കോട്ട തകർത്ത ശാപത്തിന്റെ കഥ
അജിത് ജി. നായർ
Saturday, September 27, 2025 8:43 PM IST
ഡല്‍ഹി സുല്‍ത്താനേറ്റിലെ പ്രബല രാജവംശമായിരുന്നു തുഗ്ലക് വംശം. അടിമവംശം, ഖില്‍ജി വംശം എന്നിവയ്ക്കു ശേഷം വന്ന തുഗ്ലക്കുകളാണ് ഡല്‍ഹി ഏറ്റവും കൂടുതല്‍കാലം ഭരിച്ചത്. ഗാസി മാലിക് എന്ന ഗിയാസുദീന്‍ തുഗ്ലക്കായിരുന്നു രാജവംശത്തിന്റെ സ്ഥാപകന്‍.
ഖില്‍ജി വംശത്തിലെ പ്രബലനായ അലാവുദീന്‍ ഖില്‍ജിയുടെ ഭരണകാലത്ത് ഒരു ഗവര്‍ണറായിരുന്നു ഖാസി മാലിക്. പിന്നീട് ഖില്‍ജി രാജവംശത്തിന്റെ തകര്‍ച്ചയോടെ 1320ല്‍ തുഗ്ലക് രാജവംശം സ്ഥാപിക്കുകയായിരുന്നു. അതിനു ശേഷം ഗിയാസുദീന്‍ തുഗ്ലക് എന്ന പേരിലറിയപ്പെട്ട അദ്ദേഹം 1325 വരെ ഭരണം നിര്‍വഹിച്ചുവെന്നാണ് ചരിത്രം.
1321ലാണ് ഗിയാസുദീന്‍ തുഗ്ലക്കാബാദ് കോട്ട എന്ന പേരില്‍ ഒരു വമ്പന്‍ ദുര്‍ഗം പണിതുയര്‍ത്തുന്നത്. പിന്നീടുള്ള ഒരു നൂറ്റാണ്ടോളം കാലം തുഗ്ലക്കുമാരുടെ ഭരണസിരാകേന്ദ്രമായി പ്രവര്‍ത്തിച്ചത് ഈ കോട്ടയാണ്. ഖില്‍ജികളെ തകര്‍ത്തെറിഞ്ഞ് സിംഹാസനസ്ഥനായ ഗിയാസുദീന്‍ തനിക്ക് ഒരു പുതിയ തലസ്ഥാനം വേണമെന്ന് തീരുമാനിക്കുകയായിരുന്നു.
അത് പ്രതീകാത്മകമെന്നതിലുപരി തുടര്‍ച്ചയായുള്ള മംഗോള്‍ ആക്രമണങ്ങളെ ചെറുക്കാന്‍ തക്കവണ്ണം ശക്തിയുള്ളതാകണമെന്നും ഗിയാസുദീന്‍ കണക്കുകൂട്ടി.തുഗ്ലക് കാലഘട്ട വാസ്തുശൈലിയുടെ ജ്വലിക്കുന്ന ബിംബമായിരുന്നു ഈ ഭീമാകാരന്‍ കോട്ട നഗരം. കോട്ടയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പല കഥകളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ:
അലാവുദീന്‍ ഖില്‍ജിയുടെ പിന്‍ഗാമിയായി മുബാറക് ഖില്‍ജി അധികാരമേറ്റപ്പോള്‍ത്തന്നെ ഗിയാസുദീന്‍ അദ്ദേഹത്തോട് ശക്തമായ ഒരു കോട്ട നഗരം പണിയണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ആ ഉപദേശം നിഷ്കരുണം തള്ളിയ മുബാറക് "നീ രാജാവാകുമ്പോള്‍ സ്വയം പണികഴിപ്പിച്ചാല്‍ മതി’ എന്ന് പരിഹസിക്കുകയും ചെയ്തു.
മുബാറക് ഖില്‍ജി 1320ല്‍ മരിച്ചു. പിന്നാലെ ഗിയാസുദീന്‍ ഭരണത്തിലേറി. മുബാറക് ഖില്‍ജിയുടെ മരണത്തിനു പിന്നില്‍ ഗിയാസുദീന്റെ കരങ്ങളുണ്ടെന്ന് അക്കാലത്ത് പലരും വിശ്വസിച്ചു. ഗിയാസുദീന്‍ ആവട്ടെ അധികം വൈകാതെ തന്റെ സ്വപ്നപദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു.
വലിയ മതിലുകള്‍, അര്‍ധ ചന്ദ്രാകാരത്തിലുള്ള കൊത്തളങ്ങള്‍, അതിശക്തമായ കവാടങ്ങള്‍ എന്നിവയെല്ലാം കോട്ടയുടെ പ്രത്യേകതയായിരുന്നു. രാജമന്ദിരങ്ങളും പ്രജാഗൃഹങ്ങളുമെല്ലാം കോട്ടയ്ക്കുള്ളിലുണ്ടായിരുന്നു. സ്വയം പര്യാപ്തമായ നഗരമായാണ് തുഗ്ലക്കാബാദ് കോട്ട രൂപകല്പന ചെയ്തത്. നെല്ലറകളും, ജലസംഭരണികളുമെല്ലാം ഇവിടെയുണ്ടായിരുന്നു.
എന്നാല്‍ കോട്ടയുടെ പ്രതാപത്തിന് അധികം ആയുസുണ്ടായിരുന്നില്ല. നിര്‍മാണംകഴിഞ്ഞ് അധികകാലം കഴിയുന്നതിനു മുന്‍പുതന്നെ ഉപേക്ഷിക്കപ്പെടുന്ന ദുരവസ്ഥയാണ് തുഗ്ലക്കാബാദ് കോട്ടയെ കാത്തിരുന്നത്. കോട്ടയുടെ നാശത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി കഥകളും പ്രദേശത്ത് പ്രചരിച്ചിരുന്നു.
അതിലൊന്ന് സൂഫിവര്യന് നിസാമുദീന്‍ ഔലിയായുമായി ബന്ധപ്പെട്ടതാണ്. കോട്ടയുടെ നിര്‍മാണ വേളയില്‍ ഡല്‍ഹിയിലെ എല്ലാ തൊഴിലാളികളും എത്തിച്ചേരണമെന്ന് ഗിയാസുദീന്‍ തുഗ്ലക് ഉത്തരവിട്ടിരുന്നു. അതേസമയത്താണ് നിസാമുദീന്‍ ഔലിയ തന്റെ വീടിനടുത്ത് ഒരു പടിക്കിണറിന്റെ നിര്‍മാണം ആരംഭിച്ചത്. രാജാവിന്റെ കല്പന ഔലിയയുടെ കിണര്‍ നിര്‍മാണത്തിന് ആളെ കിട്ടാതിരിക്കാന്‍ കാരണമായി.
ഒടുവില്‍ പകല്‍സമയത്ത് കോട്ടനിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ഉപയോഗിച്ച് രാത്രിയില്‍ കിണറിന്റെ നിര്‍മാണം തുടരാന്‍ ഔലിയ നിര്‍ബന്ധിതനായി. എന്നാല്‍ ഇതറിഞ്ഞ തുഗ്ലക് കോപിഷ്ഠനാവുകയും രാത്രിയിലെ നിര്‍മാണം തടസപ്പെടുത്താനായി ഔലിയയ്ക്ക് എണ്ണ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു.
തുഗ്ലക്കിന്റെ ഈ പ്രവൃത്തിയില്‍ വ്രണിതനായ ഔലിയ അദ്ദേഹത്തെ ശപിക്കുകയായിരുന്നു, ""ഈ കോട്ട ഉപേക്ഷിക്കപ്പെടുകയോ നാടോടികളുടെ വാസസ്ഥലമായി പരിണമിക്കുകയോ ചെയ്യട്ടേ ’’ എന്നായിരുന്നത്രേ ആ ശാപം. ഗിയാസുദീന്‍ തുഗ്ലക്കിന്റെ കാലശേഷം മൂത്ത മകന് മുഹമ്മദ് ബിന്‍ തുഗ്ലക്ക് തലസ്ഥാനം ദൗലത്താബാദിലേക്ക് മാറ്റാന്‍ കാരണം ഔലിയയുടെ ശാപമാണെന്ന് പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്നും വിശ്വസിക്കുന്നു.
ദൗലത്താബാദില്‍ ജഹാന്പാന എന്നൊരു കോട്ടനഗരം മുഹമ്മദ് ബിന്‍ തുഗ്ലഖ് പണികഴിപ്പിക്കുകയും ചെയ്തു. ഗിയാസുദീന്‍ തുഗ്ലക്കിന്റെ മരണവുമായി ബന്ധപ്പെട്ടും ഈ ശാപത്തിന്റെ കഥ പറയുന്നുണ്ട്. ബംഗാളില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുംവഴി കൂടാരം തകര്‍ന്നാണ് ഗിയാസുദീന്‍ മരിച്ചത്. കൂടാരം പണികഴിപ്പിച്ചത് അദ്ദേഹത്തിന്റെ മകന് മുഹമ്മദ് ബിന്‍ തുഗ്ലക് ആയതിനാല്‍ ഇതില്‍ ഗൂഢാലോചന നടന്നതായും വാദമുണ്ട്.
ഗിയാസുദീന്‍ തുഗ്ലക്കിന്റെ മരണത്തോടെ തുഗ്ലക്കാബാദ് കോട്ടയുടെ പ്രസക്തി നഷ്ടമാവുകയും 1327 ആയപ്പോഴേക്കും കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലാവുകയുമായിരുന്നു. മുഹമ്മദ് ബിന്‍ തുഗ്ലക് തുഗ്ലക്കാബാദ് കോട്ട ഉപേക്ഷിച്ചത് ജലക്ഷാമം പോലെയുള്ള കാരണങ്ങളാലാണെന്ന് ചരിത്രകാരന്മാര് പറയുന്നു.
കോട്ടയില്‍നിന്ന് അല്പം അകലെയായി ചുവന്ന മണല്ക്കല്ലുകൊണ്ടു പണിതുയര്‍ത്തിയ ഗിയാസുദീന്‍ തുഗ്ലക്കിന്റെ മനോഹരമായ ശവകുടീരം കാണാം. അതില്‍ അദ്ദേഹത്തിന്റെയും ഭാര്യയുടെയും മകന് മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെയും കബറുകള്‍ സ്ഥിതിചെയ്യുന്നു. കോട്ടയുമായി ബന്ധിപ്പിച്ചിരുന്ന 180 മീറ്റര്‍ നീളമുള്ള വഴി പിന്നീട് ബദര്‍പുര്‍-മെഹ്റോളി റോഡിന്റെ നിര്‍മാണത്തെത്തുടര്‍ന്ന് ഇല്ലാതായി.
തുഗ്ലക്കാബാദ് കോട്ട കാലാന്തരത്തില്‍ തകര്‍ന്നെങ്കിലും വെണ്ണക്കല്‍ നിര്‍മിതമായ ശവകുടീരങ്ങള്‍ കേടുപാടുകളില്ലാതെ ഇന്നും നിലകൊള്ളുന്നു.അതേസമയം നിസാമുദീന്‍ ഔലിയയുടെ ശവകുടീരമായ നിസാമുദീന്‍ ദര്‍ഗ ഇന്ന് ഏറെ ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടമാണ്. അന്നത്തെ പടിക്കിണറിലെ വെള്ളം ഇന്നും ആളുകള്‍ ഉപയോഗിക്കുന്നു.
തകര്‍ന്ന അവസ്ഥയിലുള്ള തുഗ്ലക്കാബാദ് കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണുള്ളത്. തുഗ്ലക് വാസ്തുശൈലിയുടെ ജീവിക്കുന്ന സ്മാരകം കൂടിയാണിത്. പ്രതാപകാലത്തുണ്ടായിരുന്ന 52 കവാടങ്ങളില്‍ 13 എണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.