ഇല്ല, ശുദ്ധസംഗീതം തലവേദനയുണ്ടാക്കില്ല!
Sunday, December 16, 2018 1:21 AM IST
ശാസ്ത്രീയ സംഗീതജ്ഞനെക്കുറിച്ചുള്ള സിനിമയാണ്. അതിലെ പാട്ടുകൾ അടിപൊളി ഗണത്തിലുള്ളതായാൽ ശരിയാവില്ലെന്നതു പരമാർഥം. അവ ശുദ്ധസംഗീതമായാലേ പറ്റൂ. പക്ഷേ നിർമാതാക്കളിലൊരാൾക്ക് അഭിപ്രായവ്യത്യാസം- "ശാസ്ത്രീയസംഗീതം കേട്ട് ആളുകൾക്ക് തലവേദനിക്കും, അവർ തിയറ്ററിൽനിന്ന് ഓടിരക്ഷപ്പെടും' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ സംഗീതസംവിധായകൻ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലായിരുന്നു. അതേക്കുറിച്ച് പിന്നീടദ്ദേഹം ഇങ്ങനെ ഓർമിച്ചു: എന്തിനാണ് എപ്പോഴും ആളുകൾക്കിഷ്ടമുള്ളത് ഇതാണ് എന്നു നമ്മൾ കരുതുന്നവ മാത്രം വിളന്പിക്കൊടുക്കുന്നത്!. സിനിമയെയും പാട്ടിനെയും കുറിച്ച് ആളുകൾക്കുള്ള ധാരണ മാറ്റാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയ സംഗീതപാരന്പര്യം ഉൾക്കൊള്ളുന്ന പാട്ടുകളാണുണ്ടാക്കിയതും. അവ ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു. നൗഷാദ് ആയിരുന്നു ആ ധൈര്യശാലിയായ സംഗീതസംവിധായകൻ. സിനിമയാകട്ടെ, പ്രശസ്തമായ ബൈജു ബാവ് രയും.
ഇന്നും ഓർമിക്കുന്ന പാട്ടുകൾ
1952ൽ പുറത്തിറങ്ങിയ ബൈജു ബാവ്ര ഇന്നധികംപേരും ഓർക്കുന്നുണ്ടാവില്ല. അത്തരമൊരു മെലോഡ്രാമ ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ സഹിക്കാനുമാകില്ല. എന്നാൽ അതിലെ പാട്ടുകൾ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നും അവ ഏറ്റുപാടപ്പെടുന്നു. രാഗാധിഷ്ഠിതമായ ഒരു ഡസനിലേറെ പാട്ടുകളാണ് ആ ചിത്രത്തിലുള്ളത്. അവതന്നെയാണ് ചിത്രത്തിന്റെ ആത്മാവ്. സിനിമയുടെ പേരറിയാത്തവർക്കും മുഹമ്മദ് റഫിയുടെ ഓ ദുനിയാ കേ രഖ് വാലേ കാണാപ്പാഠമായിരിക്കും. ദർബാറി രാഗത്തിലുള്ള ആ പാട്ട് എത്ര കഠിനഹൃദയങ്ങളെയും ഉരുക്കിക്കളയുന്നുണ്ടല്ലോ.
അന്നുവരെ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള സംഗീതസംവിധായകനാണ് നൗഷാദ് എന്നോർക്കണം. എന്നാൽ ബൈജു ബാവ്രയിൽ അദ്ദേഹം മെനഞ്ഞെടുത്ത രാഗശില്പങ്ങൾക്കുശേഷം രാഗാധിഷ്ഠിതമായ പാട്ടുകൾ ഹിന്ദി സിനിമയിൽ കൂടുതലായി പിറന്നു.
ക്ലാസിക്കുകളിൽ ഒന്ന്
സാധ്യതകളുടെ സാഗരം തുറന്നിടുന്ന രാഗങ്ങളിൽ പ്രധാനമത്രേ ഭൈരവി. ക്യൂൻ ഓഫ് മെലഡി എന്നു വിശേഷിപ്പിക്കപ്പെടുന്നു പുലർകാല രാഗമായ അത്. കോമളസ്വരങ്ങളും മൃദുവായ ആലാപനവും ചേരുന്പോൾ ഭൈരവി ഹൃദയംതൊടും.
ബൈജു ബാവ്രയിലെ സുന്ദരമായ ഒരുപാട്ടിന് നൗഷാദ് ആധാരമാക്കിയതും ഭൈരവിതന്നെ. വേർപാടിന്റെ വേദനയാണ് മോഹേ ഭൂൽ ഗയേ സാവരിയാ എന്ന ആ പാട്ട് അനുഭവിപ്പിക്കുന്നത്. എന്നാൽ അന്നുവരെ കേട്ട ദുഃഖഗാനങ്ങളിൽനിന്ന് അതിനെ വേറൊരു തലത്തിലേക്ക് ഉയർത്താൻ നൗഷാദിന്റെ സംഗീതത്തിനും ലതാ മങ്കേഷ്കറുടെ ആലാപനത്തിനും സാധിച്ചു. കടുത്ത ദുഃഖത്തിനും ഭൈരവി ഗാംഭീര്യം നൽകി. നൗഷാദ് ഉരച്ചുമിനുക്കിയെടുത്ത രത്നമാണ് ഈ പാട്ട്.
കവി പ്രദീപിനെക്കൊണ്ട് ബൈജു ബാവ്രയിലെ പാട്ടുകളെഴുതിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അദ്ദേഹം നൗഷാദിനെക്കാണാൻ എത്തുകയും ചെയ്തു. പക്ഷേ അതിനായി എന്തുകൊണ്ടോ ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു. കവി ദേഷ്യപ്പെട്ടു മടങ്ങുകയും ചെയ്തു. അങ്ങനെയാണ് ഗാനരചയിതാവായി നൗഷാദിന്റെ അടുത്ത ബന്ധുകൂടിയായ ഷക്കീൽ ബദായുനി എത്തുന്നത്. ആ തീരുമാനം ഉചിതമാവുകയും ചെയ്തു. ഷക്കീലിന്റെ വരികൾ അത്രമേൽ ശക്തമായിരുന്നു.
പനിച്ചൂടിൽ ലത
കടുത്ത പനിയുമായാണ് ലതാ മങ്കേഷ്കർ ഈ പാട്ടിന്റെ റെക്കോർഡിംഗിന് എത്തിയതെന്ന് ചിത്രത്തിന്റെ സംവിധായകനായ വിജയ് ഭട്ടിന്റെ കൊച്ചുമകൾ പൗരവി ഭട്ട് ഓർമിച്ചിട്ടുണ്ട്. "അസുഖം വകവയ്ക്കാതെ രാത്രിമുഴുവൻ നീണ്ട റെക്കോർഡിംഗ് ലത പൂർത്തിയാക്കി. വേദനയിലൂടെയാണ് ഒരാളുടെ മുഴുവൻ കഴിവുകളും പുറത്തുവരികയെന്നു പറയാറുണ്ട്. ബൈജു ബാവ് രയുടെ കാര്യത്തിൽ അത് സത്യമാണ്. ഈ പാട്ടിലും ആ വേദനയുണ്ട്'- പൗരവി പറയുന്നു.
ബൈജു ബാവ്രയിലെ തൂ ഗംഗാ കീ മോജ് എന്ന പാട്ടിലൂടെ നൗഷാദിന് 1954ലെ മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ആ പാട്ടും ചിട്ടപ്പെടുത്തിയത് ഭൈരവി രാഗത്തിലായിരുന്നു.
ഹരിപ്രസാദ്