വന്ദ്യരായ സന്ദർശകർ
Sunday, October 27, 2019 1:54 AM IST
വിരുന്നുകാരായി പടികടന്നെത്തുന്നയാൾ ഉറ്റമിത്രമായി തിരിച്ചുപോയാൽ അത് അതിഥിക്കും ആതിഥേയനും വലിയ ഭാഗ്യമാണ്. വീട്ടുകാരെ വേദനിപ്പിക്കുകയും അവരിലെ അപര്യാപ്തതയിലേക്കു വിരൽചൂണ്ടുകയും ചെയ്യുന്ന ആഗതൻ അനഭിമതൻതന്നെ.
ഓരോ വീട്ടിലും ഒരു ഗാർഹിക മര്യാദയുണ്ട്. കിടപ്പുരോഗികളോ പ്രായമുള്ളവരോ ഉണ്ടെങ്കിൽ അട്ടഹാസവും വാഹനം നിറുത്തുന്ന പടപടാ ശബ്ദവും അലോസരമാണ്. കുടിലായാലും കൊട്ടാരമായാലും പാദരക്ഷകൾ അഴിച്ചുവയ്ക്കുകയും വെള്ളവും ചെളിയും ഉള്ളിൽ കയറാതെ സൂക്ഷിക്കുകയും വേണം. വൃദ്ധരോടും രോഗികളോടും നല്ല സംഭാഷണത്തിലേർപ്പെട്ട് ഒരു കൈത്തിരി അവരുടെ ഉള്ളിൽ തെളിച്ചിട്ടു പോരാൻ കഴിഞ്ഞാൽ എത്ര നന്ന്!
വീടൊരു ദേവാലയമാണെന്നു ധരിച്ചാൽ വീട്ടിലുള്ളവരെ ബഹുമാനിക്കാൻ നമുക്ക് കഴിയും. ഓരോ തവണയും ചെറുതോ വലുതോ ആയ ഒരു നേർച്ചദ്രവ്യം അവിടെ സമർപ്പിച്ചിട്ടേ സന്ദർശകൻ മടങ്ങാവൂ. ഒരു സാന്ത്വനവചനം, ആർദ്രഭാവം, സൗഹൃദപിന്തുണ തുടങ്ങി എന്തെങ്കിലും അവിടെ സമ്മാനമായി കൊടുക്കാമല്ലോ.
കുത്തുവാക്കുകളും കൊച്ചാക്കലുംവഴി സഹജീവികളെ വേദനിപ്പിക്കാതെ സദുദ്ദേശിയായ ഒരു സുഹൃത്ത് അല്ലെങ്കിൽ ബന്ധു പിരിയുന്പോൾ അയാൾ പിന്നിൽ വിട്ടിട്ടുപോകുന്നത് വീടിനു സമാധാനമാണ്. സക്കായിയുടെ വീട് സന്ദർശിച്ച മഹാഗുരുവിനെ മാതൃകയാക്കി നമ്മുടെ സന്ദർശനംകൊണ്ട് ഓരോ ഭവനവും ഗുണമേന്മയുള്ളതാക്കാൻ നമുക്ക് കഴിയട്ടെ.
സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669