രാജപദവിയിൽ ചാൾസ്
ബ്രി​ട്ട​ണി​ൽ ഇ​തു വ​സ​ന്ത​കാ​ല​മാ​ണ്. പൂ​ത്തു​ല​ഞ്ഞ ഓ​ക്ക് മ​ര​ങ്ങ​ൾ വീ​ഥി​ക​ളെ അ​ല​ങ്ക​രി​ച്ചു നി​ൽ​ക്കു​ന്നു. ഡാ​ഫ​ഡി​ൽ​സ്, ട്യൂ​ലി​പ് പു​ഷ്പ​ങ്ങ​ൾ വ​ർ​ണ​രാ​ജി പൊ​ഴി​ക്കു​ന്നു. പ്ര​കൃ​തി​ത​ന്നെ അ​ല​ങ്കാ​രം മെ​ന​ഞ്ഞി​രി​ക്കെ ബ്രീ​ട്ടീ​ഷ് രാ​ജ​സിം​ഹാ​സ​ന​ത്തി​ൽ ചാ​ൾ​സ് മൂ​ന്നാ​മ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നാ​യി ബ്രി​ട്ട​ൻ ​അ​വ​സാ​ന​വ​ട്ടം ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ്.

ഏ​ഴു പ​തി​റ്റാ​ണ്ട് കി​രീ​ടം ചൂ​ടി​യ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പി​ൻ​ഗാ​മി​യെ വാ​ഴി​ക്കു​ന്ന മേ​യ് ആ​റി​ലെ പ്ര​ഭാ​ത​ത്തി​നാ​യി തെം​സ് ന​ദി​യി​ലെ കു​ഞ്ഞോ​ള​ങ്ങ​ൾ​വ​രെ കാ​ത്തി​രി​ക്കു​ന്നു. ച​രി​ത്ര​ത്തി​ന്‍റെ​യും ആ​ത്മീ​യ​ത​യു​ടെ​യും ഇ​ഴ​യ​ടു​പ്പ​മു​ള്ള വെ​സ്റ്റ് മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ചാ​ൾ​സ് മൂ​ന്നാ​മ​ൻ എ​ന്ന സ്ഥാ​ന​പ്പേ​രോ​ടെ പു​തി​യ രാ​ജാ​വ് കാ​ൽ​വ​യ്ക്കു​ന്പോ​ൾ അ​തൊ​രു പു​തി​യ യു​ഗ​ത്തി​ന്‍റെ തു​ട​ക്ക​മാ​കും.

ആ​ഡം​ബ​ര​വും പ്ര​തീ​കാ​ത്മ​ക​ത​യും ഇ​ഴ​ചേ​ർ​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കു​ന്ന​ത് ലോ​ക​ത്തി​ലെ ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​മു​ഖ​രാ​ണ്. സ്ഥാ​നാ​രോ​ഹ​ണ​ത്തി​ലെ ഓ​രോ ച​ട​ങ്ങി​നും അ​ർ​ഥ​വും അ​ട​യാ​ള​വു​മു​ണ്ടെ​ന്ന​താ​ണ് വാ​സ്ത​വം.

വെ​സ്റ്റ് മി​ൻ​സ്റ്റ​ർ ആ​ബി​യി​ലേ​ക്ക്

സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത സാ​മ്രാ​ജ്യം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ബ്രി​ട്ട​ന്‍റെ രാ​ജാ​വാ​യി ചാ​ൾ​സ് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്പോ​ൾ ബ്രി​ട്ടീ​ഷ് ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക ദേ​വാ​ല​യ​മാ​യ ല​ണ്ട​നി​ലെ വെ​സ്റ്റ് മി​ൻ​സ്റ്റ​ർ ആ​ബി​ക്കു​ള്ള പ്രാ​മു​ഖ്യം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്.

1066 മു​ത​ൽ ബ്രി​ട്ട​ണി​ൽ സ്ഥാ​നാ​രോ​ഹ​ണം ന​ട​ക്കു​ന്ന​ത് വെ​സ്റ്റ് മി​ൻ​സ്റ്റ​ർ ആ​ബി​യി​ലാ​ണ് . സ​ഹ​സ്രാ​ബ്ദ​കാ​ലം മാ​റ്റ​മി​ല്ലാ​ത തു​ട​രു​ന്ന പാ​ര​ന്പ​ര്യം. 39 കി​രീ​ട​ധാ​ര​ണ​ങ്ങ​ളും 18 മൃ​ത​സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളും 16 രാ​ജ​കീ​യ വി​വാ​ഹ​ങ്ങ​ളും ഇ​വി​ടെ ന​ട​ന്നു. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​ണ് ഒ​ടു​വി​ലാ​യി ഇ​വി​ടം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

വെ​സ്റ്റ്മി​ൻ‌​സ്റ്റ​ർ ആ​ബി​ക്ക് മ​ത​പ​ര​മോ രാ​ജ​കീ​യ​മോ ആ​യ പൗ​രാ​ണി​ക​ത മാ​ത്ര​മ​ല്ല ഉ​ള്ള​ത്. പ​രി​ണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വ് ചാ​ൾ​സ് ഡാ​ർ​വി​ൻ, ക​വി​ക​ളാ​യ ജോ​ണ്‍ കീ​റ്റ്സ്, റോ​ബ​ർ​ട്ട് ബ്രൗ​ണി​ങ്, റോ​ബ​ർ​ട്ട് ഫ്രോ​സ്റ്റ്, ശാ​സ്ത്ര​പ്ര​തി​ഭ ഐ​സ​ക് ന്യൂ​ട്ട​ൻ എ​ന്നി​വ​ർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന വെ​സ്റ്റ് മി​ൻ​സ്റ്റ​ർ ആ​ബി സാം​സ്കാ​രി​ക ഒൗ​ന്നി​ത്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. ക​വി​ക​ളു​ടെ​യും നാ​ട​ക​കൃ​ത്തു​ക്ക​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും ശ​വ​കു​ടീ​ര​ങ്ങ​ളും സ്മാ​ര​ക​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന ഇ​ടം ‘പോ​യ​റ്റ്സ് കോ​ർ​ണ​ർ’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു. വി​ഖ്യാ​ത സാ​ഹി​ത്യ​പ്ര​തി​ഭ വി​ല്യം ഷേ​ക്സ്പി​യ​ർ ഉ​ൾ​പ്പെ​ടെ മ​ഹാ​ര​ഥ​ൻ​മാ​ർ​ക്ക് ഇ​വി​ടെ സ്മാ​ര​ക​മു​ണ്ട്.

തു​ട​ക്കം എ​ഴു​ന്നെ​ള്ള​ത്ത്

മേ​യ് ആ​റി​ന് രാ​വി​ലെ 11 ന് ​നി​യു​ക്ത രാ​ജ്ഞി കാ​മി​ല്ല​ക്കൊ​പ്പം ആ​ബി​യി​ലേ​ക്ക് ചാ​ൾ​സും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും വി​ശി​ഷ്ട വ്യ​ക്തി​ക​ളും എ​ത്തി​ച്ചേ​രു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.
സ്ഥാ​നാ​രോ​ഹ​ണ പ്ര​തി​ജ്ഞ അ​ഥ​വാ രാ​ജ​പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് അ​ധി​കാ​രം ഏ​റ്റെ​ടു​ക്ക​ൽ. പ്ര​ജാ​ക്ഷേ​മം ല​ക്ഷ്യം​വ​ച്ച് നി​യ​മ​വും നീ​തി​യും ക​രു​ണ​യും ഉ​റ​പ്പാ​ക്കി​യാ​കും ഭ​ര​ണ​മെ​ന്ന് ചാ​ൾ​സ് പ്ര​തി​ജ്ഞ ചെ​യ്യും. ആം​ഗ്ലി​ക്ക​ൻ പ്രൊ​ട്ട​സ്റ്റ​ന്‍റ് സ​ഭ​യെ​യും അ​തി​ന്‍റെ പാ​ര​ന്പ​ര്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​മെ​ന്നു​കൂ​ടി ഉ​ൾ​പ്പെ​ട്ട പ്ര​തി​ജ്ഞ​യാ​ണ് ചൊ​ല്ലു​ക.

പാ​ര​ന്പ​ര്യ​ത്തി​ന്‍റെ പൂ​ജ്യ​ത

‘കിം​ഗ് എ​ഡ്വേ​ർ​ഡ് ചെ​യ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സിം​ഹാ​സ​ന​ത്തി​ലാ​കും നി​യു​ക്ത രാ​ജാ​വ് ഇ​രി​ക്കു​ക. അ​വി​ടെ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച് ബി​ഷ​പ്പ് ജ​സ്റ്റി​ൻ വെ​ൽ​ബി പൂ​ജ്യ തൈ​ല​ത്താ​ൽ രാ​ജാ​വി​നെ അ​ഭി​ഷേ​കം ചെ​യ്യും. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബം ദൈ​വി​ക​മാ​യി അ​വ​കാ​ശം സി​ദ്ധി​ച്ച വം​ശ​മാ​യാ​ണ് പാ​ര​ന്പ​ര്യ​മെ​ന്ന​തി​നാ​ൽ ച​ട​ങ്ങു​ക​ളി​ൽ മ​താ​ചാ​ര​ക​ർ​മ​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​കും. ഈ ​ദി​ന​ങ്ങ​ളി​ൽ പ്ര​ജ​ക​ൾ അ​ഥ​വാ പൗ​ര​ൻ​മാ​ർ​ക്കു ചൊ​ല്ലാ​ൻ പ്രാ​ർ​ഥ​നാ പു​സ്ത​കം​ത​ന്നെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ചാ​ൾ​സ് ര​ണ്ടാ​മ​ന്‍റെ സ്വ​ർ​ണ ത​ളി​ക​യി​ൽ വ​ച്ചാ​ണ് തൈ​ലം അ​ഭി​ഷേ​കം ചെ​യ്യു​ക. തൈ​ലാ​ഭി​ഷേ​ക​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​ധി​കാ​ര​കൈ​മാ​റ്റ​വും കി​രീ​ട​ധാ​ര​ണ ച​ട​ങ്ങു​ക​ളും. അം​ശ​വ​ടി കൈ​മാ​റു​ന്ന​തോ​ടെ ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി. അ​ധി​കാ​ര​സൂ​ച​ക​മാ​യി മു​ക​ളി​ൽ കു​രി​ശോ​ടു കൂ​ടി​യ സ്വ​ർ​ണ​ഗോ​ളം, സ്ഥാ​ന മോ​തി​രം, ചെ​ങ്കോ​ൽ, ദ​ണ്ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അം​ശ​വ​ടി.

കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച് ബി​ഷ​പ്പ് ചാ​ൾ​സി​നെ ‘സെ​ന്‍റ് എ​ഡ്വേ​ഡ് കി​രീ​ടം’ അ​ണി​യി​ക്കു​ന്ന​തോ​ടെ ഗാ​യ​ക​സം​ഘം ‘ഗോ​ഡ് സേ​വ് ദി ​കിം​ഗ്’ ഗാ​നം ആ​ല​പി​ക്കും. ഈ ​സ​മ​യം ദേ​വാ​ല​യ​മ​ണി മു​ഴ​ക്കി സ്ഥാ​നാ​രോ​ഹ​ണം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും. ഗോ​പു​ര​ത്തി​ൽ നി​ന്ന് 62 ആ​ചാ​ര​വെ​ടി മു​ഴ​ക്കും.

തു​ട​ർ​ന്ന് രാ​ജാ​വി​നെ സിം​ഹാ​സ​ന​ത്തി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന ച​ട​ങ്ങാ​ണ്. അ​വി​ടെ​വ​ച്ച് പ്ര​ഭു​ക്ക​ൻ​മാ​രും വൈ​ദി​ക​രും രാ​ജാ​വി​നു കൂ​റ് പ്ര​ഖ്യാ​പി​ക്കും. കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു ബി​ഷ​പ്പു​മാ​രും പ്ര​ഭു​ക്ക​ൻ​മാ​രും പു​തി​യ രാ​ജാ​വി​ന് വി​ധേ​യ​ത്വം പ്ര​ഖ്യാ​പി​ക്കും. ച​ട​ങ്ങി​ലു​ട​നീ​ളം പ​ര​ന്പ​രാ​ഗ​ത ഗ്രീ​ക്ക് സം​ഗീ​ത​വു​മു​ണ്ടാ​കും. ഗ്രീ​സി​ന്‍റെ​യും ഡെ​ൻ​മാ​ർ​ക്കി​ന്‍റെ​യും രാ​ജ​കു​മാ​ര​നാ​യി​രു​ന്ന പി​താ​വ് അ​ന്ത​രി​ച്ച ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥം പു​തി​യ രാ​ജാ​വി​ന്‍റെ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​ണ് ഗ്രീ​ക്ക് സം​ഗീ​തം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ത്.

ബ​ക്കി​ങ്ഹാ​മി​ലേ​ക്ക്

സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു ശേ​ഷം ചാ​ൾ​സ് രാ​ജാ​വി​നെ​യും കാ​മി​ല്ല രാ​ജ്ഞി​യെ​യും 1.3 മൈ​ൽ നീ​ളു​ന്ന രാ​ജ​കീ​യ​ഘോ​ഷ​യാ​ത്ര​യി​ൽ റോ​ഡി​നി​രു​വ​ശ​വും ജ​ന​ങ്ങ​ൾ വ​ര​വേ​ൽ​ക്കും. ആ​ബി​യി​ൽ തു​ട​ങ്ങു​ന്ന ഘോ​ഷ​യാ​ത്ര ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ബ​ക്കി​ങ്ഹാം കൊ​ട്ടാ​ര​ത്തി​ലാ​ണ് അ​വ​സാ​നി​ക്കു​ക.

ഇ​തോ​ടെ ചാ​ൾ​സി​ന്‍റെ ഭാ​ര്യ കാ​മി​ല്ല​യു​ടെ പ​ദ​വി ക്യൂ​ൻ ക​ണ്‍​സോ​ർ​ട്ട് എ​ന്നാ​യി മാ​റും. രാ​ജ​പ​ത്നി​ക്കു ന​ൽ​കു​ന്ന പ​ദ​വി​യാ​ണി​ത്. ചാ​ൾ​സ് രാ​ജാ​വാ​കു​ന്ന​തോ​ടെ മൂ​ത്ത മ​ക​ൻ വി​ല്യ​മാ​യി​രി​ക്കും അ​ടു​ത്ത രാ​ജ​കു​മാ​ര​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ൾ​ക്കാ​യി​രി​ക്കും രാ​ജ​പ​ര​ന്പ​ര​യി​ൽ ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തും. കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന ഹാ​രി രാ​ജ​കു​മാ​ര​ന് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ന്‍റെ പി​ൻ​നി​ര​യി​ലാ​കും ഇ​രി​പ്പി​ടം.

1837 ൽ ​വി​ക്ടോ​റി​യ രാ​ജ്ഞി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ബ​ക്കി​ങ്ഹാം കൊ​ട്ടാ​രം ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ​ത്. വി​ൻ​ഡ്സ​ർ കാ​സി​ലും കെ​ൻ​സി​ങ്ട​ണ്‍ പാ​ല​സും സെ​ന്‍റ് ജെ​യിം​സ് പാ​ല​സും ഹോ​ളി​റൂ​ഡ് പാ​ല​സും ബാ​ൽ​മൊ​റാ​ൽ കാ​സി​ലും ഉ​ൾ​പ്പെ​ടെ വേ​റെ​യും കൊ​ട്ടാ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക വ​സ​തി ബ​ക്കി​ങ്ഹാം പാ​ല​സാ​ണ്. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ കോ​ള​നി രാ​ജ്യ​ങ്ങ​ളെ അ​ട​ക്കി​ഭ​രി​ച്ച ഭൂ​ത​കാ​ലം ഈ ​കൊ​ട്ടാ​ര​ത്തി​നു​ണ്ട്. ബ​ക്കി​ങ്ഹാം കൊ​ട്ടാ​ര​ത്തി​ലെ​ത്തു​ന്ന രാ​ജാ​വും രാ​ജ്ഞി​യും മ​ട്ടു​പ്പാ​വി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ കൈ​വീ​ശി യാ​ത്ര​യാ​ക്കു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്ക് തി​ര​ശീ​ല വീ​ഴും.

രാ​ജ്യ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ഇ​തു​കൊ​ണ്ട് അ​വ​സാ​നി​ക്കി​ല്ല. ഏ​ഴി​ന് കൊ​റോ​ണേ​ഷ​ൻ ബി​ഗ് ല​ഞ്ച് ന​ട​ക്കും. കാ​മി​ല്ല​കൂ​ടി പ​ങ്കാ​ളി​യാ​യ ഈ​ഡ​ൻ പ്രോ​ജ​ക്ടാ​ണ് ഇ​തു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​ന​കി​ന്‍റെ വ​ക ക​മ്മ്യു​ണി​റ്റി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി സ്ട്രീ​റ്റ് ല​ഞ്ചു​മു​ണ്ട്. എ​ട്ടി​ന് രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. രാ​ത്രി പു​ല​രു​വോ​ളം ബ്രി​ട്ടീ​ഷ് ജ​ന​ത ആ​ഘോ​ഷി​ക്കും. അ​വ​ർ മ​തി​മ​റ​ന്നു പാ​ടും... ഗോ​ഡ് സേ​വ് ദി ​കി​ങ്....

ക​ഥ പ​റ​യും കി​രീ​ട​ങ്ങ​ൾ

ബ്രി​ട്ടീ​ഷ് രാ​ജ​വം​ശ​ത്തി​ന്‍റെ അ​പ്ര​മാ​ദി​ത്വ​ത്തി​ന്‍റെ​യും സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് നൂറ്റാണ്ടുകളായി സൂക്ഷിക്കുന്ന കി​രീ​ട​ങ്ങ​ൾ. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അ​മൂ​ല്യ ര​ത്ന​ങ്ങ​ളെ​ല്ലാം വിവിധ ​കി​രീ​ട​ങ്ങ​ളെ അ​ല​ങ്ക​രി​ക്കു​ന്പോ​ൾ അ​ത് ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തി​ന്‍റെ ബാ​ക്കി​പ​ത്രം കൂ​ടി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രി​ൽനി​ന്നു വേ​റി​ട്ടു നി​ർ​ത്തു​ന്ന​തി​ന്‍റെ അ​ട​യാ​ളം​കൂ​ടി​യാ​ണ് കി​രീ​ട​ങ്ങ​ൾ. സ്ഥാ​നാ​രോ​ഹ​ണം മു​ത​ൽ നി​ര​വ​ധി കി​രീ​ട​ങ്ങ​ളാ​ണ് രാജാവ് വിവിധ അവസരത്തിൽ അണിയുക.

1661 ൽ ​ചാ​ൾ​സ് ര​ണ്ടാ​മ​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ സെ​ന്‍റ് എ​ഡ്വേ​ർ​ഡ് കി​രീ​ട​മാ​ണ് രാജാരോഹണ ച​ട​ങ്ങി​ൽ ഉ​പ​യോ​ഗി​ക്കു​ക. 1661 ലാ​ണ് ര​ത്ന​ങ്ങ​ൾ പ​തി​ച്ച ഈ ​കി​രീ​ടം ചടങ്ങിന്‍റെ ഭാഗമായത്. 400 അ​മൂ​ല്യ​ര​ത്ന​ങ്ങ​ൾ പ​തി​ച്ച ​സ്വ​ർ​ണകി​രീ​ട​ത്തി​ന് 2.23 കി​ലോയാണ് തൂ​ക്ക​ം. ‌

ഇം​പീ​രി​യ​ൽ സ്റ്റേ​റ്റ് ക്രൗ​ണ്‍

സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു​ശേ​ഷം വെ​സ്റ്റ് മി​ൻസ്റ്റ​ർ ആ​ബി​യി​ൽ നി​ന്ന് പു​റ​ത്തിറങ്ങുന്പോൾ ഇം​പീ​രി​യ​ൽ സ്റ്റേ​റ്റ് ക്രൗ​ണാ​ണ് രാജാവ് അണിയുക. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പി​താ​വ് ജോ​ർ​ജ് ആ​റാ​മ​നാ​യി 1937ൽ ​നി​ർ​മി​ച്ച​താ​ണി​ത്. ഈ ​കീ​രി​ട​ത്തി​നു​ണ്ട് 1.60 കി​ലോ​ഗ്രാം തൂ​ക്കം. 317 കാ​ര​റ്റ് ക​ള്ളി​ന​ൻ ഡ​യ​മ​ണ്ടാ​ണ് ഇതിനെ വർണാഭമാക്കുന്ന ര​ത്ന​ങ്ങ​ളി​ൽ പ്രധാനം.

ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴും രാ​ജാ​വ് ഇ​തു​ത​ന്നെ​യാ​ണ് അ​ണി​യു​ക. 2868 വ​ജ്ര​ക്ക​ല്ലു​ക​ളും 17 ഇ​ന്ദ്ര​നീ​ല​ക്ക​ല്ലു​ക​ളും 11 മ​ര​ത​ക ക​ല്ലു​ക​ളും 269 മു​ത്തു​ക​ളും നാലു മാ​ണി​ക്യ​ക്ക​ല്ലു​ക​ളും പ​തി​പ്പി​ച്ച​താ​ണിത്. ബ്ലാ​ക് പ്രി​ൻ​സ് റൂ​ബി, സ്റ്റു​വ​ർ​ട്ട് സ​ഫ​യ​ർ വ​ജ്ര​ക്ക​ല്ലു​ക​ളും പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

1905 ആ​ഫ്രി​ക്ക​യി​ലെ ഒ​രു ഖ​നി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത ക​ള്ളി​ന​ൻ ഡ​യ​മ​ണ്ട് ബ്രി​ട്ട​ണി​ൽ എ​ത്തി​ച്ച​ശേ​ഷം മു​റി​ച്ച് ഒ​ന്പ​ത് ക​ഷ​ണ​ങ്ങ​ളാ​ക്കി​യി​രു​ന്നു. ഇ​തി​ൽ വ​ലി​യ ക​ഷ​ണം ഗ്രേ​റ്റ് സ്റ്റാ​ർ ഓ​ഫ് ആ​ഫ്രി​ക്ക എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ബ്രി​ട്ടീ​ഷ് രാ​ജ​വം​ശ​ത്തി​ന്‍റെ അം​ശ​വ​ടി​യി​ലാ​ണ് ഈ ​ര​ത്നം ഇ​പ്പോ​ഴു​ള്ള​ത്.

കോ​ഹി​നൂറും രാ​ജ്ഞി​യു​ടെ കി​രീ​ട​വും

രാ​ജ്ഞി​മാ​ർ​ക്കു​മു​ണ്ട് കി​രീ​ട​ങ്ങ​ൾ. 1685 ൽ ​ത​ന്‍റെ ഭ​ർ​ത്താ​വാ​യ ജെ​യിം​സ് ര​ണ്ടാ​മ​ന്‍റെ കി​രീ​ട​ധാ​ര​ണത്തിനായി മേ​രി ഓ​ഫ് മെ​ഡോ​ന​യ്ക്ക് ഒ​രു മ​കു​ടം, കി​രീ​ട​ധാ​ര​ണ കി​രീ​ടം, രാ​ജ​കി​രീ​ടം എ​ന്നി​വ നി​ർ​മി​ച്ചു. ഷാ​ർ​ല​റ്റ്, അ​ല​ക്സാ​ന്ദ്ര, മേ​രി, എ​ലി​സ​ബ​ത്ത് തുടങ്ങിയ രാ​ജ്ഞി​മാ​ർ​ക്കെ​ല്ലാം അ​വ​രു​ടെ ഭ​ർ​ത്താ​വി​ന്‍റെ കി​രീ​ട​ധാ​ര​ണ​ത്തി​നാ​യി നി​ർ​മിച്ച കി​രീ​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ക്വീ​ൻ മേ​രി ത​ന്‍റെ കി​രീ​ട​ധാ​ര​ണ കി​രീ​ട​ത്തി​ൽ ഇന്ത്യയിൽനിന്നുള്ള കോ​ഹി​നൂ​ർ വ​ജ്രം ചേ​ർ​ത്തു മോ​ടികൂ​ട്ടി. ഇ​ത് പി​ന്നീ​ട് ക്വീ​ൻ മേ​രി​യു​ടെ കി​രീ​ടം എ​ന്ന​റി​യ​പ്പെ​ട്ടു. പി​ന്നീ​ട് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ‘ദ ​ക്വീ​ൻ മ​ദേ​ഴ്സ് ക്രൗ​ണി’​ലേ​ക്ക് കോ​ഹി​നൂ​ർ ര​ത്ന​വും ചേ​ർ​ക്ക​പ്പെ​ട്ടു.

ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച വി​ല​മ​തി​ക്കാ​നാ​കാ​ത്ത ര​ത്ന​ങ്ങ​ളും വ​ജ്ര​ക്ക​ല്ലു​ക​ളും പ​തി​ച്ച​താ​ണ് രാ​ജ്ഞി​യു​ടെ കി​രീ​ടം. 2868 ര​ത്ന​ക്ക​ല്ലു​ക​ളും 273 പ​വി​ഴ​മു​ത്തു​ക​ളും 17 ഇ​ന്ദ്ര​നീ​ല​ങ്ങ​ളും 11 മ​ര​ത​ക​ര​ത്ന​ങ്ങ​ളും അ​ഞ്ച് മാ​ണി​ക്യ​ക്ക​ല്ലു​മാ​ണ് ഇ​തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്ന​ത്. 105 കാ​ര​റ്റ് കോ​ഹി​നൂ​ർ ര​ത്നം അലങ്കരിച്ച കി​രീ​ടം ഇ​നി കാ​മി​ല​യ്ക്കാ​ണ്. കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ഇം​പീ​രി​യ​ൽ സ്റ്റേ​റ്റ് ക്രൗ​ണ്‍ രാ​ജാ​വി​നെ അ​ണി​യി​ക്കു​ന്പോ​ൾ കോ​ഹി​നൂ​ർ അ​ട​ങ്ങി​യ ക്യൂ​ൻ മ​ദ​റി​ന്‍റെ കി​രീ​ടം കാ​മി​ല രാജ്ഞി​യും അ​ണി​യും. ട​വ​ർ ഓ​ഫ് ല​ണ്ട​നി​ലെ മ്യൂ​സി​യ​ത്തി​ലാ​ണ് ഈ ​രാ​ജ​കീ​യ വ​സ്തു​ക്ക​ളെ​ല്ലാം സൂ​ക്ഷി​ക്കു​ന്ന​ത്.

അം​ശ​വ​ടി​യും കു​രി​ശു പ​തി​പ്പി​ച്ച ഗോ​ള​വും

1661 ൽ ​ചാ​ൾ​സ് ര​ണ്ടാ​മ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ലാ​ണ് കു​രി​ശു പ​തി​പ്പി​ച്ച അ​മൂ​ല്യ ര​ത്ന​ങ്ങ​ൾ മുദ്രചെയ്ത അം​ശവ​ടി ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. 1910 ൽ ​ജോ​ർ​ജ് അ​ഞ്ചാ​മ​ൻ, ലോ​ക​ത്തെ ഏ​റ്റ​വും വ​ർ​ണ​ര​ഹി​ത വ​ജ്ര​ക്ക​ല്ല് 530.2 കാ​ര​റ്റു​ള്ള ക​ള്ളി​ന​ൻ 1 ഡ​യ​മ​ണ്ട്കൂ​ടി ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. 3106 കാ​ര​റ്റു​ള്ള ക​ള്ളി​ന​ൻ വ​ണ്‍ ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള അ​ണ്‍​ക​ട്ട് ഡ​യ​മ​ണ്ടാ​ണ്. ഇ​ത് ഒ​ൻ​പ​ത് വ​ലി​യ ഡ​യ​മ​ണ്ടു​ക​ളും 96 ചെ​റു ഡ​യ​മ​ണ്ടു​ക​ളു​മാ​യി പി​ന്നീ​ട് വി​ഭ​ജി​ച്ചു.

സോ​വ​റി​ൻ​സ് ഓ​ർ​ബ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​രി​ശു പ​തി​ച്ച ഗോ​ളം രാ​ജാ​വി​ന്‍റെ ക്രിസ്തീയവി​ശ്വാ​സ​ത്തി​ന്‍റെ​കൂ​ടി പ്ര​തീ​ക​മാ​ണ്. 1.32 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ഇതിൽ നിറയെ അ​മൂ​ല്യ ര​ത്ന​ങ്ങ​ൾ പതിപ്പിച്ചിരിക്കുന്നു. 9 എ​മ​റാ​ൾ​ഡ്, 18 റൂ​ബി, 9 സ​ഫ​യ​ർ, 365 ഡ​യ​മ​ണ്ട്, 375 പേ​ളു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ലുണ്ട്.

പൂ​ജ്യ തൈ​ലം

രാ​ജാ​വി​നെ അ​ഭി​ഷേ​കം ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന​മാ​ണ് തൈ​ലം പൂ​ശ​ൽ. ജ​റു​സ​ലേ​മി​ലെ തി​രു​വു​ത്ഥാ​ന​പ്പ​ള്ളി​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ, ജ​റൂസ​ലേം പാ​ത്രി​യ​ർ​ക്കീ​സ് തി​യോ​ഫി​ലോ​സ് മൂ​ന്നാ​മ​ൻ, ജ​റൂ​സ​ലേ​മി​ലെ ആം​ഗ്ലി​ക്ക​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് ഹോ​സാം നൗം ​എ​ന്നി​വ​ർ ആ​ശി​ർ​വ​ദി​ച്ച തൈ​ല​മാ​ണ് ചാ​ൾ​സി​നെ പൂ​ശു​ന്ന​ത്.

ഒ​ലി​വു​മ​ല​യി​ലെ മ​ഗ്ദ​ല​ൻ മേ​രി​യു​ടെ ആ​ശ്ര​മ​ത്തി​ലും അ​സ​ൻ​ഷ​ൻ ആ​ശ്ര​മ​ത്തി​ലു​മു​ള്ള ര​ണ്ട് ഒ​ലി​വു​തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് വി​ള​വെ​ടു​ത്ത ഒ​ലി​വ് ഉ​പ​യോ​ഗി​ച്ചാ​ണ് തൈ​ലം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജാ​വി​ന്‍റെ മു​ത്ത​ശ്ശി​യാ​യ ഗ്രീ​സി​ലെ ആ​ലീസ് രാ​ജ​കു​മാ​രി​യു​ടെ ശ്മ​ശാ​ന സ്ഥ​ലം​കൂ​ടി​യാ​ണ് മേ​രി മ​ഗ്ദ​ലീ​ന ആ​ശ്ര​മം.

രാ​ജ​കീ​യ ഗ്ര​ന്ഥം

കൃ​ത്യ​മാ​യ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ കൗൈയ്യെഴുത്തു പു​സ്ത​കം ‘ലി​ബ​ർ റെ​ഗാ​ലി​സ്’ അ​ഥ​വാ റോ​യ​ൽ ബു​ക്ക് ആ​ണ് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ളു​ടെ ഔദ്യോഗിക ഗ്ര​ന്ഥം. 1382-ൽ ​ല​ത്തീ​ൻ ഭാ​ഷ​യി​ൽ എ​ഴു​ത​പ്പെ​ട്ട ഗ്ര​ന്ഥം 1603-ൽ ​ജെ​യിം​സ് ഒ​ന്നാ​മ​ന്‍റെ കി​രീ​ട​ധാ​ര​ണ​ത്തി​നാ​യി ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു. കി​രീ​ട​ധാ​ര​ണ ക്ര​മം ഇ​തി​ൽ വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്നു.

മോ​ടി കാ​ട്ടാ​നി​ല്ല

ആ​ഡം​ബ​ര​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്കാ​ണ് എക്കാലവും ബ്രി​ട്ടീ​ഷ് രാജസ്ഥാ​നാ​രോ​ഹ​ണ​ങ്ങ​ൾ. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ ന​ട​ന്ന അ​വ​സാ​ന ര​ണ്ടു സ്ഥാ​നാ​രോ​ഹ​ണങ്ങളിലും 8000 അ​തി​ഥി​ക​ളെ​യാ​ണ് ക്ഷ​ണി​ച്ചി​രു​ന്ന​ത്. 1937 ൽ ​ജോ​ർ​ജ് ആ​റാ​മ​നും പി​ന്നീ​ട് 1953ൽ ​എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും സ്ഥാ​നം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ കൊ​ട്ടാ​ര​ത്തി​ൽനി​ന്നു ക്ഷ​ണ​ക്ക​ത്ത് പോ​യ​ത് എ​ണ്ണാ​യി​രം പ്രമുഖര്‌ക്കാണ്. ഇ​ക്കു​റി ച​ട​ങ്ങ് അ​ത്ര ആ​ഡം​ബ​ര​മാ​കേ​ണ്ട എ​ന്നാ​ണ് ചാ​ൾ​സിന്‍റെ തീ​രു​മാ​നം. ര​ണ്ടാ​യി​രം അ​തി​ഥി​ക​ളെ​യാ​കും ഇ​ക്കു​റി ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​ക.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ