തടവുകാരുടെ കൈപിടിച്ച് പ്രിസണ്‍ മിനിസ്ട്രി
Sunday, August 18, 2019 1:14 AM IST
ജീസസ് ഫ്രട്ടേണിറ്റി, തടവറകളിൽ ശുശ്രൂഷചെയ്യുന്ന ഒരു കൂട്ടായ്മയാണ്. കഴിഞ്ഞ 33 വർഷങ്ങളായി കേരളത്തിലെ 55- ഓളം വരുന്ന ജയിലുകൾ സന്ദർശിക്കുകയും തടവറയിലെ സഹോദരങ്ങൾക്ക് ഭാവാത്മകമായ ചിന്തകളിലൂടെയും ക്ലാസുകളിലൂടെയും കൗണ്സലിംഗുകളിലൂടെയും ക്രൈസ്തവരായവർക്ക് പരിശുദ്ധ കുർബ്ബാനയും കുന്പസാരവും പരികർമ്മം ചെയ്യുന്നതിലൂടെയും ശരിയായ ജീവിതദർശനം പകർന്നു നൽകി നല്ലചിന്തകളാൽ അവരുടെ മനസ്സിനെ നിറയ്ക്കുകയും ചെയ്യുന്നതിൽ ഈ കൂട്ടായ്മ അങ്ങേയറ്റം ശ്രദ്ധിക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 നായിരുന്നു വിശുദ്ധ മാക്സ്മില്യൻ കോൾബെയുടെ ഓർമദിനം. നാസി തടങ്കൽ പാളയമായിരുന്ന ഔഷ്വിറ്റ്സിൽ കൊല്ലാൻ തെരഞ്ഞെടുക്കപ്പെട്ട സഹതടവുകാരനു പകരം മരണം ഏറ്റെടുത്ത വൈദികൻ. പട്ടിണിക്കിട്ടു കൊല്ലാൻ കൊണ്ടുപോയ തടവുകാരിൽ ഒരാൾ തന്റെ ഭാര്യയെയും കുഞ്ഞിനെയും ഓർത്തു നിലവിളിക്കുന്നതു കണ്ടാണ് കോൾബെ അയാൾക്കു പകരം താൻ മരിച്ചുകൊള്ളാമെന്നു പറഞ്ഞത്.
പട്ടിണിക്കിട്ടു കൊല്ലാനായിരുന്നു നാസികൾ വിധിച്ചത്. പക്ഷേ, ഒപ്പമുണ്ടായിരുന്ന ബാക്കി തടവുകാർ മരിച്ചിട്ടും ശാന്തനായി, പ്രാർഥനാനിരതനായി നിന്നിരുന്ന കോൾബെയെ കാർബോളിക് ആസിഡ് കുത്തിവച്ചു കൊന്നു. 1941ലായിരുന്നു സംഭവം. 1982-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഒരു ജയിൽപ്പുള്ളിക്കുവേണ്ടി ജീവൻ ത്യജിച്ച വിശുദ്ധ മാക്സ്മില്യൻ കോൾബെ തടവുകാരുടെ മധ്യസ്ഥനായി അറിയപ്പെടുന്നു.
വി. മാക്സ് മില്യൻ മരിയ കോൾബേയുടെ തിരുനാൾ ദിനമായ ഓഗസ്റ്റ് 14 നു മുൻപത്തെ ഞായറാഴ്ചയാണ് തടവുകാർക്കുവേണ്ടി കത്തോലിക്കാസഭ മാറ്റിവച്ചിരിക്കുന്നത്. യേശുസാഹോദര്യ ശുശ്രൂഷാ ഞായർ എന്നാണ് അത് അറിയപ്പെടുന്നത്. ഇത്തവണയും നാമത് ആചരിച്ചു. ഈയവസരത്തിൽ തടവുകാരോട് നമുക്കുണ്ടാകേണ്ട മനോഭാവം മാറ്റത്തിനു വിധേയമാകേണ്ടതാണ്. തടവുകാർക്കിടയിൽ പ്രവർത്തിക്കുന്ന പ്രിസൺ മിനിസ്ട്രിയിലൂടെയാണ് കത്തോലിക്കാസഭ പ്രധാനമായും കരുണയുടെ കൈ അവരിലേക്കു നീട്ടുന്നത്.
ഒരു സംഘടന പിറക്കുന്നു
1981-ൽ കോട്ടയം സെന്റ് തോമസ് അപ്പസ്തലിക്ക് മേജർ സെമിനാരിയിൽ അന്ന് ബ്രദേഴ്സ് ആയിരുന്ന ഫാദർ വർഗീസ് കരിപ്പേരിയുടെയും ഫ്രാൻസിസ് കൊടിയന്റെയും നേത്യത്വത്തിലാണ് തടവറ ശുശ്രൂഷ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 1986-ൽ ആദ്യ തടവറ സന്ദർശനം നടത്തി. 1986-ൽ കേരള കത്തോലിക്ക ബിഷപ് കോണ്‍ഫറൻസ് തടവറ ശുശ്രൂഷയെ സഭയുടെ ഒൗദ്യോഗിക ശുശ്രൂഷയായി സ്വീകരിച്ചു. കേരളത്തിൽ നിന്നു വളർന്ന ഈ ശുശ്രൂഷ ഭാരതത്തിൽ ഉടനീളം വ്യാപിച്ചു. 2000 ഓഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ എന്ന പേരിൽ അംഗീകരിച്ചു. ഇന്ന് ഭാരതത്തിൽ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപക പിതാവും നാഷണൽ കോർഡിനേറ്ററുമായ ഫാദർ ഫ്രാൻസിസ് കൊടിയന്റെ നേത്യത്വത്തിൽ ഈ ശുശ്രൂഷ അർപ്പണബോധത്തോടെ നടന്നു വരുന്നു.
തടവുകാരുടെ ദയനീയ സ്ഥിതിയെപ്പറ്റി നാം ചിന്തിക്കാറില്ല. അവരുടെ സഹനം, അപമാനം, പ്രതീക്ഷയില്ലായ്മ, നിസ്സഹായമനോഭാവം, മനുഷ്യത്വത്തിനു യോജിക്കാത്ത അവസ്ഥകൾ, അവരുടെ കുടുംബങ്ങൾ, ഇരകളാക്കപ്പെട്ടവരും അവരുടെ കുടുംബങ്ങളും...ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ ചിന്തകളിലേക്കു വരാറില്ല. മിക്കപ്പോഴും തടവറകൾ തിങ്ങിഞെരുങ്ങിയതും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതും അനാരോഗ്യപരവും സാന്പത്തിക പരിമിതികളാൽ ശോചനീയവുമായി കാണപ്പെടാറുണ്ട്. നാം എന്നെങ്കിലും അവർക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ: അവർക്ക് ഒരു എഴുത്തയച്ചിട്ടുണ്ടോ?, അവരെ സന്ദർശിച്ചിട്ടുണ്ടോ?
“ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചോ?’’ എന്ന സുപ്രധാനമായ ക്രിസ്തുവചനം നമ്മെ ഓർമ്മിപ്പിക്കുന്നതിനുവേണ്ടിയാണ് ഓഗസ്റ്റ് 14 നു മുൻപ് വരുന്ന ഞായറാഴ്ച തടവുകാർക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നത്.
യേശു പ്രത്യേകമായ വിധത്തിൽ തടവറക്കാരെയും വേശ്യകളെയും ചുങ്കം പിരിക്കുന്നവരെയും കുറ്റവാളികളെയും സ്നേഹിക്കുകയും അവരെ രക്ഷിക്കാൻ തന്റെ രക്തം ചിന്തുകയും ചെയ്തു.
ഭിത്തികളല്ല, വേണ്ടതു പാലങ്ങൾ
ഫ്രാൻസിസ് മാർപാപ്പ 2019 ജനുവരി 25-ന് പനാമയിലെ ലാസ് ഗർസാസ് ദെ പക്കോറാ എന്ന സ്ഥലത്ത് പ്രായപൂർത്തിയാവാത്തവരെ തടവിൽ പാർപ്പിക്കുന്ന കേന്ദ്രത്തിൽ നടത്തിയ അനുതാപ ലിറ്റർജിയിൽ പാപികളെയും കുറ്റക്കാരെയും അകറ്റിനിർത്താൻവേണ്ടി സമൂഹം അദൃശ്യഭിത്തികൾ നിർമ്മിക്കുന്നതിനെ അപലപിച്ചു. അദ്ദേഹം പ്രഭാഷണത്തിൽ ഇങ്ങനെ ആഹ്വാനം ചെയ്തു: “ന്ധതിയെ നന്മകൊണ്ടും ദ്രോഹത്തെ ക്ഷമകൊണ്ടും കീഴടക്കാനും എല്ലാവരോടും സമാധാനത്തിൽ ജീവിക്കാനും വേണ്ടി ഭിത്തികൾ നിർമിക്കാതെ പാലങ്ങൾ നിർമ്മിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.’’ ലോകത്തിലെല്ലാം വധശിക്ഷ ഇല്ലാതാക്കാൻ ഫ്രാൻസിസ് പാപ്പാ പരിശ്രമിക്കുന്നു.
ജീസസ് ഫ്രട്ടേണിറ്റി, തടവറകളിൽ ശുശ്രൂഷചെയ്യുന്ന ഒരു കൂട്ടായ്മയാണ്. കഴിഞ്ഞ 33 വർഷങ്ങളായി കേരളത്തിലെ 55- ഓളം വരുന്ന ജയിലുകൾ സന്ദർശിക്കുകയും തടവറയിലെ സഹോദരങ്ങൾക്ക് ഭാവാത്മകമായ ചിന്തകളിലൂടെയും ക്ലാസുകളിലൂടെയും കൗണ്സലിംഗുകളിലൂടെയും ക്രൈസ്തവരായവർക്ക് പരിശുദ്ധ കുർബ്ബാനയും കുന്പസാരവും പരികർമ്മം ചെയ്യുന്നതിലൂടെയും ശരിയായ ജീവിതദർശനം പകർന്നു നൽകി നല്ലചിന്തകളാൽ അവരുടെ മനസ്സിനെ നിറയ്ക്കുകയും ചെയ്യുന്നതിൽ ഈ കൂട്ടായ്മ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. കേരളകത്തോലിക്കാ മെത്രാൻസമിതിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് എന്ന കമ്മീഷന്റെ കീഴിൽ തിരുവല്ല മെത്രാപ്പോലീത്ത തോമസ് മാർ കൂറിലോസ് പിതാവിന്റെയും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെയും മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെയും നേത്യത്വത്തിൽ ഒരു വിഭാഗമായി ജീസസ് ഫ്രട്ടേണിറ്റി പ്രവർത്തിക്കുന്നു.
ജയിലുകൾ മാത്രമല്ല, തടവറയിലെ സഹോദരരുടെയും കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെയും ഭവനങ്ങൾ സന്ദർശിക്കുകയും കുടുംബങ്ങൾക്ക് ആശ്വാസമേകുകയും ജയിൽ മോചിതരായവരെയും അവരുടെ മക്കളെയും ജീസസ് ഫ്രട്ടേണിറ്റിയുടെ പുനരധിവാസകേന്ദ്രങ്ങളിൽ താമസിപ്പിച്ച് പഠിപ്പിക്കുകയും വിവാഹപ്രായമെത്തിയവരെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ സഹായിക്കുകയും ചെയ്യുക എന്നതെല്ലാം ഈ കൂട്ടായ്മ കഴിഞ്ഞ 33 വർഷമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
11 കേന്ദ്രങ്ങൾ
പതിനൊന്ന് പുനരധിവാസകേന്ദ്രങ്ങൾ ജീസസ് ഫ്രട്ടേണിറ്റി നടത്തുന്നു. മൂന്നെണ്ണം വീതം പുരുഷന്മാർക്കും സ്ത്രീകൾക്കും ബാക്കി കുട്ടികൾക്കും വേണ്ടിയുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. തടവറയിൽ നിന്നിറങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങൾ ഇന്ത്യയിൽത്തന്നെ യേശുസാഹോദര്യകൂട്ടായമയ്ക്ക് മാത്രമാണുള്ളത്. 2550-ൽ പരം തടവറക്കാരെ പുനരധിവസിപ്പിക്കാനും സാധാരണജീവിതത്തിലേക്ക് കൊണ്ടുവരാനും യേശുസാഹോദര്യകൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. തൃശൂർ വെട്ടുകാട്ടിൽ പുരുഷന്മാർക്കുള്ള കേന്ദ്രവും തിരുവനന്തപുരം മണ്‍വിളയിൽ സ്ത്രീകൾക്കുള്ള കേന്ദ്രവും യേശുസാഹോദര്യത്തിന്റെ നേരിട്ടുള്ള സംരക്ഷണയിലും നിയന്ത്രണത്തിലുമാണ്.
1990 -ൽ ആരംഭിച്ച ഈ പുനരധിവാസ കേന്ദ്രങ്ങളിൽ നിന്ന് നൂറിലധികം പെണ്‍കുട്ടികളെയും പുരുഷൻമാരെയും നാളിതുവരെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുണ്ട്. 500-ൽ പരം കുടുംബങ്ങൾ പുനരധിവസിപ്പിക്കപ്പെട്ടു. അവരുടെ കൂട്ടായ്മകൾ വിളിച്ചു ചേർക്കുകയും അവരുടെ മക്കൾക്കായി എല്ലാവർഷവും ക്യാന്പുകൾ സംഘടിപ്പിച്ച് പഠനോപകരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ തടവറകളിൽ ജീസസ് ഫ്രട്ടേണിറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം ജയിൽ വകുപ്പ് എല്ലാ ജയിലുകളും സന്ദർശിക്കാൻ ഈ കൂട്ടായ്മയ്ക്ക് മാത്രം ഒരു പൊതു അംഗീകാരം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ 33 രൂപതകളിലും ഡയറക്ടർ അച്ചന്മാരുടെ നേതൃത്വത്തിൽ 46ഓളം യൂണിറ്റുകളിലായി 1000 -ത്തിൽ പരം വോളണ്ടിയർമാർ പ്രത്യക്ഷമായും പരോക്ഷമായും ഈ ശുശ്രൂഷയിൽ പങ്കുചേരുന്നു. കേരളത്തിലെ ഒൻപത് മേജർ സെമിനാരികളിലും ജീസസ് ഫ്രട്ടേണിറ്റി യൂണിറ്റുകൾ ഭംഗിയായി പ്രവർത്തിക്കുന്നുണ്ട്. സെമിനാരിക്കാർ ഈ രംഗത്ത് ചെയ്യുന്ന ശുശ്രൂഷ സ്തുത്യർഹമാണ്. ധാരാളം വൈദികരും സന്യാസി സന്യാസിനികളും ഈ രംഗത്തുണ്ട്. തടവറയിലുള്ളവരും മനുഷ്യരാണെന്നു ചിന്തിക്കാൻ മനസുള്ള ആർക്കും ഈ സംഘടനയുമായി സഹകരിക്കാവുന്നതാണ്.
ഫാ. ഷാജി സ്റ്റീഫൻ ഒ.ഡി.എം
സംസ്ഥാന ഡയറക്ടർ ജീസസ് ഫ്രട്ടേണിറ്റി
ആന്‍ഡ് പ്രിസണ്‍ മിനിസ്ട്രി