വിമാനത്താവളത്തിലെ ന്യായവില പച്ചക്കറിക്കട
Sunday, December 19, 2021 4:10 AM IST
പച്ചക്കറിക്ക് തീവിലയായി അടുക്കളക്കാര്യം അവതാളത്തിലായിരിക്കെയാണ് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വിളയിക്കുന്ന പച്ചക്കറികളുടെ ന്യായവിൽപന ആശ്വാസമാകുന്നത്. ഡ്യൂട്ടി ഫ്രീയും പോയ്സണ്‍ ഫ്രീയുമായ ജൈവ പച്ചക്കറികൾ മാർക്കറ്റ് വിലയെക്കാൾ 20 ശതമാനംവരെ വില താഴ്ത്തിയാണ് വിൽപ്പന. അതത് ദിവസത്തെ വിളവെടുപ്പ് പാർക്കിംഗ് ബേയിലെ വെജിറ്റബിൾ സ്റ്റാളിൽ രാവിലെതന്നെ വിറ്റുതീരും.
പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിയാലിലെ സോളാർ പാനലുകൾക്കടിയിൽ അറുപത് ഏക്കറോളം വിശാലമാണ് പച്ചക്കറിത്തോട്ടം. പാവൽ, ചീര, കോവൽ, പയർ, ചേന, ചേന്പ്, മത്തൻ, വെള്ളരി, കുന്പളം, മുരിങ്ങ, മലയിഞ്ചി, മഞ്ഞൾ, കാബേജ്, കോളി ഫ്ളവർ, ചീനിമുളക്, കാപ്സിക്കം തുടങ്ങി നാടൻ ഇനങ്ങളുടെ നൂറുമേനി വിളഭൂമി. ദിവസം ഒരു ടണ്‍ വരെയാണ് വിളവ്.
വിമാനയാത്രക്കാരും ഇവർക്കൊപ്പം വരുന്നവരും നെടുന്പാശേരി ദേശവാസികളുമൊക്കെ രുചിയേറിയ വിഷരഹിത പച്ചക്കറി സംതൃപ്തിയോടെ വാങ്ങുന്നു. സൗരോർജ ഉത്പാദനത്തോടൊപ്പം കൃഷിയും സംയോജിപ്പിക്കുന്ന "അഗ്രോവോൾട്ടായ്ക് ’ രീതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ അഗ്രോവോൾട്ടായ്ക് കൃഷിയിടമായി നെടുന്പാശേരി അന്താരാഷ്്ട്ര വിമാനത്താവളത്തിന്റെ സൗരപ്പാടം മാറിയിരിക്കുന്നു.
എയർപോർട്ടിൽ എട്ട് സൗരോർജ പ്ലാന്റുകളാണ് സിയാലിനുള്ളത്. കാർഗോ ടെർമിനലിനടുത്ത് 45 ഏക്കറിൽ വിസ്തൃതമായ വലിയ പ്ലാന്റിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 2016ൽ ആദ്യമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇത് വൻവിജയമായതോടെ മറ്റ് സൗരോർജ പ്ലാന്റുകളുടെ ഭാഗത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു.
സൗരോർജ പാനലുകൾക്കടിയിലുള്ള സൂക്ഷ്മാന്തരീക്ഷത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഈ കൃഷിക്കു കഴിയുമെന്നതാണ് നേട്ടം. ഇവയ്ക്കൊപ്പം അഗ്രോവോൾട്ടായ്ക്ക് രീതി അനുശാസിക്കുന്ന ജലസേചനവും പരീക്ഷിക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് അഗ്രോവോൾട്ടായ്ക് 20 ഏക്കറിലേക്കുകൂടി വ്യാപിപ്പിച്ചത്.
സൗരോർജ പാനലുകൾ കഴുകാനുപയോഗിക്കുന്ന വെള്ളം കൃഷിക്കായി ഉപയോഗിക്കും. വേഗത്തിൽ വളരുന്ന പച്ചക്കറി ഇനങ്ങളായതിനാൽ മണ്ണൊലിപ്പ് തടയാനായി, കളകൾ വ്യാപിക്കുന്നത് ചെറുക്കാനും കഴിഞ്ഞു. പാനലുകളുടെ സമീപമായതിനാൽ അധികമഴ വിളവു കുറച്ചതുമില്ല.
അന്തരീക്ഷത്തിലെ ചൂടു കൂടുന്നതിന് അനുസരിച്ച് സൗരോർജ പാനലുകളുടെ കാര്യക്ഷമത കുറയും. വെളിച്ചത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവർത്തക്ഷമത. പാനലുകൾക്കടിയിൽ ചെടികൾ വളരുന്നത് താപനില കുറയ്ക്കാൻ സഹായിക്കുമെന്നതാണ് മറ്റൊരു നേട്ടം.
റണ്വേക്കടുത്ത് പുല്ലുമൂടിയ പ്രദേശത്തെ സൗരോർജ പാടവും പിന്നീട് ജൈവ പച്ചക്കറിക്കൃഷിയും ഒരുപോലെ നേട്ടമായി. ഈ കൃഷിയിടത്തിൽ തുള്ളിപോലും രാസവളം ഉപയോഗിക്കുന്നില്ല. പകരം ചാണകവും ചാരവും കുമ്മായവും നൽകും. കീടനാശിനിക്കു പകരം പുകയില കഷായം. ഓണം, വിഷു തുടങ്ങിയ വിശേഷവേളകളിൽ പച്ചക്കറി വിളവെടുത്ത് ഇവിടത്തെ കാർഗോയിൽനിന്ന് നേരിട്ട് ഗൾഫ് രാജ്യങ്ങളിലേക്ക് അയയ്ക്കാറുണ്ട്. ഗൾഫ് യാത്രക്കാർക്കൊപ്പം അവർക്കു വേണ്ട പച്ചക്കറിയും അതേ വിമാനത്തിൽ കയറ്റിവിടുന്ന സംവിധാനം.
ആകെ 1280 ഏക്കർ സ്ഥലമാണ് നെടുന്പാശേരി വിമാനത്താവളത്തിനുള്ളത്. റണ്‍വേയും ടെർമിനലും കാർഗോ കോംപ്ലക്സും ഗോൾഫ് കോഴ്സും ഹാംഗറും കഴിഞ്ഞിട്ടും സ്ഥലം ബാക്കിയായിരുന്നു. 1999ൽ വിമാനത്താവളം കമ്മിഷൻ ചെയ്തശേഷം ആൾപ്പൊക്കത്തിൽ കാടുകയറിക്കിടന്ന പാടം വെട്ടി വെളുപ്പിക്കാൻ വർഷം 17 ലക്ഷം രൂപ ചെലവിടേണ്ടിവന്നപ്പോഴാണ് പാഴ്നിലത്ത് മൾച്ചിംഗ് രീതിയിൽ പച്ചക്കറി കൃഷി എന്ന ആശയം ഉടലെടുത്തത്. ഇതോടെ കാട് ഇല്ലാതായി പാടശേഖരം മനോഹരമായ ജൈവതോട്ടമായി മാറി.
കടന്നുപോകുന്ന യാത്രക്കാർക്കും നാട്ടുകാർക്കും കൗതുകമായി നൂറുകണക്കിനു ചുവട് മത്തനും വെള്ളരിയും വെണ്ടയും മഞ്ഞളും പാവൽ, പയർ, കോവൽ പന്തലുകളും സമൃദ്ധമായി വിളവിട്ടുനിൽക്കുന്നു.
സോളാർപാനലുകൾ കാര്യക്ഷമമാകണമെങ്കിൽ അതിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയാതെ ശ്രദ്ധിക്കണം. അന്തരീക്ഷത്തിലെ പൊടി പാനലുകളിൽ അടിയുന്നതും കളസസ്യങ്ങൾ വളർന്ന് അവയെ മൂടുന്നതുമൊക്കെ പാനലുകളുടെ കാര്യക്ഷമതയെ ബാധിക്കും. കളനശീകരണവും പാനലുകൾ കഴുകി വൃത്തിയാക്കലുമൊക്കെയാണ് ഇതിനുള്ള പരിഹാരം. പൊടിയുടെ അളവ് കുറയ്ക്കാനായി പാനലുകൾക്കിടയിലെ മണ്ണിൽ ഈർപ്പം നിലനിർത്തുകയും വേണം.
ഈ സാഹചര്യത്തിലാണ് പാനലുകൾ കഴുകാനും മണ്ണിലെ ഈർപ്പം നിലനിർത്താനുമായി ഉപയോഗിക്കുന്ന വെള്ളം പച്ചക്കറിക്കൃഷിക്കായി ഉപയോഗിച്ചുതുടങ്ങിയത്. നനയും കളനശീകരണവും ഒഴിവാക്കാനാവാത്ത മണ്ണിൽ വിത്തു പാകിയാൽ അധികച്ചെലവില്ലാതെ ജൈവപച്ചക്കറി ഉത്പാദിപ്പിക്കാമെന്ന യുക്തി വിമാനത്താവളത്തെ സുസ്ഥിരവികസനത്തിന്റെ രാജ്യാന്തര മാതൃകയാക്കിയിരിക്കുന്നു.
പച്ചപ്പുള്ള വിമാനത്താവളങ്ങൾ ലോകത്തെന്പാടുമുണ്ട്. എന്നാൽ, പച്ചക്കറി കൃഷി ചെയ്ത് വിൽപന നടത്തുന്ന വിമാനത്താവളം കൊച്ചിയിൽ മാത്രമാണുള്ളത്.
വിപണി വിലയ്ക്ക് ആനുപാതികമായാണ് ജൈവ പച്ചക്കറികൾക്ക് ഇവിടെ വില നിശ്ചയിക്കുന്നത്. എന്നാൽ ജൈവ പച്ചക്കറി എന്ന പേരിൽ പൊതുവിപണിയിലെപ്പോലെ അമിതവില ഈടാക്കുന്നുമില്ല. ന്യായവിലയിലുള്ള ജൈവ പച്ചക്കറിയാണെന്നതിനാലും നല്ല ഗുണനിലവാരമുള്ളതിനാലും ഇവിടെ നിന്നുള്ള പച്ചക്കറികൾക്ക് വിദേശത്തുനിന്നുവരെ അന്വേഷണമുണ്ട്. അമേരിക്കയിലെ ചില സൗരോർജ പാടങ്ങളിൽ കളനശീകരണത്തിന് ആടുകളെ വളർത്തിയതു മാത്രമാണ് സമാനമായ ഒരു മാതൃകയെന്ന് സിയാൽ അധികൃതർ പറയുന്നു.
സി. വൈ. വർഗീസ്