ചാറ്റ്ജിപിടി
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കൂടുതൽ സ്മാർട്ടാകുമ്പോൾ അതിനെതിരെ ഹാക്കർമാർ നടത്തുന്ന സൈബർ ആക്രമണങ്ങളും ശക്തമാകുകയാണ്. ഈ സൈബർ ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഒപ്പൺഎഐ.
ഡിജിറ്റൽ സുരക്ഷ പരിശോധിക്കുന്നതിനായി സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ 'കത്തീഡ്രൽ സിസ്റ്റംസുമായാണ്' കമ്പനി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻ ഡോഗ് ജീവനക്കാർ ചേർന്ന് സ്ഥാപിച്ച കത്തീഡ്രൽ സിസ്റ്റംസ്, എഐ ഏജന്റുകൾ ഉപയോഗിച്ച് വളരെ വേഗത്തിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ പ്രശസ്തമായ സ്ഥാപനമാണ്. ഇതിനുമുമ്പ് എതിരാളികളായ ആന്ത്രോപിക്കിന്റെ തേർഡ്-പാർട്ടി ബിസിനസ് സിസ്റ്റത്തിലെ സുരക്ഷാ പാകപ്പിഴകൾ 12 മണിക്കൂറിനുള്ളിൽ ഇവരുടെ എഐ ഏജന്റുകൾ കണ്ടെത്തിയിരുന്നു.
ഒപ്പൺഎഐയുടെ വരാനിരിക്കുന്ന ഇന്റേണൽ സെക്യൂരിറ്റി സ്പ്രിന്റിൽ കമ്പനിയുടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്വെയറിലെ തകരാറുകൾ കണ്ടെത്തുന്ന പുറത്തുനിന്നുള്ള വിദഗ്ധർക്കും ഹാക്കർമാർക്കും നൽകുന്ന പ്രതിഫലം ഒപ്പൺഎഐ ഗണ്യമായി വർധിപ്പിച്ചു.
ഇതുപ്രകാരം നിർണായകമായ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നവർക്ക് ബോണസ് ഉൾപ്പെടെ 172,000 ഡോളർ (ഏകദേശം 1.4 കോടിയിലധികം രൂപ) വരെ സമ്മാനത്തുകയായി ലഭിക്കും. മുൻപ് നൽകിയിരുന്നതിനേക്കാൾ നാലുമട്രായാണ് ഈ തുക ഉയർത്തിയിരിക്കുന്നത്.
ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എഐ സാങ്കേതികവിദ്യ തന്നെ പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആധുനിക കാലത്തെ സൈബർ വെല്ലുവിളികളെ നേരിടാൻ മുൻകരുതലെന്ന നിലയ്ക്കാണ് ഒപ്പൺഎഐയുടെ ഈ സുപ്രധാന നീക്കം.
Tags : ChatGPT opneai artificialintelligence technology software security