നൃത്ത ജീവിതം
വിജയ് സിയെച്ച്
Saturday, August 9, 2025 3:47 PM IST
രണ്ടര പതിറ്റാണ്ടിനുശേഷം ഒരു നർത്തകി വീണ്ടും ചിലങ്കയണിയുക! നടനത്തിന് അവരുടെ മനസും ശരീരവും വീണ്ടും രൂപപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. അവിടെനിന്നിങ്ങോട്ട് ഇരുനൂറോളം വേദികൾ. നൃത്തം സപര്യയാക്കിയ റിട്ടയേഡ് അധ്യാപിക ഗായത്രി വിജയലക്ഷ്മിയുടെ അനുഭവങ്ങളിലൂടെ...
എംടെക് വരെയുള്ള പഠനകാലത്താണ് ഗായത്രി വിജയലക്ഷ്മി എന്ന ഹരിപ്പാട് സ്വദേശിനി ഭരതനാട്യം അഭ്യസിച്ചത്. 1986ൽ കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഔദ്യോഗികവും കുടുംബപരവുമായ തിരക്കുകൾക്കിടയിൽ പിന്നീട് നൃത്തവുമായി മുന്നോട്ടുപോകാൻ ഗായത്രിക്കായില്ല.
എൻജിനീയറിംഗ് വിദ്യാർഥികളുടെ സീനിയർ അഡ്വൈസറായി ജോലിയിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുന്പു കോളജിൽ നടന്ന ഒരു ചടങ്ങിലാണ് കുട്ടികളുടെയും സഹപ്രവർത്തകരുടെയും നിർബന്ധത്തിനുവഴങ്ങി വീണ്ടും ചിലങ്കയണിഞ്ഞത്.
നീണ്ട ഇരുപത്താറു വർഷത്തെ ഇടവേളയ്ക്കുശേഷം അവരുടെ ശരീരം പിന്നെയും നടനത്തിനു രൂപപ്പെടുകയായിരുന്നു. വേദിയിലെ അവതരണം ഗായത്രി ഒരു തരിപോലും മറന്നിട്ടില്ലെന്നു നൃത്തം അറിയാവുന്നവർ വിലയിരുത്തി! നൃത്തജീവിതത്തെക്കുറിച്ച് ഗായത്രി വിജയലക്ഷ്മി പറയുന്നു:
രണ്ടാംവരവ്
നൃത്തത്തിലേക്കുള്ള എന്റെ രണ്ടാംവരവ് വളരെ അപ്രതീക്ഷിതമായാണു സംഭവിച്ചത്. ടികെഎം എൻജിനീയറിംഗ് കോളജിലെ ഒരു ബാച്ചിന്റെ അവസാന പരീക്ഷാനാളിനുമുന്പു നടത്തിയ യാത്രയയപ്പു യോഗത്തിൽ നൃത്തപരിപാടി വേണമെന്നും ഞാൻ സ്റ്റേജിലെത്തിയാൽ കൊള്ളാമെന്നുമുള്ള സംഘാടകരുടെ തീരുമാനം ഒരു നിമിത്തമായി.
രണ്ടു ദിവസത്തെ തയാറെടുപ്പിനു ശേഷം ’ശ്വേതാംബരധരേ ദേവി...’ എന്നു തുടങ്ങുന്ന പരന്പരാഗത ഗാനത്തിനൊരു പുതു നാട്യരൂപം ഞാൻ ഒരുക്കിയെടുത്തു. സർവീസിൽനിന്നു വിരമിക്കാൻ അല്പകാലം മാത്രം ബാക്കിയുണ്ടായിരുന്ന എനിക്ക് അതൊരു പുതിയ തുടക്കമായിരുന്നു!
ചങ്ങന്പുഴ പാർക്കിലെ കച്ചേരി
സംഗീതജ്ഞർക്കെന്നപോലെ നർത്തകർക്കും കച്ചേരി ഒരു ഹൃദ്യമായ അവതരണമാണ്. രണ്ടാം വരവിന്റെ ആരംഭത്തിൽതന്നെ എറണാകുളത്തെ ചങ്ങന്പുഴ പാർക്കിൽ അതിന് അവസരം കിട്ടിയെന്നത് അഭിമാനത്തോടെ ഓർക്കുന്നു.
ചങ്ങന്പുഴ പാർക്കിലെ കലാപരിപാടികൾക്കു സാക്ഷ്യംവഹിക്കാൻ പൊതുവേ വിശിഷ്ടരായ പലരും എത്താറുണ്ട്. എന്റെ ഗുരുനാഥനായ ജനാർദനൻ മാഷും അവിടെ എത്തിയിരുന്നു. ടികെഎം എൻജിനീയറിംഗ് കോളജ് കൊല്ലത്താണെങ്കിലും എറണാകുളത്തെ പരിപാടിക്ക് അവിടത്തെ പൂർവവിദ്യാർഥികളും ഒരുപാടുപേർ എത്തി. അങ്ങനെ മനസുനിറയ്ക്കുന്ന ഒരു വേദിയായിരുന്നു അത്.
വേദികൾ ലഭിക്കുന്നതു പുണ്യം
ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന വിഖ്യാതമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നൂറ്റിയറുപതാമത്തെ വേദിയിൽ ഞാൻ നൃത്തം അവതരിപ്പിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ശ്രീ ചാമുണ്ടി ക്ഷേത്രം, ശംഖുമുഖം ദേവീ ക്ഷേത്രം തുടങ്ങി തലസ്ഥാനനഗരിയിൽ എനിക്കു ലഭിക്കാത്ത വേദികളില്ല.
മൂകാംബിക ദേവീ ക്ഷേത്രംവരെ പോയി നൃത്തം ചവിട്ടിയിട്ടുണ്ട്! ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അടൂർ മുള്ളുതറ ദേവീ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, തൃശൂർ വടക്കുന്നാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, കടാന്പുഴ ദേവീ ക്ഷേത്രം, കണ്ണൂർ ജില്ലയിലെ മൃദംഗ ശൈലേശ്വരി ക്ഷേത്രം, കടവല്ലൂർ ശ്രീരാമസാമി ക്ഷേത്രം എന്നിങ്ങനെ മിക്കയിടത്തും നൃത്തവുമായെത്തി, ഒരിക്കലല്ല, പലവട്ടം!
ഒട്ടേറെ പുരസ്കാരങ്ങൾ നൃത്തവേദികളിൽനിന്നു ലഭിച്ചു. ആലപ്പുഴ മാന്നാറിലെ ഒരു വേദിയിൽ നൃത്തപരിപാടിക്കുശേഷം കാണികളിൽനിന്ന് ഏതാനുംപേരെത്തി പൊന്നാടയണിയിച്ചത് ഇപ്പോഴും മനസിനെ ആനന്ദഭരിതമാക്കുന്ന ഓർമയാണ്.
കൊറോണക്കാലം
സാമൂഹിക അകലം പാലിക്കേണ്ടിയിരുന്ന മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കഴിയുംവിധം കലാപ്രവർത്തനങ്ങളിൽ മുഴുകി. കോവിഡിനു നൽകാവുന്ന ഏറ്റവും സർഗാത്മകമായ പ്രതികരണമായി അതിനെ കാണുന്നു. ഓൺലൈൻ നൃത്തപരിപാടികളുടെ നിർമാണവും സംവിധാനവും വിതരണവും വലിയ വെല്ലുവിളിയായിരുന്നു. ആ രംഗത്തും വിജയിക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം കൂട്ടി.
മക്കളോടൊപ്പം
മകളോടും മരുമകളോടുമൊപ്പം വേദികളിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് വേറിട്ടൊരു അനുഭവമാണ്. ശംഖുമുഖം ദേവീക്ഷേത്രത്തിൽ മകൾ ഉണ്ണിമായ, മരുമകൾ ദേവിജ എന്നിവരോടൊപ്പം ദീർഘമായ ഐറ്റം അവതരിപ്പിച്ചു. മക്കളോടൊപ്പം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള പല വേദികളിൽ നൃത്തംചെയ്തു. അവിടെ പ്രധാന വിശേഷദിവസങ്ങളിൽ വേദികൾ ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.