Kerala
തിരുവനന്തപുരം: അര ലക്ഷത്തിനു മേൽ ഭൂരിപക്ഷത്തിൽ ഇത്തവണ നിയമസഭയിലെത്തിയത് ഒമ്പതു പേരാണ്. ഇതിൽ ആറു പേർ മുസ്ലിം ലീഗ് പ്രതിനിധികളും മൂന്നു പേർ കോണ്‍ഗ്രസുകാരുമാണ്.
ഏറ്റവും ഉയർന്ന ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ്-85,327. ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം ലീഗിന്റെതന്നെ തിരൂരങ്ങാടിയിൽനിന്നു വിജയിച്ച പി.എം.എ. സമീറിനാണ്. 53,387 വോട്ടിന്റെ ഭൂരിപക്ഷം.
അര ലക്ഷത്തിനു മേൽ ഭൂരിപക്ഷം നേടിയ മറ്റുള്ളവർ: ടി.പി. അഷ്റഫലി, കൊണ്ടോട്ടി (56,017), ആര്യാടൻ ഷൗക്കത്ത്, നിലമ്പൂർ (54,851), അഡ്വ. എം. റഹ്മത്തുള്ള, മഞ്ചേരി (57,807), ടി.വി. ഇബ്രാഹിം, വള്ളിക്കുന്ന് (51,286), ആബിദ് ഹുസൈൻ തങ്ങൾ, കോട്ടയ്ക്കൽ (62,638), ഉമ തോമസ്, തൃക്കാക്കര (50,211), ചാണ്ടി ഉമ്മൻ, പുതുപ്പള്ളി (52,907).
Kerala
കോട്ടയം: പുതിയ നിയമസഭയില്‍ പ്രായത്തില്‍ മൂപ്പന് പിണറായി വിജയനാണ് (80). പ്രായം കവിഞ്ഞെന്ന പേരില്‍ അമ്പലപ്പുഴയില്‍ സിപിഎം മാറ്റിനിർത്തിയിരുന്ന ജി. സുധാകരന് തലയെടുപ്പോടെ യുഡിഎഫ് നിരയില്‍ ഇക്കുറി നിയമസഭയില്‍ തിരികെയെത്തുന്നത് 79-ാം വയസിലാണ്.
സിപിഎമ്മുമായി കലഹിച്ച് ഇടതുകോട്ട വിട്ട് യുഡിഎഫ് പിന്തുണയോടെ തളിപ്പറമ്പില്‍ ജയിച്ച ടി.കെ. ഗോവിന്ദനു പ്രായം 75. രക്തസാക്ഷിഫണ്ട് തട്ടിപ്പ് ആരോപണത്തിനു പിന്നാലെ സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയില്‍ അട്ടിമറിവിജയം നേടിയിരിക്കുന്നത് 74-ാം വയസിലാണ്.
യുഡിഎഫ് നിരയില്‍ പ്രായത്തില്‍ കാരണവര്‍ കോട്ടയത്തു വിജയച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്-77 വയസ്. ഇക്കുറി 74കാര്‍ പലരുണ്ട്. മങ്കടയിലെ മഞ്ഞളാംകുഴി അലി, മുസ്ലിം ലീഗിന്റെ അമരക്കാരന് മലപ്പുറത്ത് ഭൂരിപക്ഷത്തില്‍ സര്‍വകാല റിക്കാര്‍ഡ് കുറിച്ച പി.കെ. കുഞ്ഞാലിക്കുട്ടി, ഷൊര്‍ണൂരില്‍നിന്നുള്ള കെ. മമ്മിക്കുട്ടി, മലമ്പുഴയില്‍ വിജയിച്ച എ. പ്രഭാകരന്, നെയ്യാറ്റിന്‍കരയില്‍നിന്നുള്ള എന്‍. ശക്തന് എന്നിവരെല്ലാം 74കാരാണ്. പേരാവൂരിന്റെ എംഎല്‍എയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് 73കാരനാണ്. കുന്നംകുളത്തു വിജയിച്ച എ.സി. മൊയ്തീനും മണലൂരില്‍ വിജയിച്ച പ്രഫ. സി. രവീന്ദ്രനാഥും 70കാരാണ്.
പുതിയ സഭയില്‍ ജൂണിയേഴ്സ് രണ്ടു പേരുണ്ട്. ആലപ്പുഴയില്‍ വിജയിച്ച എ.ഡി. തോമസിനും ബാലുശേരിയില്‍നിന്നുള്ള വി.ടി. സൂരജിനും 30 വയസ്. നാദാപുരത്ത് വിജയിച്ച കെ.എം. അഭിജിത് (32), പേരാമ്പ്ര നേടിയ ഫാത്തിമ തഹ്ലിയ (34) താനൂര്‍ നേടിയ പി.കെ. നവാസ് (35), ആറന്മുള പിടിച്ച അബിന്‍ വര്‍ക്കി (36), കല്യാശേരിയില്‍ വിജയിച്ച എം. വിജിന് (36), മാവേലിക്കര നേടിയ എം.എസ്. അരുണ്‍കുമാര്‍ (37), കൊടുങ്ങല്ലൂര്‍ എംഎല്‍എ ഒ.ജെ. ജനീഷ് (38), വാമനപുരത്ത് വിജയിച്ച സുധീര്‍ഷ പാലോട് (38), ഇരവിപുരത്ത് വിജയിച്ച വിഷ്ണു മോഹന്‍ (39) എന്നിവരാണ് നാല്പത് വയസില്‍ താഴെയുള്ളവര്‍.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉറ്റുനോക്കുന്ന പറവൂര്‍ എംഎല്‍എ വി.ഡി. സതീശന് 62 വയസ്. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല 69 കാരനാണ്. എംഎല്എയല്ലെങ്കിലും മുഖ്യമന്ത്രിപദവിയിലേക്ക് പരിഗണിച്ചേക്കാവുന്ന കെ.സി. വേണുഗോപാല്‍ എംപിക്ക് 63 വയസ്.
തൃക്കാക്കരയിൽ വിജയിച്ച ഉമാ തോമസാണ് വനിതാ നിരയിലെ സീനിയര്‍-60 വയസ്. അന്പതിന് മുകളില്‍ പ്രായമുള്ള വനിതകളില്‍ അരൂരില്‍ ജയിച്ച ഷാനിമോള്‍ ഉസ്മാന് (59), ആറ്റിങ്ങല്‍ എംല്‍എ ഒ.എസ്. അംബിക (59), വടകരയില്‍ രണ്ടാമൂഴം ജയിച്ച കെ.കെ. രമ (56) എന്നിവരുണ്ട്. കൊല്ലത്തുനിന്നുള്ള ബിന്ദു കൃഷ്ണ, കൊങ്ങാട് വിജയിച്ച കെ.എ. തുളസി, നാട്ടികയില്‍ വിജയിച്ച ഗീത ഗോപി എന്നിവര്‍ 53 കാരാണ്.
Kerala
തിരുവനന്തപുരം : ഇത്രയും കനത്ത തിരിച്ചടി സിപിഎം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി കോട്ടകളിൽ നേരിട്ട ഞെട്ടിക്കുന്ന പരാജയം സിപിഎമ്മിനെ അക്ഷരാർഥത്തിൽ അന്പരപ്പിച്ചിരിക്കുകയാണ്.
ഒരിക്കലും ഇളകില്ലെന്നു കരുതിയ കണ്ണൂർ ജില്ലയിലടക്കം പാർട്ടിക്കു കാലിടറി. തോൽവി ഗൗരവമായി പരിശോധിക്കുമെന്നല്ലാതെ പാർട്ടി നേതൃത്വത്തിനു മറ്റൊന്നും പറയാൻ കഴിയാത്ത സാഹചര്യമാണ്. അത്ര വലിയ രാഷ്ട്രീയ പരാജയവും കൂടിയാണു സിപിഎമ്മിനും ഒപ്പം ഇടതുപക്ഷത്തിനും ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു ഫലം സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും. കണ്ണൂരിലെ പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണൻ, തളിപ്പറന്പിൽ ടി.കെ.ഗോവിന്ദൻ എന്നിവരുടെ ജയം സിപിഎമ്മിനെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട തിരിമറിയെ സംബന്ധിച്ചു ചോദ്യം ചെയ്തതിനാണു സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
പാർട്ടി വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായതാണു കുഞ്ഞിക്കൃഷ്ണന്റെ ജയത്തിനു കാരണമായതെന്നു വോട്ടിംഗ് നില പരിശോധിച്ചാൽ മനസിലാകും. സിപിഎം കോട്ടയിൽ പാർട്ടിയെ വെല്ലുവിളിച്ചു കുഞ്ഞികൃഷ്ണൻ ജയിച്ചതു ചെറിയ ക്ഷീണമല്ല പാർട്ടിക്കുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം ഉന്നയിച്ച വിഷയം പാർട്ടി കൈകാര്യം ചെയ്തതിൽ വലിയ വീഴ്ചയുണ്ടായെന്നു സിപിഎം കണ്ണൂർ നേതൃത്വത്തിനു ഇനി രഹസ്യമായെങ്കിലും സമ്മതിക്കേണ്ടി വരും.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനാണു ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി പിണങ്ങി സ്ഥാനാർഥിയായത്. അദ്ദേഹം വിജയിച്ചു. പാർട്ടി നേതൃത്വത്തിന്റെ ഈ തീരുമാനം തെറ്റായിരുന്നൂവെന്ന സന്ദേശമാണു തളിപ്പറന്പിലെ തെരഞ്ഞെടുപ്പു ഫലം നൽകുന്നത്. വരും ദിവസങ്ങളിൽ പുറത്താക്കപ്പെട്ട ഈ രണ്ടു നേതാക്കളുടെയും വിജയം സിപിഎം കണ്ണൂർ രാഷ്ട്രീയത്തിൽ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
അന്പലപ്പുഴയിലെ ജി.സുധാകരന്റെ വിജയവും സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പാർട്ടി പ്രവർത്തകരോടു എങ്ങനെ പറഞ്ഞുനിൽക്കുമെന്ന പ്രയാസത്തിലാണു സിപിഎം നേതൃത്വം. തെരഞ്ഞെടുപ്പു പ്രചാരണം നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാകില്ല.
പ്രചരണസമയത്തും അല്ലാതെയും മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശങ്ങൾ തെരഞ്ഞെടുപ്പു തോൽവിയുടെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നൂവെന്നു ഇപ്പോഴല്ലെങ്കിലും പിന്നീടു സിപിഎമ്മിനു സമ്മതിക്കേണ്ടി വരും. സ്ഥാനാർഥി നിർണയത്തിലടക്കം ഇക്കുറി പാർട്ടിക്കു പിഴവു സംഭവിച്ചുവെന്നാണു തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.
രണ്ടു ടേം വ്യവസ്ഥ മാറ്റി. മോശം മന്ത്രിമാരെന്നു പാർട്ടി തന്നെ വിലയിരുത്തിയവരെ വീണ്ടും സ്ഥാനാർഥികളാക്കി. പാർട്ടി ജില്ലാ നേതൃത്വങ്ങളുടെ എതിർപ്പു മറികടന്നാണു ചില മന്ത്രിമാരെ സംസ്ഥാന നേതൃത്വം ഇടപെട്ടു വീണ്ടും സ്ഥാനാർഥികളാക്കിയത്. ഇതെല്ലാം ഇനി സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള കുറ്റപത്രമാകും.
സിപിഎമ്മിനു മാത്രമല്ല സിപിഐക്കും തെരഞ്ഞെടുപ്പു ഫലം വലിയ ക്ഷീണമുണ്ടാക്കി. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ടു സിപിഐ നേതാക്കൾ നടത്തിയേക്കാവുന്ന പ്രതികരണം ഇടതുപക്ഷ രാഷ്ട്രീയത്തെ കലുഷിതമാക്കാനും ഇടയുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മിന്റെ ദയനീയ പരാജയവും ഇടതുമുന്നണിക്കു വലിയ ക്ഷീമണാണ് ഉണ്ടാക്കിയത്.
തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നതിനായി നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
Kerala
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ കടപുഴകിയത് 13 മന്ത്രിമാർ. ഉറച്ച വിജയപ്രതീക്ഷ പുലർത്തിയിരുന്ന മന്ത്രിമാരാണ് ഇതിലേറെയും. വീണാ ജോർജ്, കെ.ബി. ഗണേഷ് കുമാർ, വി.എൻ. വാസവൻ, പി. രാജീവ് തുടങ്ങിയവരെല്ലാം യുഡിഎഫ് തരംഗത്തിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി.
പത്തനാപുരത്തെ കെ.ബി. ഗണേഷ് കുമാറിന്റെ തോൽവി എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. 2001 മുതൽ 25 വർഷക്കാലം എംഎൽഎയായിരുന്നു ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് ഗണേഷ് കുമാറിനെ തോൽപിച്ചത്.
ആറൻമുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ തോൽപിച്ചത് കോൺഗ്രസിന്റെ അബിൻ വർക്കിയാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ വീണയ്ക്ക് സാധിച്ചില്ല. നേമത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചടയമംഗലത്ത് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിയും പരാജയപ്പെട്ടു.
ഏറ്റുമാനൂരിൽ വി.എൻ. വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും കളമശേരിയിൽ പി. രാജീവിനും ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവിനും അപ്രതീക്ഷിത തോൽവിയാണ് ഉണ്ടായത്.
തിരൂരിൽ കായികമന്ത്രി വി.അബ്ദുറഹിമാനും എലത്തൂരിൽ എ.കെ. ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആർ. കേളുവും കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും തൃത്താലയിൽ എം. ബി. രാജേഷും പരാജയം ഏറ്റുവാങ്ങി.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഏഴ് മന്ത്രിമാരാണ് വിജയിച്ചത്. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലും ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസും ഒല്ലൂരിൽ കെ.രാജനും നെടുമങ്ങാട് ജി.ആർ. അനിലും ചെങ്ങന്നൂരിൽ സജി ചെറിയാനും ചേർത്തലയിൽ പി.പ്രസാദും ജയിച്ചു.
» 19 മന്ത്രിമാരിൽ 13 പേരും തോറ്റു
» എട്ട് എൽഡിഎഫ് ഘടകകക്ഷികൾക്കു സീറ്റില്ല
» മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ബി. ഗണേഷ്കുമാർ, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, പി. രാജീവ്, വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, ഒ. ആർ. കേളു, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വി. അബ്ദുറഹിമാൻ എന്നിവർ തോറ്റു
» കൊട്ടാരക്കരയിൽ മന്ത്രി കെ. എൻ. ബാലഗോപാലിന് വിജയം
» മുൻ മന്ത്രി മാത്യു ടി. തോമസ് തിരുവല്ലയിൽ മൂന്നാം സ്ഥാനത്ത്
» ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും തോൽവി
» സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറന്പിൽ തോറ്റു
» ധർമടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു
» ഇടതുമുന്നണിയിൽ ജയിച്ചത് സിപിഎം, സിപിഐ, ആർജെഡി മാത്രം
» മത്സരിച്ച 12 സീറ്റിലും തോറ്റ് കേരള കോൺഗ്രസ്-എം
» പിണറായി-വെള്ളാപ്പള്ളി സൗഹൃദം വിനയായി
Kerala
കണ്ണൂര്‍: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും തിളക്കമുണ്ടായില്ല. വോട്ടെണ്ണലിന്റെ ആദ്യ നാലു മണിക്കൂറുകള്‍ സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ചങ്കിടിപ്പേറ്റുന്ന തരത്തിലായിരുന്നു.
പിണറായി വിജയനെ വിറപ്പിച്ചായിരുന്നു ആദ്യത്തെ ആറു റൗണ്ടുകളിൽ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിന്റെ മുന്നേറ്റം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിറവി നല്കിയ പിണറായി ഉള്‍പ്പെടുന്ന ധര്‍മടം മണ്ഡലം സിപിഎമ്മിന്റെ ചെങ്കോട്ടയാണ്. സംസ്ഥാനത്ത് തന്നെ സിപിഎമ്മിന്റെ ഇളകാത്ത കോട്ട കൂടിയാണ് ധര്‍മടം. മൂന്നാം ഭരണത്തിന് നായകനാകാന്‍ ധര്‍മടത്ത് മത്സരിച്ച പിണറായി വിജയന് ഇത്തവണ രക്ഷപ്പെട്ടത് അപ്രതീക്ഷിത ഭൂരിപക്ഷത്തിന്.
2016ൽ 36,905 ഉം 2021 ല്‍ 50,123 വോട്ടും ഭൂരിപക്ഷം നേടിയായിരുന്നു പിണറായി വിജയന് ധര്‍മടത്തുനിന്ന് ജയിച്ചത്. ഈ ഭൂരിപക്ഷമാണ് ഇത്തവണ 19,247ആയി കുറഞ്ഞത്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍തന്നെ ധര്‍മടത്ത് പിണറായി വിജയന് പിറകിലായത് പാര്‍ട്ടി അണികളില്‍ ഞെട്ടലാണുണ്ടാക്കിയത്. ഒന്നാം റൗണ്ടില്‍ 733 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് മുന്നിട്ടു നിന്നത്. പിന്നീട് ആറ് റൗണ്ടുകളിലും അബ്ദുൾ റഷീദിനു തന്നെയായിരുന്നു ലീഡ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നും മലപ്പുറത്തെയും എറണാകുളത്തെയും മുഴുവൻ സീറ്റും വിജയിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവചനം യാഥാർഥ്യമായി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ജയത്തെക്കുറിച്ച് വി.ഡി. സതീശൻ വിസ്മയ പ്രവചനം നടത്തിയത്.
വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു അന്ന് പ്രധാനമായി പറഞ്ഞത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകൾ തൂത്തുവരുമെന്നായിരുന്നു സതീശന്റെ പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും അത്ഭുതകരമായ മാറ്റമുണ്ടാകും. തൃശൂരിൽ പഴയ പ്രതാപത്തിലേക്കു മടങ്ങുമെന്നും അന്നത്തെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദീപിക അഭിമുഖത്തിലും പേരെടുത്തു പറഞ്ഞു നാലു കോർപറേഷനുകളിലെ വിജയവും ഭൂരിഭാഗം പഞ്ചായത്തുകളിലെ വിജയവും യാഥാർഥ്യമായിരുന്നു. ഇതു പൊതുസമൂഹത്തിൽ ഏറെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
അഞ്ചു വർഷം മുൻപു നടന്ന തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തിൽ മടക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് പറവൂരിൽനിന്നുള്ള എംഎൽഎയായ വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഏൽപിച്ചത്. ഇതിന്റെ ഭാഗമായി ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ- തദ്ദേശ തെരഞ്ഞടുപ്പിലും വലിയ വിജയത്തിലെത്തിക്കാൻ വി.ഡി. സതീശനായി.
സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുന്നതു വരെ ഒട്ടേറെ യാഥാർഥ്യങ്ങൾ വിസ്മയകരമായി നടപ്പാക്കിയാണ് അദ്ദേഹം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയ പ്രവചനം നടപ്പാക്കുന്നത്. ഇതാണ് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാൻ സഹായിക്കുന്നതെന്നാണ് സതീശന്റെ പക്ഷം.
യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും വർഗീയ വിരുദ്ധ നിലപാടും അടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിച്ചും സതീശൻ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നേതാവായി ഉയരുകയായിരുന്നു.
National
ന്യൂഡൽഹി: അവസാനത്തെ കമ്യൂണിസ്റ്റ് കോട്ടയും തകർന്നുവീണു. അഞ്ചു പതിറ്റാണ്ടിനുശേഷം ആദ്യമായി രാജ്യത്തൊരിടത്തും ഇടതുപക്ഷ ഭരണമില്ലാതായി. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി പോയിട്ട്, പേരിനൊരു മന്ത്രി പോലുമില്ലാത്ത സിപിഎമ്മിനെക്കുറിച്ച് സിപിഎം നേതാക്കൾപോലും അധികം ചിന്തിച്ചിട്ടുണ്ടാകില്ല. നിലനിൽപിനു വേണ്ടിയാകും ഇനിയുള്ള പോരാട്ടം. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അവസാനം കൂടിയാകുമിത്.
കമ്യൂണിസ്റ്റ് സഖാക്കളുടെ തലമുറകൾ കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഇല്ലാത്ത രാഷ്ട്രീയ ദുരവസ്ഥയാണു സംജാതമായിരിക്കുന്നത്. കമ്യൂണിസ്റ്റുകളുടെ സംഘടനാ പാരന്പര്യംപോലും അവഗണിച്ച് പിണറായി വിജയന്റെ താൻപ്രമാണിത്തത്തിനു കിട്ടിയ തിരിച്ചടി കൂടിയായി ജനവിധി.
ബിജെപിയുടെ മൂന്നിന് വലിപ്പമേറെ
കേരള നിയമസഭയിൽ ബിജെപിക്കു മൂന്ന് എംഎൽഎമാരെ കിട്ടിയത് കമ്യൂണിസ്റ്റുകളുടെ ഉറക്കം കെടുത്തും. മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരനും വി. മുരളീധരനും ചെറിയ നേതാക്കളല്ല. 10 മുതൽ 15 വർഷത്തിനകം ബിജെപിയും എൻഡിഎയും കേരളത്തിലെ പ്രബല മുന്നണികളിലൊന്നാകാൻ സാധ്യതയേറി. കേന്ദ്രത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും കണ്ടത് രാഷ്ട്രീയ എതിരാളികൾ മറക്കാനിടയില്ല.
പിണറായി വിജയന്റെ പത്തു വർഷത്തെ ഭരണത്തിൽ സിപിഎമ്മും സിപിഐയും മറ്റും വല്ലാതങ്ങ് അഹങ്കരിച്ചു. ജനങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്കും പുല്ലുവില കൊടുത്ത് ഏകാധിപതിയെപോലെ രാജകീയമായി വാണരുളിയവരെ ജനം തൂത്തെറിഞ്ഞു. സിപിഎമ്മിന്റെ കോട്ടകൾവരെ തകർന്നടിഞ്ഞു. കമ്യൂണിസ്റ്റുകളുടെ സംഘടനാപരമായ കെട്ടുറപ്പുപോലും പിണറായിക്കു മുന്നിൽ തകർന്നു. തിരുത്തലുകൾക്കും മാറ്റങ്ങൾക്കും തയാറാകാത്ത പാർട്ടികളെ ജനം തൂത്തെറിയുമെന്ന സന്ദേശം വ്യക്തം.
പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ
1977 മുതൽ അഞ്ചു പതിറ്റാണ്ടുകളായി ഒരു സംസ്ഥാനത്തിലെങ്കിലും സിപിഎം സർക്കാരുണ്ടായിരുന്നു. ജ്യോതിബാസുവിന് പ്രധാനമന്ത്രി സ്ഥാനംവരെ കൈയിലെത്തിയതു തട്ടിക്കളഞ്ഞ പാർട്ടിയാണു സിപിഎം. അന്നത്തെ ചരിത്രപരമായ മണ്ടത്തരം പാർട്ടിയുടെ ബലഹീനത കൂട്ടിയതേയുള്ളൂ.
ഡോ. മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാരിനെ പുറത്തുനിന്നു പിന്തുണച്ചു നിയന്ത്രിച്ചു ഞെളിഞ്ഞ സിപിഎമ്മിന്റെ നല്ല കാലവും മറക്കരുത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെക്കാലം വലിയ സ്വാധീനം ചെലുത്തിയ സിപിഎമ്മിനും സിപിഐക്കും ഇനി ചില പ്രാദേശിക പാർട്ടികളുടെ വില പോലുമില്ലാതായെന്നതാണു ദുരന്തം. കേരളത്തിൽ വീശിയടിച്ച യുഡിഎഫ് തരംഗത്തിലും എൽഡിഎഫിന്റെ തകർച്ചയിലും ഘടകകക്ഷികൾക്കും കനത്ത തോൽവി നേരിടേണ്ടി വന്നു. അഞ്ചു എംഎൽഎമാരുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്-എം വട്ടപ്പൂജ്യമായി.
വഴിമാറിയതു ബിജെപിക്കായി
1997 മുതൽ 2011 വരെ പശ്ചിമ ബംഗാളിലും 1993 മുതൽ 2018 വരെ ത്രിപുരയിലും തുടർച്ചയായി ഭരിച്ചിരുന്ന പഴയ കാലം ഓർമ മാത്രമായി. പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഗിന്നസ് റിക്കാർഡ് നേടിയ ഇടതുമുന്നണി ഭരണം 2011ൽ മമത ബാനർജിയും തൃണമൂൽ കോണ്‍ഗ്രസുമാണ് അവസാനിപ്പിച്ചത്. പതിനഞ്ചു വർഷം നീണ്ട മമതയുടെ തോരോട്ടം അവസാനിപ്പിച്ചാണു ബിജെപി ബംഗാളിൽ വിജയക്കൊടി പാറിച്ചത്.
പതിറ്റാണ്ടുകൾ അടക്കിഭരിച്ച ബംഗാളിൽ ഇത്തവണ സിപിഎം വെറും ഒരു സീറ്റിലൊതുങ്ങി. പൂജ്യത്തിൽനിന്നു ഒന്നിലേക്കു വളർന്നുവെന്നതാകും ഏക ആശ്വാസം. ത്രിപുരയിൽ 25 വർഷം നീണ്ട ഇടതുമുന്നണി ഭരണമാണ് 2018ൽ ബിജെപി അത്ഭുതകരമായി തകർത്തതോടെ അവസാനിച്ചത്. 2023ലും ബിജെപി ഈ നേട്ടം ആവർത്തിച്ചതോടെ സിപിഎമ്മിന്റെ പ്രതീക്ഷകൾപോലും കുറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു വേരുണ്ടായിരുന്ന ബിഹാറിലും പഞ്ചാബിലും അടക്കം പല സംസ്ഥാനത്തും മുന്‍പേ ക്ഷയിച്ചതാണ്.
വീഴ്ത്താനിറങ്ങി വീണുപോയവർ
1957ൽ ലോകത്തുതന്നെ രണ്ടാമതായി കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയതും ചരിത്രം രചിച്ചതാണ്. പിന്നീടിങ്ങോട്ട് യുഡിഎഫിനൊപ്പം മാറിമാറി കേരളം ഭരിച്ചിരുന്ന ഇടതുപക്ഷം ചരിത്രത്തിലാദ്യമായി തുടർഭരണവും നേടി.
ബംഗാളിലെയും ത്രിപുരയിലെയും തെറ്റുകൾ ആവർത്തിക്കാൻ തുടർഭരണം കാരണമായി. അതോടെ ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളവും കൈവിട്ടു. സിപിഎം കേഡർമാരും പ്രവർത്തകരും അനുഭാവികളും കൂട്ടത്തോടെ ബിജെപിയിലേക്കു ചേക്കേറിയതാണ് ബംഗാളിലും ത്രിപുരയിലും കണ്ടത്. കേരളത്തിലും ഇടതനുകൂല വോട്ടർമാരിൽ ഒരു വിഭാഗമെങ്കിലും ബിജെപിയിലേക്കു മാറിയിട്ടുണ്ട്.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആദ്യ യുപിഎ ഭരണത്തിലും ദേശീയ തലത്തിൽ സ്വാധീനത്തിന്റെ കൊടുമുടിയിലെത്തിയശേഷം തുടർച്ചയായ പതനത്തിലേക്കാണു സിപിഎം വീണത്. 2004ൽ സിപിഎമ്മും സിപിഐയും അടക്കമുള്ള നാല് ഇടതുപക്ഷ പാർട്ടികൾ 59 ലോക്സഭാ സീറ്റുകൾ നേടി.
സിപിഎമ്മിന് മാത്രം 43 എംപിമാരുണ്ടായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ ശിൽപിയായും നിയന്ത്രിക്കുന്ന പാർട്ടിയായും സിപിഎം ഉയർന്നിരുന്നു. ആദ്യ യുപിഎ സർക്കാരിലെ പ്രധാന രാഷ്ട്രീയ ചർച്ച ഇടതുപക്ഷ ഇടപെടലുകളെക്കുറിച്ചായിരുന്നു. ഇന്ത്യ- അമേരിക്ക ആണവോർജ കരാറിന്റെ പേരിൽ മൻമോഹൻ സിംഗ് സർക്കാരിനു പിന്തുണ പിൻവലിച്ചെങ്കിലും സർക്കാരിനെ വീഴ്ത്താനായില്ല.
കൊടുമുടിയിൽനിന്നു താഴേക്ക്
യുപിഎ സർക്കാരിനെ വീഴ്ത്താൻ നോക്കിയ ഇടതുപക്ഷം പക്ഷേ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്കു കൂപ്പുകുത്തി. പിന്നീടിങ്ങോട്ട് ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ക്ഷയിച്ചുകൊണ്ടേയിരുന്നു. സീറ്റ് 2014ൽ പത്തും 2019ൽ അഞ്ചും ആയി കുറഞ്ഞു. സിപിഎമ്മിനും സിപിഐക്കും ഇപ്പോൾ ലോക്സഭയിൽ ആറ് എംപിമാരുണ്ട്. ഇവരിൽ നാലുപേർ തമിഴ്നാട്ടിൽ ഡിഎംകെയുടെ തോളിലേറിയും ഒരാൾ രാജസ്ഥാനിൽ കോണ്‍ഗ്രസിന്റെ പിന്തുണയോടെയുമാണു വിജയിച്ചത്. ലോക്സഭയിൽ ഇപ്പോൾ സിപിഐ-എംഎൽ ലിബറേഷന്‍ ബിഹാറിൽ നിന്നു രണ്ട് എംപിമാരുണ്ട്.
1951ൽ രാജ്യത്തു നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.
ചരിത്രം തിരുത്തി ചരിത്രമാകരുത്
ഇന്ത്യയിലും കേരളത്തിലും ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റുകൾ വെറും ചരിത്രമായി മാറാതിരിക്കണമെങ്കിൽ വീഴ്ചകളിൽനിന്നു പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. വലിയ തിരുത്തലുകളും ഉടച്ചുവാർക്കലുകളും അനിവാര്യമാണ്. തിരുത്തൽ ശക്തിയായി ഇടതുപക്ഷ പാർട്ടികൾ സജീവമായുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തില്ലെന്നു കരുതാം.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ 28.79 ശതമാനം വോട്ട് വിഹിതത്തോടെ കോണ്‍ഗ്രസ് മുന്നിൽ വന്നു. സിപിഎമ്മിനു ലഭിച്ചത് 21.77 ശതമാനം വോട്ട് ആണ്.
വോട്ട് എണ്ണത്തിലും വിഹിതത്തിലും മൂന്നാമത് ബിജെപി ആണ്. അവർ 11.42 ശതമാനം വോട്ട് നേടി. തൊട്ടടുത്ത് മുസ്ലിംലീഗ് ഉണ്ട്. അവർക്ക് 11.01 ശതമാനം വോട്ട് ലഭിച്ചു.
കോണ്‍ഗ്രസിനു ലഭിച്ചത് ആകെ 62,17,918 വോട്ടാണ്. സിപിഎമ്മിനാകട്ടെ 47,00,662 വോട്ട് ലഭിച്ചു. ബിജെപിക്ക് 24,66,178 വോട്ട് ലഭിച്ചപ്പോൾ മുസ്ലിം ലീഗിന് 23,78,053 വോട്ട് ലഭിച്ചു. ബിജെപി മത്സരിച്ച 97 സീറ്റിൽ നിന്നാണ് ഇത്രയും വോട്ട് ലഭിച്ചത്. ലീഗാകട്ടെ മത്സരിച്ച 27 സീറ്റിൽ നിന്നാണ് ഇത്രയും വോട്ടുകൾ നേടിയത്.
സിപിഐക്ക് 6.64 ശതമാനം വോട്ടും കേരള കോണ്‍ഗ്രസിന് 2.43 ശതമാനം വോട്ടും കേരള കോണ്‍ഗ്രസ്-എമ്മിന് 2.60 ശതമാനം വോട്ടും ലഭിച്ചു.
Kerala
തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമെന്നു പറഞ്ഞാൽ പോരാ, ഭരണത്തോടും ഭരിച്ചവരോടുമുള്ള അതിതീവ്രമായ ജനരോഷമാണു തെരഞ്ഞെടുപ്പു ഫലത്തിലൂടെ പ്രകടമായത്. യുഡിഎഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു കാട്ടുകയല്ല, എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനോടും രണ്ടാം പിണറായി സർക്കാരിനോടുമുള്ള ദേഷ്യം ജനം തികച്ചും രോഷത്തോടെ പ്രകടിപ്പിക്കുകയായിരുന്നു. കടക്ക് പുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രിയോടു ജനങ്ങളും പറഞ്ഞിരിക്കുന്നു: കടക്ക് പുറത്ത്.
മന്ത്രിമാർക്കെതിരേ പ്രതിഷേധം പ്രകടിപ്പിച്ച യുവാക്കളെ ചെടിച്ചട്ടി ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചതിന്റെ ദൃശ്യം കണ്ടു ജീവൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞ ഒരു മുഖ്യമന്ത്രിയെ ജനം ബാലറ്റിലൂടെ കൈകാര്യം ചെയ്തു. സമരങ്ങളെ പുച്ഛിക്കുകയും പ്രതിഷേധങ്ങളെ തല്ലിയൊതുക്കുകയും ചെയ്തത് സമരങ്ങളിലൂടെ വളർന്നുവന്ന ഇടതുപക്ഷത്തിന്റെ സർക്കാർ ആയിരുന്നു.
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ മുദ്രാവാക്യം മുഴക്കിയ ചെറുപ്പക്കാർക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണു ചേർത്തത്. അവർ മന്ത്രിയുടെ അടുത്തെങ്ങും എത്തിയില്ലെന്നു ജനങ്ങളെല്ലാം ടെലിവിഷൻ ദൃശ്യങ്ങളിലൂടെ കണ്ടു മനസിലാക്കി. പക്ഷേ ഭരണപക്ഷത്തെ നേതാക്കൾക്കു മാത്രം അതു മനസിലായില്ല. കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ചെറുപ്പക്കാർ രണ്ടാഴ്ച ജയിലിൽ കിടന്നു. ആശ സമരത്തെ സർക്കാർ നേരിട്ടതെങ്ങനെയെന്നും ജനം കണ്ടു. ഇതിനെല്ലാം കണക്കു തീർത്തു ജനം കൊടുത്തു.
തെരഞ്ഞെടുപ്പിലേക്ക് അടുത്തപ്പോൾ സർക്കാരും എൽഡിഎഫും നടത്തിയ വന്പൻ പരസ്യപ്രചാരണം ജനത്തെ ആകർഷിക്കുകയല്ല, മറിച്ച് ഭരണപക്ഷത്തു നിന്ന് അകറ്റുകയാണു ചെയ്തത്. മറുവശത്ത് യുഡിഎഫ് ആകട്ടെ വിഭവശേഷിയിൽ പിന്നിലായിരുന്നു. എന്നിട്ടും അവർ വന്പൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്.
ഇടതരും കൈകൊടുത്തു
ചരിത്രത്തിലാദ്യമായി കണ്ണൂരിലെ ഇടതുകോട്ടകൾ വിറച്ചു വീഴുന്നതു കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വരെ ആദ്യ റൗണ്ടുകളിൽ പിന്നിൽ പോയി. യുഡിഎഫ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ചേർന്നാൽ ഇത്രയും വോട്ട് വരില്ല. ഇടതുപക്ഷത്തെ കുറേയധികം വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി വന്നു എന്നു വ്യക്തം. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു മടങ്ങിയെത്തി. എങ്കിലും സെഞ്ചുറിയും കടന്നു മുന്നോട്ടു പോകാൻ ചോർന്നുവന്ന ഈ ഇടതുവോട്ടുകളും യുഡിഎഫിനെ സഹായിച്ചു എന്നു വേണം മനസിലാക്കാൻ.
ടീം യുഡിഎഫ്
ഇടയ്ക്കിടെ പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും യുഡിഎഫ് ഏറെക്കുറെ ഒറ്റക്കെട്ടായാണു മുന്നോട്ടു പോയത്. പ്രതിപക്ഷ നേതാവിന്റെ അതിശക്തമായ കടന്നാക്രമണങ്ങളും വെല്ലുവികളും യുഡിഎഫ് പ്രവർത്തകരിൽ ആത്മവിശ്വാസം നിറച്ചു. യുഡിഎഫ് നൂറു കടക്കുമെന്നു നാളുകൾക്കു മുന്‍പു തന്നെ സതീശൻ പ്രഖ്യാപിച്ചു. യുഡിഎഫ് ജയിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസം വരിക്കുമെന്നു വരെ സതീശൻ ആവർത്തിച്ചു പറഞ്ഞു. ഇതു വല്ലാത്തൊരു ആത്മവിശ്വാസം തന്നെ ആയിരുന്നു. ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഒരു സതീശൻ സ്റ്റൈൽ ഉണ്ടായിരുന്നു. അത് നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്നു.
മറ്റു നേതാക്കളുടെ പങ്കും ചെറുതല്ല. രണ്ടു വർഷം മുന്‍പു വയനാട്ടിൽ നടന്ന കോണ്‍ക്ലേവിലാണ് തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള അടിത്തറ പാകിയത്. അപ്രതീക്ഷിതമായ സ്ഥാനാർഥിത്വങ്ങളും തെരഞ്ഞെടുപ്പു വിജയത്തിനു കാരണമായി. ജയിച്ചു വന്ന യുവനേതാക്കളുടെ വൻനിര കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ശോഭനമാണെന്നു തെളിയിക്കുന്നു.
ഹൈക്കമാൻഡിൽ നിന്നുള്ള വലിയ പിന്തുണ കെ.സി. വേണുഗോപാലിന്റെ സംഭാവനയാണ്. രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളും എഴുതിത്തള്ളാവുന്നതല്ല.
അടിതെറ്റിയവർ
യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോൾ മന്ത്രിമാരിൽ ഭൂരിപക്ഷവും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു. ഭരണപക്ഷത്ത് കേരള കോണ്‍ഗ്രസ്- എമ്മും പഴയ ജനതാദൾ- എസ് ആയ ഐഎസ്ജെഡിയും സംപൂജ്യരായി. യുഡിഎഫിലേക്കു വരാനുള്ള സാധ്യതകൾ കൊട്ടിയടച്ചതിൽ കേരള കോണ്‍ഗ്രസ്- എം ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. അതേസമയം കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാ പ്രാതിനിധ്യമില്ലാതിരുന്ന ആർഎസ്പിക്ക് ഇക്കുറി മൂന്നു പേരെ ജയിപ്പിക്കാൻ സാധിച്ചു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പിനെതന്നെ അപകടപ്പെടുത്തുന്ന പരാജയമാണിത്. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടതുഭരണമില്ലാത്ത സ്ഥിതിയായി. 1967നു ശേഷം ഇങ്ങനെയൊരു അവസ്ഥ ആദ്യമാണ്. കനത്ത പരാജയത്തെ സിപിഎം രാഷ്ട്രീയമായി എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ പാർട്ടിയുടെ ഭാവി.
ബിജെപിക്കു നേട്ടം
2016ൽ ഒരു സീറ്റ് ജയിച്ചതൊഴിച്ചാൽ ബിജെപി കേരള നിയമസഭയിൽ വട്ടപ്പൂജ്യമായിരുന്നു. ഇത്തവണ അവർ മൂന്നു സീറ്റിൽ വിജയിച്ചു. ഇതു നിസാരമല്ല. നിരവധി സീറ്റുകളിൽ അവർക്ക് മികച്ച പ്രകടനം നടത്താനും കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചതിന്റെ തുടർച്ചയായി കോർപറേഷൻ പരിധിയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും അവർ വിജയിച്ചിരിക്കുന്നു. ബിജെപിയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലയും സുരക്ഷിതമായിരിക്കുകയാണ്.
Kerala
കേരളത്തിൽ യുഡിഎഫ് രൂപീകരിച്ച ശേഷമുള്ള ഉയർന്ന സീറ്റാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. സ്വതന്ത്രർ ഉൾപ്പെടെ 102 സീറ്റ് നേടി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയച്ചപ്പോൾ ചരിത്രത്താളിലേക്കു കൂടിയാണ് നടന്നുകയറ്റം.
സംസ്ഥാന നിയമസഭയിൽ കോണ്‍ഗ്രസിന് ഏറ്റവും ഉയർന്ന എണ്ണം സീറ്റ് ലഭിച്ചത് 1965ലെ തെരഞ്ഞെടുപ്പിലായിരുന്നു. അന്നത്തെ 126 അംഗങ്ങളുള്ള നിയമസഭയിൽ കോണ്‍ഗ്രസിന് മാത്രം 63 എംഎൽഎമാരെ ലഭിച്ചിരുന്നു. ഇത്തവണയും 63 എന്ന അതേ മാന്ത്രിക സംഖ്യ കോണ്‍ഗ്രസ് ആവർത്തിച്ചു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്നതും ഇക്കുറിയാണ്. 22 സീറ്റ്. ലീഗിന് വനിത എംഎൽഎയെ ലഭിക്കുന്നതും ആദ്യം. 2011ൽ ലീഗിന് 20 സീറ്റ് ലഭിച്ചിരുന്നു.
1980ലാണ് കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) രൂപീകരിക്കുന്നത്. എന്നാൽ, 1977ൽ സിപിഐയും ആർഎസ്പിയും അടങ്ങിയ ഐക്യമുന്നണിക്ക് 110 സീറ്റ് ലഭിച്ചിട്ടുണ്ട്. 2001ൽ യുഡിഎഫ് 100 സീറ്റ് നേടിയാണ് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയത്. അന്ന് കോണ്‍ഗ്രസിനു മാത്രം 62 പേരെ ലഭിച്ചു. ലീഗിന് 16 പേരെയും. 1991ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് 55 സീറ്റും ലീഗ് 19 സീറ്റും നേടി അധികാരത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ 2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ മടങ്ങിയെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും 21 സീറ്റിൽ കോണ്‍ഗ്രസ് ഒതുങ്ങിയതോടെ രണ്ടാം പിണറായി സർക്കാർ അധികാരത്തുടർച്ച നേടി. എൽഡിഎഫ് പ്രതിനിധി പി.വി. അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോണ്‍ഗ്രസ് എംഎൽഎമാരുടെ എണ്ണം 22 ആയി. 2016ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് 22 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഏറ്റവും കുറവ് കോണ്‍ഗ്രസ് എംഎൽഎമാരുണ്ടായിരുന്ന നിയമസഭ 1967ലായിരുന്നു. പിളർപ്പോടെ ക്ഷയിച്ച കോണ്‍ഗ്രസിന് അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് മാത്രമാണ് ലഭിച്ചത്. ലീഗ് 14 സീറ്റ് നേടിയിരുന്നു.
1965 മുതൽ കോണ്‍ഗ്രസും ലീഗും നേടിയ സീറ്റുകൾ:
1965-കോണ്‍ഗ്രസ്- 36, ലീഗ്- 6.
1967-കോണ്‍ഗ്രസ്-9, ലീഗ്- 14.
1970- കോണ്‍ഗ്രസ്- 32, ലീഗ്- 12.
1980- കോണ്‍ഗ്രസ് (യു)- 21, കോണ്‍ഗ്രസ്(ഐ)- 17, ലീഗ്- 14.
1982-കോണ്‍ഗ്രസ്(ഐ)- 19, കോണ്‍ഗ്രസ്(എ)- 15, ലീഗ്- 14.
1987- കോണ്‍ഗ്രസ്- 33, ലീഗ്- 15.
1991- കോണ്‍ഗ്രസ്- 55, ലീഗ്- 19.
1996- കോണ്‍ഗ്രസ്- 37, ലീഗ്- 13.
2001-കോണ്‍ഗ്രസ്-62, ലീഗ്- 16.
2006-കോണ്‍ഗ്രസ്-24, ലീഗ്- 7.
2011-കോണ്‍ഗ്രസ്- 39, ലീഗ്-20.
2016-കോണ്‍ഗ്രസ്-22, ലീഗ്- 18.
2021- കോണ്‍ഗ്രസ്- 22, ലീഗ്- 15.
Kerala
തിരുവനന്തപുരം: മുന്നണി മാറി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ഇടതു മുന്നണിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളിൽ മലർത്തിയടിച്ച് മുൻ സിപിഎം നേതാക്കൾ. പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎയെ പരാജയപ്പെടുത്തി വി. കുഞ്ഞികൃഷ്ണനും തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ മുട്ടുകുത്തിച്ച് ടി.കെ. ഗോവിന്ദനും താരങ്ങളായി മാറിയപ്പോൾ കമ്യൂണിസ്റ്റ് ഈറ്റില്ലമായ ആലപ്പുഴയിലെ അന്പലപ്പുഴയിൽ മുൻ മന്ത്രികൂടിയായ ജി. സുധാകരൻ കാൽ ലക്ഷത്തിലധികം വോട്ടിനാണ് സിറ്റിംഗ് എംഎൽഎയെ കീഴടക്കിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽനിന്നും രാജിവച്ച് കോണ്‍ഗ്രസിലെത്തി ഇത്തവണ കോണ്‍ഗ്രസിനായി തൃക്കരിപ്പുരിൽ പോരാട്ടത്തിനിറങ്ങി മിന്നും ജയം സ്വന്തമാക്കിയ സന്ദീപ് വാര്യരും തെരഞ്ഞെടുപ്പിലെ ഗ്ലാമർ വിജയിയായി മാറി. പരന്പരാഗത ഇടത് ഉരുക്കു കോട്ടകളിലാണ് ഇവരുടെ തകർപ്പൻ വിജയമെന്നതാണ് ഏറെ ശ്രദ്ധേയം.
അന്പലപ്പുഴയിൽ സിറ്റിംഗ് എംഎൽഎയായ എച്ച്. സലാമിനെ 25,963 വോട്ടിനാണ് ജി. സുധാകരൻ പരാജയപ്പെടുത്തിയത്. ആലപ്പുഴയിൽ പാർട്ടിക്കുളളിലെ വിഭാഗീയതയാണ് സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഇടയാക്കിയത്. 2021ൽ 11,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സലാം വിജയിച്ച മണ്ഡലത്തിലാണ് അതും മറികടന്ന് കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുധാകരൻ വിജയം നേടിയത്.
പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ 7,487 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വി. കുഞ്ഞികൃഷ്ണൻ അട്ടിമറി വിജയനേട്ടത്തിന് അവകാശിയായത്. 2021ൽ 62.49 ശതമാനം വോട്ടു നേടിയാണ് സിപിഎം സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദനൻ വിജയിച്ചത്. 29.29 ശതമാനം മാത്രം വോട്ടായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്.
സിപിഎമ്മിലെ രക്തസാക്ഷി ഫണ്ടു വിവാദത്തെ തുടർന്ന് പാർട്ടിയിൽനിന്നും രാജിവച്ച് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് കുഞ്ഞികൃഷ്ണൻ യുഡിഎഫ് കഴിഞ്ഞ തവണ നേടിയതിനേക്കാൾ 35 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഇത്തവണ അട്ടിമറി വിജയം സ്വന്തമാക്കിയത്.
തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയാണ് അട്ടിമറി വിജയം നേടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ തവണ 52.14 ശതമാനം വോട്ടുമായി മികച്ച വിജയം നേടിയ മണ്ഡലത്തിൽ ഇക്കുറി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചതിനെ തുടർന്നാണ് ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്.
തൃക്കരിപ്പുരിൽ സന്ദീപ് വാര്യർ സിപിഎമ്മിലെ ഡോ. പി.പി.പി. മുസ്തഫയെ 4431 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എ. രാജഗോപാലൻ 53.71 ശതമാനം വോട്ടു നേടി വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സന്ദീപ് വാര്യരുടെ അതിശക്തമായ മുന്നേറ്റം.
സിപിഎം വിട്ട് കോണ്‍ഗ്രസിൽ ചേർന്ന ഐഷാ പോറ്റി കൊട്ടാരക്കരയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനെ വിറപ്പിച്ചു. അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നടത്തിയ പോരാട്ടത്തിനൊടുവിൽ 1300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലഗോപാലിനു വിജയിക്കാൻ കഴിഞ്ഞത്. ഇവിടെ ബിജെപിക്കായി മത്സരിച്ചത് 2021ലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന ആർ. രശ്മിയായിരുന്നു.
സിപിഐയിൽനിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന് മത്സരത്തിനിറങ്ങിയ സി.സി. മുകുന്ദന് നാട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. വൈക്കം മുൻ എംഎൽഎയും സിപിഐ നേതാവുമായിരുന്ന കെ. അജിത് സിപിഐയിൽനിന്നും രാജിവച്ച് ബിജെപിയിൽ എത്തി ഇത്തവണ വൈക്കത്ത് മത്സരത്തിനിറങ്ങിയെങ്കിലും മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ. മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന് ദേവികുളത്ത് മത്സരത്തിനിറങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.
സിപിഎം വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തി ഒറ്റപ്പാലത്ത് മത്സരത്തിനിറങ്ങിയ പി.കെ. ശശി തോൽവി രുചിച്ചു. സിപിഎമ്മിനെ വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം ഉപേക്ഷിച്ച് ഇക്കുറി ബേപ്പൂരിൽനിന്നും ജനവിധി തേടിയ പി.വി. അൻവർ മുഹമ്മദ് റിയാസിനു മുന്നിൽ പരാജയം രുചിച്ചു.
സിപിഎം വിട്ട് കോണ്‍ഗ്രസിൽ ചേർന്ന് മലന്പുഴയിൽ മത്സരിച്ച എ. സുരേഷിനും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ചിറയിൻകീഴിൽ എൻഡിഎ സ്ഥാനാർഥിയായി ഇത്തവണ രംഗത്തു വന്നത് കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ബി.എസ്. അനൂപാണ്.
രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേരുകയും സ്ഥാനാർഥിയാകുകയുമായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ രമ്യ നിയമസഭയിലേക്ക്.
കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി എത്തിയ മുൻ അടൂർ മുനിസിപ്പൽ ചെയർമാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരനു കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ട്വിന്റി20 സ്ഥാനാർഥിയായായണ് ബാബു പോരാട്ടത്തിനിറങ്ങിയത്. സിപിഐയിൽനിന്നും രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്ന മീനാങ്കൽ കുമാർ നെടുമങ്ങാട് കൈപ്പത്തി ചിഹ്്നത്തിൽ മത്സരത്തിനിറങ്ങിയെങ്കിലും പരാജയം രുചിച്ചു. സിപിഎമ്മിൽനിന്നും രാജിവച്ച് അവസാന നിമിഷം ബിജെപി സ്ഥാനാർഥിയായി വർക്കലയിൽ പോരാട്ടത്തിനിറങ്ങിയ സ്മിത സുന്ദരേശനു മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Kerala
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞതോടെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ ആവേശം അലതല്ലി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15യോടെയാണ് ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ വിജയിച്ച വാർത്ത പുറത്തുവന്നത്. അതോടെ മാരാർജി ഭവനിൽ ആവേശം മൂർധന്യാവസ്ഥയിൽ ആയി. ചാത്തന്നൂരിൽ വിജയിച്ച ബി. ബി. ഗോപകുമാർ രണ്ടരയോടെ പ്രതികരണവുമായി രംഗത്തെത്തി. ആർപ്പുവിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവർത്തകർ ഗോപകുമാറിന്റെ പ്രതികരണം സ്വീകരിച്ചത്.
മാരാർജി ഭവനിൽ പ്രത്യേകം സജ്ജീകരിച്ച വലിയ സ്ക്രീനിലാണ് തെരഞ്ഞെടുപ്പ് വാർത്തകൾ പ്രദർശിപ്പിച്ചിരുന്നത്. സ്ഥാനാർഥികൾ ഓരോരുത്തരായി വിജയിച്ചതോടെ പ്രവർത്തകർ ആർപ്പുവിളിച്ചം പരസ്പരം കെട്ടിപ്പിടിച്ചും ജയ് വെളിച്ചും സന്തോഷം പ്രകടമാക്കി.
ഇന്നലെ രാവിലെ ആറരയോടെ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് പ്രവർത്തകർ എത്തിച്ചേർന്നു തുടങ്ങിയിരുന്നു. എട്ടോടെ മാരാർജി ഭവനിൽ പ്രത്യേകം തയാറാക്കിയ സ്ക്രീനു മുന്നിൽ പ്രവർത്തകരും നേതാക്കളും അണിനിരന്നു. രാവിലെ ഒന്‍പതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും തുടർന്ന് കോർപ്പറേഷൻ മേയർ വി. വി. രാജേഷും സ്ഥലത്തെത്തി. ഗോപകുമാർ വിജയം ഉറപ്പിച്ചതോടെ പ്രവർത്തകർ ബിജെപി കാര്യാലയത്തിലേക്ക് ഒഴുകി.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. അപ്പോഴേക്കും സ്ക്രീനു മുന്നിൽ അണിനിരന്ന പ്രവർത്തകർ കൊടിയും മുദ്രാവാക്യങ്ങളുമായി പുറത്തേക്ക് ഇറങ്ങി. തൊട്ടു പിന്നാലെ എത്തിയ രാജീവ് ചന്ദ്രശേഖറിനെ താമര മാല അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു.
ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി. മുരളീധരൻ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. പ്രവർത്തകർ ഇതോടെ റോഡിലേക്ക് ഇറങ്ങി മുദ്രാവാക്യങ്ങളും ജയ് വിളികളുമായി സന്തോഷം പങ്കുവച്ചു.
Kerala
ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ ഇടതുകോട്ടകൾ വരെ പിഴുതെറിയപ്പെട്ടപ്പോൾ കേരളത്തിന്റെ എല്ലാ മേഖലകളിലും യുഡിഎഫ് മുന്നിലെത്തി. അഞ്ചു ജില്ലകൾ യുഡിഎഫ് തൂത്തുവാരിയപ്പോൾ പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ മാത്രമാണ് എൽഡിഎഫിനു യുഡിഎഫിനേക്കാൾ സീറ്റ് നേടാനായത്.
വയനാട്ടിലെ മൂന്നു സീറ്റുകളും മലപ്പുറത്തെ 16 സീറ്റുകളും എറണാകുളത്തെ 14 സീറ്റുകളും യുഡിഎഫ് തൂത്തുവാരി. ഇടുക്കിയിൽ ആകെയുള്ള അഞ്ചു സീറ്റും കോട്ടയത്തെ ഒന്‍പതിൽ ഒന്‍പതും യുഡിഎഫിലേക്ക് എത്തി. ഇടതുകോട്ടയായി അറിയപ്പെടുന്ന കോഴിക്കോട് പതിമൂന്നിൽ പന്ത്രണ്ടും പിടിച്ചെടുത്ത് യുഡിഎഫ് ചരിത്രം കുറിച്ചു.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ഉൾപ്പെടുന്ന മലബാറിൽ കഴിഞ്ഞ തവണ 28 സീറ്റ് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിനു ലഭിച്ചത് 21 സീറ്റുകളായിരുന്നു. ഇത്തവണ യുഡിഎഫിന് 40, എൽഡിഎഫിന് എട്ട്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളടങ്ങുന്ന മധ്യകേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17, എൽഡിഎഫിന് 36 എന്നിങ്ങനെ ആയിരുന്നു നില.
ഇപ്പോൾ യുഡിഎഫ് 37 സീറ്റിൽ വിജയിച്ചപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 36 സീറ്റ് ലഭിച്ച എൽഡിഎഫ് ഇത്തവണ 16 സീറ്റിലൊതുങ്ങി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുൾപ്പെടുന്ന തെക്കൻ കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 35 സീറ്റുകളും യുഡിഎഫിനു വെറും നാലു സീറ്റുകളുമാണു ലഭിച്ചത്. ഇത്തവണ ഇത് എൽഡിഎഫ് 11, യുഡിഎഫ് 25 എന്നായി മാറി.
കാസർഗോട്ടെ അഞ്ചു സീറ്റിൽ യുഡിഎഫ്-2, എൽഡിഎഫ്-3 എന്നതാണു നാളുകളായുള്ള സ്ഥിതി. ഇത്തവണ അതു മാറി. യുഡിഎഫ് നാലിലെത്തിയപ്പോൾ എൽഡിഎഫ് ഒന്നിലേക്ക് ഒതുങ്ങി. 1977 മുതൽ സിപിഎം ജയിച്ചുവരുന്ന തൃക്കരിപ്പൂരിൽ പുറത്തുനിന്നു വന്ന സ്ഥാനാർഥി എന്ന പേരുദോഷത്തോടെ മത്സരിക്കാനിറങ്ങിയ സന്ദീപ് വാര്യർ ജയിച്ചു കയറി.
കണ്ണൂരിൽ കൂടുതൽ മണ്ഡലങ്ങളിൽ ജയിക്കാനായെങ്കിലും തളിപ്പറന്പിലെയും പയ്യന്നൂരിലെയും പരാജയം സിപിഎം എങ്ങനെ മറക്കും. 1865 മുതൽ പയ്യന്നൂരിൽ സിപിഎം ആണു ജയിച്ചു വരുന്നത്. തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ പരാജയവും സിപിഎമ്മിനു സഹിക്കാനാകുന്നതല്ല. പയ്യന്നൂരിലും തളിപ്പറന്പിലും സിപിഎം പരാജയപ്പെട്ടത് സിപിഎമ്മിൽ നിന്നു സമീപകാലത്ത് പുറത്തു പോയവരോടാണെന്നതു പരിഗണിക്കുന്പോൾ ഇവിടത്തെ പരാജയം സിപിഎമ്മിന് ഉടനെങ്ങും മറക്കാൻ സാധിക്കുന്നതല്ല.
മലപ്പുറത്തും എറണാകുളത്തും യുഡിഎഫ് ക്ലീൻ സ്വീപ്പ് നടത്തിയപ്പോൾ കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പത്തനംതിട്ട ഇത്തവണ യുഡിഎഫ് തൂത്തുവാരി. പാലക്കാട് എൽഡിഎഫ് ഏഴ്, യുഡിഎഫ് അഞ്ച് എന്ന നിലയിൽ എൽഡിഎഫ് മുൻതൂക്കം നേടി. തൃശൂരിൽ യുഡിഎഫ് നാലു സീറ്റിൽ ഒതുങ്ങി. എൽഡിഎഫ് ഒന്‍പതു സീറ്റിൽ വിജയിച്ചു.
കോട്ടയം യുഡിഎഫ് തൂത്തുവാരിയപ്പോൾ ഏറ്റവും ക്ഷീണം പറ്റിയത് കേരള കോണ്‍ഗ്രസ്- എമ്മിനാണ്. കഴിഞ്ഞ തവണ അഞ്ചു സീറ്റിൽ വിജയിച്ച ഇവർ ഇത്തവണ മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ടു. മറുവശത്ത് പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ആകട്ടെ മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും വിജയിച്ച് മിന്നും പ്രകടനം നടത്തി. പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നു മാറി നിന്ന തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.
കൊല്ലത്ത് കഴിഞ്ഞ തവണത്തേതിന്റെ എതിർഫലമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണ യുഡിഎഫ് രണ്ടു സീറ്റിലൊതുങ്ങി. ഇത്തവണ എൽഡിഎഫ് രണ്ടു സീറ്റിൽ മാത്രമേ വിജയിച്ചുള്ളൂ. യുഡിഎഫ് സീറ്റെണ്ണം എട്ടായി വർധിച്ചു. ചാത്തന്നൂരിലെ ബിജെപി വിജയമാണ് അട്ടിമറി.
ശബരിമല സ്വർണക്കൊള്ളയും ആരോഗ്യവകുപ്പിനെതിരായ വിമർശനങ്ങളും മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപിച്ചു എന്ന കള്ളക്കഥയുമെല്ലാം അവർക്കു വിനയായി. വന്യജീവി ആക്രമണങ്ങളോടു കാട്ടിയ നിസംഗത മലയോര ജനതയെ സർക്കാരിനെതിരാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ന്യൂനപക്ഷ പ്രേമം വിട്ട് ഭൂരിപക്ഷ പ്രീണനത്തിലേക്കു കടന്ന സിപിഎമ്മിന് ഒടുവിൽ ആർക്കൊപ്പം നിൽക്കുന്നു എന്നു പോലും തിട്ടമില്ലാത്ത സ്ഥിതിയായി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിംവിരുദ്ധ പ്രസ്താവനകളും വെള്ളാപ്പള്ളിയും പിണറായി വിജയനും തമ്മിലുള്ള സൗഹൃദവുമെല്ലാം എൽഡിഎഫിനു വിനയായി.
Kerala
കൽപ്പറ്റ: സിറ്റിംഗ് എംഎൽഎയും പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രിയുമായിരുന്ന ഒ.ആർ. കേളുവിന്റെ പരാജയം സിപിഎമ്മിന് ക്ഷീണമായി.
യുഡിഎഫിന്റെ മണ്ഡലമായിരുന്ന മാനന്തവാടി 2011ലാണ് ഒ.ആർ. കേളുവിനെയിറക്കി സിപിഎം പിടിച്ചെടുത്തത്. എന്നാൽ, മൂന്നാം തവണ മണ്ഡലം നിലനിർത്താൻ സിപിഎമ്മിനും എൽഡിഎഫിനും ആയില്ല.
2016ൽ 1,307 വോട്ടായിരുന്നു കേളുവിന്റെ ഭൂരിപക്ഷം. പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ പ്രചാരണത്തിന് എത്തിയതും യുഡിഎഫ് വിജയം ഗംഭീരമാക്കി.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഇടത് കേന്ദ്രങ്ങള്‍. പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് പരാജയപ്പെട്ടത് വലിയ ഞെട്ടലാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.
ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.
പാര്‍ട്ടിക്കുള്ളിലെ സൗമ്യമുഖമായി ടി.പിയുടെ വിജയത്തിനായി പാര്‍ട്ടി എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും ഫലം നേരേ തിരിച്ചായി. ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ടി.പി. രാമകൃഷ്ണന് നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ടി.പി മത്സരരംഗത്തുനിന്നു മാറിയാല്‍ ജയസാധ്യതയെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇതോടെയാണ് വീണ്ടും ടി.പി പേരാമ്പ്രയില്‍ മത്സരരംഗത്തിറങ്ങിയത്.
പക്ഷേ കുറ്റിച്ചിറയിലെ കൗണ്‍സിലര്‍ കൂടിയായ ഫാത്തിമ പേരാമ്പ്രയിലെത്തി കളം നിറഞ്ഞതോടെ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയാണ് അനൗണ്‍സ്മെന്റ് വിവാദവും ഖൗമിലെ കുട്ടി വിവാദവും ഒക്കെയുണ്ടാവുന്നത്.
അതേസമയം ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ഇതിനിടയിലുണ്ടായ വിവാദങ്ങള്‍ യുഡിഎഫിന് ഗുണമായി ഭവിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 102 സീറ്റെന്ന ചരിത്രത്തിലെ മികച്ച വിജയം നേടിയാണ് 10 വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് 63 സീറ്റും മുസ്ലിംലീഗ് 22 സീറ്റും നേടി. ഇടതുമുന്നണി 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇക്കുറി 26 സീറ്റ് മാത്രമാണ് നേടാനായത്.
രണ്ടാം പിണറായി സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. സിപിഎം മന്ത്രിമാരാണ് കൂട്ടത്തോൽവി നേരിട്ടതിലേറെയും. എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനും പരാജയപ്പെട്ടു.
സിപിഐ ഒറ്റ സംഖ്യയിൽ ഒതുങ്ങിയെങ്കിലും നാലു മന്ത്രിമാരിൽ മൂന്നുപേരും ജയിച്ചെന്ന ആശ്വാസമുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ധർമടത്ത് പിന്നിൽ നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് കിതച്ചു ജയിച്ചു കയറുകയായിരുന്നു.
ബിജെപി മൂന്നു സീറ്റ് നേടി ചരിത്രത്തിലെ ഉജ്വല വിജയം നേടി. തിരുവനന്തപുരം ജില്ലയിലെ നേമം സീറ്റ് പിടിച്ചെടുത്ത ബിജെപി കഴക്കൂട്ടത്തും കൊല്ലം ജില്ലയിലെ ചാത്തന്നൂരും അട്ടിമറി ജയം നേടുകയായിരുന്നു. മൂന്നു സീറ്റും ഇടതുമുന്നണിയിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. 2016ലെ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിയിലെ ഒ. രാജഗോപാൽ വിജയിച്ചിരുന്നു.
സിപിഎം മന്ത്രിമാരിൽ കെ.എൻ. ബാലഗോപാലും പി.എ. മുഹമ്മദ് റിയാസും മാത്രമാണ് ജയിച്ചത്. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വീണാ ജോർജ്, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ കൂട്ടത്തോടെ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.
എൽഡിഎഫിനൊപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്- എമ്മിന് ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ, യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എട്ടിൽ ഏഴു സീറ്റും നേടി. പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച തെരഞ്ഞെടുപ്പിൽ പകരമെത്തിയ മകൻ അപു ജോസഫ് തൊടുപുഴയിൽ ഉജ്വല വിജയം നേടി. ആർഎസ്പി മത്സരിച്ച നാലു സീറ്റിൽ മൂന്നും ജയിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ് പിറവത്തു നിന്നു മികച്ച വിജയം നേടി.
സിപിഎം വിമതൻമാരിൽ അന്പലപ്പുഴയിലെ മുൻമന്ത്രി ജി. സുധാകരനും തളിപ്പറന്പിലെ ടി.കെ. ഗോവിന്ദനും പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും വിജയിച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.
മലന്പുഴയിൽ കൂറുമാറിയെത്തി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎയായിരുന്ന എ. സുരേഷ് മൂന്നാമതായി. ബിജെപി വിട്ടു കോണ്‍ഗ്രസ് സ്ഥാനാർഥിയായ സന്ദീപ് വാര്യർ ജയിച്ചു.
യുഡിഎഫ്
കോണ്‍ഗ്രസ് 63
മുസ്ലിം ലീഗ് 22
കേരള കോണ്‍ഗ്രസ് 7
ആർഎസ്പി 3
സിഎംപി 1
കേരള കോണ്‍ഗ്രസ് ജേക്കബ് 1
കേരള ഡമോക്രാറ്റിക് പാർട്ടി 1
ആർഎംപി 1
യുഡിഎഫ് (സ്വത) 3
(ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ എന്നിവരാണ് സ്വതന്ത്രർ)
എൽഡിഎഫ്
സിപിഎം 26
സിപിഐ 8
ആർജെഡി 1
എൻഡിഎ
ബിജെപി 3
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുതിപ്പിൽ ആവേശത്തിരയിളക്കമായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ. ഇന്നലെ രാവിലെ മുതൽ പ്രവർത്തകരുടേയും നേതാക്കളുടേയും ഒഴുക്കായിരുന്നു ഇന്ദിരാഭവനിലേക്ക്.
വോട്ടെണ്ണുന്നതിനു മുന്‍പേ ഭരണമുറപ്പിച്ചെന്ന രീതിയിൽ കെപിസിസി ഓഫീസിനു മുന്നിൽ നേരത്തെ തന്നെ വലിയ പന്തൽ ഒരുക്കിയിരുന്നു. ഫലം അപ്പപ്പോൾ അറിയാനായി ഒരുക്കിയ വലിയ സ്ക്രീനിനു മുന്നിൽ രാവിലെ 8.30 ഓടെ പ്രവർത്തകരും നേതാക്കളും ഇടുപിടിച്ചു.
കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, ഡോ.ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ തയാറാക്കിയ പന്തലിൽ ഇരുന്നാണ് തെരഞ്ഞെടുപ്പ് ഫലം കണ്ടുകൊണ്ടിരുന്നത്.
വോട്ടെണ്ണൽ ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിട്ടതോടെ കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫ് സ്ഥാനാർഥികൾ അതിശക്തമായ മുന്നേറ്റം നടത്തുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രവർത്തകരുടെ ആവേശമുയർന്നു. യുഡിഎഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 90 കവിഞ്ഞതോടെ മുദ്രാവാക്യം വിളികളോടെയും കോണ്‍ഗ്രസ് പതാക വാനിലുയർത്തിയും പ്രവർത്തകർ ആഹ്ളാദം പങ്കുവച്ചു.
11 ന് കഴിഞ്ഞതോടെ കെപിസിസി മുൻഅധ്യക്ഷൻ കെ. സുധാകരൻ ഇന്ദിരാഭവനിലേക്ക് എത്തി. മുദ്രാവാക്യം വിളികളോടെയായിരുന്നു സുധാകരനെ പ്രവർത്തകർ വരവേറ്റത്. ഇതിനു പിന്നാലെ എത്തിയ രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റിയാണ് ആഹ്ളാദം പങ്കുവച്ചത്. ഉച്ചയ്ക്ക് 12 ഓടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി ആസ്ഥാനത്തെത്തി.
അപ്പോഴും എല്ലാവരുടേയും ആകാംക്ഷ തെരഞ്ഞെടുപ്പിനു കടിഞ്ഞാണ്‍ പിടിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വരവിനു വേണ്ടിയായിരുന്നു. കന്റോൺമെന്റ് ഹൗസിലിരുന്നു തെരഞ്ഞെടുപ്പ് ഫലം കണ്ട പ്രതിപക്ഷ നേതാവ് തുടർന്ന് ഇന്ദിരാഭവനിലേക്ക് എത്തിയപ്പോൾ പ്രവർത്തകർ ആവേശ മുദ്രാവാക്യവുമായിട്ടായിരുന്നു വരവേറ്റത്. കെപിസിസി അധ്യക്ഷനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് ശേഷം നേതാക്കൾക്കൊപ്പം കേക്ക് മുറിച്ചാണ് പ്രതിപക്ഷ നേതാവ് ആഹ്ളാദം പങ്കുവച്ചത്.
കെപിസിസി ആസ്ഥാനത്ത് നേതാക്കൾ മാധ്യമങ്ങളെ കാണുന്പോൾ ആസ്ഥാനത്തിനു പുറത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് യുഡിഎഫിന്റെ വിജയം ഗംഭീരമായി ആഷോഷിച്ചത്. രാത്രി വൈകുവോളം പ്രവർത്തകരുടെ ഒഴുക്കായിരുന്നു കെപിസിസി ഓഫീസിലേക്ക്. ഏറെക്കാലം ആളനക്കമില്ലാത്ത അവസ്ഥായിരുന്ന കെപിസിസി ആസ്ഥാനം ഇന്നലെ നേതാക്കളേയും പ്രവർത്തകരേയും മാധ്യമപ്പടയേയും കൊണ്ട് പൂർണമായും ശബ്ദമുഖരിതമായി മാറി.
Kerala
തിരുവനന്തപുരം: ഭരണ വിരുദ്ധത കേരളത്തിൽ തരംഗമായി അലയടിക്കുമെന്നായിരുന്നു യുഡിഎഫ് വിശ്വാസം. പിണറായി വിരുദ്ധതയാകും നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ നിർണയിക്കുന്നതെന്നും യുഡിഎഫ് നേതൃത്വം ഉറച്ചു വിശ്വസിച്ചു. ഇതാണ് ഇന്നലെ നടന്ന വോട്ടെണ്ണലിൽ യാഥാർഥ്യമായത്. സ്വന്തം മണ്ഡലമായ കണ്ണൂരിലെ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ആറു റൗണ്ടുകളിൽ പിന്നിലായതു തന്നെ ഇതിന്റെ ഉത്തമ ഉദാഹരണമായി യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇടത് അനുഭാവികളെ കാര്യമായി ഗൗനിക്കണമെന്ന് ഇത്തവണ യുഡിഎഫ് സ്ഥാനാർഥികളോടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പിനിടെ പറഞ്ഞിരുന്നു. ഭരണത്തിൽ അസംതൃപ്തരായ ഇടത് അനുഭാവികൾ യുഡിഎഫിന് വോട്ട് ചെയ്യും, ഇതുകൂടി എത്തുന്നതോടെ യുഡിഎഫ് വിജയം 100 സീറ്റ് കടക്കും. പദ്ധതി വിജയമായി.
സിപിഎമ്മിന്റെ കണ്ണൂരിലെ കോട്ടകൊത്തളങ്ങളിൽ പോലും കടന്നു കയറാൻ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കോഴിക്കോട് വിജയിക്കാത്ത സീറ്റുകളും തന്ത്രത്തിൽ കുടുങ്ങി.
സിപിഎം വിമതരിൽ ചിലരെ പുറത്തു കൊണ്ടുവന്നു യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാക്കി ബി പ്ലാൻ പ്രാവർത്തികമാക്കിയതോടെ പാർട്ടിയിലെ വിശ്വാസ്യതയെ പോലും സിപിഎം അണികൾ ചോദ്യം ചെയ്യുന്നതായി. ഒരു ഘട്ടത്തിൽ യഥാർഥ ഇടതുപക്ഷം തങ്ങളാണെന്ന പ്രഖ്യാപനവും യുഡിഎഫ് നേതാക്കളിൽ നിന്നുണ്ടായി.
10 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ വിജയഘടകങ്ങളിൽ മുഖ്യം അതിശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ടീം യുഡിഎഫ് എന്ന പേരിൽ മുന്നണി ഒറ്റക്കെട്ടായിരുന്നു. സീറ്റ് വിഭജനത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന അപസ്വരങ്ങൾ പരമാവധി ഒഴിവാക്കി. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി ചില നേതാക്കൾക്ക് വിമർശനമുണ്ടായിട്ടും പുറത്തു പറഞ്ഞില്ല.
സോഷ്യൽ എൻജിനിയറിംഗ് തന്ത്രങ്ങളും വലിയ വിജയഘടകമൊരുക്കാൻ വഴികാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കാൻ യുഡിഎഫിനായത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കി.
ഭൂരിപക്ഷ സമുദായങ്ങളിലെ നല്ലൊരു ശതമാനം വോട്ട് കൂടി സമാഹരിക്കുന്നതിൽ വിജയിക്കാനായതും ഘടകകമായെന്നാണ് യുഡിഎഫ് വിലയിരുത്തൽ. വി.ഡി. സതീശന്റെ ഉറച്ച നിലപാടുകളും സമൂഹത്തിലെ ഒരു വിഭാഗത്തെ യുഡിഎഫിലേക്ക് അടുപ്പിച്ചു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയും കുറഞ്ഞ തുകയ്ക്കു ഭക്ഷണവും കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ സഹായവും അടക്കമുള്ള കോണ്‍ഗ്രസ് ഗാരന്റികൾ സ്ത്രീകളുടെയും ഇടത്തരക്കാരുടെയും വോട്ട് ആകർഷിക്കാനായി.
അജൻഡ സെറ്റ് ചെയ്തായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. ആദ്യ വിവാദ വിഷയമായി സിപിഎം- ബിജെപി ധാരണയെന്ന വജ്രായുധം പ്രതിപക്ഷ നേതാവ് തൊടുത്തുവിട്ടതോടെ പ്രചാരണ രംഗം യുദ്ധ ഭൂമിയായി.
ഇതിനു മറുപടി പറയാൻ സിപിഎമ്മും ബിജെപിയും ബുദ്ധിമുട്ടിയതോടെ വോട്ടുകളെ ഒരു പരിധിവരെ സ്വാധീനിക്കാനായി. ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കം ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും യുഡിഎഫ് വിജയത്തിന്റെ ഘടകങ്ങളായി.
Kerala
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സീറ്റുനില 35ൽ ഒതുങ്ങിയിരിക്കെ മൂന്നു രാജ്യസഭാ സീറ്റിൽ ഒഴിവ് വരുന്പോൾ ഒരു സീറ്റിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പോലും അവർക്കു ബുദ്ധിമുട്ടേണ്ടിവരും.
അടുത്ത ഏപ്രിലിൽ കേരളത്തിൽ മൂന്നു രാജ്യസഭാസീറ്റ് ഒഴിവുണ്ടാകും. സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ, മുസ്ലിംലീഗിന്റെ പി.വി. അബ്ദുൾ വഹാബ് എന്നിവരാണു കാലാവധി പൂർത്തിയാക്കുന്നത്.
രാജ്യസഭാ വോട്ടെടുപ്പിന്റെ രീതിയനുസരിച്ച് മൂന്ന് ഒഴിവുകളുണ്ടായാൽ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ 36 ഫസ്റ്റ് വോട്ടുകൾ വേണ്ടിവരും. യുഡിഎഫിന് രണ്ടു സ്ഥാനാർഥികളെ നിഷ്പ്രയാസം ജയിപ്പിക്കാം. എന്നാൽ മൂന്നാമതൊരാളെ ജയിപ്പിക്കാനാകില്ല. എൽഡിഎഫിനു സ്വന്തം വോട്ടിൽ ജയിപ്പിക്കാൻ ഒരു വോട്ടിന്റെ കുറവ് വരും.
ബിജെപിക്കാകട്ടെ മൂന്നു വോട്ടുകൊണ്ട് സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാൻ സാധിക്കില്ല. എന്നാൽ മറ്റൊരാളെ ജയിക്കാൻ സഹായിക്കാം. ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതിയനുസരിച്ച് ബിജെപിയുടെ സഹായം സ്വീകരിക്കാൻ ഇരുകൂട്ടർക്കും സാധിക്കില്ല.
Kerala
തളിപ്പറന്പ്: 1970ല്‍ യുഡിഎഫിലെ സി.പി. ഗോവിന്ദന് നമ്പ്യാര്‍ നേടിയ അട്ടിമറി വിജയത്തിന് ശേഷം തളിപ്പറന്പിൽ വീണ്ടും അട്ടിമറി.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ 12,551 വോട്ടുകൾക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയത്.
ടി.കെ. ഗോവിന്ദന്റെ വിജയം യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് ഭൂരിപക്ഷത്തിൽ ജയിക്കും എന്നതായിരുന്നു യുഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ, ഇതും മറികടന്നാണ് ടി.കെ. ഗോവിന്ദൻ വിജയിച്ചത്.
എൽഡിഎഫിന്റെ കണക്കുകൂട്ടലുകളും തെറ്റി. 6000-10,000നും ഇടയിൽ വോട്ടുകൾക്ക് പി.കെ. ശ്യാമള ജയിക്കുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ. ഇവിടെ കോൺഗ്രസ് റിബലായി മത്സരിച്ച കൊയ്യം ജനാർദനന് ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല. 1187 വോട്ട് മാത്രമാണ് കൊയ്യം ജനാർദനന് ലഭിച്ചത്. തളിപ്പറമ്പിൽ മത്സരിച്ച മറ്റൊരു ടി.കെ. ഗോവിന്ദന് 727 വോട്ട് ലഭിച്ചിട്ടുണ്ട്.
പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ. ഇതേ ഗോവിന്ദൻ തന്നെ ശ്യാമളയെ വീഴ്ത്തിയതോടെ സിപിഎം നേരിട്ടത് മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി.
തളിപ്പറമ്പ് എംഎൽഎയായിരുന്ന എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായത്. ഇതിന്റെ തുടർച്ചെയെന്നോണമാണ് ടി.കെ.ഗോവിന്ദന്റെ പരസ്യപ്രതികരണവും സ്ഥാനാർഥിത്വം പ്രഖ്യാപിക്കലും. അത്, പക്ഷേ മണ്ഡലം കൈവിടുന്ന തരത്തിൽ എത്തിക്കുമെന്ന് പാർട്ടി കരുതിയിയതേയില്ല.
എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടിവിടുന്ന കാര്യവും സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന യുഡിഎഫിന്റെ പിന്തുണയുറപ്പാക്കിയാണ് അദ്ദേഹം പാർട്ടിക്കെതിരേ രംഗത്തുവന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം ആരംഭിക്കുന്നതിനു മുൻപേ കന്റോണ്‍മെന്റ് ഹൗസിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവേശം നിറഞ്ഞു തെളിഞ്ഞിരുന്നു.
മുൻവശത്തെ പത്രസമ്മേളന ഹാളിലെ ’ബിഗ് സ്ക്രീൻ’ നേതാക്കൾക്കും പ്രവർത്തകർക്കുമായി വിട്ടു കൊടുത്ത് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിലെ ടെലിവിഷനു മുന്നിൽ ആത്മവിശ്വാസത്തിന്റെ കസേരയിട്ടിരുന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫലപ്രവചനം വീക്ഷിച്ചത്. തൊട്ടു മുന്നിലെ മേശയിൽ കൈയകലത്തിൽ തുറന്നുവച്ച ’മരുഭൂമിയിലെ മരുപ്പച്ച’ എന്ന പുസ്തകം.
ടിവി സ്ക്രീനിൽ കണ്ണോടിക്കുന്നതിനിടയിൽ തന്നെ ഇടയ്ക്കിടെ യുഡിഎഫ് സ്ഥാനാർഥികളെ വിളിച്ച് പ്രതിപക്ഷ നേതാവ് വിവരങ്ങൾ തിരക്കുന്നുണ്ട്. ഇങ്ങോട്ടു വിളിക്കുന്നവരുടെ കോളുകൾ അറ്റൻഡു ചെയ്യുന്നുമുണ്ട്.
മുറിയിലുണ്ടായിരുന്ന പ്രവർത്തകരോടും നേതാക്കളോടും കാണാനെത്തിയവരോടും അതിനിടയിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. യുഡിഎഫിന്റെ ലീഡ് നില ഉയരുന്പോൾ തൊട്ടപ്പുറത്തെ ഹാളിൽ നിന്നും പ്രവർത്തകരുടെ ആവേശം ആഘോഷ മുദ്രാവാക്യമായി ഉയരുന്നതും കേൾക്കാം.
സമയം പത്തു മണിയോടടുക്കുന്നു. യുഡിഎഫിന്റെ ലീഡ് തൊണ്ണൂറും കടന്ന് മുകളിലേക്ക്. പിന്നിട്ട ആറു റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണെന്ന് ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആർപ്പുവിളികൾ ആവേശമിന്നലായി, ’കടക്ക് പുറത്ത്..കടക്ക് പുറത്ത്’ എന്ന് ആകാവുന്നത്ര ഉച്ചത്തിൽ അലറിവിളിച്ചു.
അപ്പോഴേക്കും പ്രതിപക്ഷ നേതാവിനെ അഭിനന്ദനം അറിയിക്കാൻ കടന്നു വന്നവരെ കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറി നിറഞ്ഞിരുന്നു. നേതാക്കളും പ്രവർത്തകരും മുതൽ പ്രമുഖ വ്യക്തിത്വങ്ങൾ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ.
ഷാളണിയിച്ചും സമ്മാനങ്ങൾ നൽകിയും അവർ പ്രിയ നേതാവിന് സ്നേഹാശംസകളും അഭിനന്ദനങ്ങളും നേർന്നു. അധ്യാപകനും അക്കാഡമീഷ്യനുമായ ഡോ. അച്യുത്ശങ്കർ എസ്. നായർ, പുസ്തകങ്ങളുടെ തോഴനായ വി.ഡിക്കു സമ്മാനിച്ചത് ഏറ്റവും പുതിയ ശാസ്ത്ര പുസ്കങ്ങളിലൊന്നായിരുന്നു; ഡോ. പോൾ ഗോൾഡ്സ്മിത്ത് രചിച്ച ’ദ ഇവോൾവിംഗ് ബ്രെയിൻ’.
കാണാനെത്തിയവരെ ചേർത്തു പിടിക്കുന്നതിനിടയിലും ആശംസകൾക്ക് നന്ദി അറിയിക്കുന്നതിനിടയിലും പ്രതിപക്ഷ നേതാവിന്റെ കണ്ണുകൾ ഇടയ്ക്കിടെ ടിവി സ്ക്രീനിലൂടെ കടന്നു പോയി. സമയം 10.45 നോടടുക്കുന്നു. എൽഡിഎഫ് തകർന്നടിഞ്ഞതായുള്ള വാർത്താ വിശകലനങ്ങൾക്കിടെ യുഡിഎഫിന്റെ ലീഡ് 101 ലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു.
ഓഫീസ് മുറി വിട്ട് പുറത്ത് കടന്ന പ്രിയ നേതാവിനെ പൊതിഞ്ഞ പ്രവർത്തകർ, ആഹ്ലാദ മുദ്രാവാക്യങ്ങൾ കൊണ്ടു തുന്നിയ പൊന്നാടയണിയിച്ചു; പുതുയുഗപ്പിറവിയുടെ ആവേശം വാക്കുകളിൽ നിറഞ്ഞു’ഞങ്ങൾക്കൊന്നേ നേതാവുള്ളൂ...വിഡിഎസേ നേതാവേ.’
കന്റോണ്‍മെന്റ് ഹൗസിന്റെ മുറ്റത്തു നിന്നും കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിലേക്കു പ്രതിപക്ഷ നേതാവിന്റെ വാഹനം യാത്ര തരിക്കുന്പോൾ, യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവിൽ ആഹ്ലാദഭരിതരായ കോണ്‍ഗ്രസ് പ്രവർത്തകർ കേരളമെങ്ങും വിജയാഘോഷത്തിനു തുടക്കമിട്ടിരുന്നു.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിലെ ആദ്യ വനിതാ എംഎല്‍എ ആയി ഫാത്തിമ തഹ്ലിയ. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുകോട്ടയായ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തഹ്ലിയ തോല്‍പ്പിച്ചത്.
1999ൽ ഖമറുന്നിസ അൻവറിനും 2021ൽ നൂർബീന റഷീദിനും ശേഷം നിയമസഭയിലേക്ക് മത്സരിച്ച വനിതയാണ് ഫാത്തിമ തഹ്ലിയ. രണ്ടു വനിതകളാണ് ഇത്തവണ ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും.
കൂത്തുപറമ്പിൽ ആർജെഡി സ്ഥാനാർഥി പി.കെ. പ്രവീണിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ലീഗ് ദേശീയ അസി. സെക്രട്ടറിയുമായ ജയന്തി രാജൻ പരാജയപ്പെട്ടത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽനിന്ന് കൗൺസിലറായ ഫാത്തിമ തഹ്ലിയയെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി രംഗത്തിറക്കിയത് ലീഗ് സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു.
Kerala
കോട്ടയം: രണ്ട് സീറ്റിൽനിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴു സീറ്റിലേക്ക് കുതിച്ചു. എട്ടു സീറ്റുകളിൽ മത്സരിച്ച പാർട്ടി കാഞ്ഞാങ്ങാട് സീറ്റിൽ മാത്രമാണ് പരാജയപ്പെട്ടത്.
2021 ൽ 10 സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയ കേരള കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചു വരവു നടത്തി. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിൽ പാർട്ടി വിജയം നേടി.
ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദുവിനെ പരാജയപ്പെടുത്തിയാണ് തോമസ് ഉണ്ണിയാടൻ വിജയിച്ചത്. 10,212 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയാടൻ മണ്ഡലം പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റായ ചങ്ങനാശേരിയിൽ വിനു ജോബ് ജയിച്ചത്. 8368 വോട്ടുകൾക്കായിരുന്നു വിജയം.
തൊടുപുഴയിൽ കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥി സിറിയക് ചാഴിക്കാടനെ പരാജയപ്പെടുത്തിയാണ് പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ മകൻ അപു ജോണ്‍ ജോസഫ് 44,291 വോട്ടുകൾക്ക് പപാജയപ്പെടുത്തി.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിലെ നിർമല ജിമ്മിയെ തോൽപിച്ചത് 31,300 വോട്ടുകൾക്കാണ്. കോതമംഗലത്ത് ഷിബു തെക്കുംപുറവും തിരുവല്ലയിൽ വർഗീസ് മാമനും കുട്ടനാട്ടിൽ റെജി ചെറിയാനും വിജയം നേടി.
തൊടുപുഴ: ജോസ് കെ. മാണിയടക്കമുള്ളവര്‍ക്ക് തെറ്റ് ഏറ്റുപറഞ്ഞ് മടങ്ങി വരാമെന്നും വന്നാല്‍ സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. തൊടുപുഴയില്‍ മാധ്യമ പ്രവര്ത്തകര്ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇനി ഒരുകേരള കോണ്‍ഗ്രസ് മാത്രമാണുള്ളത്. കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരെല്ലാം തറവാട്ടിലേക്കു തിരികെ വരണം. തറവാട് ഏതെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: ഒരുവീട്ടില്‍നിന്ന് എംപിയും എംഎല്‍എയുമെന്ന കേരളരാഷ്ട്രീയത്തിലെ അപൂർവതയ്ക്കു പാലക്കാട് ജില്ല സാക്ഷ്യം വഹിക്കുന്നു. പാലക്കാട് എംപിയായ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് കോങ്ങാട് മണ്ഡലത്തിലെ വിജയി പ്രഫ. കെ.എ. തുളസി.
സിറ്റിംഗ് എംഎല്‍എയും സിപിഎം നേതാവുമായ കെ. ശാന്തകുമാരിയെയാണ് കോൺഗ്രസ് നേതാവായ തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ടയായ കോങ്ങാട് 3651 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുളസി പിടിച്ചെടുത്തത്.
ശാന്തകുമാരി 59,028 വോട്ടു നേടിയപ്പോള്‍ തുളസി 62,734 വോട്ടു നേടി. എൻഡിഎ സ്ഥാനാർഥിയായ രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്. മൂന്നു മുന്നണിസ്ഥാനാർഥികളും വനിതകളെന്ന സവിശേഷതയുണ്ടായിരുന്നു കോങ്ങാട് മണ്ഡലത്തിൽ.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് -എം ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ സംപൂജ്യരായി. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ഉള്‍പ്പെടെ ഉള്‍പ്പെടെ 12 സീറ്റിലും പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ 12 മണ്ഡലങ്ങളില്‍ മത്സരിച്ച് അഞ്ചു സീറ്റുകളില്‍ വിജയിച്ച മാണി ഗ്രൂപ്പിനാണ് ഇത്തവണ ദയനീയ പരാജയം ഏല്‍ക്കേണ്ടി വന്നത്.
ഏക മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കിയില്‍ യുഡിഎഫിലെ റോയി കെ. പൗലോസിനോട് 23,822 വോട്ടിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി.അവസാന ലാപ്പിലെങ്കിലും പാലായില്‍ ജോസ് കെ.മാണി ചെറിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മാണി സി കാപ്പനോട് 2991 വോട്ടിനു പരാജയപ്പെട്ടു.
കാഞ്ഞിരപ്പള്ളിയില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉറപ്പായും വിജയിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. പൂഞ്ഞാറിലും ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ് സിറ്റിംഗ് എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജോബ് മൈക്കിളും നേരിട്ടത്.
റാന്നി മണ്ഡലത്തില്‍ പ്രമോദ് നാരായണനും തോല്‍വി ഏറ്റുവാങ്ങി. കേരള കോണ്‍ഗ്രസ് -എം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.
Kerala
ഇരിട്ടി: കീഴ്പള്ളിയിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കീഴ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണു മരിച്ചത്.
പ്രകടനത്തിനിടെ കുഴഞ്ഞുവീണ ഉടൻ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് പത്തിന് പുതിയങ്ങാടി മഖാമിൽ. ആറളത്തെ കാപ്പാടൻ അബ്ദുള്ള- ആലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. മക്കൾ: അഫ്സൽ, അഫ്സീല, നജ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്.
Kerala
കോഴിക്കോട്: നാലാമൂഴത്തില് അടിതെറ്റി മന്ത്രി എ.കെ. ശശീന്ദ്രന്. കെപിസിസി ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനാണ് യുഡിഎഫിന് മിന്നും വിജയം നല്‍കിയത്. 12,162 വോട്ടുകള്‍ക്കാണ് വിദ്യ ബാലകൃഷ്ണന് വിജയിച്ചത്.
2021ൽ 38, 502 എന്ന ജില്ലയിലെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ശശീന്ദ്രന് ലഭിച്ചിരുന്നു. പ്രായം പരിഗണിച്ചും പുതിയ ആളുകൾക്ക് കടന്നുവരാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.കെ. ശശീന്ദ്രനെതിരേ ജില്ലാ കമ്മിറ്റിയിൽതന്നെ എതിർപ്പ് ഉയർന്നത്.
എ.കെ. ശശീന്ദ്രനെതിരേ പ്രമേയംപോലും പാസാക്കി. പക്ഷേ ഇത്തവണയും താൻതന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു ശശീന്ദ്രൻ. ആ വാശിയാണ് ഇപ്പോൾ യുഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വഴിയൊരുക്കിയതും.
ഇതോടെ ഇടതുപക്ഷത്തിന് കൈവിട്ടു പോയത് തങ്ങളുടെ കുത്തക മണ്ഡലമാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂർ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയത്. എങ്കിലും ഈ മുന്നേറ്റം നിയമസഭയിൽ ആവർത്തിക്കില്ല എന്നായിരുന്നു ഇടതു പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്തായി.
Kerala
പാലക്കാട്: ഭരണവിരുദ്ധതരംഗത്തിൽ അടിതെറ്റി കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖനായ എം.ബി. രാജേഷും. തൃത്താലയിൽ കോണ്‍ഗ്രസിന്റെ യുവനേതാവ് വി.ടി. ബൽറാമിനോട് 8385 വോട്ടിനാണ് രാജേഷ് മുട്ടുകുത്തിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ വി.ടി. ബൽറാമിനെ 3173 വോട്ടിനു രാജേഷ് വീഴ്ത്തിയിരുന്നു.
മന്ത്രിയായശേഷം രാജേഷ് മണ്ഡലത്തിൽ വലിയ വികസനപ്രവർത്തനങ്ങൾ നടത്തിയെങ്കിലും യുഡിഎഫ് തരംഗത്തെ മറികടക്കാൻ അതു പര്യാപ്തമായില്ല. അതേസമയം, 2021ലെ പരാജയത്തിനുശേഷവും മണ്ഡലത്തിൽ തന്പടിച്ചുപ്രവർത്തിച്ച ബൽറാമിന് ഈ വിജയം രാഷ്ട്രീയജീവിതത്തിലെ പൊൻതിളക്കമായി. വിജയം ഉറപ്പിച്ചശേഷം ‘ഇതു തിരിച്ചുവരവാണ്. ജനങ്ങൾക്കു നന്ദി’ എന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
76,427 വോട്ടാണ് വി.ടി. ബൽറാം ഇക്കുറി നേടിയത്. 68,042 വോട്ട് എം.ബി. രാജേഷിനും. ബിജെപി സ്ഥാനാർഥി വി. ഉണ്ണികൃഷ്ണൻമാസ്റ്റർ 15,051 വോട്ട് നേടി. 2021ൽ രാജേഷിനു ലഭിച്ചത് 69,814 വോട്ടാണ്. വി.ടി. ബൽറാം - 66,798, ബിജെപി - 12,851.
കഴിഞ്ഞ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എം.ബി. രാജേഷിന് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പറ്റിയ വീഴ്ചകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാരിന്റെ മദ്യനയം പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അവമതിപ്പ് രാജേഷിനു വിനയായി.
എലപ്പുള്ളി ബ്രൂവറി, മേനോൻപാറ മദ്യനിർമാണഫാക്ടറി, മദ്യത്തിനു പേരിടൽ വിവാദങ്ങളും അവയെ ന്യായീകരിക്കാൻ രാജേഷ് നടത്തിയ ശ്രമങ്ങളും ജനങ്ങൾക്കു സ്വീകാര്യമായില്ല. എംപി, എംഎൽഎ, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച് പാർട്ടിയുടെ മുൻനിരയിലേക്ക് ഉയർന്നുവന്ന എം.ബി. രാജേഷിന് ഈ പരാജയം വൻതിരിച്ചടിയാണ്.
അതേസമയം, തത്കാലതിരിച്ചടിയിൽനിന്നു പാഠം ഉൾക്കൊണ്ടു പ്രവർത്തിച്ച കോണ്‍ഗ്രസിലെ തീപ്പൊരിനേതാവ് വി.ടി. ബൽറാമിനു പൊരുതിനേടിയ വിജയം വലിയ അംഗീകാരമായി.
Kerala
മലപ്പുറം: യുഡിഎഫിന്റെ തിരിച്ചുവരവ് കേരളീയ ജനതയുടെ അനിവാര്യതയായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കൃത്യമായ പ്ലാനുകൾ, ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾ, ശക്തരായ സ്ഥാനാർഥികൾ, പ്രവർത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോ ഓർഡിനേഷൻ, ഒറ്റക്കെട്ടായ മുന്നണി സംവിധാനം എന്നിവയുടെ വിജയമാണിത്.
മലപ്പുറത്ത് മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന് യുഡിഎഫിന് വാക്ക് കൊടുത്തതായിരുന്നു. അതുപാലിക്കാൻ സാധിച്ചെന്നും തങ്ങൾ പറഞ്ഞു.
Kerala
കൊച്ചി: ഈ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മുന്നണികളിലുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന് ട്വന്റി 20 ബിജെപിയോട് കൂട്ടുകൂടി എൻഡിഎ പാളയത്തിലെത്തിയതാണ്. എന്നാൽ ഫലം പരിശോധിക്കുമ്പോൾ വന്നവർക്കും നിന്നവർക്കും നഷ്ടക്കണക്കു മാത്രം.
ട്വന്റി 20യുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുന്നത്തുനാട്ടിൽ പാർട്ടിയുടെ വോട്ടുവിഹിതം 2021ലേതിനേക്കാൾ കുറഞ്ഞു. ട്വന്റി 20 ഒറ്റയ്ക്കു മത്സരിച്ച അന്നത്തേക്കാൾ ഇക്കുറി കുറഞ്ഞത് 2480 വോട്ട്.
എറണാകുളം ജില്ലയിൽ ഒമ്പതുൾപ്പടെ 19 മണ്ഡലങ്ങളിലാണ് ട്വന്റി 20 സ്ഥാനാർഥികൾ ചക്ക ചിഹ്നത്തിൽ എൻഡിഎയുടെ ഭാഗമായി മത്സരിച്ചത്. തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും വോട്ടുകളുടെ എണ്ണത്തിൽ ചെറിയ വർധനയുണ്ടായതൊഴിച്ചാൽ കാര്യമായ ചലനമുണ്ടാക്കാനായില്ല.
19 മണ്ഡലങ്ങളിൽനിന്നായി ട്വന്റി 20 നേടിയത് 3,04858 വോട്ടാണ്. ശരാശരി ഒരു മണ്ഡലത്തിൽ 75000 വോട്ടുകൾ പ്രതീക്ഷിച്ചിടത്തു കിട്ടിയത് 16000 വോട്ടുകൾ.
കുന്നത്തുനാട് ബിജെപിയുടെ പിന്തുണയില്ലാതെ 2021ൽ ട്വന്റി 20യ്ക്ക് 42701 വോട്ട് ലഭിച്ചതാണ്. ഇക്കുറി എൻഡിഎയുടെ ഭാഗമായപ്പോൾ കോൺഗ്രസിൽനിന്നെത്തി സ്ഥാനാർഥിയായ ബാബു ദിവാകരനു ലഭിച്ചത് 40221 വോട്ട്. കഴിഞ്ഞ തവണ ഇവിടെ ബിജെപി ഒറ്റയ്ക്കു മത്സരിച്ച് 7218 വോട്ട് നേടിയിരുന്നു.
കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ 47000 ത്തിലധികവും തദ്ദേശ തെരഞ്ഞെടുപ്പിൽ 52000 വോട്ടും ലഭിച്ചിരുന്നു. രാഷ്ട്രീയപാർട്ടികളുമായി കൂട്ടിനില്ലെന്ന് കഴിഞ്ഞ കാലങ്ങളിൽ പറഞ്ഞ ട്വന്റി 20യുടെ എൻഡിഎ പ്രവേശനം കുന്നത്തുനാട്ടിലെ വോട്ടർമാർ സ്വീകരിച്ചില്ലെന്നതിന്റെ സൂചനയാണിത്.
പെരുമ്പാവൂരിൽ കഴിഞ്ഞ തവണ ട്വന്റി 20, ബിജെപി സ്ഥാനാർഥികൾ നേടിയത് 35671 വോട്ടാണ്. ഇക്കുറി ട്വന്റി 20 മത്സരിച്ചപ്പോൾ 22497 വോട്ടിലൊതുങ്ങി. വൈപ്പിനിൽ ഇരുപാർട്ടികളും കൂടി 2021ൽ 30247 വോട്ട് നേടിയെങ്കിൽ ഇക്കുറി എൻഡിഎ സ്ഥാനാർഥിക്കു ലഭിച്ചത് 13637 വോട്ട് മാത്രം. തൃക്കാക്കരയിൽ ഇരുപാർട്ടികൾക്കും കൂടി 29380 വോട്ടുണ്ടായിരുന്നതാണ്. ഇക്കുറി ട്വന്റി 20യുടെ സ്ഥാനാർഥി അഖിൽ മാരാർക്കു ലഭിച്ചതാകട്ടെ 21424 വോട്ട്.
തങ്ങളുടെ ശക്തികേന്ദ്രമായ തൃപ്പൂണിത്തുറയിൽ ബിജെപി 2016ൽ 29843 വോട്ടും 2021ൽ 23756 വോട്ടും നേടിയതാണ്. ഇക്കുറി നടി അഞ്ജലി നായരെ ട്വന്റി 20 സ്ഥാനാർഥിയായി കളത്തിറക്കിയിട്ടും എൻഡിഎയുടെ വോട്ട് 29471 ത്തിൽ ഒതുങ്ങി.
എൻഡിഎ പ്രവേശനത്തിലൂടെ വോട്ടുനിലയിലുണ്ടായ മാറ്റം പരിശോധിക്കുമെന്ന് ട്വന്റി 20 നേതാക്കൾ പറഞ്ഞു. ട്വന്റി 20 മത്സരിച്ച ചാലക്കുടി, ഏറ്റുമാനൂർ, തിരുവമ്പാടി, തൃക്കരിപ്പുർ, തൊടുപുഴ തുടങ്ങിയ സീറ്റുകളിലും നേട്ടമുണ്ടാക്കാനായില്ല.
Kerala
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ചത് 11 വനിതാ സമാജികര്‍. കോണ്‍ഗ്രസില്‍ നിന്നുമാണ് ഏറ്റവും അധികം വനിതാ എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്, ഏഴ്. മാനന്തവാടിയില്‍ നിന്നും ഉഷാ വിജയന്, എലത്തൂരില്‍ നിന്നും വിദ്യാ ബാലകൃഷ്ണന്, കോങ്ങാട് നിന്നും കെ.എ.തുളസി, തൃക്കാക്കരയില്‍ നിന്നും ഉമാ തോമസ്, അരൂര്‍ നിന്നും ഷാനിമോള്‍ ഉസ്മാന്, കൊല്ലത്തു നിന്നും ബിന്ദു കൃഷ്ണ, ചിറയിന്‍കീഴ് നിന്നും രമ്യാ ഹരിദാസ് എന്നവരാണ് കോണ്‍ഗ്രസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ സാമാജികര്‍.
ഫാത്തിമ തഹിലിയ ആണ് പേരാമ്പ്രയില്‍ നിന്നും വിജയിച്ച ലീഗ് എംഎല്‍എ. നിയമസഭയിലേക്ക് ആദ്യമായാണ് മുസ്ലിം ലീഗില്‍ നിന്നും ഒരു വനിതാ എംഎല്‍എ തെരഞ്ഞെടുക്കപ്പെടുന്നത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഒ.എസ്. അംബികയാണ് സിപിഎമ്മില്‍ നിന്നും വിജയിച്ച ഏക വനിതാ അംഗം.
നാട്ടികയില്‍ സിപിഐയില്‍ നിന്നും ഗീത ഗോപിയും വടകരയില്‍ നിന്നും മത്സരിച്ച ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയും വിജയിച്ചു.പത്താം കേരള നിയമസഭയിലായിരുന്നു ഇതുവരെ ഏറ്റവും അധികം വനിതാ സാമാജികര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പത്താം കേരള നിയമസഭയില്‍ 13 വനിതാ എംഎല്‍എമാരാണ് ഉണ്ടായിരുന്നത്.
Kerala
ആലപ്പുഴ: കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കിയവർക്കുള്ള മറുപടിയാണ് ജനവിധിയെന്ന് മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി.സുധാകരൻ.
കുറെ പേരുടെ വകയാണ് സിപിഎമ്മെന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയായി.
ജനകീയ സ്വതന്ത്രനായാണ് താൻ മത്സരിച്ചത്. അതേ നിലയിൽ ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: യുഡിഎഫ് തരംഗത്തിലും നിലംപരിശാകാതെ തൃശൂരിലെ ഇടതുസ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ ഒന്‍പതിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. 2021ൽ ചാലക്കുടി ഒഴികെ 12 ഇടത്തും എൽഡിഎഫിനായിരുന്നു വിജയം.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, പുതുക്കാട് എന്നീ സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനോടു തോറ്റു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരിൽ പദ്മജ വേണുഗോപാലും തോറ്റു.
മണലൂരിൽ മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെ 126 വോട്ടുകൾക്കു വീഴ്ത്തി. ജില്ലയിലെ ഏറ്റവും സസ്പെൻസ് പോരാട്ടവും മണലൂരിലായിരുന്നു. മൂന്നു ടേമുകളിൽ ഇടതുപക്ഷത്തിനു വന്പൻവിജയം നൽകിയ കൊടുങ്ങല്ലൂരിൽ സിപിഐയുടെ വി.ആർ. സുനിൽകുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് തോല്പിച്ചു. ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് 23,156 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടി. 2021ൽ 1,057 വോട്ടുകൾക്കു മാത്രമായിരുന്നു സനീഷിന്റെ വിജയം.
സിപിഐയുടെ മണ്ഡലമായ തൃശൂർ, കോണ്‍ഗ്രസിന്റെ രാജൻ ജെ. പല്ലൻ 26,803 വോട്ടിന്റെ ഭൂരിപക്ഷത്തിനു പിടിച്ചെടുത്തു. സിപിഐയുടെ ആലങ്കോട് ലീലാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി പദ്മജ വേണുഗോപാൽ മൂന്നാംസ്ഥാനത്തായി. ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദുവിനെ 10,212 വോട്ടുകൾക്കാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ തോല്പിച്ചത്.
ഇടതിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലും വിറച്ചാണ് ഇടതുസ്ഥാനാർഥികൾ ജയിച്ചത്. ഒല്ലൂരിൽ കെ. രാജന്റെ ഭൂരിപക്ഷം 2021ലെ 21,506ൽനിന്ന് 8,884 ആയി കുറഞ്ഞു. വന്പൻ ഭൂരിപക്ഷം നേടിയ പുതുക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, കയ്പമംഗലം സീറ്റുകളിലും ഇടതിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. സിപിഐയിൽനിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ മത്സരിച്ച നാട്ടികയിൽ സിപിഐയുടെ ഗീത ഗോപിതന്നെ ജയിച്ചു കയറി. ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പതറാതെ പിടിച്ചുനിന്നതു തൃശൂരിൽമാത്രമായിരുന്നു.
Kerala
കണ്ണൂർ: സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ്, എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ തളിപ്പറന്പ്, പയ്യന്നൂർ, കണ്ണൂർ സീറ്റുകളിൽ അട്ടിമറി വിജയം നേടി. എൽഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്.
എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ തളിപ്പറന്പും പയ്യന്നൂരും യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറന്പിലും വിജയിച്ചു. തളിപ്പറന്പിലും പയ്യന്നൂരിലും യുഡിഎഫിന്റെ വിസ്മയങ്ങൾ വിജയിച്ചത് സിപിഎമ്മിനും എൽഡിഎഫിനും ഒരേപോലെ തിരിച്ചടിയായി.
കഴിഞ്ഞ തവണ സംസ്ഥാനത്ത് രണ്ടാമത്തെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് ധർമടത്ത് ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെട്ടു.
പേരാവൂരിൽ കെപിസിസി പ്രസിഡന്റും സിറ്റിംഗ് എംഎൽഎയുമായ സണ്ണി ജോസഫ് ജയിച്ചപ്പോൾ മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ കെ.കെ. ശൈലജ തോറ്റു. കണ്ണൂരിൽ മുസ്ലിം ലീഗ് മത്സരിച്ച അഴീക്കോട്ടും കൂത്തുപറന്പിലും സ്ഥാനാർഥികൾ പരാജയപ്പെട്ടു. അഴീക്കോട്ട് സിറ്റിംഗ് എംഎൽഎ എൽഡിഎഫിലെ കെ.വി. സുമേഷും കൂത്തുപറന്പിൽ എൽഡിഎഫിലെ പി.കെ. പ്രവീണും വിജയിച്ചു.
കഴിഞ്ഞ തവണ കെ.കെ. ശൈലജ 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മട്ടന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജിന് 14,168 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇടതിന്റെ ഉറച്ച കോട്ടകളായ കല്യാശേരിയിലും തലശേരിയിലും ഭൂരിപക്ഷം കുറഞ്ഞു.
42,426 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫിനാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. 20,523 വോട്ട് നേടിയ എൽഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി കാരായി രാജനാണ് എൽഡിഎഫിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഏറ്റവും കുറവ് ഭൂരിപക്ഷം അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിനാണ്. 349 വോട്ടാണ് ഭൂരിപക്ഷം.
Kerala
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ മത്സരിച്ച മുഴുവന്‍ സിപിഎം സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിപിഎം എംഎല്‍എ പോലും തെരഞ്ഞെടുക്കപ്പെടാതിരിക്കുന്നത്.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പുവിന്റെയും ചുവപ്പുകോട്ടയായ തൃക്കരിപ്പുരില്‍ യുവനേതാക്കളില്‍ ശ്രദ്ധേയനായ വി.പി.പി. മുസ്തഫയുടെയും തോല്‍വി സിപിഎം നേതൃത്വം സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെ.ആര്. ജയാനന്ദയ്ക്ക് 11.29 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐയുടെ ഗോവിന്ദന് പള്ളിക്കാപ്പില്‍ നേടിയ വിജയമാണ് ഇടതുപക്ഷത്തിന്റെ മാനം കാത്തത്. ശബരിമല സ്വര്‍ണക്കൊള്ളയും വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും സിപിഎമ്മിന് ജില്ലയില്‍ വലിയ തിരിച്ചടിയുണ്ടാക്കി. എസ്ഐആറില്‍ (തീവ്ര വോട്ടര്‍പട്ടിക പരിശോധന) ഇരട്ടവോട്ടുകളും മറ്റും വ്യാപകമായി തള്ളപ്പെട്ടതോടെ കള്ളവോട്ട് ചെയ്യാനുള്ള സാധ്യതയില്‍ വലിയ കുറവുണ്ടായതും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.
അതേസമയം മൂന്നര പതിറ്റാണ്ട് കാലത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാസര്‍ഗോട്ടു നിന്നു കോണ്‍ഗ്രസിന് എംഎല്‍എമാരെ സമ്മാനിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ഉദുമയില്‍ കെ. നീലകണ്ഠനും തൃക്കരിപ്പുരില്‍ സന്ദീപ് വാര്യരും അട്ടിമറിവിജയം കരസ്ഥമാക്കി. തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ ഉജ്വലപ്രകടനമാണ് മുസ്ലിം ലീഗ് കാഴ്ചവച്ചത്.
മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫും കാസര്‍ഗോട്ട് കല്ലട്ര മാഹിനും മണ്ഡലത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്.
മഞ്ചേശ്വരത്ത് അഷ്റഫ് 30,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഒന്നു പൊരുതിനോക്കാന്‍ പോലും സാധിച്ചില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനിയുടെ വോട്ട് വിഹിതം ഇടിഞ്ഞതും തിരിച്ചടിയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട്ട് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. 2001നുശേഷം യുഡിഎഫിനെ നിഷ്പ്രഭമാക്കി ഇടതുപക്ഷം നടത്തിയ തേരോട്ടത്തിന് ഇക്കുറിയുണ്ടായത് കനത്ത തിരിച്ചടി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12ഉം യുഡിഎഫ് തൂത്തുവാരി. 2021ല്‍ യുഡിഎഫ്-02, എല്‍ഡിഎഫ്-11 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 വര്‍ഷത്തിനു ശേഷം ആദ്യമായി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് നാല് എംഎല്‍എമാര്‍ പിറന്നു.
കേരളത്തില്‍ ആദ്യമായി മുസ്ലിം ലീഗിന് വനിതാ എംഎല്‍എ ഉണ്ടായതും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍. പേരാമ്പ്രയില്‍ നിന്ന് ജനവിധി തേടിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് (76), കന്നിയങ്കം കുറിച്ച മുസ്ലിം ലീഗിലെ തീപ്പൊരി വനിതാ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയ്ക്കു (34) മുന്നില്‍ ചാമ്പലായത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായി.
ബേപ്പൂരില്‍നിന്ന് പി.എ. മുഹമ്മദ് റിയാസ് 2021ലേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് യുഡിഎഫിലെ പി.വി. അന്‍വറിനോടു ജയിച്ചതുമാത്രമാണ് ഇടതുപക്ഷത്തിന് ഇക്കുറി നേരിയ ആശ്വാസമായത്. 20 വര്‍ഷമായി ഇടതുകോട്ടകളായി നിലനിന്നിരുന്ന മണ്ഡലങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞു.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് വീണ്ടും പടക്കളത്തിലിറങ്ങിയ എണ്‍പതുകാരനായ സിറ്റിംഗ് എംഎല്‍എ എ.കെ. ശശീന്ദ്രനെ ജനം വീട്ടിലിരുത്തി. എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ക്കു പുറമെ സിറ്റിംഗ് എംഎല്‍എമാരായ കെ.എം. സച്ചിന്‍ദേവ്, പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി എന്നിവരും കനത്ത തോല്‍വി ഏറ്റു വാങ്ങി.
45 വര്‍ഷത്തിൽ ആദ്യമായാണ് ബാലുശേരിയില്‍ ചെങ്കൊടി മാഞ്ഞത്. സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവിനെ കോണ്‍ഗ്രസിലെ വി.ടി. സൂരജാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു തവണ കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.ടി.എ. റഹീമിനെ മുസ്ലിം ലീഗിലെ എം.എ. റസാഖാണ് തറപറ്റിച്ചത്. ജില്ലയില്‍ പുതുമുഖങ്ങളെ അടക്കം രംഗത്തിറക്കി കോണ്‍ഗ്രസും ലീഗും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടു.
Kerala
കൽപ്പറ്റ: ആദ്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് തേരോട്ടം. യുഡിഎഫ് അനുകൂല ജില്ലയെന്ന് പേരുകേട്ട വയനാട്ടിൽ മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടപ്പെട്ട മാനന്തവാടിയും തിരിച്ചുപിടിച്ചാണ് യുഡിഎഫ് മുന്നേറ്റം.
മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ വിജയിച്ചത്. 10,543 വോട്ടിന്റെ ലീഡ് നേടിയാണ് ഉഷ വിജയൻ കന്നിയങ്കത്തിൽ വിജയം നേടിയത്.
സിറ്റിംഗ് എഎംൽഎ ആയിരുന്ന ടി. സിദ്ദിഖ് കൽപ്പറ്റയിൽ നേടിയത് മികച്ച വിജയം.
45,031 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് പ്രതിസന്ധികളെയും കളിയാക്കലുകളെയും അതിജീവിച്ച് സിദ്ദിഖ് നേടിയത്. എൽഡിഎഫിലെ ആർജെഡി സ്ഥാനാർഥി എ.പി. അനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്.
സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണനായിരുന്നു ഇത്തവണയും സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി. 16,597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്. മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന സിപിഎമ്മിലെ എം.എസ്. വിശ്വനാഥനെയാണ് ഐ.സി. ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്.
കൽപ്പറ്റയിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും വിജയത്തിൽ യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ നേതൃത്വം കരുതിയതിലും വലിയ വിജയമാണ് വയനാട് യുഡിഎഫിന് നൽകിയത്.
Kerala
പാലക്കാട്: ഇടതുകോട്ടയായ പാലക്കാട്ടും വിള്ളൽവീഴ്ത്തി യുഡിഎഫ് മുന്നേറ്റം. പന്ത്രണ്ടിൽ ഏഴു സീറ്റ് എൽഡിഎഫിനും അഞ്ചു സീറ്റ് യുഡിഎഫിനും. കഴിഞ്ഞ തവണ രണ്ടു സീറ്റിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ നില ഏറെ മെച്ചപ്പെടുത്തി.
ആലത്തൂർ, തരൂർ, മലന്പുഴ, ഷൊർണൂർ, ഒറ്റപ്പാലം, പട്ടാന്പി, നെന്മാറ മണ്ഡലങ്ങൾ എൽഡിഎഫ് നിലനിർത്തിയപ്പോൾ പാലക്കാട്, കോങ്ങാട്, മണ്ണാർക്കാട്, ചിറ്റൂർ, തൃത്താല മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം നിന്നു. കോങ്ങാട്, ചിറ്റൂർ, തൃത്താല മണ്ഡലങ്ങളാണ് മികച്ച പോരാട്ടത്തിനൊടുവിൽ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് യുഡിഎഫിലെത്തിയ പി.കെ. ശശി ഒറ്റപ്പാലത്ത് രണ്ടാംസ്ഥാനത്തെത്തിയപ്പോൾ മലന്പുഴയിൽ വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയി. ത്രികോണപോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി വിജയിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഉപതെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല.
എ ക്ലാസ് മണ്ഡലമായി വിലയിരുത്തിയ പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെപ്പോലെ രണ്ടാംസ്ഥാനത്തെത്തിയതുമാത്രമാണ് ബിജെപിക്കു പറയാനുള്ള നേട്ടം. ജില്ലയിലെ വിജയികളിൽ ഏറ്റവും വലിയ ഭൂരിപക്ഷം ഒറ്റപ്പാലത്തും (26,777) കുറഞ്ഞ ഭൂരിപക്ഷം നെന്മാറയിലും (3305) എൽഡിഎഫിനാണ്. വിജയിച്ചെങ്കിലും എൽഡിഎഫ് കോട്ടകളായ ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിലെ വോട്ട് ചോർച്ച വരുംദിവസങ്ങളിൽ ചർച്ചയാകും.
Kerala
പയ്യന്നൂര്‍: പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തോല്‍വി. പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തിരിമറികള്‍ പാര്‍ട്ടിക്കു പുറത്ത് പറഞ്ഞതോടെ സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനാണ് അട്ടിമറി വിജയം നേടിയത്.
ആകെ വോട്ടര്‍മാരായ 1,88,935 പേരില്‍ 1,52,049 പേര് വോട്ടു ചെയ്തപ്പോള്‍ അതില്‍ 76,640 വോട്ട് ലഭിച്ചതോടെയാണ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി. കുഞ്ഞികൃഷ്ണന് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനന് 69,153 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി. ഗംഗാധരന് 8432 വോട്ടുകളും ലഭിച്ചു.
പയ്യന്നൂർ മണ്ഡലം രൂപീകരിച്ചതുമുതൽ വിജയത്തിലെ ഭൂരിപക്ഷ വര്‍ധന മാത്രം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് വിജയിച്ചത്.
പ്രതിപക്ഷമില്ലാത്ത സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളായ കരിവെള്ളൂര്‍-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലും സിപിഎം കേന്ദ്രങ്ങളായ വെള്ളൂര്‍, അന്നൂര്‍, കാര, കാറമേല്‍, രാമന്തളി തുടങ്ങിയ സ്ഥലങ്ങളിലും എൽഡിഎഫിന് വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി. ഈ അടിയൊഴുക്കുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്ന അരലക്ഷത്തിന്റെ ഭൂരിപക്ഷത്തെ അട്ടിമറിച്ച് കേരളത്തിലെ ശ്രദ്ധേയമായ വിജയം വി. കുഞ്ഞികൃഷ്ണന് സമ്മാനിച്ചത്.
പയ്യന്നൂര്‍ സിപിഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ടിലുള്‍പ്പെടെ നടത്തിയ തിരിമറികളും മാഫിയാ ബന്ധങ്ങളും ചൂണ്ടിക്കാണിച്ച് നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന തന്റെ പുസ്തകവുമായിട്ടായിരുന്നു മുന്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണന് പ്രചാരണം നടത്തിയത്. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് മറുപടി നല്‍കാതെ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ നല്കിയ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം മാറി.
സിപിഎം ഏരിയ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതോടൊപ്പം മണ്ഡലം കമ്മിറ്റിയിലുള്‍പ്പെടെ മധുസൂദനന്റെ സ്ഥാനാര്ഥിത്വത്തിലുണ്ടായ അഭിപ്രായ വ്യത്യാസം കണക്കിലെടുക്കാതെയും ജനമനസ് മനസിലാക്കാതെയും ജില്ലാനേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
സിപിഎമ്മിനെതിരേ പല സ്ഥലങ്ങളിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ മത്സരിച്ചുവെങ്കിലും അതില്‍ പലതും അവരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിന്റെ വിഷയങ്ങളായി സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയ വിഷയങ്ങളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചില്ല. ഇതോടെ കനത്ത പോരാട്ടമായി തെരഞ്ഞെടുപ്പ് മാറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരയിലെ സി. വൈശാഖ് നല്കിയ പാഠമുള്‍ക്കൊള്ളുന്നതിലും വീഴ്ച പറ്റിയതാണ് സിപിഎമ്മിനെ കനത്ത തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും എല്ഡിഎഫിനെതിരേയുള്ള വോട്ടുകളായി മാറുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. മധുസൂദനന്റെ തോല്‍വിയോ കുഞ്ഞികൃഷ്ണന്റെ വിജയമോ എന്നതിലുപരി പയ്യന്നൂര്‍ സിപിഎമ്മിലെ ശുദ്ധീകരണമാണ് തെരഞ്ഞെടുപ്പ് ഫലം.
Kerala
മലപ്പുറം: ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഐക്യമുന്നണി ഇത്തവണ പുതിയ ചരിത്രമെഴുതി. കാത്തുസൂക്ഷിച്ച കോട്ടകളെല്ലാം കൈവിട്ടുപോയ ഇടതുമുന്നണിയുടെ കണക്കു പുസ്തകത്തിൽ നഷ്ടം മാത്രം.
ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായ പൊന്നാനി ഉൾപ്പെടെ കൂടെ പോന്നപ്പോൾ യുഡിഎഫിന് ആഹ്ലാദിക്കാനേറെ. ജില്ലയിൽ കോണ്‍ഗ്രസിനും ഇത് ചരിത്ര വിജയമാണ്. മൽസരിച്ച നാല് സീറ്റിലും വിജയിക്കുന്നത് ആദ്യം. ഇന്നേ വരെ തൊടാൻ കഴിയാതിരുന്ന തവനൂരും ഇത്തവണ യുഡിഎഫിനൊമായി.
നിലന്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷവുമായാണ്. ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു. ഇത്തവണ ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് അര ലക്ഷത്തിൽ പരം വോട്ടുകൾക്ക് ആര്യാടന്റെ ജയം.
വണ്ടൂരിൽ കോണ്‍ഗ്രസ് നേതാവ് എ.പി. അനിൽകുമാർ വീണ്ടും വിജയം കണ്ടു. അദ്ദേഹത്തിന്റെ തുടർച്ചയായ ആറാം വിജയമാണിത്. 2001ൽ ഇടതുമുന്നണിയിൽനിന്ന് ഈ സീറ്റ് തിരിച്ചുപിടിച്ചതിനു ശേഷം അനിൽകുമാർ തോൽവി അറിഞ്ഞിട്ടില്ല.
ഏറനാട് മണ്ഡലത്തിൽ മുസ്ലിം ലീഗിലെ പി.കെ. ബഷീർ നാലാം തവണയും വിജയിച്ചു. തൊട്ടടുത്ത കൊണ്ടോട്ടി മണ്ഡലത്തിൽ ടി.പി. അഷറഫലിയിലൂടെ മുസ്ലിം ലീഗ് സീറ്റ് നിലനിർത്തി. അഷറഫലിക്ക് ഇത് കന്നി വിജയമാണ്. ലീഗ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് കൊണ്ടോട്ടി.
വേങ്ങരയിൽ കെ.എം. ഷാജിയുടെ വിജയം മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. മലപ്പുറം മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ അമരക്കാരൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണയും വൻ വിജയം കണ്ടു. 1982ൽ മലപ്പുറം മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കുഞ്ഞാലിക്കുട്ടി ദീർഘമായൊരു ഇടവേളയ്ക്ക് ശേഷമാണ് മലപ്പുറത്തിന്റെ എംഎൽഎ ആയി വീണ്ടും നിയമസഭയിൽ എത്തുന്നത്. മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലി വിജയം ആവർത്തിച്ചു.
തുടർച്ചയായ രണ്ടാം വിജയം. നേരത്തേ രണ്ടു തവണ തുടർച്ചയായി മങ്കടയിൽ വിജയിച്ച അദ്ദേഹം പിന്നീട് പെരിന്തൽമണ്ണയിൽനിന്ന് അഞ്ചു വർഷം എംഎൽഎ ആയിരുന്നു. ഇത് ആറാം തവണയായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ വെറും 38 വോട്ടുകൾക്ക് നഷ്ടപ്പെട്ട സീറ്റ് ഇത്തവണ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. നജീബിന്റെ തുടർച്ചയായ രണ്ടാം വിജയം.
കോട്ടക്കൽ മണ്ഡലത്തിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങളിലൂടെ ലീഗ് വിജയം ആവർത്തിച്ചു. ഹാട്രിക് വിജയം. തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ തോൽവി ഇടതുപക്ഷത്തിനേറ്റ പ്രഹരമാണ്. ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയം ആവർത്തിച്ചു. താനൂരിൽ എംഎസ്എഫ് നേതാവ് പി.കെ. നവാസിന് കന്നിവിജയം.
പൊന്നാനി ഇടതിന്റെ ചുവപ്പൻതുരുത്തായിരുന്നു. കാൽനൂറ്റാണ്ടിനുശേഷം അവർക്ക് ഈ സീറ്റ് നഷ്ടമായി. കോണ്‍ഗ്രസിലെ കെ.പി. നൗഷാദ് അലിക്ക് വിജയം. തവനൂരിൽ നാലാമൂഴത്തിൽ കെ.ടി.ജലീൽ തോറ്റത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ജോയിയോട്.
തിരൂരങ്ങാടി മണ്ഡലം ഇത്തവണയും സിപിഐക്ക് എത്തിപ്പിടിക്കാനായില്ല. ലീഗ് പി.എം.എ. സമീറിലൂടെ വിജയം ആവർത്തിച്ചു. വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമിന്റെ വിജയം തിളക്കമുള്ളതാണ്.
Kerala
തൊടുപുഴ: മൂന്നരപ്പതിറ്റാണ്ടിനുശേഷം അഞ്ചിൽ അഞ്ചു സീറ്റും നേടി ഇടുക്കി ജില്ലയിൽ യുഡിഎഫിന്റെ ഉജ്വല പ്രകടനം. യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് കോട്ടകളെല്ലാം തകർന്നടിഞ്ഞു.
തൊടുപുഴയിൽ കേരള കോണ്‍ഗ്രസിലെ അപു ജോണ്‍ ജോസഫും ഇടുക്കി, പീരുമേട്, ഉടുന്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളും വൻഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിച്ചു. തൊടുപുഴയിൽ 44,291 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അപു ജില്ലയിൽ ഭൂരിപക്ഷത്തിലും ഒന്നാമതായി.
ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിനും മുൻ മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുന്പൻചോലയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജയചന്ദ്രനും ദേവികുളത്ത് സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ എ. രാജയും, പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും പരാജയം രുചിച്ച പ്രമുഖരാണ്. ഇടുക്കിമണ്ഡലത്തിൽ കേരള കോണ്‍ഗ്രസിന്റെ സീറ്റ് ഇത്തവണ കോണ്‍ഗ്രസിനു വിട്ടുനൽകാനുള്ള തീരുമാനം മുന്നണിക്ക് ഗുണകരമായി മാറിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 1991ലാണ് ഇതിനുമുന്‍പ് ജില്ലയിൽ യുഡിഎഫ് സന്പൂർണവിജയം നേടിയത്.
ജില്ലയിലെ ഭൂപ്രശ്നം, കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ നേര്യമംഗലം ഭാഗത്തെ നിർമാണ തടസം, വന്യമൃഗശല്യം, കാർഷിക മേഖലയോടുള്ള അവഗണന, ഭൂനികുതി-കെട്ടിടനികുതിവർധന, മയക്കുമരുന്നു ലോബിയുടെ വിളയാട്ടം തുടങ്ങിയ വിഷയങ്ങൾ യുഡിഎഫ് മുഖ്യപ്രചാരണായുധമാക്കിയ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്തപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ജില്ലയെ ബാധിക്കുന്ന ഭൂപ്രശ്നങ്ങളിലടക്കം ശാശ്വത പരിഹാരമാവശ്യപ്പെട്ട് പലഘട്ടങ്ങളിലും ഉയർത്തിയ വിഷയങ്ങളിൽ സർക്കാർ മുഖംതിരിഞ്ഞുനിന്നതിലുള്ള ജനങ്ങളുടെ രോഷവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
കഴിഞ്ഞ പത്തുവർഷമായി പരിഹരിക്കപ്പെടാതിരുന്ന നിർമാണനിരോധനം, പട്ടയപ്രശ്നങ്ങൾ, വനവത്കരണം, കർഷകരോടുള്ള വനംവകുപ്പിന്റെ നിഷേധനിലപാടുകൾ തുടങ്ങിയവ പരിഹരിച്ചുവെന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് സർക്കാരിറക്കിയ ഉത്തരവ് ഇടുക്കിയിലെ ജനതയെ കബളിപ്പിക്കാനാണെന്നു മനസിലാക്കിയ ജനങ്ങൾ എൽഡിഎഫിന് കനത്തപ്രഹരമാണ് ബാലറ്റിലൂടെ നൽകിയത്.
അഞ്ചുമണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും പ്രതീക്ഷിച്ചതിലും വലിയ വിജയമാണുണ്ടായത്. പോസ്റ്റൽ ബാലറ്റുകളിൽ മൂന്നുമണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽനിന്നപ്പോൾ ഇവിഎമ്മിലെ ഓരോ റൗണ്ട് പിന്നിടുന്പോഴും യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്കു കുതിക്കുകയായിരുന്നു.
Kerala
ആലപ്പുഴ: പുന്നപ്രവയലാറിന്റെ മണ്ണില്‍ തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി. ജില്ലയില്‍ രണ്ടരപതിറ്റാണ്ടിനു ശേഷം യുഡിഎഫിന് ലഭിച്ചത് ഉജ്ജ്വലവിജയം. 2011ല്‍ മണ്ഡല പുനര്നിര്ണയശേഷം നിലംപരിശായ യുഡിഎഫിന് ഈ ഉജ്ജ്വല വിജയം ആവേശമായി.
2016ലും 2021ലും ഹരിപ്പാട് മാത്രം വിജയിച്ചിരുന്ന യുഡിഎഫ് കാലങ്ങളായി സിപിഎം കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍, കായംകുളം സീറ്റുകളും എന്‍സിപിയുടെ കുത്തകയായിരുന്ന കുട്ടനാടും തിരിച്ചുപിടിച്ചു. ജില്ലയില്‍നിന്നുള്ള മന്ത്രിമാരായിരുന്ന സജി ചെറിയാന് ചെങ്ങന്നൂരിലും പി. പ്രസാദ് ചേര്‍ത്തലയിലും വിജയിച്ചതും സിറ്റിംഗ് സീറ്റായ മാവേലിക്കര നിലനിര്‍ത്തിയതും മാത്രമാണ് ആശ്വാസം.
ജില്ലയിലെ ഇടതുമുന്നണിയിലെ മുഖ്യകക്ഷിയെന്നനിലയില് സിപിഎമ്മിനാണ് തോല്‍വി കനത്ത ആഘാതമുണ്ടാക്കിയത്. ഘടകകക്ഷികളില്‍ എന്‍സിപിക്ക് കുട്ടനാട് നഷ്ടമായപ്പോള്‍ 2011 മുതല്‍ കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം സീറ്റുകളുടെ നഷ്ടമാണ് സിപിഎമ്മില്‍ ആഘാതമുണ്ടാക്കിയത്.
മുന്‍മന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരന് പാര്‍ട്ടി വിടുകയും അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തതും സിപിഎമ്മിനും ഇടതുമുന്നണിക്കും തീരാത്ത നാണക്കേടായി.
ജി. സുധാകരന് ഫാക്ടറിനു പുറമേ പത്തുവര്‍ഷത്തെ ഭരണവിരുദ്ധവികാരം കൂടിയാണ് ടേം വ്യവസ്ഥയില്‍ ഇളവ് ചെയ്ത് സിറ്റിംഗ് എംഎല്‍എമാരെ പരീക്ഷിച്ചിട്ടും ജില്ലയില്‍ സിപിഎമ്മിനും മുന്നണിക്കും രക്ഷയില്ലാതാക്കിയത്. മൂന്നു മണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും ചേര്ത്തലയൊഴികെ ചെങ്ങന്നൂരിലും മാവേലിക്കരയിലും ഭൂരിപക്ഷത്തിലുണ്ടായ വന്‍ ഇടിവും നേതാക്കളിലും അണികളിലും ചര്‍ച്ചയായിട്ടുണ്ട്.
Kerala
കൊല്ലം: അറബിക്കടലിൽനിന്നു വീശിയടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ കൊല്ലത്തെ ചുവപ്പു കോട്ടകൾ തകർന്നടിഞ്ഞു. ചരിത്രത്തിലാദ്യമായി ജില്ല ത്രിവർണത്തിൽ മുങ്ങി.
കൊല്ലം കീഴടക്കുന്നവർ കേരളം ഭരിക്കുമെന്ന കീഴ്വഴക്കം അന്വർഥമാക്കി കൊല്ലം യുഡിഎഫ് എടുത്തു. യുഡിഎഫ് തരംഗത്തിൽ പതിനൊന്നു സീറ്റിൽ എട്ടു സീറ്റും നേടിയപ്പോൾ ചാത്തന്നൂരിലൂടെ ബിജെപി കൊല്ലത്തും അക്കൗണ്ട് തുറന്നു. കൊട്ടാരക്കരയും പുനലൂരും മാത്രമാണ് എൽഡിഎഫിനു നേടാൻ കഴിഞ്ഞത്.
മന്ത്രിമാരിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെയും ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെയും പരാജയം എൽഡിഎഫിനു കനത്ത പ്രഹരമായി. മന്ത്രി കെ.എൻ. ബാലഗോപാലിനു മാത്രമാണ് മുഖം രക്ഷിക്കാൻ സാധിച്ചത്. കെ.ബി. ഗണേഷ്കുമാറിന്റെ കേരള കോൺഗ്രസ് ബിയുടെയും കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റിന്റെയും സന്പൂർണപരാജയത്തിനും കൊല്ലം സാക്ഷിയായി. മുസ്ലിം ലീഗ് മത്സരിച്ച പുനലൂർ സീറ്റിലും ദയനീയപരാജയമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ച യുഡിഎഫ് സ്ഥാനാർഥികളായ ബിന്ദുകൃഷ്ണ, ജ്യോതികുമാർ ചാമക്കാല, ഉല്ലാസ് കോവൂർ തുടങ്ങിയവർ മണ്ഡലത്തിൽനിന്നു മാറാതെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഉറച്ച കോട്ടകളെ ഇടിച്ചുതകർക്കാൻ സാധിച്ചത്.
ആർഎസ്പിയുടെ ഉയിർത്തെഴുന്നേല്പ്പു കണ്ട തെരഞ്ഞെടുപ്പുകൂടിയായിരുന്നു. ജില്ലയിൽ ആർഎസ്പി മത്സരിച്ച മൂന്നു സീറ്റിലും വിജയിച്ചു. ഇതിൽ ചവറ മണ്ഡലത്തിലെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെയും സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വിവാദമായ ഇരവിപുരത്തെ വിഷ്ണുമോഹന്റെയും അഞ്ചാം തവണ മത്സരത്തിനിറങ്ങിയ കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്തിയ ഉല്ലാസ് കോവൂരിന്റെ വിജയവും ശ്രദ്ധേയമാണ്. ജില്ലയിൽനിന്നു പുതുമുഖങ്ങളാണ് ഭൂരിപക്ഷവും ഇക്കുറി നിയമസഭയിലേക്കു പോകുന്നത്. പതിനൊന്നുപേരിൽ ഏഴുപേരും പുതുമുഖങ്ങളാണ്.
ശക്തമായ മത്സരം നടക്കുന്പോഴും നോട്ടയ്ക്ക് വോട്ട് ചെയ്തു പ്രതിഷേധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും നാലാം സ്ഥാനത്താണ് നോട്ട. ചവറയിൽ 1289 പേർ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോൾ പുനലൂരിൽ 1281ഉം ഇരവിപുരത്ത് 921-മായിരുന്നു നോട്ട വോട്ടുകൾ.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തു മുന്നിലെത്തുന്നവർ ഭരണം പിടിക്കുമെന്ന കീഴ്വഴക്കം ഇത്തവണയും തെറ്റിയില്ല. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ആകെയുള്ള പതിനാലിൽ ഏഴു സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റ് നേടിയ ബിജെപി ചരിത്രം കുറിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ പതിനാലിൽ പതിമൂന്നിടത്തു വിജയിച്ച എൽഡിഎഫ് അഞ്ചു സീറ്റിലേക്കു പതിച്ചു. 2016ൽ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ഒ. രാജഗോപാലിലൂടെ ഇരിപ്പിടം നേടിയ ബിജെപി ഇത്തവണ നേമം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിലൂടെ തിരിച്ചുപിടിച്ചു.
കൂടാതെ കഴക്കൂട്ടത്ത് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ തകർത്ത് ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിനു ശേഷം കോർപറേഷൻ പരിധിയിലുള്ള രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായത് ബിജെപിക്ക് ഇരട്ടി മധുരമായി.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് യുഡിഎഫിനായി അട്ടിമറി വിജയമാണു കൈവരിച്ചത്. കാട്ടാക്കടയിൽ പുതുമുഖമായ എം.ആർ. ബൈജുവും നെയ്യാറ്റിൻകരയിൽ എൻ. ശക്തനും കോവളത്ത് എം. വിൻസെന്റും തിരുവനന്തപുരത്ത് സിഎംപിയുടെ സി.പി. ജോണും വട്ടിയൂർക്കാവിൽ കെ. മുരളീധരനും വിജയിച്ചു.
കോണ്‍ഗ്രസിന്റെ യുവനേതാവ് സുധീർഷാ പാലാട് വാമനപുരം പിടിച്ചെടുത്തത് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടാണ്. സിറ്റിംഗ് എംഎൽഎ ആയ ഡി.കെ. മുരളിയെ 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധീർ ഷാ അട്ടിമറിച്ചത്. 1970നു ശേഷം ആദ്യമായാണ് ഒരു കോണ്ഗ്രസുകാരൻ ഇവിടെ വിജയിക്കുന്നത്.
എൽഡിഎഫിനു നിലനിർത്താനായത് അരുവിക്കര, ആറ്റിങ്ങൽ, നെടുമങ്ങാട്, പാറശാല, വർക്കല മണ്ഡലങ്ങൾ മാത്രമാണ്.
Kerala
കൊച്ചി: ആകെയുള്ള 14 മണ്ഡലങ്ങളും തൂത്തുവാരി യുഡിഎഫ് എറണാകുളം ജില്ലയിൽ കുറിച്ചത് പുതുചരിത്രം. ആദ്യമായാണു ജില്ലയിൽ എല്ലാ സീറ്റുകളിലും മുന്നണി ജയിക്കുന്നത്.
2016ലും 2021ലുമുണ്ടായിരുന്ന 14ൽ 9 എന്ന നിലയിൽനിന്നാണ് 14ൽ 14 എന്നതിലേക്കുള്ള യുഡിഎഫിന്റെ കുതിപ്പ്. സിറ്റിംഗ് സീറ്റുകളെല്ലാം ഭൂരിപക്ഷം ഉയർത്തിയാണു നിലനിർത്തിയത്. സിറ്റിംഗ് എംഎൽഎമാരിൽ മത്സരിച്ച ഏഴു പേരും ജയിച്ചു. ആറു പുതുമുഖങ്ങൾ ജില്ലയിൽനിന്ന് നിയമസഭയിലെത്തും. യുഡിഎഫിലെ കക്ഷിനില: കോൺഗ്രസ്-11, കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ജേക്കബ്, മുസ്ലിം ലീഗ് - ഒന്നുവീതം.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കോതമംഗലം, കളമശേരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. പിണറായി മന്ത്രിസഭയിലെ പ്രധാനിയായിരുന്ന പി. രാജീവിന്റെ കളമശേരിയിലെ ദയനീയ തോൽവി എൽഡിഎഫിന് കനത്ത ആഘാതമാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഭൂരിപക്ഷം (20,600) 2021ലേക്കാൾ (21,301) അല്പം കുറയ്ക്കാനായതാണ് ജില്ലയിൽ എൽഡിഎഫിന് തെല്ലെങ്കിലും ആശ്വസിക്കാനുള്ളത്.
തൃക്കാക്കരയിൽ അരലക്ഷം കടന്ന ഉമാ തോമസിന്റെ ഭൂരിപക്ഷം (50,211) ജില്ലയിൽ ഇന്നോളമുള്ളതിൽ ഏറ്റവും ഉയർന്നതായി. പിറവത്ത് അനൂപ് ജേക്കബിന്റെയും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെയും ഭൂരിപക്ഷം 40,000 കടന്നു. കൊച്ചിയിലൊഴികെ 13 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ഭൂരിപക്ഷം 10,000 വോട്ടിനു മുകളിലാണ്.
ബിജെപിക്കൊപ്പം ചേർന്ന ട്വന്റി-20യ്ക്കു നേട്ടമുണ്ടാക്കാനായില്ല. ഉണ്ടായിരുന്ന ശക്തി ചോർന്നെന്നാണു കുന്നത്തുനാട് ഫലം വ്യക്തമാക്കുന്നത്. ഇവിടെ പാർട്ടിയുടെ സ്ഥാനാർഥിക്ക് 2021ലേതിനേക്കാൾ 2,480 വോട്ട് കുറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര വിജയം. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ക്രമാനുഗതമായി വോട്ടുയർത്തിയ ബിജെപി മൂന്നു സീറ്റിൽ വിജയിച്ചാണ് ഇക്കുറി ചരിത്രം കുറിച്ചത്.
നേമത്ത് പൂട്ടിയ അക്കൗണ്ട് പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ റീ-ഓപ്പണ്‍ ചെയ്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടിയുമാണ് ബിജെപിയുടെ ശക്തി പ്രകടനം.
സിപിഎം മന്ത്രിയായ വി. ശിവൻകുട്ടിയെ വീഴ്ത്തിയാണ് നേമത്തെ വിജയമെങ്കിൽ കഴക്കൂട്ടത്ത് സിപിഎം മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരൻ വിജയിച്ചു കയറിയത്. ചാത്തന്നൂരിൽ സിപിഐയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബി.ബി. ഗോപകുമാറിന്റെ വിജയം.
ഇതിനു പുറമെ ആറു മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതുമെത്തി. ആറ്റിങ്ങൽ, കാസർഗോഡ്, മലന്പുഴ, മഞ്ചേശ്വരം, പാലക്കാട്, തിരുവല്ല എന്നീ സീറ്റുകളിലാണ് പാർട്ടി രണ്ടാമതെത്തിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് രണ്ടാം സ്ഥാനത്തേക്കു പോയ ബിജെപി വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലന്പുഴ, കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളിലും രണ്ടാമതെത്തിയിരുന്നു. കഴിഞ്ഞ തവണ ജനപക്ഷം സ്ഥാനാർഥിയായി മത്സരിച്ച പി.സി. ജോർജ് പൂഞ്ഞാർ മണ്ഡലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നെങ്കിൽ ഇക്കുറി ബിജെപി സ്ഥാനാർഥി ആയപ്പോൾ മൂന്നാമതായി.
കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിക്കാനും മറ്റ് ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നിലനിർത്താനും പാർട്ടിക്കു കഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാമതായിരുന്ന വട്ടിയൂർക്കാവിൽ ഇക്കുറി മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും തിരുവല്ല മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെയാണ് രണ്ടാമതെത്തിയ മണ്ഡലങ്ങളുടെ എണ്ണം ആറായി നിലനിർത്താനായത്.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ വിജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്.
Kerala
കണ്ണൂർ: തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പാക്കിയ സിപിഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടത്തുകയാണെന്നും അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും പിണറായി വിജയന് നിർദേശം നല്‍കണമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി ഇടപെടണം.
പയ്യന്നൂരിലും മയ്യിലും തളിപ്പറമ്പിലുമാണ് സിപിഎം പ്രവർത്തകർ അഴിഞ്ഞാടുന്നത്. പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാര്‍ തീയിടുകയും ചെയ്തു. പയ്യന്നൂരിലും മയ്യിലും നിരവധി വീടുകള്‍ക്കു നേരേയും ആക്രമണമുണ്ടായി.
വി.കുഞ്ഞികൃഷ്ണനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്പോലും തകര്‍ത്തു. കുഞ്ഞികൃഷ്ണനെ പിന്തുണച്ചവരുടെ വീടുകള്‍ക്കു മുന്നില്‍ റീത്ത് വയ്ക്കുകയും കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ചുമരെഴുത്തുപോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവുമുള്ള ക്രിമിനല്‍ സംഘമായി കണ്ണൂരിലെ സിപിഎം മാറി. അക്രമത്തെ തള്ളിപ്പറയാന്‍ സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളാരും ഇതുവരെ തയാറായിട്ടില്ല. അക്രമങ്ങളെല്ലാം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്.
യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരേ നായ്ക്കുരണ പൊടി വിതറുന്നതുപോലുള്ള പ്രാകൃത അക്രമമാണ് പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് സിപിഎം നടത്തിയതെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായി കാണാൻ കഴിഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന നേതൃയോഗം. എങ്കിലും 72-80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകുമെന്ന് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തി.
12 സീറ്റുകളിൽ ഉറപ്പായും വിജയിക്കാനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ വിജയിക്കും.
അടൂരിലും ചിറയിൻകീഴിലും കടുത്ത മത്സരമാണ് നടന്നത്. എങ്കിലും ഈ രണ്ടു സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ ഇടതുമുന്നണിക്കായെന്നും യോഗം വിലയിരുത്തി.
ഫലം വന്നതിനു ശേഷം കൂടുതൽ വിലയിരുത്തലുകളിലേക്കു കടക്കാനും ഇന്നലെ ചേർന്ന നേതൃയോഗം തീരുമാനിച്ചു. എഫ്സിആർഎ വിഷയം ബിജെപിക്കെതിരേ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ ഇടതുമുന്നണിക്കായില്ലെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അധികാരത്തിൽ എത്തുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള പരസ്യ ചർച്ച വേണ്ടെന്നു നിർദേശം.
പൊതു ഇടങ്ങളിൽ നടക്കുന്ന ചർച്ച ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നിർത്തിവയ്ക്കാൻ നിർദേശം.
കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് മുഖ്യമന്ത്രി എറണാകുളം ജില്ലയിൽനിന്നു വേണമെന്ന ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉറ്റ അനുയായി കൂടിയാണ് ഷിയാസ്.
കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു, മുഹമ്മദ് ഷിയാസിന്റെ ആവശ്യത്തിനു മറുപടി പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്നതു സജീവ ചർച്ചാ വിഷയമായി.
മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്ന ആവശ്യവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടി നേതൃത്വവും ഇടപെട്ടു.
ഇതേത്തുടർന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇടപെട്ട് മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലി പൊതുചർച്ച വേണ്ടെന്ന നിർദേശം നൽകിയത്.
നിർദേശം കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കം അംഗീകരിച്ചതോടെ ഇതുസംബന്ധിച്ച പരസ്യ ചർച്ച ഒഴിവാക്കാൻ ധാരണയാകുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിഗ് 80 ശതമാനം കടക്കും. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനൊപ്പം പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1.46 ലക്ഷം ജീവനക്കാരുടെ തപാൽ വോട്ട്, സൈനികരുടെ സർവീസ് വോട്ട്, അവശ്യ സർവീസ് വിഭാഗം ജീവനക്കാരുടെ പോസ്റ്റൽ വോട്ട്, 85 വയസിനു മുകളിലുള്ളവരുടെ ഹോം വോട്ട് എന്നിവകൂടി ചേരുന്പോഴാണ് പോളിംഗ് ശതമാനം 80ൽ എത്തുക. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനം പേരായിരുന്നു വോട്ട് ചെയ്തത്.
സ്ത്രീ വോട്ടർമാർ 81.19 ശതമാനമാണ് വോട്ട് ചെയ്തത്. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനിൽ മാത്രമാണ് 81.19 ശതമാനം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയത്. 75.19 ശതമാനം പുരുഷന്മാർ മാത്രമാണ് വോട്ട് ചെയ്തത്; ആകെ 78.27 ശതമാനം.
ഇത്തവണ കൂടുതലായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത് സ്ത്രീകളാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 50 മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനത്തിൽ കൂടുതലായി.
എന്നാൽ, സംസ്ഥാനത്ത് വോട്ടിംഗ് മെഷിനിൽ എത്ര പേർ വോട്ട് രേഖപ്പെടുത്തി, എത്ര സ്ത്രീകൾ, പുരുഷൻമാർ, ഭിന്നലിംഗക്കാർ, ജില്ലകളിലെ ഔദ്യോഗിക വോട്ടിംഗ് നില തുടങ്ങിയ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ടിട്ടില്ല.
ഹോം വോട്ടിംഗിൽ 1,40,177 പേരാണ് പങ്കെടുത്തതെന്നാണ് നേരത്തേ കമ്മീഷൻ പ്രതിനിധി വിശദീകരിച്ചത്. അവശ്യസർവീസുകളിലെ തപാൽ വോട്ടുകളായി 32,113 പേർ വോട്ട് ചെയ്തു. സേനാ വിഭാഗത്തിലെ 53,000 സർവീസ് വോട്ടുകൾ രേഖപ്പെടുത്തി. ഇങ്ങനെ കണക്കാക്കിയാൽ 2.16 കോടി പേർ വോട്ട് ചെയ്തതായാണ് അനൗദ്യോഗിക കണക്ക്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.09 കോടി വോട്ടർമാരാണ് വോട്ട് ചെയ്തത്.
Kerala
ഇരിട്ടി (കണ്ണൂർ): പരാജയഭീതി മൂലം സിപിഎം സംസ്ഥാനത്ത് വ്യാപകമായി അക്രമവും കള്ളവോട്ടും നടത്തിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൈയൂക്കിന്റെ ബലത്തിൽ സിപിഎം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ, ബിജെപിയാകട്ടെ നോട്ട് നല്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പല ഭാഗത്തും സ്ഥാനാർഥിളെപ്പോലും പോളിംഗ്സ്റ്റേഷൻ സന്ദർശിക്കാൻ അനുവദിച്ചില്ല. ഇതുകൊണ്ടൊന്നും ജനവികാരത്തെ മാറ്റാൻ കഴിയില്ല. അക്രമങ്ങളോടു പോലീസ് പൂർണമായും നിഷ്ക്രിയ സമീപനമാണു സ്വീകരിച്ചത്. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാര ത്തിൽ തിരിച്ചുവരും. പേരാവൂരിൽ തനിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കും.
കെ. സുധാകരനെതിരേ കത്തെഴുതിയെന്നു പറയുന്നതു വ്യാജമാണ്. ഇതിനെതിരേ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്. കത്തിനു പിന്നിൽ താനെന്നു തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കും. ആരോപണം ഉന്നയിക്കുന്നവരെ അതു തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നാൽ ആരും വനവാസത്തിനു പോകേണ്ടിവരില്ലെന്നും പിണറായി പ്രതിപക്ഷ നേതാവായി മാറുമെന്നും സണ്ണി പറഞ്ഞു.
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് കണക്കുകൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പൊളിഞ്ഞത് തങ്ങൾക്കു ഗുണകരമായെന്നും സർക്കാരിന്റെ എല്ലാ പൊള്ളത്തരങ്ങളും തുറന്നു കാണിക്കാൻ യുഡിഎഫിനായെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും വീണ്ടും വയനാട് വീട് നിർമാണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനു പ്രകോപിതനായ സണ്ണി ജോസഫ് ഗൃഹപ്രവേശത്തിന് എല്ലാവരെയും വിളിക്കാമെന്ന് മറുപടി പറഞ്ഞു.
Kerala
കോഴിക്കോട്: പോളിംഗിലെ ഏറ്റക്കുറച്ചിലുകള്‍ ഏതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന്എല്ഡിഎഫ് കണ്‍വീനറും പേരമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന്.
ഗള്‍ഫ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായി. ഇത് ആര്‍ക്ക് ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമോ പ്രതികൂലമോ ആകുമെന്നതു പഴയകാല വിലയിരുത്തലാണ്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനു പ്രസക്തിയില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു. തെരഞ്ഞെടുപ്പിനിടയിലുണ്ടായ വിവാദങ്ങള്‍ ഇടതുപക്ഷത്തെ ബാധിക്കില്ല.
കേരളത്തില്‍ എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തുടരണമെന്ന നിലപാടാണ് വോട്ടെടുപ്പില്‍ ജനങ്ങള്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരം ദൃശ്യമായിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സോഷ്യല്‍ മീഡിയ വഴി സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിതമായ ശ്രമം നടന്നതായും ടി.പി. രാമകൃഷ്ണന് ആരോപിച്ചു. തന്നെപ്പോലും തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി.
എസ്ഡിപിഐയുമായി ഇടതുമുന്നണി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി എന്ന പ്രചാരണം നുണയാണ്. അത്തരം ഒരു സഖ്യവും നിലവിലില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന അവകാശവാദം വെറുതെയാണെന്നും ടി.പി. രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: ഹൈ വോൾട്ടേജ് പ്രചാരണത്തിനുശേഷം ജനം ഒഴുകിയെത്തി വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളും വിജയം അവകാശപ്പെടുന്നു.
അപ്പോഴും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് യുഡിഎഫ് ആണ്. മുന്‍പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രമായിരുന്നെങ്കിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം നൂറു സീറ്റ് വിജയം അവകാശപ്പെട്ടു.
അന്‍പതോളം മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ടിംഗ് നടന്നു. ഇതിൽ കൂടുതലും മലബാർ മേഖലയിലാണ്. ഇതൊരു തരംഗസൂചനയായി യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലെ പത്തു സീറ്റിൽ പോളിംഗ് 80 ശതമാനത്തിനു മുകളിലാണ്. മറ്റു രണ്ടിടത്ത് 79 ശതമാനമാണു പോളിംഗ്.
യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലയാണു കോഴിക്കോട്. പാലക്കാട് ആറിടത്ത് 80 ശതമാനത്തിനു മുകളിലാണ് വോട്ടിംഗ്. നാലിടങ്ങളിൽ 79 ശതമാനം പോളിംഗ് ഉണ്ടായി. എറണാകുളത്തും ഏഴിടത്തു വോട്ടിംഗ് 80 ശതമാനം കടന്നു. കണ്ണൂരിലും ആലപ്പുഴയിലും നാലു വീതം മണ്ഡലങ്ങളിലും തിരുവനന്തപുരത്ത് രണ്ടിടത്തും 80 ശതമാനത്തിനു മുകളിൽ വോട്ടിംഗ് ഉണ്ടായി.
ഭരണമാറ്റത്തിനുവേണ്ടിയുള്ള ആവേശകരമായ പ്രതികരണമാണ് വോട്ടർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതിനു സമാനമായ പാറ്റേണിൽ വോട്ടിംഗ് നടന്നു എന്നാണു സൂചനകൾ.
ഭരണവിരുദ്ധവികാരം തന്നെയായിരുന്നു പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽപോലും പ്രകടമായത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതായും കരുതപ്പെടുന്നു. മലബാർ മേഖലയിലും മധ്യകേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വോട്ടിംഗിൽ ഒരു മടുപ്പ് കണ്ടിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.
ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിലും കനത്ത പോളിംഗ് ഉണ്ടായി. ട്വന്റി 20 യുടെ സാന്നിധ്യം കൊണ്ടു കടുത്ത പോരാട്ടം നടന്ന കുന്നത്തുനാട് 84.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന ചിറ്റൂരിൽ 84.63 ശതമാനം പേരും കുന്ദമംഗലത്ത് 84.83 ശതമാനം വോട്ടും രേഖപ്പെടുത്തി.
ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിൽ എസ്ഐആർ വഴി നടത്തിയ വോട്ടർ പട്ടിക ശുദ്ധീകരണത്തിനും വലിയൊരു പങ്കുണ്ട്. പഴയ പട്ടികയിൽനിന്ന് ഒന്‍പതു ലക്ഷത്തിലധികം പേരെ ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം പോലെയുള്ള നഗരമണ്ഡലങ്ങളിൽ പട്ടികയിൽനിന്ന് വൻതോതിൽ ഒഴിവാക്കലുണ്ടായി. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണു പോൾ ചെയ്തത്.
ഭരണവിരുദ്ധ വികാരമില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. സിറ്റിംഗ് എംഎൽഎമാരുടെ മികവ് തങ്ങൾക്ക് അനുകൂലമായി എന്ന് അവർ വാദിക്കുന്നു.
ബിജെപിയാകട്ടെ ഇത്തവണ നിയമസഭയിൽ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നു. നേമവും കഴക്കൂട്ടവുമാണ് അവർ ഉറപ്പിക്കുന്ന രണ്ടു സീറ്റുകൾ. അട്ടിമറി നടന്നാൽ മറ്റ് ഏതാനും സീറ്റുകളിൽ കൂടി വിജയിച്ചേക്കാമെന്നും അവർ കരുതുന്നു.
അന്തിമ വോട്ട് കണക്കു വരുന്പോൾ 80 ശതമാനം കടക്കുമെന്നാണു കരുതുന്നത്. പോസ്റ്റൽ വോട്ടും സർവീസ് വോട്ടും മുതിർന്ന പൗരന്മാരുടെ വോട്ടുമെല്ലാം ഇനി കൂട്ടിച്ചേർക്കേണ്ടതുണ്ട്. വോട്ട് ശതമാനത്തിലുപരി വോട്ട് ചെയ്യുന്നതിനു ജനം കാട്ടിയ ഉത്സാഹമാണു ശ്രദ്ധേയമായത്.
ആദ്യ രണ്ടു മണിക്കൂറിൽതന്നെ 16.23 ശതമാനം വോട്ടിംഗ് നടന്നു. ഉച്ചയ്ക്ക് ഒന്നായപ്പോൾ പോളിംഗ് അന്‍പതു ശതമാനത്തോളമെത്തി. ജനം ഇതുപോലെ ആവേശത്തോടെ വോട്ട് ചെയ്യാനെത്തുന്നത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഭരണത്തുടർച്ചയായിരുന്നെങ്കിൽ വോട്ടിംഗിൽ ഇത്തരത്തിലുള്ള ആവേശം പ്രകടമാകുമായിരുന്നില്ല. കടുത്ത ചൂട് വക വയ്ക്കാതെയായിരുന്നു ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്.
കടുത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള സമയത്തു പോലും 13 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നു പറയുന്പോൾ വോട്ട് ചെയ്യുന്നതിലുള്ള നിശ്ചയദാർഢ്യം പ്രകടമാണ്. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ പ്രകാരം അഞ്ചിനു ശേഷമുള്ള ഒരു മണിക്കൂറിൽ വെറും 3.27 ശതമാനം മാത്രമാണു വോട്ടിംഗ് നടന്നത്. അത് അദ്ഭുതകരമായി തോന്നുന്നു.
ഉയർന്ന പോളിംഗും യുഡിഎഫ് പ്രതീക്ഷയും
മലബാർ മേഖലയിലും എറണാകുളത്തും രേഖപ്പെടുത്തിയ 80 ശതമാനത്തിനു മുകളിലുള്ള പോളിംഗ് യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. സാധാരണഗതിയിൽ ഉയർന്ന പോളിംഗ് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണാറുള്ളത്.
കോഴിക്കോട് ജില്ല: പത്തു മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയത് യുഡിഎഫ് തരംഗമായി
അവർ കണക്കുകൂട്ടുന്നു.
ന്യൂനപക്ഷ വോട്ടുകൾ: ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ വോട്ട് ഏകീകരണം നടന്നാൽ അത് മലബാറിലും മധ്യകേരളത്തിലും യുഡിഎഫിന് വലിയ മേൽക്കൈ നൽകും.
ശതമാനത്തിലെ വർധന: പട്ടികയിലെ വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെ പോളിംഗ് ശതമാനം സ്വാഭാവികമായും ഉയർന്നു.
നഗര മണ്ഡലങ്ങൾ: വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ശതമാനം ഉയർന്നെങ്കിലും പോൾ ചെയ്ത ആകെ വോട്ടുകളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയത് ഈ ശുദ്ധീകരണം മൂലമാണ്.
Kerala
ചേര്‍ത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ നിലപാട് മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംഎൽഎയായി ജയിച്ചുവന്നാൽ മറ്റാരെപ്പോലെയും മുഖ്യമന്ത്രിയാകാൻ സതീശൻ യോഗ്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ സതീശന് യോഗ്യനല്ലെന്നും രമേശ് ചെന്നിത്തലയ്ക്കാണ് യോഗ്യതയെന്നും മുൻപ് പറഞ്ഞ വെള്ളാപ്പള്ളിയാണ് പോളിംഗ് ദിവസം നിലപാട് തിരുത്തിയത്.
സംസ്ഥാനത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും ഭരണത്തില്‍ ആര് വരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കണിച്ചുകുളങ്ങര സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിയായി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും വെള്ളാപ്പളളി വ്യക്തമാക്കി. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. 78.29 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രാത്രി 9.30 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു പോളിംഗ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്; 81.36 ശതമാനം.
പാലക്കാട് ജില്ലയിലും പോളിംഗ് ശതമാനം 80 കടന്നു. 50 ലേറെ മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെയാണ് പോളിംഗ്. 1987നു ശേഷം ആദ്യമായാണ് വോട്ടിംഗ് ശതമാനം ഇത്രത്തോളം ഉയരുന്നത്. 1987ൽ പോളിംഗ് 80.54 ശതമാനമായിരുന്നു.
വോട്ടർ പട്ടിക ശുദ്ധീകരണത്തിനു ശേഷം (എസ്ഐആർ) നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. ഇരട്ടവോട്ടുകളും മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും അടക്കമുള്ള 24.6 ലക്ഷം വോട്ടുകളാണ് എസ്ഐആറിൽ സംസ്ഥാനത്തു വെട്ടിപ്പോയത്.
യുഡിഎഫ് തരംഗമാണ് വോട്ടിംഗ് ശതമാനത്തിലെ വർധന ചൂണ്ടിക്കാട്ടുന്നതെന്നു യുഡിഎഫും സർക്കാരിന്റെ വികസന നേട്ടങ്ങളാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്ന് ഇടതുമുന്നണിയും അവകാശപ്പെട്ടു.
വോട്ടെടുപ്പ് സംസ്ഥാനത്തു പൊതുവേ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ വലിയ സംഘർഷങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തില്ല. ചിലയിടങ്ങളിൽ കള്ളവോട്ടിനു ശ്രമം നടന്നതായി പരാതി ഉയർന്നു. പലരും വോട്ട് ചെയ്യാൻ എത്തിയപ്പോൾ, വോട്ട് ചെയ്തതായി കണ്ടെത്തി. തൃശൂർ കൂർക്കഞ്ചേരിയിൽ മഷി പുരട്ടേണ്ട ഇടതു കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ ചെയ്ത പെണ്‍കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച പ്രിസൈഡിംഗ് ഓഫീസറുടെ നിലപാട് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.
വിവിപാറ്റ് പണിമുടക്കിയതും വോട്ടിംഗ് യന്ത്രങ്ങളുടെ വേഗക്കുറവും പലയിടത്തും വോട്ടെടുപ്പു തടസപ്പെടാനും കാലതാമസത്തിനും ഇടയാക്കിയതായി പരാതി ഉയർന്നു.
വൈകുന്നേരം ആറിന് വോട്ടെടുപ്പു സമയം അവസാനിക്കുന്പോഴും സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ചില ബൂത്തുകളിൽ 100- 150 വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് ടോക്കണ്‍ നൽകിയാണ് വോട്ട് ചെയ്യിച്ചത്. ഏഴു മണിയോടെയാണു മിക്കയിടത്തും വോട്ടിംഗ് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. അപൂർവം ചില ഇടങ്ങളിൽ വോട്ടെടുപ്പ് ഒൻപതുവരെ നീണ്ടതായാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ അസാധാരണ തിരക്കായിരുന്നു വോട്ടെടുപ്പു കേന്ദ്രങ്ങളിൽ. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ 16 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. പിന്നീടു വന്ന രണ്ടു മണിക്കൂറുകളിൽ ശരാശരി 13 ശതമാനം വീതം വോട്ട് പെട്ടിയിലായി. ഉച്ചയോടെ പകുതിയിലേറെ വോട്ടുകൾ പോൾ ചെയ്തു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പു കഴിഞ്ഞപ്പോൾ വലിയ ആത്മവിശ്വാസത്തിലാണു മുന്നണികളും നേതാക്കളും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കണ്ട ആവേശം ഇന്നലെ പോളിംഗ് ബൂത്തുകളിലും പ്രകടമായി.
രാവിലെ മുതൽ ബുത്തുകളിൽ കണ്ട വോട്ടർമാരുടെ തിരക്കു പോളിംഗ് സമയം കഴിയും വരെ തുടർന്നു. വോട്ടിംഗ് ശതമാനത്തിലെ വർധന തങ്ങൾക്ക് അനുകൂലമാകുമെന്നാണു മുന്നണികളുടെ പ്രതീക്ഷ.
വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു രേഖപ്പെടുത്തിയ ശേഷം പറഞ്ഞത്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളോടൊപ്പമാണെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു.
വോട്ടെടുപ്പിനുശേഷം ഇടതുനേതാക്കളെല്ലാം വലിയ പ്രതീക്ഷയാണു പൊതുവെ പ്രകടിപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ യുഡിഎഫ് നേതാക്കൾ പ്രകടിപ്പിച്ച ആത്മവിശ്വാസം ഇന്നലെ പോളിംഗ് കഴിയുന്പോൾ കൂടുന്നതായാണു അവരുടെ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫ് നൂറിലധികം സീറ്റു നേടുമെന്ന് ഇന്നലെയും പ്രതീക്ഷ പ്രകടിപ്പിച്ചു. രാഷ്ട്രീയ സാഹചര്യം മനസിലാക്കി ജനം യുഡിഎഫിനു വോട്ടു ചെയ്തുവെന്നും സതീശൻ പറഞ്ഞു.
“ബൈ ബൈ പിണറായി”യെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പിണറായി വിജയനു കേരള ജനത ഗുഡ്ബൈ പറഞ്ഞ ദിവസമായിരുന്നു ഇന്നലെയെന്നു രമേശ് ചെന്നിത്തലയും പറയുന്പോൾ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷയുടെ ഗ്രാഫ് വളരെ മുകളിലാണ്. മുസ്ലിംലീഗ് നേതാക്കളും വളരെ ആത്മവിശ്വാസത്തിലാണ്. ന്യൂനപക്ഷ വോട്ടുകൾ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞുവെന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്.
സംസ്ഥാനത്തു വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബിജെപിയും എൻഡിഎയും. എത്ര സീറ്റുകൾ ലഭിക്കുമെന്ന കൃത്യമായ കണക്കൊന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പറഞ്ഞിരുന്നില്ല. പരമാവധി നാലോ അഞ്ചോ സീറ്റുകളാണ് അവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാവാം കേരളത്തിൽ തൂക്കു സഭ ഉണ്ടാകുമെന്നു ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റു നേതാക്കളും പറഞ്ഞത്. ലഭിച്ചേക്കുമെന്നു പ്രതീക്ഷയുള്ള അഞ്ചു സീറ്റുകളിൽ രണ്ടെണ്ണം തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്. നേമവും കഴക്കൂട്ടവും ജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു നേതാക്കൾ.
Kerala
തിരുവനന്തപുരം: നടൻ മോഹൻലാൽ വോട്ടു ചെയ്തതു തിരുവനന്തപുരത്ത്. ഇന്നലെ മുടവൻമുഗളിലെ സ്കൂളിലാണു അദ്ദേഹം വോട്ടു ചെയ്തത്.
വോട്ടു ചെയ്യാനെത്തിയ നടനെ നേമം മണ്ഡലത്തിലെ സ്ഥാനാർഥികളായ വി. ശിവൻകുട്ടിയും കെ.എസ്. ശബരീനാഥനും ചേർന്നു സ്വീകരിച്ചു.
വോട്ടു ചെയ്ത ശേഷം "ദിസീസ് ഇറ്റ് ’ എന്നു പറഞ്ഞു വിരലിലെ മഷി കാണിച്ചു മോഹൻലാൽ മടങ്ങി.
Kerala
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടായെന്നും നല്ലവരെ തെരഞ്ഞെടുക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു ജവഹർനഗർ എൽപിഎസിൽ വോട്ടു ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഗവർണർ.
Kerala
പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ എസ്എൻഎസ് വിഎം യുപി സ്കൂൾ ബൂത്തിലേക്ക് എത്താൻ ഇത്തവണയും ഡോളി സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തി.
റോഡിൽ നിന്നും സ്കൂളിലേക്ക് 42 പടിക്കെട്ടുകളുണ്ട്. വോട്ടർമാരായ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഈ പടികൾ കയറി ബൂത്തിലെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഡോളി സംവിധാനം ഏർപ്പെടുത്തിയത്.
നാല് ഡോളികളാണ് സേവനത്തിനായി ഉണ്ടായിരുന്നത്. ശബരിമലയിൽ ഡോളി ചുമക്കുന്നവരെ ഇതിനായി നിയോഗിക്കുകയും ചെയ്തു.
2016, 2020, 2021 തെരഞ്ഞെടുപ്പുകളിൽ ഹൈക്കോടതി നിർദേശ പ്രകാരം ബൂത്തിലേക്ക് ഡോളി സംവിധാനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡോളി നൽകിയില്ല. തുടർന്ന് നഗരസഭാ കൗൺസിലർമാരായ സജി കെ. സൈമണും ജോയമ്മ ടൈറ്റസും തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ അപേക്ഷയെത്തുടർന്നാണ് ഇത്തവണ ഡോളി നൽകിയത്.
നാല്പതിലധികം വോട്ടർമാർ ഡോളി സംവിധാനം ഉപയോഗപ്പെടുത്തി. സ്കൂളിൽ മൂന്ന് ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്.
Kerala
കൊച്ചി: എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടക്കൊച്ചി, വടക്കന്‍പറവൂര്‍, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ പള്ളുരുത്തി വെങ്കിടേശ്വര സ്കൂളിലെ 152-ാം നമ്പര്‍ ബൂത്തില്‍ കെ.എ. ജാസ്മിന് എന്ന യുവതിയുടെ പേരില്‍ മറ്റാരോ വോട്ട് ചെയ്തത് ഏറെ നേരം തര്‍ക്കത്തിന് ഇടയാക്കി. ഉച്ചയോടെ വോട്ട് രേഖപ്പെടുത്താന്‍ കെ.എ. ജാസ്മിന് എത്തിയപ്പോഴാണ് തന്റെ പേരില്‍ കള്ളവോട്ട് നടന്ന വിവരം അറിഞ്ഞത്.
കള്ളവോട്ട് ചെയ്തയാൾ തിരിച്ചറിയല്‍ രേഖയായി വ്യാജ പാസ്പോര്‍ട്ടായിരുന്നു നല്‍കിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ രേഖകളും പോളിംഗ് ഉദ്യോഗസ്ഥര്‍ ജാസ്മിനെ കാണിച്ചു. താന്വോട്ട് ചെയ്തിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നും ജാസ്മിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ വോട്ടിന് അവസരം നല്കി.
ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബൂത്തിലും കള്ളവോട്ട് നടന്നു. ഇടക്കൊച്ചി കാളിയത്ത് വീട്ടില്‍ കുഞ്ഞുമോളുടെ വോട്ടാണ് മറ്റാരോ ചെയ്തു പോയത്. ഇവരെയും ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ഉദ്യോഗസ്ഥന് അനുവദിച്ചു. വടക്കന്‍ പറവൂരില്‍ കരിമ്പാടം ഡിഡി സഭാ സ്കൂളിൽ രാഹുല്‍ എന്ന ആളുടെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതായും പരാതി ഉണ്ടായി. രാഹുലിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുമായി എത്തിയാണ് കള്ളവോട്ട് ചെയ്തത്.
പെരുമ്പടപ്പ് എസ് എച്ച് ബോയ്സ് ഹോമില്‍ ബൂത്ത് 247 കള്ളവോട്ട് ചെയ്യാനുള്ള ശ്രമം ബൂത്ത് ഏജന്റ് തടഞ്ഞു. ഉദ്യോഗസ്ഥ പരിശോധന പൂര്‍ത്തിയായെങ്കിലും യഥാര്‍ഥ ആളല്ല എത്തിയിരിക്കുന്നത് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വോട്ട് ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു.
കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ 194ാം ബൂത്തില്‍ കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്ക് സമീപം താമസക്കാരിയായ 65 വയസുകാരി വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവർക്ക് ബാലറ്റില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം നല്കി.