Kerala
കാസർഗോഡ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. വി.ഡി. സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചിറ്റാരിക്കാൽ പോലീസിന്റേതാണ് നടപടി. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് പ്രതികൾ ചിത്രം പ്രചരിപ്പിച്ചത്.
ഈസ്റ്റ് എളേരി എന്ന വാട്സ്ആപ് കൂട്ടായ്മയിലാണ് പ്രതികൾ ചിത്രം പങ്കുവച്ചത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് നടപടി.
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്ത ഹരിയാന സ്വദേശി പിടിയിൽ.ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുന്ന വിശാൽ (26) ആണ് പിടിയിലായത്. 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.
ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് പ്രതിയുടെ മൊഴി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട് വിശാലിന്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ ഇലകൾ ചേർത്ത ചമ്മന്തിയും പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾക്ക് പ്രതി രാസവളം ഉപയോഗിച്ചിരുന്നില്ലെന്നും പൂർണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് ബലി പെരുന്നാൾ ആഘോഷിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അർഷാദ് എന്നിവരാണ് പിടിയിലായത്.
ഗതാഗത തടസമുണ്ടാക്കിയതിനാണ് പോലീസ് നടപടി. പെരുന്നാൾ തലേന്ന് അർധരാത്രി കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. എംപിസി ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലായിരുന്നു യുവാക്കളുടെ അതിരുവിട്ട പെരുന്നാൾ ആഘോഷം.
സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പ്രതികൾ തട്ടിക്കയറുകയായിരുന്നു. ഒരു പ്രതി ഒളിവിൽ തുടരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനെല്ലായി സ്വദേശി രവീന്ദ്രൻ ആണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
മേയ് 28ന് ആയിരുന്നു സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വച്ച് പണം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ ബിനുവിനെ വിളിച്ചു വരുത്തിയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.
ബിനുവിന് 15 ലക്ഷം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പ്രതികളുടെ ധാരണ. സമ്മാനതുക ആവശ്യപ്പെട്ടായിരുന്നു മർദനം. ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
മെയ് 30ന് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ബിനുവിനെ നാട്ടുകാർ ചേർന്നാണ് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പ്രതികൾ ബിനുവിന്റെ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.
Kerala
തൃശൂർ: തിരുവില്വാമലയിൽ കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. കുത്താമ്പുള്ളി കയറംപാറയിലെ 'ഷെഫ് മിൽസ് ആൻഡ് കമ്പനി' എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച നടന്നത്.
പിടിയിലായ പ്രതി സൂര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവം ഓഫാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നതായി പരാതിയുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്.
മൂന്നര പവന് സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ഉഷാകുമാരി നല്കിയ പരാതിയെ തുടര്‍ന്ന് പാറശാല പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷിജോയ്യുടെ സുഹൃത്ത് ജെന്സൻ ആണ് പിടിയിലായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ ഗുണ്ടകളുടെ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. തെങ്കാശിയിലെ നെട്ടൂർ ഗ്രാമത്തിലായിരുന്നു ആദ്യ ആക്രമമണം. മുഖംമൂടിധാരികളായ ഒന്‍പതംഗ സംഘം വടിവാൾകൊണ്ട് ആളുകളെ ആക്രമിക്കുകയായിരുന്നു.
ആറു പേർക്കു പരിക്കേറ്റു. ഇതേതരത്തിലുള്ള ആക്രമണത്തിൽ തിരുനെൽവേലി ജില്ലയിൽ ഒരാൾക്കു പരിക്കേറ്റു. ആക്രമണശേഷം രക്ഷപ്പെട്ട ഗുണ്ടകൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ദളിത് വിഭാഗത്തിനു നേർക്കുണ്ടായ ആക്രമണത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു.
Kerala
കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിൻ ആണ് പിടിയിലായത്.
കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിധിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിധിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്.
പ്രണയം നടിച്ച് പെൺകുട്ടിക്ക് ലഹരി നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയുള്ളത്. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വച്ച് പ്രതി പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് പ്രതി മുങ്ങിയിരുന്നു.
എന്നാൽ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച ചാവക്കാട് നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉണ്ണികൃഷ്ണൻ നേരത്തെ ദേവസ്വത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പ്രതി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി കൊടൈക്കനാലിലേക്ക് കടന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പിടിയിലാകുമെന്ന് കണ്ട് പ്രതി എട്ട് പവൻ സ്വർണവും മാപ്പപേക്ഷയും പരാതിക്കാരന്റെ വീട്ടിൽ കൊണ്ടിട്ടിരുന്നു. എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ആണ് പിടിയിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
കൈക്കൂലിയുടെ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അനിൽകുമാറിനെ പിടികൂടിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു.
വിജിലൻസിനെ കണ്ടതോടെ അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കാവനാട് സ്വദേശി ശശി, പ്രവീൺ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതി.
കൊട്ടാരക്കര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ ശശിയും പ്രവീണും ബൈക്ക് മോഷണം അടക്കം നിരവധി കവർച്ചാ കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഏകദേശം 14 ഓളം കേസുകളിൽ ഇരുവരും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്നാണ് 19കാരി ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്. പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല.
തുടർന്ന് വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. പിന്നാലെ പെൺകുട്ടി ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിൽ ചികിത്സയിലാണ് കുട്ടി. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. സംഭവത്തിൽ വീയപുരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കോതമംഗലം: ഭാരത് ലജ്ന ഹൗസിംഗ് കോപറേറ്റീവ് സൊസൈറ്റിയിലെ കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്. സൊസൈറ്റിയുടെ ലീഗൽ റിക്കവറി വിഭാഗം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യൻ, നിതിൻ ഗിരീഷ്, അലക്സിൻ ജിജോ, ടി.ടി. ജേക്കബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2021ൽ ജോലിയിരിക്കെ സോണിയയുടെ നേതൃത്വത്തിലാണ് 35 ലക്ഷം രൂപ ജേക്കബിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് ഇത് പ്രതികൾ പിൻവലിച്ചു. പണം മാറ്റിയതിന്റെ അടക്കം ബാങ്ക് രേഖകൾ സഹിതമാണ് സൊസൈറ്റിയുടെ ലീഗൽ ആൻഡ് റിക്കവറി വിഭാഗത്തിന്റെ പരാതി.
സോണിയ സെബാസ്റ്റ്യൻ നേരത്തേയും പണം തട്ടിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. നേരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം തട്ടിയ കേസിൽ സോണിയയെ എറണാകുളം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Kerala
കൊച്ചി: കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്സും സുഹൃത്തുമാണ് പിടിയിലായത്.
തമിഴ്നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. മേയ് 24ന് രാവിലെ 8.30 ഓടെയാണ് സംഭവം.
സുധ ശങ്കർ ആയിരുന്നു വയോധികയെ പരിചരിച്ച് വന്നിരുന്നത്. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തൊണ്ടിമുതലായ സ്വർണാഭരണങ്ങൾ പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് രാസലഹരിയുമായി യുവാവ് പിടിയിൽ. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ.ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദ് (27) ആണ് പിടിയിലായത്.
ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ സമാന കുറ്റത്തിന് പിടിയിലാകുന്നത്. വിൽപനയ്ക്കായി എത്തിച്ച 37.170 ഗ്രാം എംഡിഎംഎയും ഇത് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 4,630 രൂപയും പോലീസ് കണ്ടെടുത്തു.
സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ് എന്ന ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്വീലര്, ജര്മന്ഷെപ്പേര്ഡ് തുടങ്ങിയ നായകളെ പ്രതി വളർത്തിയിരുന്നതായി പോലീസ് പറയുന്നു.
സാജിദ് സ്ഥിരം മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ബംഗളൂരുവിൽ മൊത്തവില്‍പ്പനക്കാരില്‍ നിന്നും എംഡിഎംഎ വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
Kerala
തൃശൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ അടിയാട്ട് ലൈനിലുള്ള വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്.
തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. തൃശൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മേയ് ആറിന് ആയിരുന്നു സംഭവം.
ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. പട്ടാപ്പകൽ നടന്ന വൻ കവർച്ചയ്ക്ക് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.
Kerala
കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അഞ്ചൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് ആണ് പ്രതികൾ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
യുവതി ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നൽകിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെമ്പായം പുത്തൻവിള സ്വദേശി ശരത്(37) ആണ് ആക്രമണത്തിനിരയായത്.
മലയിൻകീഴ് അരുവിപ്പാറ തെക്കെവിള വീട്ടിൽ സുജിത്ത് (32), മലയിൻകീഴ് വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസിക്കുന്ന കായംകുളം വളിക്കുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരാണ് പിടിയിലായത്.
2021ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. ശരത്തും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ട്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലാകാൻ കാരണം ഇയാളാണെന്ന് കരുതിയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു.
മലയിൻകീഴിൽ പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടായിരുന്നു ആക്രമണം. ബോധരഹിതനായ ശരത്ത് മരിച്ചെന്ന് കരുതി ഫ്ലാറ്റിൽ ഉപേക്ഷിച്ച് മൂവരും രക്ഷപ്പെടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി.
മണ്ണന്തല സ്റ്റേഷനിൽ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ ശരത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിൻമാറാത്തതിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യുവതിയുടെ ആൺസുഹൃത്തിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
യുവതിയെ മർദിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മേയ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും മാതാപിതാക്കളുമാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പുനലൂർ വെഞ്ചേമ്പ് പുത്തൻവീട്ടിൽ ശാന്തൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമ്പം പള്ളിവാസൽ രമേശ് പാണ്ഡ്യൻ (44) ആണ് പിടിയിലായത്.
ആക്രി വിൽപന നടത്തിയിരുന്നവരാണ് ഇരുവരും. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രശാന്തനെ രമേശ് പാണ്ഡ്യൻ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വ്യാപാരികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ തല്ലിയ സംഭവത്തിൽ നടത്തിയ പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും.
സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക.
Kerala
കൊല്ലം: പുനലൂരിൽ വടംവലി സംഘത്തെ അന്വേഷിച്ചെത്തിയവർ നാട്ടുകാരായ നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വഴിയരികിൽ സംസാരിച്ചിരിക്കുകയായിരുന്നു ആക്രമണത്തിൽ പരിക്കേറ്റവർ. കാറിലെത്തിയ അപരിചിതരായ യുവാക്കൾ മൊബൈലിൽ സ്ഥലവാസിയായ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാളുടെ വീടന്വേഷിച്ചു.
വടംവലിക്കായി ബുക്ക് ചെയ്യാൻ വന്നതാണെന്നായിരുന്നു കാറിലെത്തിയവർ പറഞ്ഞത്. സംസാരത്തിനിടെ തർക്കമുണ്ടാവുകയും തർക്കം ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. നാലുപേരെയും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം അജ്ഞാത സംഘം കാറിൽ കയറി രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ തങ്കച്ചൻ, അഖിൽ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കാസർഗോഡ്: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർഗോഡ് ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.
സുഫൈദയുടെ ഭർത്താവ് ആദിൽ ആണ് അറസ്റ്റിലായത്. രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആയിരുന്നു ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെയും പ്രതി ചേർത്തെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. ഫോർട്ട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
മേയ് 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ആയിരുന്നു പ്രതിയുടെ ആക്രമണം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി മർദിക്കുകയും ചെയ്തതായാണ് പരാതി.
പിടിയിലായ കുമാർദാസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുമാർദാസ് വിവിധ സ്റ്റേഷനുകളിലായി ഏഴ് വധശ്രമക്കേസുകളിൽ പ്രതിയാണ്.
Kerala
ഒതുക്കുങ്ങൽ: മലപ്പുറത്ത് ചിക്കന്‍ സ്റ്റാളില്‍ മോഷണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഒതുക്കുങ്ങലിലെ എം.കെ. ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്. കടയുടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്താണ് സംഭവം.
ഉടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്ത് മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ പൂട്ടിയിരുന്നില്ല. ഇതിലൂടെ അകത്ത് കടന്ന മോഷ്ടാവ് 5000 രൂപയും കവർന്ന് സ്ഥലംവിടുകയായിരുന്നു.
കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് സിസി ക്യാമറ കണ്ടതോടെ ധരിച്ചിരുന്ന ബെനിയനുപയോഗിച്ച് മുഖം മറച്ചു. ജീവനക്കാര്‍ കടയിലെത്തിയ സമയത്താണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
National
ചെട്ട്യാര്‍മാട്: മലപ്പുറത്ത് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കണ്ണമംഗലം സ്വദേശി റിയാസുദീനാണ് മര്‍ദനമേറ്റത്. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
സംഭവത്തെ തുടർന്ന് അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വേങ്ങരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ വന്ന ബൈക്കിലിടിച്ച് യാത്രക്കാരനായ യുവാവിന് പരിക്കേറ്റിരുന്നു.
ഇതേ തുടർന്ന് അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ റിയാസുദീനെ മർദിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റിയാസുദീനെ വീണ്ടും മർദിക്കുകയായിരുന്നു.
തുടർന്ന് പോലീസെത്തിയാണ് മർദിച്ചവരെ പിന്തിരിപ്പിച്ചത്. റിയാസുദീൻ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Kerala
പാലക്കാട്: ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മൈലുംപുറത്താണ് സംഭവം. മൈലുംപുറം സ്വദേശിനി പത്മജയ്ക്കും നാല് ബന്ധുക്കൾക്കുമാണ് കുത്തേറ്റത്.
സംഭവത്തിൽ പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്മജ സ്വന്തം വീട്ടിലേയ്ക്ക് പോയതിൽ പ്രകോപിതനായ അനിൽ കുമാർ ആക്രമിക്കുകയായിരുന്നു. സംഭവസമയം പത്മജ വീടിനകത്തായിരുന്നു.
ആയുധവുമായെത്തിയ അനിൽ കുമാർ ആദ്യം പത്മജയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതുകണ്ട സഹോദരൻ സച്ചിൻ തടയാൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾക്ക് കുത്തേറ്റത്. തടയാൻ ശ്രമിച്ച ബന്ധുക്കളായ മോഹനകുമാറിനും വിഷ്ണുജിത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
ഇതേ തുടർന്ന് പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെയും സച്ചിന്റെയും പരിക്കുകൾ ഗുരുതരമല്ല. അനിൽകുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
പന്തളം: കാറിൽ രഹസ്യ അറ നിർമിച്ച് എംഡിഎംഎ കടത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് ലഹരി ഇടപാടിന് പണം നൽകിയിരുന്ന യുവതി പിടിയിൽ. പന്തളം കടക്കാട് സ്വദേശി ഷെബീന ഖാൻ ആണ് പിടിയിലായത്.
കാറിന്റെ ഡീസൽ ടാങ്കിന് മുകളിലായി നിർമിച്ച രഹസ്യ അറയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ പിടിയിലായ മുഹമ്മദ് ഷാന്റെ ഭാര്യയാണ് ഷെബീന ഖാൻ. ഷെബീനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതിനുള്ള പണം നൽകിയിരുന്നത്.
മേയ് 15ന് ആണ് കേസിനാസ്പദമായ സംഭവം. കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎയുമായി അടൂർ പറക്കോട് സ്വദേശി ഷംനാദും മുഹമ്മദ് ഷാനും പിടിയിലാകുകയായിരുന്നു. ഡീസൽ ടാങ്കിന് മുകളിലായി നിർമിച്ച രഹസ്യ അറയ്ക്കുള്ളിലെ ബോട്ടിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
തമിഴ്നാട്ടിലെ ഈറോഡിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയത്. ചില്ലറ വിൽപ്പനക്കാർക്ക് നൽകി ലാഭമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളിൽ ഷംനാദ് മുൻപ് കാപ്പാ കേസിൽ ഉൾപ്പെട്ടയാളാണ്.
Kerala
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ എസ്ഐക്ക് പരിക്ക്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ എസ്ഐ അന്‍വറിന് ആണ് സംഭവത്തിൽ പരിക്കേറ്റത്. പെരിന്തല്‍മണ്ണ ടൗണില്‍ ആയിരുന്നു സംഭവം.
പെരിന്തല്‍മണ്ണ ടൗണില്‍ രണ്ട് ഛത്തിസ്ഗഡ് സ്വദേശികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ടൗണിൽ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് മുന്നിലും ഇവർ തമ്മിലടിച്ചു. പിന്നാലെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ഇരുവരും പോലീസിന് നേരെ തിരിഞ്ഞു. പോലീസ് സംഘത്തെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഏറെ ശ്രമകരമായാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഛത്തിസ്ഗഡ് സ്വദേശികളായ അലീഷ് തോപ്പര്, അങ്കിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂര്‍: യുവതിയെ ലഹരി നൽകി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വർണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന് വീട്ടില്‍ കുട്ടിച്ചാത്തന് എന്ന ഫിജോ (40) ആണ് പിടിയിലായത്. 2025 ഡിസംബര്‍ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാടക വീട് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയെ അതിരപ്പിള്ളിയിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. തുടർന്ന് രാത്രിയോടെ റിസോര്‍ട്ടിലെത്തിച്ചു. ഗ്രീന്‍ സൈറ്റ് എന്ന റിസോര്‍ട്ടിലായിരുന്നു യുവതിയെ എത്തിച്ചത്.
എംഡിഎംഎ കലര്‍ത്തിയ വെള്ളം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയിൽ നിന്ന് സ്വർണമാലയും വളകളും കൈക്കലാക്കുകയായിരുന്നു.
കേസില്‍ മൂന്ന് പേരെ നേര്ത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഫിജോ കൂടപ്പുഴയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാൾ കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി പോഋലീസ് സ്റ്റേഷനുകളിലായി ഒമ്പത് കവര്‍ച്ചാ കേസുകളും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്കായി അന്വേഷണം. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്ക് നേരെയാണ് ആക്രമണം.
പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വാക്കത്തി കൊണ്ടുള്ള വെട്ടിൽ ഷിജിയുടെ തലയ്ക്ക് പരിക്കേറ്റു. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷിജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിജു മദ്യപിച്ചെത്തി പതിവായി വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ(32)ആണ് പിടിയിലായത്. ഇയാൾ യുവതിയുടെ പണവും സ്വർണാഭരണവും തട്ടിയെടുത്തതായും പരാതിയുണ്ട്.
2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, ഇവരുടെ കൈയിൽ നിന്ന് 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുത്തതായുമാണ് പരാതിയുള്ളത്.
അടുത്തിടെ പ്രതി മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. വിവരം അറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദനമെന്ന് പരാതി. മർദനത്തിൽ ടാക്സി ഡ്രൈവറും തിരുമല സ്വദേശിയുമായ ശ്രീഹരിക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. അരിസ്റ്റോ ജംഗ്ഷന് സമീപം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആയിരുന്നു ക്രൂര മർദനം. KL 22 Q 2763 നമ്പറിലുള്ള നീല കാറിലെത്തിയ വ്യക്തിയാണ് ശ്രീഹരിയെ ആക്രമിച്ചത്.
ശ്രീഹരിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ തൊണ്ടിമുതലായ ഥാർ ജീപ്പ് കത്തിച്ച പ്രതികൾ പിടിയിൽ. അപകടത്തിൽ മരിച്ച അംബികയുടെ സഹോദരിയുടെ മകനും സുഹൃത്തുമാണ് തൊണ്ടിമുതൽ കത്തിച്ച സംഭവത്തിൽ പിടിയിലായത്.
ഇരുവരും സ്വകാര്യ ബസ് കണ്ടക്ടർമാരാണ്. ജനുവരി മൂന്നിന് ആയിരുന്നു ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചിട്ട ശേഷം ഥാർ ജീപ്പ് നിർത്താതെ പോയത്. അപകടശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാരാണ് പിന്തുടർന്ന് തടഞ്ഞുനിർത്തിയത്.
വാഹനം ഓടിച്ചിരുന്ന വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ദമ്പതികളുടെ മരണത്തിന് പിന്നാലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് ഉൾപ്പെടെയുള്ള പോലീസ് വീഴ്ചകളിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് തൊണ്ടിമുതലായി പിടിച്ചിട്ട ജീപ്പ് കത്തിയ നിലയിൽ കണ്ടെത്തിയത്.
ഇതോടെ പോലീസിനെതിരെയുള്ള പ്രതിഷേധം രൂക്ഷമായി. സംഭവത്തിന് പിന്നാലെ എസ്എച്ച്ഒ ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വാഹനം കത്തിച്ച പ്രതികളെ പോലീസ് പിടികൂടുന്നത്.
Kerala
കോഴിക്കോട്: പാളയത്ത് യാത്രക്കാരനെ ആക്രമിച്ച് പഴ്സും പണവും കവർന്ന സംഭവത്തിൽ സ്ഥിരം കുറ്റവാളി പിടിയിൽ. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ബെന്നി ലോയ്ഡ്(47) ആണ് പിടിയിലായത്. ഇയാൾ 30ലേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
മേയ് ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാളയത്ത് വച്ച് വയോധികനെ ആക്രമിച്ച് പഴ്സും പണവും രേഖകളും തട്ടിയെടുക്കുകയായിരുന്നു. രാത്രി ഒന്‍പതോടെ നല്ലളം കൊളത്തറ സ്വദേശിയായ വയോധികനെ ആക്രമിച്ച് 5,000 രൂപയും പഴ്സും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ മാവൂര്‍ റോഡില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കോവളത്ത് ചെണ്ടമേള സംഘത്തിലെ ആറ് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവല്ലം സ്വദേശി ജിത്തു ലാൽ(33) ആണ് കോവളം പോലീസിന്റെ പിടിയിലായത്. ഇയാൾ കോവളം സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ആയിരുന്നു സംഭവം. ചാവടിനട സ്വദേശി അപ്പൂസ്(24), ചെറുകോണം സ്വദേശി പൊടിയൻ (55), മക്കളായ അനീഷ്(31), രാജേഷ്(29) അഭിലാഷ്, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ടവർ വിഷ്ണുവെന്ന വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് അറിയിച്ചു. സംഭത്തിൽ അനികുട്ടൻ, കാട അപ്പു എന്നിവരെയും പ്രതിയാക്കി പോലീസ് കേസെടുത്തു. കേസിലെ നാലാം പ്രതിയാണ് പിടിയിലായ ജിത്തു ലാൽ.
ചെണ്ട മേളത്തിന് പോകാനായി സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറുമ്പോഴാണ് ബൈക്കിലെത്തിയ പ്രതികൾ പ്രകോപനമില്ലാതെ ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റവർ ചികിത്സയിലാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല ഉമാ പറമ്പിൽ വീട്ടിൽ വിജയ്(45) ആണ് പിടിയിലായത്.
ഹംഗറിയിൽ കമ്പനിയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.
ഒളിവിൽ കഴിഞ്ഞിരുന്ന പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടിൽ നിന്നാണ് മൂവാറ്റുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മേയ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: വിവാഹ ദിവസം മുങ്ങിയ വരൻ ലൈംഗിക പീഡന പരാതിയിൽ പിടിയിലായി. കാസർഗോഡ് ജില്ലയിലെ ബളാലിന് സമീപമാണ് സംഭവം. വരനെതിരെ പ്രതിശ്രുത വധു നൽകിയ പരാതിയിലാണ് പോലീസ് നടപടി.
യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. ഇതേ തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് കല്യാണം നിശ്ചയിക്കുകയായിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിന് എത്തുകയും ചെയ്തു. എന്നാൽ മുഹൂർത്ത സമയമായിട്ടും വരൻ എത്തിയില്ല.
തുടർന്ന് വരന്റെ സഹോദരിയും ബന്ധുക്കളും നേരിട്ടെത്തി വരനെ കാണാനില്ലെന്ന് യുവതിയെയും കുടുംബത്തെയും അറിയിച്ചു. വിവാഹം മുടങ്ങിയതോടെ ഇരുവീട്ടുകാരും അവരവരുടെ വീടുകളിലേക്ക് പോകുകയായിരുന്നു.
പിന്നാലെയാണ് പ്രണയിച്ചിരുന്ന സമയത്ത് തന്നെ യുവാവ് പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് വധു പോലീസിൽ പരാതി നൽകിയത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള കാരണം ഇനിയും വ്യക്തമല്ല.
Kerala
കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്ര പുനെ സ്വദേശി വികാസ് സഞ്ജയ് ഹഗാവൻ (35) ആണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് പുനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ 27ന് രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രി ലൈബ്രറിയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്.
ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് വികാസ് എന്ന് പോലീസ് കണ്ടെത്തി.
ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പുനെയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് പൂനെയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
നൂറനാട്: തുണിക്കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ മൂന്നംഗ സംഘം നൂറനാട് പോലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശി ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ സ്വദേശി ബിജു (54), കൊല്ലം കുളത്തൂപ്പുഴ സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
മേയ് 12ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചാരുംമൂട് ജംഗ്ഷനിലെ പാതയോരത്തുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മാരകായുധങ്ങളുമായി ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയും സഹായികളും പിടിയിൽ. തുമ്പ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാട് നിന്ന് പിടിയിലായത്.
അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും പിടികൂടി പോലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ നിലവിലുണ്ട്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓട്ടോറിക്ഷയ്ക്ക് വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ഹോട്ടൽ ജീവനക്കാർക്ക് മർദനം. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹി ഷാജിയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് പരാതി.
ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി ദിവ്യ (33) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തറയോട് കൊണ്ടുള്ള മർദനത്തിൽ അഭിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. യുവതിയെ നിലത്തിട്ട് ചവിട്ടിയതായും മർദിച്ചതായും പരാതിയുണ്ട്.
വൈകുന്നേരം ആറരയോടെ ദേശീയപാതയോരത്തെ അൽസാജ് ഹോട്ടലിന് മുന്നിലാണ് ആക്രമണം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതേ ഹോട്ടലിലെ ജീവനക്കാർ പോയ വഴിയിൽ എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിൽ ഹോട്ടൽ ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ തങ്ങളെ മർദിച്ചെന്ന് ആരോപിച്ച് ഷാജി ഉൾപ്പെടെ രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീം(34) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട്-പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് പ്രതി. ഞായറാഴ്ചകളില്‍ ട്യൂഷന് കഴിഞ്ഞ് വരുമ്പോള്‍ ഇയാള്‍ നിരന്തരം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി 17കാരൻ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലിന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: അയൽവാസിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കരിക്കകം വിനായക നഗറിൽ ജാങ്കോ കുമാർ എന്ന അനിൽകുമാർ (42) ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ അനിൽകുമാർ.
സ്ത്രീകളെ അസഭ്യം പറയുന്നത് പോലീസിൽ അറിയിച്ചെന്ന സംശയത്തെ തുടർന്ന് ആണ് പ്രതി സമീപവാസിയായ അബ്ദുൾ റഹീമിനെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതി സ്ഥിരമായി വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീകളെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. വിവരം പോലീസിൽ അറിയിച്ചത് അബ്ദുൾ റഹീമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
വീട്ടിൽ അതിക്രമിച്ച് കയറി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, അബ്ദുൽ റഹീമിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് കുടുംബ വഴക്കിനിടെ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ്പ് ഉന്നതിയിൽ മുഹമ്മദ് ആഷിക് (25) ആണ് പിടിയിലായത്. ഇയാളുടെ സഹോദരൻ അഹമ്മദ് ഹാഷിമിന് ആണ് വെട്ടേറ്റത്.
അഹമ്മദ് ഹാഷിം വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഹമ്മദ് ഹാഷിം അമ്മയോടും സഹോദരിയോടും വഴക്കിട്ടിരുന്നു. ഇതിനിടെ ബോധരഹിതയായി വീഴുകയും ചെയ്തു.
ഇതേ തുടർന്ന് അമ്മയെ വിഴിഞ്ഞം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുഹമ്മദ് ആഷിക് സഹോദരനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്ന് കോവളം പോലീസ് വ്യക്തമാക്കി.
National
ലക്നോ: യുപിയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയത് കുടുംബമെന്ന് കണ്ടെത്തൽ. യുപിയിലെ അംരോഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് ദുഷ്യന്തിന്റെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിദോലി കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തനായിരുന്നു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇതിൽ സഹികെട്ട് കുടുംബം ജോളിയെന്ന വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനും നൽകി. ദുഷ്യന്തിന്റെ അമ്മയുടെ സ്വർണം പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കൊലയ്ക്ക് മുൻപായി 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.
ദുഷ്യന്തിന്റെ അച്ഛനും സഹോദരനും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാടക കൊലയാളിയായ ജോളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: മലപ്പുറം തിരൂരിൽ മസാജിന് പോയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണാഭരണങ്ങളും തട്ടിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. മസാജ് സെന്റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടിയെടുത്തതായാണ് പരാതി. 'ഓറ വെൽനെസ്' എന്ന മസാജ് സെന്ററിലാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്.
മസാജിനെത്തിയ യുവാവിന്റെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മർദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്റെ സ്വർണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു.
മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. യുപി സ്വദേശി രാജേഷ് ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. അതിക്രമം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്നയാളാണ് പ്രതി.
സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ 16കാരി അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു താമസം. അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്താണ് പ്രതി മതിൽ ചാടി കടന്ന് വീട്ടില്‍ അതിക്രമിച്ചുകയറിയത്.
പെയിന്റിംഗ് ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാൾ സ്ഥിരമായി കുട്ടിയുടെ വീടിന് മുന്നിലൂടെയാണ് സൈക്കിളില്‍ സഞ്ചരിച്ചിരുന്നത്. ഈ സമയം വീട്ടിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമായിരുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. നഗരത്തിൽ നിന്ന് ഒരു കിലോയിലേറെ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽവച്ചാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇവരിൽ നിന്ന് 1013.26 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
Kerala
തൃശൂര്‍: പ്രണയം നടിച്ച് യുവതിയിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. കേസിൽ ഫഹീം അഹമ്മദ്(23) ആണ് തലശേരിയിൽ നിന്ന് പിടിയിലായത്. തൃശൂര്‍ റൂറല്‍ പോലീസ് പ്രതിയെ പിടികൂടിയത്.
6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് പ്രതി യുവതിയിൽ നിന്ന് തട്ടിയെടുത്തതായി പരാതിയുള്ളത്. വിവിധ ഘട്ടങ്ങളായാണ് പ്രതി യുവതിയിൽ നിന്ന് ഇത്രയേറെ സ്വർണം തട്ടിയെടുത്തതായി പരാതിയുള്ളത്.
യുവതിയുമായി പ്രണയം നടിച്ച പ്രതി സ്വര്‍ണം നല്കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണം നൽകിയില്ലെങ്കിൽ യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഇതേ തുടർന്ന് . 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന് തൂക്കം വരുന്ന സ്വര്‍ണമാല പ്രതി കൈക്കലാക്കിയിരുന്നു. പിന്നീട് 2026 ജനുവരിയില്‍ ഒരു പവന്റെ ബ്രേസ്ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും തട്ടിയെടുത്തു. ഇത്തരത്തിൽ വിവിധഘട്ടങ്ങളിലായി പ്രതി അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായിൽ വിളിച്ചുവരുത്തി യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ മാന്നാര്‍ സ്വദേശിനി അശ്വതി (22)ആണ് അറസ്റ്റിലായത്.
യുവതിയെ പീഡിപ്പിച്ച കേസിൽ നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായിരുന്നു. സിപിഎം കല്പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ കഠിനംകുളം ഫാത്തിമാപുരത്ത് ജിപ്സന് (35) ആണ് നേരത്തെ പിടിയിലായത്.
ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ചത് അശ്വതി ആയിരുന്നു. സ്പായിലെത്തിയ യുവതിയെ ജിപ്സന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായാണ് പരാതിയുള്ളത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. അവിടെ നിന്നു രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തുകയും ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സ്പായിലെ ക്യാമറ പരിശോധിച്ച ശേഷമാണ് ജിപ്സനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പായില്‍ ജോലി ചെയ്തിരുന്ന അശ്വതി ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്.
ജിപ്സനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. സ്പാ നടത്തിപ്പുകാരി ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: മൂവാറ്റുപുഴ വാഴക്കുളത്ത് നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. വാഴക്കുളത്ത് പ്രവർത്തിക്കുന്ന മൊബൈൽ ഷോറൂമിൽ ആണ് മോഷണം നടന്നത്.
പള്ളുരുത്തി രാമേശ്വരം തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ എന്ന സുഭാഷ് ആണ് പിടിയിലായത്. കേസിൽ ആലുവ എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ നേരത്തെ പിടിയിലായിരുന്നു. വാഴക്കുളം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ ലോക്ക് പൊളിച്ചാണ് പ്രതികൾ അകത്ത് കയറിയത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, റിപയറിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി ഡിവിആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് പ്രതികൾ കവർന്നത്.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം ജില്ലാ കോടതിയാണ് ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. ആദ്യഘട്ടത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു.
കൊച്ചി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്. 2024 മുതല്‍ ഷിയാസ് കരീം ലൈംഗികമായി ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിലുണ്ട്.
National
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ ഭാര്യയുടെ രണ്ട് സഹോദരിമാരെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. റായ്പൂരിലെ പണ്ട്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോവയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗീതാഞ്ജലി വർമ്മ (26), ദുർഗേശ്വരി വർമ്മ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബൗൺസറായി ജോലി ചെയ്യുന്ന ജിതേന്ദ്ര വർമ്മയാണ് കൃത്യം നടത്തിയത്. ഇയാൾ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ജിതേന്ദ്രയും ഭാര്യ ഖിലേശ്വരി വർമ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ ഖിലേശ്വരി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയി.
ഇതിന് പിന്നാലെ ലൈസൻസുള്ള പിസ്റ്റലുമായി ജിതേന്ദ്ര ഭാര്യവീട്ടിലെത്തി. കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇയാളോട് മടങ്ങിപ്പോകാൻ ഭാര്യയുടെ സഹോദരിമാർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ജിതേന്ദ്ര ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
നെറ്റിയിൽ വെടിയേറ്റ ഗീതാഞ്ജലി സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ദുർഗേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മായങ്ക് ഗുജ്ജർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ഇടുക്കി: ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ ജഗൻ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ ശാന്തിയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മേയ് 4-ാം തീയതി ഉച്ചയോടെ ശാന്തിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. രാമകൃഷ്ണനും ശാന്തിയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് ശാന്തിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു.
ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ അസ്വാഭാവിക പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
കൊലപാതകം നടന്ന ദിവസം രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
Kerala
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി മലപ്പുറം തവനൂരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. തവനൂർ പെരുന്തല്ലൂരിൽ ആണ് സംഭവം. തിരൂർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ആണ് ആടിന്റെ തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവന്നത്.
വിശാഖ് കെ. വിശ്വൻ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ.ടി. ജലീലിന്റെ തോൽവിയാണ് മുസ്ലിം ലീഗ് പ്രവർത്തകർ ആടിന്റെ തലവെട്ടി ആഘോഷിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.
Kerala
തിരുവനന്തപുരം: പൂന്തുറയിൽ കാർ യാത്രക്കാരെ മർദിച്ച പ്രതികൾ പിടിയിൽ. മുട്ടത്തറ ബിലാൽ നഗർ സ്വദേശി അഷറഫ് (56), ബീമാപള്ളി അസാദ് നഗർ സ്വദേശി ബദറുദീൻ (42) എന്നിവരാണ് പിടിയിലായത്. പൂന്തുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ബിലാൽ നഗർ വഴി കാറിൽ വരികയായിരുന്ന പുത്തൻപള്ളി സ്വദേശികളായ യുവാക്കളുടെ യാത്ര പ്രതികൾ തടസപ്പെടുത്തി. റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
പ്രതികൾ ഇരുവരും ചേർന്ന് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ അടിച്ചുതകർത്തു. തുടർന്ന് യുവാക്കളെ ക്രൂരമായി മർദിക്കുകയും കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് യാത്രക്കാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.