക​ൾ​ക്ക് ന​ല്ല ഓ​ട്ട​മു​ള്ള കാ​ല​മാ​യി​രു​ന്നു അ​ത്. ട്രക്ക് പോലുള്ള ഹെവി വാഹനങ്ങൾ ഓ​ടി​ക്കാ​ൻ പ​രി​ശീ​ല​ന​വും ലൈ​സ​ൻ​സും ന​ൽ​കു​ന്ന സം​വി​ധാ​നം അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പരിമിത മായിരുന്നു. ഹെ​വി ലൈ​സ​ൻ​സ് നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നു​ള്ള സ്കൂ​ളും ഓ​ഫീ​സു​കളുമില്ലാത്ത അക്കാലത്ത് ലാ​ല​ൻ മം​ഗ​ലാ​പു​ര​ത്ത് പോ​യാ​ണ് ഹെ​വി ലൈ​സ​ൻ​സ് നേ​ടി​യ​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ കാ​ത്തി​രു​ന്നാ​ൽ മാ​ത്ര​മേ ലൈ​സ​ൻ​സ് കി​ട്ടു​ക​യു​മു​ള്ളു. മം​ഗ​ലാ​പു​ര​ത്തോ ചെ​ന്നൈ​യി​ലോ താ​മ​സി​ച്ചുവേണം പ​രി​ശീ​ല​നം നേ​ടി ടെ​സ്റ്റ് പാ​സാ​കാൻ. ലേ​ണേ​ഴ്സ് ല​ഭി​ച്ച് 41 ദി​വ​സം കഴിഞ്ഞുവേണം ഹെ​വി പ്രാക്ടിക്കൽ ടെ​സ്റ്റ് അ​റ്റ​ന്‍റ് ചെ​യ്യാ​ൻ.

കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും അക്കാലത്ത് ഹെ​വി ലൈ​സ​ൻ​സു​ള്ള ഡ്രൈ​വ​ർ​മാ​രെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യം. ലൈ​സ​ൻ​സു​ള്ള​വ​ർ​ക്കാ​വ​ട്ടെ ന​ല്ല ശന്പള​ത്തി​ൽ ജോ​ലി അ​വ​സ​ര​ങ്ങ​ളു​ം. കേ​ര​ള​ത്തി​ൽ ഒ​രു ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വിം​ഗ് സ്കൂ​ൾ തു​ട​ങ്ങു​ന്ന​തി​ന് ലാ​ല​ൻ അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി തേ​ടി ഗ​താ​ഗ​ത മ​ന്ത്രി​ക്കും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്കും അ​പേ​ക്ഷ​ക​ൾ ന​ൽ​കി. വി​വി​ധ പ​രി​മി​തി​ക​ൾ നി​ര​ത്തി അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ര​സി​ക്ക​പ്പെ​ട സാഹചര്യത്തിൽ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളിലൂടെയാണ് ഹെ​വി ഡ്രൈ​വിം​ഗ് സ്കൂ​ൾ ആ​രം​ഭി​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ച്ച​ത്. മ​ണി​യ​മ്മ​യു​ടെ പേ​രി​ലു​ള്ള ലൈ​സ​ൻ​സി​ലാ​ണ് ഹെവി ഡ്രൈവിംഗ് സ്കൂ​ൾ ആ​രം​ഭി​ച്ച​ത്.

വൈകാതെ ഭർത്താവിനൊപ്പം ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നു​ള്ള ക​ന്പ​ത്തി​ൽ മ​ണി​യ​മ്മ​യും ഒ​പ്പം​കൂ​ടി​. ലോ​റി​യും ബ​സും ഓ​ടി​ക്കാ​ൻ പ​ഠി​ച്ചേ തീ​രു എ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ൽ 1984ൽ ​അ​തു ക​ര​സ്ഥ​മാ​ക്കി.

ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ ഫോ​ർ​ക് ലി​ഫ്റ്റും റോ​ഡ് റോ​ള​റും ട്രാ​ക്ട​റും ക്രെ​യി​നു​മൊ​ക്കെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കിയപ്പോൾ ഇ​തൊ​ക്കെ എ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് പ​രി​ച​യ​ക്കാ​രി​ൽ പ​ല​രും ചോ​ദി​ച്ച​ത്. ​മു​റ്റ​ത്തും ഡ്രൈ​വിം​ഗ് സ്കൂ​ളി​ലും നി​ര​യാ​യി കി​ട​ന്ന വി​വി​ധ ഇ​നം വാ​ഹ​ന​ങ്ങ​ൾ മാ​റി മാ​റി ഓ​ടി​ക്കു​ക​യെ​ന്ന​ത് മ​ണി​യ​മ്മ​യ്ക്കൊ​രു ഹ​ര​മാ​യി. മ​ണ്ണു​മാ​ന്താ​നും പാ​റ​പൊ​ട്ടി​ക്കാ​നുമൊ​ക്കെ​യു​ള്ള വി​വി​ധ​ത​രം എ​സ്ക​ലേ​റ്റ​റു​ക​ളിലും വൈദഗ്ധ്യം സ്വന്തമാക്കി.

വ​ഴി​യേ വ​ന്ന ദു​ര​ന്തം

വലിയ നേ​ട്ട​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​യു​ടെ​യും സം​തൃപ്തി​യു​ടെ​യും ന​ടു​വി​ലേ​ക്ക് വി​ധി വി​ല്ല​നാ​യി ക​ട​ന്നു​വ​ന്നു. 2004 സെ​പ്റ്റം​ബ​ർ 13ന് ​പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു മ​ണി​യ​മ്മ​യും ലാ​ല​നും. പാ​ഞ്ഞെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ലാ​ല​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി. ദി​വ​സ​ങ്ങ​ളോ​ളം മ​ര​ണ​ത്തോ​ട് പോ​രാ​ടി അ​ദ്ദേ​ഹം യാ​ത്ര​യാ​യി. മ​ണി​യ​മ്മ​യും മൂ​ന്നു മ​ക്ക​ളും മാ​ത്ര​മ​ല്ല ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളും എ​ണ്ണ​മ​റ്റ വാഹനങ്ങളും അ​നാ​ഥ​രാ​യി. ആ ​ദു​ർ​വി​ധി​ക്കു തോ​റ്റു കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലാ​തെ മ​ണി​യ​മ്മ ഡ്രൈ​വിം​ഗ്, മോ​ട്ടോ​ഴ്സ് സം​രം​ഭ​ങ്ങ​ളു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഇ​പ്പോ​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മ​ക്ക​ളും മ​രു​മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും അ​മ്മ​യോ​ടൊ​പ്പം നി​ന്ന് പ​തി​നൊ​ന്ന് ഡ്രൈ​വിം​ഗ് സ​കൂ​ളു​ക​ൾ ന​ട​ത്തു​ന്നു.

ഇ​ന്ധ​നം ക​യ​റ്റു​ന്ന ഹ​സാ​ഡ​സ് ടാ​ങ്ക​ർ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സാ​ണ് ഒ​ടു​വി​ൽ ല​ഭി​ച്ച​ത്. ഇ​നി പ്ര​വ​ർ​ത്തി​പ്പി​ക്കാൻ ഏറെ ആഗ്രഹമുള്ളത് ട​വ​ർ ക്രെ​യി​നാ​ണ്.

‘മൂ​ന്ന് മ​ക്ക​ളാ​ണ് ഞ​ങ്ങ​ൾ​ക്ക്. മി​ല​ൻ, മി​നി, മി​ഥു​ലാ​ൽ. മൂ​ന്നു​പേ​രും അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും വ​ഴി ത​ന്നെ. ഓ​ട്ടോ മൊ​ബൈ​ൽ ഡി​പ്ലോ​മ നേ​ടി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​ത​യാ​ണ് മി​നി. മി​ല​ൻ പ​തി​നാ​ലാം വ​യ​സി​ൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ലി​ച്ചു തു​ട​ങ്ങി. അവൻ ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ഇ​ൻ​സ്ട്ര​ക്ട​ർ ലൈ​സ​ൻ​സ് നേ​ടി​യ​ത്. ഇ​ള​യ മ​ക​ൻ മി​ഥു​ലാ​ലി​നും വാ​ഹ​ന​ങ്ങ​ളു​ടെ ലോ​ക​മാ​യി​രു​ന്നു ക​ന്പം. മൂ​ന്നു മ​ക്ക​ൾ​ക്കും മ​രു​മ​ക്ക​ൾ​ക്കു​മാ​യു​ള്ള പ​തി​നൊ​ന്ന് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ​യും മേ​ൽ​നോ​ട്ടം മ​ണി​യ​മ്മ​യ്ക്കാ​ണ്.

എ​ഴു​പ​ത്തി മൂ​ന്നാം വ​യ​സി​ലും എ​ങ്ങ​നെ ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നാ​കു​ന്നു​വെ​ന്ന് ചോ​ദി​ക്കു​ന്ന​വ​രാ​ണ് പ​ല​രും. സാ​രി​യു​ടു​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ എ​ങ്ങ​നെ ക​യ​റു​ന്നു​വെ​ന്ന കൗ​തു​ക​മാ​ണ് മ​റ്റു ചി​ല​ർ​ക്ക്. ഇ​ത്ര​ത്തോ​ളം വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ൾ ഒ​രു വ​നി​ത മാ​റി​മാ​റി ഓ​ടി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാ​ൻ എ​ത്തു​ന്ന​വ​രും പലരാണ്. എ​ല്ലാ​വ​രോ​ടും മ​ണി​യ​മ്മ​യ്ക്ക് ഒ​ന്നേ പ​റ​യാ​നു​ള്ളൂ- ഇ​ത്ര​യും പ്രാ​യ​മു​ള്ള എ​നി​ക്കി​ത് സാ​ധി​ക്കു​ന്നെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കി​ത് നി​ഷ്പ്ര​യാ​സം സാ​ധി​ക്കും.

നി​ർ​മാ​ണ, ഗ​താ​ഗ​ത മേ​ഖ​ല അ​തി​വേ​ഗം വ​ള​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നി​ത​ക​ൾ കൂ​ടു​ത​ലാ​യി ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ര​ണം. സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന​ റി​സ്ക് കു​റ​വു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ല​തു​ണ്ട്. ട്രാ​ക്ട​റു​ക​ളും കൊ​യ്ത്ത് മെ​തി​യ​ന്ത്ര​ങ്ങ​ളും ത​നി​യെ പ്ര​വ​ർ​ത്തി​ക്കാ​നാ​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി നേ​ട്ട​മാ​കും. ഷോ​പ്പിം​ഗ് മാ​ൾ, എ​യ​ർ​പോ​ർ​ട്ട്, ആ​ശു​പ​ത്രി എ​ന്നി​വ​യ്ക്കു​ള്ളി​ൽ ബ​ഗ്ഗി കാ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വ​നി​ത​ക​ൾ​ക്ക് സാ​ധി​ക്കും​.

ദൃ​ഢ​നി​ശ്ച​യ​മു​ണ്ടെ​ങ്കി​ൽ ഏ​തു തൊ​ഴി​ലും പ​രി​ശീ​ലി​ക്കാം. ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും നേ​ടാം. അ​തി​ൽ സ്ത്രീ​യെ​ന്നോ പു​രു​ഷ​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ല- മ​ണി​യ​മ്മ അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ എല്ലാവരോടുമായി പ​റ​യു​ന്നു.

റെജി ജോസഫ്